'അടൂർ പ്രകാശ് ഉയർത്തിയ മുഖ്യമന്ത്രിക്കൊപ്പമുള്ള പോറ്റിയുടെ ചിത്രം എഐ; വസ്തുത വൈകാതെ പുറത്തുവരും': എം.വി ഗോവിന്ദൻ

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സോണിയ ഗാന്ധിയുടെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് യുഡിഎഫ് കണ്‍വീനര്‍ക്ക് മറുപടിയില്ലെന്നും എം.വി ഗോവിന്ദൻ

Update: 2025-12-25 13:19 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യസൂത്രധാരന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന അടൂർ പ്രകാശ് ഉയർത്തിയ ചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇതിന്റെ പിന്നിലെ വസ്തുത വൈകാതെ പുറത്തുവരും. മുഖ്യമന്ത്രി ഇന്നലെ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് മറുപടിയില്ലെന്നും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

'രാജ്യത്ത് ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് നേരെ അതിക്രമം നടന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്മസ് ആഘോഷിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. രാജ്യത്തെ മുസ്‌ലിംകളും സമാന രീതിയിലുള്ള അതിക്രമങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്ത് പിന്നാക്കക്കാരുടെ വീടുകള്‍ക്ക് നേരെയാണ് അതിക്രമം നടന്നിരിക്കുന്നത്. 300ഓളം വീടുകള്‍ തകര്‍ക്കപ്പെട്ടു.' ഉത്തരേന്ത്യന്‍ സ്റ്റൈല്‍ ദക്ഷിണേന്ത്യയിലേക്കും വരികയാണെന്നും കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.

Advertising
Advertising

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സോണിയ ഗാന്ധിയുടെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് യുഡിഎഫ് കണ്‍വീനര്‍ക്ക് മറുപടിയില്ല. ആരാണ് പോറ്റിക്ക് അപ്പോയിന്‍മെന്റ് നല്‍കിയത്. എന്തിനുവേണ്ടിയായിരുന്നു കൂടിക്കാഴ്ച എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് അടൂര്‍ പ്രകാശ് മറുപടി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ഉന്നയിച്ച ഫോട്ടോകള്‍ക്കും അദ്ദേഹം മറുപടി നല്‍കിയില്ലെന്നും പോറ്റിക്കൊത്തുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഐഎഎസ് ഉദ്യോഗസ്ഥര്‍ എസ്‌ഐടിയെ ഭീഷണിപ്പെടുത്തുന്നുവെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം പഴയ ബോംബ് പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിടാന്‍ പോകുന്നില്ല. പൊട്ടിക്കും പൊട്ടിക്കുമെന്ന് പറഞ്ഞിട്ടും സതീശന്റെ ബോംബ് ഇതുവരെയും പൊട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നേരത്തെ മാധ്യമങ്ങളെ കണ്ടിരുന്നു. താന്‍ കാണുന്നതിന് മുന്‍പേ പോറ്റിയെ കണ്ടത് മുഖ്യമന്ത്രിയാണെന്നും സ്വര്‍ണക്കൊള്ളയ്ക്കുള്ള നിര്‍ദേശങ്ങള്‍ പോറ്റിക്ക് നല്‍കിയത് മുഖ്യമന്ത്രിയാണെന്നും അടൂര്‍ പ്രകാശ് നേരത്തെ ആരോപിച്ചിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News