Writer - അൻഫസ് കൊണ്ടോട്ടി
anfas123
കോട്ടയം: അനിശ്ചിതത്വം തുടരുന്ന പാലാ നഗരസഭയില്‍ പുളിക്കക്കണ്ടം കുടുംബം വൈകിട്ട് ഏഴരയ്ക്ക് നിലപാട് പ്രഖ്യാപിക്കും. നിര്‍ണായകമായ നിലപാട് പ്രഖ്യാപിക്കുന്നതിനായി ബിനു പുളിക്കാക്കണ്ടം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പാലാ നഗരസഭയില്‍ സ്വതന്ത്രരായി ജയിച്ചത് പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരായിരുന്നു. മുന്നണിയുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും നേരത്തെ ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു. ആദ്യ രണ്ടര വര്‍ഷം ദിയ പുളിക്കക്കണ്ടത്തിലിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്നാണ് ആവശ്യം.
നഗരസഭയില്‍ സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുളിക്കാക്കണ്ടം കുടുംബം വിളിച്ച ജനസഭയില്‍ യുഡിഎഫിന്റെ ഭാഗമാകണമെന്ന് ഭൂരിപക്ഷം വോട്ടര്‍മാരും അഭിപ്രായപ്പെട്ടിരുന്നു.
മൂന്ന് പേരുടെയും പിന്തുണ കൂടാതെ മുന്നണികള്‍ക്ക് ഭരണം നേടാന്‍ സാധിക്കില്ലെന്ന അവസ്ഥയാണ് നിലവില്‍ പാലാ നഗരസഭയിലുള്ളത്. ഈ സാഹചര്യത്തിലാണ് ബിനു പുളിക്കാക്കണ്ടവും സഹോദരന്‍ ബിജു പുളിക്കാക്കണ്ടവും ബിനുവിന്റെ മകള്‍ ദിയയും ചേര്‍ന്ന് ജനസഭയില്‍ വോട്ടര്‍മാരുമായി ചര്‍ച്ച വിളിച്ചത്. ഈ ചര്‍ച്ചയ്ക്കിടെയാണ് യുഡിഎഫിനെ പിന്തുണക്കമെന്ന് ഭൂരിപക്ഷമാളുകള്‍ ധാരണയിലേക്കെത്തിയത്. വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ പേപ്പറില്‍ എഴുതിവാങ്ങിക്കുകയും ചെയ്തിരുന്നു.
നേരത്തെ, യുഡിഎഫ് ഇവര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച മായ രാഹുല്‍ കൂടി പിന്തുണച്ചെങ്കില്‍ മാത്രമേ യുഡിഎഫിന് ഭരിക്കാന്‍ സാധിക്കുകയുള്ളൂ. മറിച്ച്്, ഇവര്‍ എല്‍ഡിഎഫിനാണ് പിന്തുണ പ്രഖ്യാപിക്കുന്നതെങ്കില്‍ ഇരുപക്ഷവും ഒപ്പത്തിനൊപ്പം ആകുകയും മുന്നണിയുടെ ഭാവി കൂടുതല്‍ നിര്‍ണായകമാകുമെന്നുമാണ് യുഡിഎഫ് വിലയിരുത്തല്‍.