തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്: എൻഐഎയുടെയും കസ്റ്റംസിന്‍റെയും റെയ്ഡ് തുടരും

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ വിവിധ സംഘങ്ങൾ പ്രവർത്തിച്ചിരുന്നതായാണ് നിലവിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

Update: 2020-07-19 01:08 GMT
Advertising

തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്ത് കേസിൽ എൻഐഎയുടെയും കസ്റ്റംസിന്‍റെയും റെയ്ഡ് ഇന്നും തുടരും. സരിതിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തേക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ വിവിധ സംഘങ്ങൾ പ്രവർത്തിച്ചിരുന്നതായാണ് നിലവിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

ഡിജിറ്റൽ തെളിവുകളുടെയും ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ മൊഴിയുടെ ആസ്ഥാനത്തിലുമാണ് നിലവിൽ അന്വേഷണം മുന്നോട്ട് പോകുന്നത്. എന്നാൽ പ്രതികളുടെ എല്ലാ മൊഴികളും എൻഐഎ, കസ്റ്റംസ് ഉദ്യോഗസ്ഥർ പൂർണ്ണാർത്ഥത്തിൽ വിശ്വസിച്ചിട്ടില്ല. സ്വർണക്കടത്ത് ഗൂഢാലോചന എം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന സരിതിന്‍റെ മൊഴി നിർണായകമാണ്. ശിവശങ്കറിന് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്നാണ് ആദ്യ മുതൽ തന്നെ എൻഐഎയും കസ്റ്റംസും പരിശോധിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ ഉടൻ ചോദ്യം ചെയ്യുക. സ്വപ്നയുടെയും സന്ദീപിന്‍റെയും തിരുവനന്തപുരത്തെ പ്രാഥമിക തെളിവെടുപ്പ് പൂർത്തിയായെങ്കിലും കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഇനിയും ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്താൻ സാധ്യത ഉണ്ട്.

ആത്മാഹത്യാശ്രമം നടത്തി നിലവിൽ ചികിത്സയിൽ കഴിയുന്ന യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയ് ഘോഷിനെയും എൻഐഎ ചോദ്യം ചെയ്യും. വധഭീഷണിയുണ്ടെന്നും ബ്ലേഡ് വിഴുങ്ങിയെന്നുമുള്ള ജയ് ഘോഷിന്‍റെ മൊഴികൾ കസ്റ്റംസും കേരള പോലീസും വിശ്വസിച്ചിട്ടില്ല. സ്വർണക്കടത്ത് കേസിലെ പല പ്രധാന വിവരങ്ങളും ഇയാൾക്ക് അറിയാമെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് ഇപ്പോഴുമുള്ളത്. സ്വർണക്കടത്ത് കേസ് അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപിക്കും. തമിഴ്നാട്, കർണാടക, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലേക്ക് അന്വേഷണം നീങ്ങാനാണ് സാധ്യത. ഈ സംസ്ഥാനങ്ങളിലുള്ളവരുടെയും വീസ സ്റ്റാമ്പിംഗ് ഇതേ കോൺസുലേറ്റിലാണ് നടക്കുന്നത്. ഈ സംസ്ഥാനങ്ങൾ വഴി സ്വർണം കടത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

അതേസമയം സ്പേസ് പാർക്കിലെ ജോലിക്ക് വ്യാജ രേഖ ചമച്ചുവെന്ന കേരള ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്‍റെ പരാതിയിൽ സ്വർണ കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ കന്‍റോണ്‍മെന്‍റ് പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. എൻഐഎയും കസ്റ്റംസും നിലവിൽ നടത്തുന്ന ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായ ശേഷമാകും കസ്റ്റഡിയിൽ വിട്ട് കിട്ടാൻ കോടതിയിൽ അപേക്ഷ നൽകുക.

Tags:    

Similar News