പറഞ്ഞുകേട്ടത് കുമ്മനത്തിന്റെ പേര്, ലിസ്റ്റ് വന്നപ്പോള്‍ അബ്ദുള്ളകുട്ടി, ഞെട്ടിയത് കൃഷ്ണദാസ് പക്ഷം

ബി.ജെ.പിയിലേക്ക് പുതുതായി കടന്നുവരുന്നവർക്ക് കൂടുതൽ പരിഗണയുണ്ടാവുമെന്ന സന്ദേശം നൽകിയാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്.

Update: 2020-09-27 02:23 GMT
Advertising

കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ ദേശീയ പുനസംഘടനയിലെ മലയാളി പ്രാതിനിധ്യം. ബി.ജെ.പിയിലേക്ക് പുതുതായി കടന്നു വരുന്നവർക്ക് കൂടുതൽ പരിഗണനയുണ്ടാവുമെന്ന സന്ദേശം നൽകിയാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. എന്നാൽ ദേശീയ പദവി പ്രതീക്ഷിച്ചിരുന്ന ആരും ഇടം പിടിക്കാതിരുന്നതിന്റെ ഞെട്ടലിലാണ് കൃഷ്ണദാസ് പക്ഷം.

സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രൻ എത്തിയ നാൾ മുതൽ ഇടഞ്ഞു നിൽക്കുന്നവർക്ക് നൽകിയ പ്രതീക്ഷ ദേശീയ നേതൃപദവി ആയിരുന്നു. കുമ്മനം രാജശേഖരനായിരുന്നു ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേട്ട പ്രധാന പേര്. എന്നാൽ ഭാരവാഹി പട്ടിക വന്നപ്പോൾ ഒ.രാജഗോപാലിന് ശേഷം ദേശീയ ഉപാധ്യക്ഷ പദവിയിൽ എത്തുന്ന മലയാളിയായി എപി അബ്ദുല്ലക്കുട്ടി ഇടം പിടിച്ചു. ഇതോടെ കേരളത്തിൽ സ്ഥാനം മോഹിച്ചിരുന്നവർ ഞെട്ടി.

സംസ്ഥാനത്ത് കാര്യമായി പരിഗണിക്കാതെ ഒതുക്കി എന്ന പരാതി ഉന്നയിച്ച് പരിപാടികളിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിച്ച ശോഭ സുരേന്ദ്രനെയും ദേശിയ നേതൃത്വം കൈവിട്ടതോടെ കേരളത്തിൽ മറ്റൊരു ലക്ഷ്യം ഉണ്ടെന്ന സൂചനയാണ് ബി.ജെ.പി നൽകുന്നത്. പുതുതായി പാർട്ടിയിലേക്ക് വരുന്നവർക്കാണ് പരിഗണന ഉണ്ടാകുക എന്ന സന്ദേശമാണ് ഇതിലൂടെ നൽകിയത്. മുസ് ലിം സമുദായത്തിൽ നിന്ന് എ പി അബ്ദുല്ലക്കുട്ടിയും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ടോം വടക്കനും നൽകിയ സ്ഥാനം കേരളത്തിൽ കൃത്യമായി കണ്ണുവച്ചിരിക്കുന്നു എന്ന വിലയിരുത്തൽ ശക്തമാണ്.

ഈഴവ പരിഗണന കൂടി നൽകിയാണ് എൻ.ഡി.എ കേരള കൺവീനർ കൂടിയായ രാജീവ് ചന്ദ്രശേഖരനെ ദേശീയ വക്താവാക്കിയിരിക്കുന്നത്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ബി.ജെ.പി പ്രാപ്യമാണെന്ന സൂചനയിലൂടെ ഇനിയും ലഭ്യമല്ലാത്ത വോട്ടുകൾ കൂടി ലക്ഷ്യമിടുകയാണ്. സംസ്ഥാനത്ത് സ്ഥാനമോഹികളുടെ നേരെ കണ്ണടച്ചത് വിഭാഗീയത നിർത്തണമെന്ന താക്കീതാണെന്ന സൂചന കൂടിയാണ്. കേന്ദ്ര നേതൃത്വം നടത്തുന്ന പദ്ധതികൾ നടപ്പാക്കാൻ കഴിയാത്ത തരത്തിലെ വിഭാഗീയത തന്നെയാണ് ഇപ്പോഴും സംസ്ഥാന നേതൃത്വത്തിന്റെ തലവേദന.

Full View
Tags:    

Similar News