പാലത്തായി കേസിൽ പുതിയ അന്വേഷണ സംഘം; പുതിയ സംഘത്തില്‍ പഴയവര്‍ വേണ്ട

രണ്ടാഴ്ചയ്ക്കകം പുതിയ സംഘം രൂപീകരിക്കണം എന്നും ഡി.ജി.പിയ്ക്ക് നിർദേശം.

Update: 2020-10-20 10:33 GMT
Advertising

പാനൂർ പാലത്തായിയിൽ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ പ്രത്യേക സംഘത്തെ നിയമിച്ച് അന്വേഷണം നടത്താന്‍ ഹൈകോടതി ഉത്തരവ്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പുതിയ സംഘത്തെ നിയോഗിക്കാനാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്. രണ്ടാഴ്ചക്കകം പുതിയ സംഘം രൂപീകരിച്ച് അന്വേഷണ ചുമതല കൈമാറാൻ ഡി.ജി.പിക്ക് കോടതി നിർദേശം നൽകി.

കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ബി.ജെ.പി നേതാവ് കൂടിയായ പത്മരാജൻ സ്കൂളിൽ വച്ച് പലതവണ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. സ്കൂളിലെ അധ്യാപകൻ പല തവണ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അനുകൂലമായ രീതിയിലാണ് ഐ.ജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള നിലവിലെ അന്വേഷണം നടക്കുന്നതെന്നാരോപിച്ചാണ് മാതാവ് കോടതിയെ സമീപിച്ചത്. ഉന്നത രാഷ്ട്രീയ സ്വാധീനം മൂലം ഐ.ജി കേസ് ഡയറിയിൽ കൃത്രിമം കാട്ടി തുടക്കം മുതലേ പ്രതിക്ക് അനുകൂലമായ രീതിയിലുള്ള അന്വേഷണമാണ് നടത്തുന്നത്. പോക്സോ ആക്ട് പ്രകാരം അന്വേഷണവും വിചാരണയും വേഗത്തിലാക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ആറ് മാസമായിട്ടും കേസന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഹരജിക്കാരി കോടതിയെ അറിയിച്ചിരുന്നു.

ഹരജി പരിഗണനയിലുള്ളതിനാൽ കേസിലെ അന്തിമ റിപ്പോർട്ട് നൽകില്ലെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കോടതിയെ അറിയിച്ചിരുന്നു. പുതിയ സംഘത്തെ അന്വേഷണം ഏൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാരിന് വേണ്ടി സീനിയർ ഗവ. പ്ലീഡർ ഇന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഇര നിർദേശിക്കുന്ന ഏത് പൊലീസ് ഉദ്യോഗസ്ഥനെ വേണമെങ്കിലും അന്വേഷണത്തിന് നിയോഗിക്കാൻ തയാറാണ്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെയും സംഘത്തിലുള്ളവരേയും മാറ്റാമെന്നും സർക്കാർ വ്യക്തമാക്കി. തുടർന്നാണ് കോടതിയുടെ അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിക്കാന്‍ ഉത്തരവിട്ടത്.

Tags:    

Similar News