സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ വ്യാജഏറ്റുമുട്ടലെന്ന് വീണ്ടും ആരോപണം

സര്‍ക്കാരും പൊലീസും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഘട്ടങ്ങളിലാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പലതും നടന്നിട്ടുള്ളത്

Update: 2020-11-03 08:22 GMT
Advertising

സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയില്‍ അകപ്പെടുപ്പോഴെല്ലാം വ്യാജഏറ്റുമുട്ടല്‍ ഉണ്ടാകുന്നുവെന്ന ആരോപണങ്ങള്‍ ബലപ്പെടുത്തുന്ന തരത്തിലാണ് വയനാട്ടില്‍ വീണ്ടും വെടിവെപ്പ് നടന്നത്. വ്യാജ ഏറ്റുമുട്ടലിലൂടെ ആളുകളെ കൊലപ്പെടുത്തുന്നതിനെതിരെ സിപിഐ കടുത്ത വിമര്‍ശനങ്ങള്‍ പൊലീസിനെതിരെ നേരത്തെ ഉന്നയിച്ചിട്ടുണ്ട്. എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം 10 വ്യാജ ഏറ്റുമുട്ടലുകൾ നടന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വയനാട്ടിലും മഞ്ചകണ്ടിയിലും അടക്കും നിരവധി മാവോയിസ്റ്റ് വേട്ട പൊലീസ് നടത്തിയിട്ടുണ്ട്. സര്‍ക്കാരും പൊലീസും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഘട്ടങ്ങളിലാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പലതും നടന്നിട്ടുള്ളതും. വിവാദ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് പൊലീസ് ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ നടത്തുന്നതെന്ന ആരോപണം നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്. വിവാദങ്ങളുടെ ഘോഷയാത്ര നടക്കുന്ന ഈ ഘട്ടത്തില്‍ വീണ്ടും ഏറ്റുമുട്ടല്‍ നടന്നതോടെ പഴയ ആരോപണങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയായിട്ടുണ്ട്. പൊലീസ് ഏറ്റുമുട്ടല്‍ സജീവ രാഷ്ട്രീയ ചര്‍ച്ചയാക്കി മാറ്റാന്‍ പ്രതിപക്ഷവും തീരുമാനിച്ചിട്ടുണ്ട്. ലാത്തികൊണ്ടും തോക്കു കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പൊലീസിന്‍റെ മാവോയിസ്റ്റ് വേട്ടക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ സിപിഐ തുടര്‍ച്ചയായി ഉന്നയിച്ചിട്ടും പൊലീസ് നടപടികളില്‍ നിന്ന് പിന്നോട്ട് പോകുന്നില്ലെന്നതാണ് വസ്തുത. മഞ്ചക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കാട്ടി സിപിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടും മുഖ്യമന്ത്രി നേരത്തെ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ ഏറ്റുമുട്ടല്‍ കൊലയില്‍ സിപിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Full View
Tags:    

Similar News