മണ്ണുമാന്തിയന്ത്രം കയറി മലമ്പാമ്പ് ചത്തു; ഡ്രൈവര്‍ അറസ്റ്റില്‍

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

Update: 2020-11-16 05:07 GMT
Advertising

ദേശീയ പാതാ നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ അറസ്റ്റില്‍. ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവര്‍ നൂര്‍ അമീനാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് നൂര്‍ അമീന്‍. തൃശൂര്‍ വാണിയം പാറയിലാല്‍ ഇന്നലെയാണ് സംഭവം.

ദേശീയപാതയിൽ വഴുക്കുമ്പാറ മുതൽ കുതിരാൻ തുരങ്കത്തിന്‍റെ പടിഞ്ഞാറുഭാഗം വരെയുള്ള ഭാഗത്തെ സർവീസ് റോഡ് നിർമിക്കുന്നതിനിടയിലാണ് മലമ്പാമ്പിന് അപകടമുണ്ടായത്. ഞായറാഴ്‌ച രാവിലെ 11-ന് കൂട്ടിയിട്ട കല്ലുകൾ നീക്കംചെയ്യുന്നതിനിടയിലാണ് കല്ലിനിടയിൽനിന്ന്‌ മലമ്പാമ്പ് പുറത്തേക്കുവന്നത്. കല്ല് നീക്കിയപ്പോൾ മലമ്പാമ്പിന് മുറിവേല്‍ക്കുകയായിരുന്നു.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇതോടെ റോഡ് നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

സംഭവത്തില്‍ കേസെടുക്കാതെ തരമില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മലമ്പാമ്പിനെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് ഗുരുതരമായ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയാണ് കേസിലുള്‍പ്പെടുന്നവരെ കാത്തിരിക്കുന്നത്.

Tags:    

Similar News