ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അതിതീവ്രചുഴലിക്കാറ്റായി

പുതുച്ചേരിയിലും തമിഴ്നാട്ടിലും അതീവ ജാഗ്രതാ നിർദേശം നൽകി. ചുഴലിക്കാറ്റിന് മുന്നോടിയായി പുതുച്ചേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Update: 2020-11-24 07:57 GMT
Advertising

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അതിതീവ്രചുഴലിക്കാറ്റായി. നാളെ വൈകുന്നേരത്തോടെ നിവാർ തമിഴ്നാട് തീരം തൊടും. പുതുച്ചേരിയിലും തമിഴ്നാട്ടിലും അതീവ ജാഗ്രതാ നിർദേശം നൽകി. ചുഴലിക്കാറ്റിന് മുന്നോടിയായി പുതുച്ചേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിവാർ ചുഴലിക്കാറ്റിനെ നേരിടാൻ അടിയന്തര സഹായം ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെന്നൈ തീരത്തു നിന്നും 450 കിലോമീറ്ററും പുതുച്ചേരിയിൽ നിന്ന് 410 കിലോമീറ്ററും അകലെ ആയാണ് നിവാർ ചുഴലിക്കാറ്റ് ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ളത്.

അടുത്ത 24 മണിക്കൂറിനുള്ളിൽ കാറ്റ് കരതൊടും. എന്നാൽ കൃത്യമായി എവിടെയായിരിക്കും കാറ്റെത്തുക എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. നിവാർ കരതൊടുമ്പോൾ മണിക്കൂറിൽ 110 മുതൽ 130 വരെ കിലേമീറ്റർ വേഗമുണ്ടാകും. പുതുച്ചേരിയിലായിരിയ്ക്കും കൂടുതൽ നാശനഷ്ടങ്ങൾക്ക് സാധ്യതയെന്നാണ് വിലയിരുത്തൽ. അതുകഴിഞ്ഞാൽ തമിഴ്നാട്ടിലെ മാരക്കോണത്തും കാറ്റ് നാശം വിതച്ചേക്കും.

പുതുച്ചേരിയിൽ ഇന്ന് രാത്രി ഒൻപതു മണി മുതൽ 26 ന് വൈകിട്ട് ആറു മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കാഞ്ചീപുരം, ചെങ്കൽപേട്ട്, ചെന്നൈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളിൽ അതി ജാഗ്രത നിർദ്ദേശവും നൽകി. 12 ജില്ലകളിലേയ്ക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ചെന്നൈയിൽ ഇന്നലെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.

താഴ്ന്ന പ്രദേശങ്ങളിൽ താമസിയ്ക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാനുള്ള നടപടികളും സർക്കാറുകൾ ആലോചിയ്ക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് വീതം സംഘങ്ങൾ ചിദംബരത്തും കടലൂരും ക്യാംപു ചെയ്യുന്നുണ്ട്. തമിഴ്നാട്ടിലെ ജാഗ്രത നിർദ്ദേശം നൽകിയ ജില്ലകളിലുള്ള ബസ് സർവീസുകൾ ഉച്ചയോടെ നിർത്തിവെച്ചു. നിവാർ ചുഴലിക്കാറ്റ് നേരിടാൻ അടിയന്തിര സഹായം ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. രണ്ട് മുഖ്യമന്ത്രിമാരുമായും ആശയ വിനിമയം നടത്തിയെന്നും നരേന്ദ്രമോദി പറഞ്ഞു.

Tags:    

Similar News