കര്‍ഷക സമരത്തിന് കേരളത്തിന്‍റെ ഐക്യദാര്‍ഢ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

അധികാരത്തിന്‍റെ ഹുങ്ക് ഉപയോഗിച്ച് എന്തിനേയും അടിച്ചമർത്തിക്കളയാം എന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനേറ്റ അടിയാണ് കര്‍ഷക പ്രക്ഷോഭമെന്നും പിണറായി

Update: 2020-12-23 08:28 GMT
Advertising

കര്‍ഷക സമരത്തിന് കേരളത്തിന്‍റെ ഐക്യദാര്‍ഢ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരത്തിന്‍റെ ഹുങ്ക് ഉപയോഗിച്ച് എന്തിനേയും അടിച്ചമർത്തിക്കളയാം എന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനേറ്റ അടിയാണ് കര്‍ഷക പ്രക്ഷോഭമെന്നും പിണറായി പറഞ്ഞു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എല്‍.ഡി.എഫ് പാളയത്ത് നടത്തിയ പ്രതിഷേധ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു പ്രദേശത്ത് മാത്രം ഒതുങ്ങേണ്ടതല്ല ഈ പ്രക്ഷോഭമെന്നും കേന്ദ്രത്തിന്‍റെ കര്‍ഷകവിരുദ്ധ നയത്തിനെതിരെ എല്ലാ കോണില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ഇതൊന്നും ബാധിക്കില്ലെന്ന ചിന്തയില്‍ ഇരിക്കുന്നവര്‍ ഒന്ന് ഓര്‍ക്കണം, രാജ്യത്ത് ഒരു ഭക്ഷ്യക്ഷാമം ഉണ്ടായാൽ അത് ഏറ്റവുമാദ്യം ബാധിക്കുന്നത് കേരളത്തെ ആയിരിക്കും. സംസ്ഥാനത്തിന്‍റെ ഭക്ഷ്യ സ്വയംപര്യാപ്തയെ സംബന്ധിച്ചുള്ള യാഥാര്‍ഥ്യങ്ങൾ ഉൾക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണം. മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

Full View

ഈ പ്രക്ഷോഭം അടിച്ചമര്‍ത്തിക്കളയാമെന്ന് തെറ്റിദ്ധരിക്കരുതെന്നും കുതന്ത്രങ്ങളുപയോഗിച്ച് സമരത്തെ തളർത്താമെന്നത് വ്യാമോഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'തദ്ദേശതെരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നതിനാല്‍ ആ ഘട്ടത്തിൽ കർഷക സമരത്തില്‍ ശരിയായ രീതിയിൽ സാന്നിധ്യമറിയിക്കാന്‍ കേരളത്തിന് ആയില്ല. എന്നാൽ ആ സമയം കഴിഞ്ഞു'. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

Tags:    

Similar News