ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് തടയാൻ ആന്‍റി റാഗിംഗ് സെല്ലുകളുമായി സര്‍ക്കാര്‍

ഈ മാസം പകുതിയോടെ നടപടിക്രമങ്ങൾ ആരംഭിക്കാനാണ് ആലോചിക്കുന്നത്

Update: 2024-05-07 01:36 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് തടയാൻ ആന്‍റി റാഗിംഗ് സെല്ലുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ. യുജിസിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാതലത്തിൽ സെല്ലുകൾ ആരംഭിക്കുന്നത്. ഈ മാസം പകുതിയോടെ നടപടിക്രമങ്ങൾ ആരംഭിക്കാനാണ് ആലോചിക്കുന്നത്.

രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് രൂക്ഷമായതോടെയാണ് ആൻ്റി റാഗിംഗ് സെല്ലുകളുടെ പ്രവർത്തനം ഊർജിതമാക്കാനുള്ള തീരുമാനം യുജിസി എടുത്തത്. ഇതിന്‍റെ ഭാഗമായി ജില്ലാതലത്തിൽ ആൻ്റി റാഗിംഗ് സെല്ലുകൾ തുടങ്ങണമെന്ന നിർദ്ദേശം കർശനമായി മുന്നോട്ടുവച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും ജില്ലാ കലക്ടർമാർക്കും ഇക്കാര്യങ്ങൾ വിശദമാക്കി യുജിസി നേരത്തെ കത്ത് അയച്ചിരുന്നു. വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ വേഗത്തിൽ സെൽ രൂപീകരണവുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്‍റെ നീക്കം. ജില്ലാ കലക്ടറോ സമാന പദവിയിലുള്ള ഉദ്യോഗസ്ഥനോ ആയിരിക്കും ഏഴംഗങ്ങൾ ഉൾപ്പെട്ട സെല്ലിന്‍റെ ചുമതലക്കാരൻ.

Advertising
Advertising

സർവകലാശാല വൈസ് ചാൻസലർ, ജില്ലാ പൊലീസ് മേധാവി, മാധ്യമപ്രതിനിധി, സന്നദ്ധ സംഘടനയിൽ നിന്നുള്ള നോമിനി, വിദ്യാർഥി പ്രതിനിധികൾ എന്നിവർ മറ്റ് അംഗങ്ങൾ. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കലക്ടർമാരെ പങ്കെടുപ്പിച്ച് ഈ മാസം പകുതിയോടെ ആദ്യ യോഗം ചേരും. റാഗിംഗ് നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാനുള്ള ചർച്ചകൾ യോഗത്തിൽ ഉണ്ടാകും. രണ്ടാംഘട്ടത്തിലാകും മറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുക. അടുത്ത അക്കാദമിക വർഷത്തിൽ തന്നെ സെല്ലുകൾ പ്രവർത്തനസജ്ജമാകുന്ന തരത്തിലാണ് നടപടികൾ മുന്നോട്ടുപോകുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News