Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: തനിക്ക് മുന്‍പേ പോറ്റിയെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇരുവരും ചേര്‍ന്ന് സ്വകാര്യസംഭാഷണം നടത്തുന്ന ചിത്രങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പോറ്റിയുടെ ചെവിയില്‍ സ്വര്‍ണക്കൊള്ളയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പകര്‍ന്നുകൊടുത്തോയെന്ന് സംശയിക്കുന്നതായും അടൂര്‍ പ്രകാശ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'മുഖ്യമന്ത്രി പോറ്റിയുടെ ചെവിയിലോതിയത് സ്വര്‍ണക്കൊള്ളയെ കുറിച്ചുള്ള നിര്‍ദേശങ്ങളാണെന്ന് ഞങ്ങള്‍ ആക്ഷേപിക്കുകയാണ്. അല്ലെങ്കില്‍ അദ്ദേഹം അത് വ്യക്തമാക്കട്ടെ. കേരളത്തിലെ മുഖ്യമന്ത്രിക്ക് യോജിക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ മുന്‍മുഖ്യമന്ത്രിമാരൊന്നും ഇത്തരത്തില്‍ സംസാരിച്ചതായി ഓര്‍ക്കുന്നില്ല. അത് അദ്ദേഹത്തിന്റെ അന്തസിന് യോജിക്കുന്ന പ്രവര്‍ത്തനമായി തോന്നുന്നില്ല.'
'അടൂര്‍ പ്രകാശ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ സോണിയ ഗാന്ധിയുടെ അടുക്കലേക്ക് എത്തിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാലത്ത് പ്രചരണത്തിന്റെ വേളയില്‍ യാദൃശ്ചികമായാണ് താന്‍ പോറ്റിയെ കാണുന്നത്. അതൊന്നും സ്വര്‍ണക്കൊള്ളയെ കുറിച്ചായിരുന്നില്ല. ഒരു പരിപാടിയില്‍ പങ്കെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം'. അടൂര്‍ വ്യക്തമാക്കി.
'സോണിയ ഗാന്ധിയെ കാണാന്‍ പോറ്റി അപ്പോയ്‌മെന്റ് പോറ്റി നേടിയെടുത്തു. എംപി എന്ന നിലയില്‍ ഒപ്പം പോയി എന്നത് സത്യം. കാട്ടുകള്ളന്‍ ആണെന്ന് അറിയില്ലായിരുന്നു. സോണിയ ഗാന്ധിയെ വിഷയം ധരിപ്പിക്കും. സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാധാരണയായി ആളുകള്‍ എടുക്കാറുള്ള തരത്തിലൂള്ളതാണ് സോണിയ ഗാന്ധിക്കൊപ്പമുള്ള പോറ്റിയുടെ ചിത്രം. അവരെ നമുക്ക് ചൂഴ്ന്ന് നോക്കാനൊന്നും കഴിയില്ലല്ലോ'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.