ഉശിരന്മാരായ മാപ്പിളമാരുടെ പ്രസ്ഥാനമാണ് സമസ്ത, ഒരു സുനാമിക്കും കൊടുങ്കാറ്റിനും തകര്‍ക്കാനാവില്ല: പി.കെ ശശി
'എത്ര സങ്കീർണമായ പ്രശ്‌നങ്ങളുണ്ടായാലും അതിൽ ആഴത്തിലുള്ള പഠനം നടത്തിയ ശേഷമേ ജിഫ്രി തങ്ങൾ നിലപാടുകൾ സ്വീകരിക്കാറുള്ളൂ'.
പാലക്കാട്: സമസ്തയെ പ്രകീർത്തിച്ച് സിപിഎം നേതാവ് പി.കെ ശശി. ഉശിരന്മാരായ മലബാറിലെ മാപ്പിള പോരാളികളുടെയും പിൻതലമുറയുടേയും മഹാപ്രസ്ഥാനമാണ് സമസ്തയെന്നും ഒരു സുനാമിക്കും കൊടുങ്കാറ്റിനും അവരെ തകര്‍ക്കാനാവില്ലെന്നും പി.കെ ശശി പറഞ്ഞു. ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്രയുടെ പാലക്കാട്ടെ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി.കെ ശശി.
'ഈ മഹാപ്രസ്ഥാനം മുസ്‌ലിം കേരളത്തിന്റെ അഭിമാനത്തിന്റെ മുഖമാണ്. മലബാറിലെ മുസ്‌ലിമിനൊരു പാരമ്പര്യമുണ്ട്. മനുഷ്യനെന്ന നിലയ്ക്ക് ജീവിക്കാനും അന്തസും ആഭിജാത്യയും ആത്മാഭിമാനവും ഉയർത്തിപ്പിടിക്കാനുള്ള ഉശിരുള്ള പോരാട്ടത്തിന്റെ ചരിത്രമുണ്ട്. ഏറനാട്ടിലെയും വള്ളുവനാട്ടിലേയും മാപ്പിള പോരാളികളുടെ പോരാട്ടത്തിന്റെ ചരിത്രം. ബ്രിട്ടീഷ് പട്ടാളത്തിന്റേയും ഗൂർഖാ പട്ടാളത്തിന്റേയും നേരെ മാറ് കാണിച്ചുകൊടുത്ത് പോരാടിയ ഉശിരന്മാരായ മലബാറിലെ മാപ്പിള പോരാളികളുടെയും പിൻതലമുറയുടേയും മഹാപ്രസ്താനമാണ് സമസ്ത'- പി.കെ ശശി അഭിപ്രായപ്പെട്ടു.
'സമസ്തയെന്ന കോട്ടയെ ഒരു കൊടുങ്കാറ്റിനും ഒരു ചുഴലിക്കും സുനാമിക്കും ഭേദിക്കാനാകില്ല. എത്ര സങ്കീർണമായ പ്രശ്‌നങ്ങളുണ്ടായാലും അതിൽ ആഴത്തിലുള്ള പഠനം നടത്തിയ ശേഷമേ ജിഫ്രി തങ്ങൾ നിലപാടുകൾ സ്വീകരിക്കാറുള്ളൂ. പടിഞ്ഞാറിന്റെ താത്പര്യക്കാർ, സാമ്രാജ്യത്വ ദാസന്മാർ, ഇന്ത്യയിലെ ഫാസിസ്റ്റുകൾ ഇവരെല്ലാം ഇസ്‌ലാമോഫോബിയ വിപുലീകരിക്കാനുള്ള പരിശ്രമം നടത്തുമ്പോൾ യാഥാർഥ്യബോധത്തോടു കൂടി സമാധാനത്തിന്റെയും നന്മയുടേയും പാതയിലേക്ക് ജനസമൂഹത്തെ കൊണ്ടുവരേണ്ടതുണ്ട്. ആ പ്രവർത്തനത്തിൽ സമസ്തയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ട്'- പി.കെ ശശി കൂട്ടിച്ചേർത്തു.