എം.ജി സർവകലാശാല കാംപസിൽ യൂനിയൻ ചെയർമാന് അപ്രഖ്യാപിത വിലക്ക്; പ്രതികരിക്കാതെ എസ്.എഫ്.ഐ

എസ്.എഫ്.ഐ നേതൃത്വത്തിൻ്റെ അറിവോടെ ചെയർമാനെ മർദിച്ചതായാണ് വിവരം

Update: 2024-05-07 03:28 GMT
Editor : Shaheer | By : Web Desk
Advertising

കോട്ടയം: എം.ജി സർവകലാശാല കാംപസിൽ എസ്.എഫ്.ഐ നേതാവ് കൂടിയായ യൂനിയൻ ചെയർമാന് വിലക്ക്. മൂന്നു മാസമായി ചെയർമാൻ കാംപസിൽ എത്തിയിട്ടില്ല. വിദ്യാർഥിനിയുടെ പരാതിയിൽ ഒരു സംഘം മർദിച്ചതിനു പിന്നാലെയാണ് ചെയർമാന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഫ്രറ്റേണിറ്റി അടക്കമുള്ള വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു.

എം.ജി സർവകലാശാല കാംപസിലെ ഡിപ്പാർട്ട്മെൻ്റ് സ്റ്റുഡന്‍റ്സ് യൂനിയൻ ചെയർമാനും ഒന്നാം വർഷ ജെൻഡർ സ്റ്റഡീസ് വിദ്യാർഥിയുമായ മലപ്പുറം സ്വദേശിയ്ക്കാണ് മൂന്ന് മാസമായി കാംപസിൽ അപ്രഖ്യാപിത വിലക്കുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ എം.ജി സർവകലാശാല കലോത്സവം കോട്ടയത്ത് നടന്നപ്പോൾ മുതൽ ചെയർമാൻ്റെ അസാന്നിധ്യം ചർച്ചയായിരുന്നു. എന്നാൽ, അന്ന് വിഷയത്തിൽ പ്രതികരിക്കാൻ എസ്.എഫ്.ഐ നേതാക്കൾ തയാറായില്ല. എസ്.എഫ്.ഐ നേതൃത്വത്തിൻ്റെ അറിവോടെ ചെയർമാനെ മർദിച്ചതായാണ് വിവരം.

എസ്.എഫ്.ഐയ്ക്ക് അപ്രമാദിത്വമുള്ള കാംപസിലും ഹോസ്റ്റലിലും ചെയർമാനെ വിലക്കിയിരിക്കുകയാണ്. ഡിപ്പാർട്ട്മെൻ്റ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഇദ്ദേഹത്തെ നീക്കിയിട്ടുണ്ട്. എന്നാൽ, തനിക്ക് മർദനമേറ്റത് കാംപസിനു പുറത്തുനിന്നാണെന്നും എസ്.എഫ്.ഐയ്ക്ക് ബന്ധമില്ലെന്നും ചെയർമാൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഉടൻ കാംപസിൽ എത്തുമെന്നാണു വിശദീകരണം.

പാർട്ടി നേതൃത്വത്തിൻ്റെ ഭീഷണിയും മർദനവും ഭയന്നാണ് ചെയർമാൻ്റെ പ്രതികരണമെന്നും മറ്റ് വിദ്യാർഥി സംഘടകൾ പറയുന്നു. ഫ്രറ്റേണിറ്റി പ്രവർത്തകാരാണ് വിഷയം ആദ്യം ഉയർത്തിയത്. കെ.എസ്.യു, എം.എസ്.എഫ്, ഫ്രറ്റേണിറ്റി അടക്കമുളള സംഘടനകൾ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു രംഗത്തുവന്നിട്ടുണ്ട്. നിയമനടപടികളും സംഘടനകളുടെ ആലോചനയിലുണ്ട്.

വാർത്തയില്‍ പ്രതികരണം നേടി മീഡിയവണ്‍ എസ്.എഫ്.ഐ നേതാക്കളെയും യൂനിയൻ ചെയർമാനെയും നിരവധി തവണ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല.

Full View

Summary: Undeclared ban on union chairman, who is also SFI leader, in MG University campus in Kottayam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News