കൊച്ചി: പ്രണയത്തിന് പ്രായമില്ലെന്ന് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ ആ വാക്കുകളെ അന്വർത്ഥമാക്കുന്ന, ഹൃദയം നിറയ്ക്കുന്ന ഒരു കാഴ്ചയ്ക്കാണ് സോഷ്യൽ മീഡിയ ഇപ്പോൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്. തിരക്കുപിടിച്ച ലോകത്ത്, ചെറിയ കാര്യങ്ങളിൽ പോലും വലിയ സന്തോഷം കണ്ടെത്തുന്ന ഒരു വൃദ്ധ ദമ്പതികളുടെ സ്നേഹനിധിയായ നിമിഷം വായനക്കാരുടെ കണ്ണും മനസ്സും ഒരുപോലെ നിറക്കുന്നതാണ്.
റെയിൽവേ സ്റ്റേഷനിലെ തിരക്കുകൾക്കിടയിലാണ് ആ അപൂർവ്വ നിമിഷം സംഭവിച്ചത്. തന്റെ പ്രിയതമയ്ക്കൊപ്പം ആദ്യമായി ട്രെയിൻ യാത്രയ്ക്കൊരുങ്ങിയ ഒരു വയോധികൻ, സഹയാത്രികയോട് ഉന്നയിച്ച ഒരു ചെറിയ അഭ്യർഥനയാണ് ഇപ്പോൾ തരംഗമാകുന്നത്. "മാഡം, ദയവായി എന്റെ ഭാര്യയുടെ ഒരു ഫോട്ടോ എടുക്കാമോ? ഇത് അവളുടെ ആദ്യത്തെ ട്രെയിൻ യാത്രയാണ്," എന്നായിരുന്നു നിഷ്കളങ്കമായ ആ ചോദ്യം. തന്റെ പത്നിയുടെ മുഖത്തെ കൗതുകവും സന്തോഷവും ഒരു ചിത്രമായി സൂക്ഷിച്ചു വെക്കണമെന്ന ആ വൃദ്ധന്റെ ആഗ്രഹം സഹയാത്രികയാണ് തന്റെ സമൂഹമാധ്യമത്തിലൂടെ പുറംലോകത്തെത്തിച്ചത്. വീഡിയോയ്ക്ക് അടിക്കുറിപ്പായി യുവതി നൽകിയ വാക്കുകൾ ഇങ്ങനെയാണ്;
'വേണാട് എക്സ്പ്രസാണ്, കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര. തിരക്ക് കുറഞ്ഞു തുടങ്ങിയത് കൊണ്ട് വിൻഡോ സീറ്റിലേക്ക് ഒതുങ്ങി ഹെഡ്‌സെറ്റിൽ പാട്ടൊക്കെ കേട്ട് ഇരുന്നു. പെട്ടെന്ന് അടുത്തേക്കൊരു 'അമ്മാവൻ' എത്തുന്നു, സ്ഥിരം ശല്യക്കാരിൽ ഒരാളായിരിക്കും എന്ന് വിചാരിച്ചു ഒട്ടും താല്പര്യം ഇല്ലാതെ ഹെഡ്സെറ്റ് മാറ്റിയപ്പോൾ പുള്ളിക്കാരൻ ചോദിച്ചു, 'മാഡം ഒരു ഫോട്ടോ എടുത്തു തരാമോ?' ആദ്യം സംഗതി മനസിലായില്ല, 'എന്താ ?' എന്ന് ചോദിച്ചപ്പോൾ നിഷ്കളങ്കമായ ചിരിയോടെ അദ്ദേഹം ഭാര്യയെ പരിചയപ്പെടുത്തി, "മാഡം ഇതെന്റെ ഭാര്യയാണ്, അവൾ ആദ്യമായിട്ടാണ് ട്രെയിനിൽ കയറുന്നത്. അതുകൊണ്ട് ഒരു ഫോട്ടോ എടുത്തു തരാമോ?'. മനസ് നിറഞ്ഞൊരു സന്തോഷം തോന്നി ആ ചോദ്യം കേട്ടപ്പോൾ. 'പിന്നെന്താ ചേട്ടാ, ചേട്ടനും കൂടെ നില്ക്കു, ഞാൻ എന്റെ ഫോണിൽ തന്നെ എടുക്കാം,' എന്ന് പറഞ്ഞു ഞാനും എഴുനേറ്റു. ആദ്യമൊന്നു നാണിച്ചെങ്കിലും ഭാര്യക്കൊപ്പം ആളും കയറിനിന്നു എന്റെ ഫ്രയിമിലേക്കു. ഭാര്യയുടെ വലിയ ആഗ്രഹം സാധിച്ചു കൊടുത്ത സന്തോഷം ചേട്ടന്റെ മുഖത്തും ഒരു ചെറു നാണത്തോടെയുള്ള ചിരി അമ്മയ്ക്കും.'
ഒടുവിൽ ഫോട്ടോയെടുത്ത് കഴിഞ്ഞ് അത് തങ്ങളുടെ മകന് അയച്ചുകൊടുക്കാനുള്ള ദമ്പതികളുടെ വ്യഗ്രതയും സന്തോഷവും യുവതി പങ്കുവെക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശ്രീനാഥും, തിരുച്ചിറപ്പള്ളിക്കാരി വിക്ടോറിയയെ പ്രണയിച്ച കഥയും വിശേഷങ്ങളും കേട്ടായിരുന്നു തന്റെ പിന്നീടുള്ള യാത്രയെന്ന് യുവതി പറയുന്നു.
'ഫോട്ടോ എടുത്തു, ഉടനെ തന്നെ വാട്സ്ആപ്പിൽ ഫോട്ടോ അയയ്ക്കാമോ എന്ന് ചോദിച്ചു, ഇളയ മകൻ ഡാനിക്ക് അയക്കാനാണത്രെ. പിന്നെ വിശേഷങ്ങളാണ്, ശ്രീനാഥ്, ഭാര്യ വിക്ടോറിയ, രണ്ടു ആൺമക്കൾ വിദേശത്താണ്, മകൾ തിരുവനന്തപുരത്തും. മകളെ മാമ പയ്യന് കല്യാണം കഴിച്ചു കൊടുത്ത കഥയും, തിരുവനന്തപുറത്തുകാരൻ ശ്രീനാഥ് തിരുച്ചിറപ്പള്ളികാരി വിക്ടോറിയയെ 'കാതലിച്ച' കഥയും കേട്ടിരുന്നപ്പപ്പോൾ മകൻ ഡാനിയുടെ ഫോൺ വന്നു. ഫോട്ടോ എടുത്തു കൊടുത്ത എന്നെയും പരിചയപ്പെടുത്തി ഡാനിക്ക്.
ഓടുന്ന ട്രെയിനിലെ, ഷെയിക്കായ, ലൈറ്റ് പെർഫെക്റ്റ് അല്ലാത്ത, ഈ പടത്തോളം ഭംഗിയുള്ള ഒരു ചിത്രം ഇതിനുമുൻപ് ഞാൻ എടുത്തിട്ടുണ്ടോ എന്ന് അറിയില്ല. ആ ഫ്രെയിമിൽ എല്ലാം ഉണ്ടായിരുന്നു ഇഷ്ടം, പ്രണയം, കരുതൽ, കൂട്ട്, കുടുംബം, അങ്ങനെ എല്ലാം. ഞാൻ ട്രെയ്നിൽ നിന്ന് ഇറങ്ങുമ്പോഴും അവർ ആ ഫോട്ടോ നോക്കി പരസ്പരം ചിരിക്കുന്നുണ്ടായിരുന്നു...' എന്ന് പറഞ്ഞാണ് യുവതിയുടെ കുറിപ്പ് അവസാനിക്കുന്നത്.
Full Viewസോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഈ വാർത്തയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളി നടി രജിഷ വിജയനടക്കം വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 'ഇന്ന് കണ്ടതിൽ വെച്ചേറ്റവും മികച്ച കാര്യം, നിങ്ങൾക്കൊരു പുഞ്ചിരി സമ്മാനിക്കാൻ ഈ വീഡിയോയ്ക്ക് സാധിക്കട്ടെ' എന്നാണ് രജിഷയുടെ കമന്റ്. "ഇതാണ് യഥാർഥ പ്രണയം", "പ്രായം കൂടുന്തോറും സ്നേഹം വർധിക്കുമെന്നതിന് ഇതിലും വലിയ ഉദാഹരണമില്ല" എന്നിങ്ങനെ പോകുന്നു ആളുകളുടെ കമന്റുകൾ.