ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിന് രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

ഇതിനു പുറമേ വിദ്യാഭ്യാസ വകുപ്പിൽ ജോയിൻ്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും ശ്രീജേഷിന് നൽകും

Update: 2021-08-11 14:41 GMT
Editor : ijas
Advertising

ഒളിമ്പിക്സ് ഹോക്കിയില്‍ വെങ്കലം നേടിയ പി.ആര്‍ ശ്രീജേഷിന് കേരളത്തിന്‍റെ ആദരം. സംസ്ഥാനം രണ്ടു കോടി പാരിതോഷികം പ്രഖ്യാപിച്ചു. ഇതിനു പുറമേ വിദ്യാഭ്യാസ വകുപ്പിൽ ജോയിൻ്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകും. നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്. ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റു എട്ട് മലയാളികൾക്ക് അഞ്ച് ലക്ഷം രൂപ പ്രോത്സാഹന സമ്മാനവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് പി.ആര്‍ ശ്രീജേഷടക്കമുള്ള താരങ്ങള്‍ക്ക് പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചത്. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് സര്‍ക്കാര്‍ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

നേരത്തെ പി.ആര്‍ ശ്രീജേഷിന് പാരിതോഷികം ഒന്നും തന്നെ പ്രഖ്യാപിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതെല്ലാം തന്നെ കാര്യമറിയാതെയുള്ള വിമർശനങ്ങൾ ആയിരുന്നുവെന്നും മന്ത്രിസഭ യോഗമാണ് തീരുമാനം എടുക്കേണ്ടതെന്നും മെഡൽ നേടിയതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഉചിതമായ തീരുമാനം എടുത്തതായും മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കായിക രംഗത്ത് വിപുലമായ നയം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന് മുമ്പ് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ ഡോ. ഷംഷീർ വയലില്‍ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിന് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.​ ചരിത്ര മെഡൽ നേട്ടത്തിന് ശേഷം ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത ക്യാഷ് പ്രൈസായാരുന്നു​ ഡോ. ഷംഷീർ പ്രഖ്യാപിച്ചത്​. 




Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News