കെ റെയില്‍ പദ്ധതി മൂലമുണ്ടാകുന്ന കട ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ

മുഖ്യമന്ത്രി പിണറായി വിജയന്‍ റയില്‍വേമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്

Update: 2021-10-22 16:33 GMT
Advertising

കെ റെയില്‍ പദ്ധതി മൂലമുണ്ടാകുന്ന കട ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റയില്‍വേമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.വിദേശ ഏജന്‍സികളില്‍ നിന്നുള്ള വായ്പ ബാധ്യത സംബന്ധിച്ച് വ്യക്തത വരുത്താനും കേന്ദ്രം കേരളത്തോട് നിർദേശിച്ചു..

63941 കോടി രൂപയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് ആകെ ചെലവ്. ഇതിൽ 33700 കോടി രൂപയാണ് രാജ്യാന്തര ഏജൻസികളിൽ നിന്നും വായ്പ എടുക്കാൻ തീരുമാനിച്ചിരുന്നത്. ഇതിന്‍റെ നിശ്ചിത ശതമാനം ബാധ്യത കേന്ദ്രവും സംസ്ഥാനവും വഹിക്കുമെന്നായിരുന്നു ധാരണ. ഇതിലാണ് വ്യക്തത വരുത്താൻ കേന്ദ്രം ഇപ്പോൾ നിർദേശം നൽകിയത്. നിലവിലെ സാഹചര്യത്തിൽ ഈ ബാധ്യത ഏറ്റെടുക്കാൻ കേന്ദ്രത്തിന് സാധിക്കില്ലെന്നും സംസ്ഥാനത്തിന് ഏറ്റെടുക്കാനാകുമോ എന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചോദിച്ചു. പരിശോധിച്ച് തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയയൻ അറിയിച്ചു.

പ്രോജക്ടിനെ കൂടുതൽ പ്രായോഗികമാക്കാനുള്ള മാർഗ്ഗങ്ങളാണ് കേന്ദ്ര റെയിൽ മന്ത്രാലയം ആലോചിക്കുന്നതെന്നും ഇത് സംബന്ധിച്ച് തുടർ ചർച്ചകൾ നടക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രോജക്ടിന് റെയില്‍വേ മന്ത്രാലയം പ്രാഥമിക അംഗീകാരം നല്‍കിയിട്ടുള്ളതും അന്തിമ അനുമതിക്കായി ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുള്ളതുമാണ്. കേന്ദ്ര ധനമന്ത്രാലയം ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകാനും അനുമതി നല്‍കിയിട്ടുണ്ട്. വായ്പ ബാധ്യത സംബന്ധിച്ച് വ്യക്തത വന്നാൽ മാത്രമേ ഇനി അന്തിമ അനുമതി ലഭിക്കാൻ സാധ്യതയുള്ളു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News