പാലാ തെരഞ്ഞെടുപ്പ് ഫലം: ഹൈക്കോടതി നടപടിക്കെതിരെ മാണി സി കാപ്പൻ സുപ്രിംകോടതിയിൽ

ഹൈക്കോടതി നടപടി മുൻവിധിയോടെയാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

Update: 2022-10-21 01:56 GMT
Advertising

ന്യൂഡൽഹി: പാലായിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹരജിയിൽ കേരള ഹൈക്കോടതി അനുവദിച്ച അഭിഭാഷകരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ എം.എൽ.എ സുപ്രിംകോടതിയിൽ.

ഹൈക്കോടതി നടപടി മുൻവിധിയോടെയാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരജിക്കാരന് സൗജന്യ നിയമസഹായത്തിന് അർഹതയുണ്ടോ എന്ന് പരിശോധിക്കാതെയാണ് നടപടിയെന്ന് മാണി സി കാപ്പൻ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

പാലാ തെരഞ്ഞെടുപ്പ് അനുബന്ധമായിട്ടുള്ള മറ്റൊരു ഹരജിയിലെ അഭിഭാഷകരെ തന്നെ ഈ കേസിലും കോടതി നിയോഗിച്ചത് കൃത്യമായ മുൻവിധിയോടെയാണെന്ന് കാപ്പൻ വ്യക്തമാക്കുന്നു.

ഹരജിക്കാരൻ പാലാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച വ്യക്തിയാണ്. അതിനാൽ സൗജന്യ നിയമസഹായം ലഭിക്കാനുള്ള അർഹത ഇല്ലെന്നും സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ മാണി സി കാപ്പൻ പറയുന്നു. അഭിഭാഷകൻ റോയി ഏബ്രഹാമാണ് മാണി സി കാപ്പനു വേണ്ടി സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്.

പാലാ തെരഞ്ഞെടുപ്പിൽ അനുവദിക്കപ്പെട്ട തുകയേക്കാൾ കൂടുതൽ പണം രാഷ്ട്രീയപാർട്ടികൾ ചെലവഴിച്ചെന്നും അതിനാൽ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സി.വി ജോൺ ആണ് കേരള ഹൈക്കോടതിയെ സമീപിച്ചത്.

സ്വയം വാദിക്കാനാകില്ലെന്ന് ഹരജിക്കാരൻ അറിയിച്ചതോടെയാണ് ഹൈക്കോടതി അഭിഭാഷകരെ നൽകിയത്. സീനീയർ അഭിഭാഷകൻ പി. വിശ്വനാഥൻ, ഷിബു ജോസഫ് എന്നിവരെയാണ് കോടതി ഹരജിക്കാരന് നിയമസഹായത്തിനായി അനുവദിച്ചത്.

ഇരുവരും പാലാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിലെയും അഭിഭാഷകരാണ്. മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സി.വി ജോണിന് 249 വോട്ടുകളായിരുന്നു ലഭിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News