ആദിവാസി സ്വതന്ത്ര്യസമര മ്യൂസിയം: കേന്ദ്ര ഫണ്ട് ചെലഴിക്കാതെ കിർത്താഡ്‌സ്

മ്യൂസിയത്തിനായി 2018ൽ കേന്ദ്രം 7.19 കോടി രൂപ അനുവദിച്ചെങ്കിലും കിർത്താഡ്‌സ് ഇതുവരെ ചെലവാക്കിയത് 25.39 ലക്ഷം രൂപ മാത്രമാണ്

Update: 2021-07-25 16:58 GMT
Editor : Shaheer | By : Web Desk
Advertising

ആദിവാസി സ്വതന്ത്ര്യസമര മ്യൂസിയത്തിനുള്ള കേന്ദ്ര ഫണ്ട് മൂന്ന് വർഷമായിട്ടും ചെലഴിക്കാതെ കിർത്താഡ്‌സ്. 2018ൽ കേന്ദ്രം 7.19 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ ചെലവാക്കിയത് 25.39 ലക്ഷം രൂപ മാത്രമാണ്. അതേസമയം, മ്യൂസിയം നിർമിക്കുന്നതിനുള്ള ഏജൻസിയെ കണ്ടെത്തുന്നത് വൈകിയതാണ് ഫണ്ട് ചെലവഴിക്കാത്തതിനു കാരണമായി കിർത്താഡ്‌സ് പറയുന്നത്.

സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കാളികളായ ആദിവാസികളുടെ ചരിത്രം രേഖപ്പെടുത്തുകയും ഓർമ നിലനിർത്തുകയും ലക്ഷ്യമിട്ട് ഗോത്ര സ്വതന്ത്ര്യ സമര മ്യൂസിയം എന്ന ആശയം കിർത്താഡ്‌സ് മുന്നോട്ടുവയ്ക്കുന്നത് 2017ലാണ്. 2018-19 സാമ്പത്തിക വർഷം ആദ്യ ഗഡുവായി 7.19 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ചെയ്തു. എന്നാൽ ഇതുവരെ പദ്ധതിയുടെ ഭരണാനുമതി പോലും ആയിട്ടില്ല.

17 കോടി രൂപയാണ് ഗോത്ര മ്യൂസിയം പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത്. ഇതിൽ 16 കോടി രൂപയും കേന്ദ്രം നൽകും. 2018ൽ ലഭിച്ച 7.19 കോടി രൂപ ആദ്യ ഗഡുവാണ്. അത് ചെലവഴിക്കാത്തതിനാലാണ് ബാക്കി തുക അനുവദിക്കാത്തതെന്നാണ് വിവരാവകാശ പ്രവർത്തകന്റെ ചോദ്യത്തിന് കേന്ദ്ര സർക്കാർ നൽകിയ മറുപടി. മ്യൂസിയം നിർമിക്കേണ്ട ഏജൻസിയെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസമുണ്ടായതാണ് പദ്ധതി വൈകാൻ കാരണമെന്നാണ് കിർത്താഡ്‌സ് പറയുന്ന വിശദീകണം. എന്നാൽ മ്യൂസിയം എവിടെ സ്ഥാപിക്കണമെന്നതിലടക്കം തർക്കമുണ്ടായിട്ടുണ്ടെന്നാണ് വിവരം

വയനാട്, അട്ടപ്പാടി തുടങ്ങിയ ആദിവാസി അധിവാസം കൂടുതലുള്ള സ്ഥലത്ത് മ്യൂസിയം നിർമിക്കണമെന്നാണ് ആദ്യം ഉയർന്ന നിർദേശം. എന്നാൽ കോഴിക്കോട്ടെ ആസ്ഥാനത്തോട് ചേർന്നുതന്നെ മ്യൂസിയം വേണമെന്നാണ് കിർത്താഡ്‌സ് തീരുമാനിച്ചത്. കേരള മ്യൂസിയം എന്ന ഏജൻസിയുമായി നിലവിൽ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. നിയമവകുപ്പിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് മ്യൂസിയം നിർമാണം തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News