അവിഷിത്തിനെ ഒഴിവാക്കണമെന്ന് നേരത്തെ കത്ത് നൽകിയിരുന്നു: വീണാ ജോർജ്

ജൂൺ 15 മുതൽ അവിഷിത്ത് ഓഫീസിൽ എത്തിയിരുന്നില്ല വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അവിഷിത്ത് എത്താതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Update: 2022-06-25 12:50 GMT
Editor : abs | By : Web Desk
Advertising

പത്തനംതിട്ട: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിയായ ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗമായ അവിഷിത്തിനെ പുറത്താക്കി ഉത്തരവിറങ്ങി. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്.  അതേസമയം സംഭവം വിവാദമായതോടെ വിശദീകരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് രംഗത്തെത്തി. പേഴ്സണൽ സ്റ്റാഫംഗം അവിഷിത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് കത്ത് നൽകിയത് ഇന്നലെയല്ലെന്ന് മന്ത്രി പറഞ്ഞു . നേരത്തെ തന്നെ കത്ത് നൽകിയിരുന്നു. ജൂൺ 15 മുതൽ അവിഷിത്ത് ഓഫീസിൽ എത്തിയിരുന്നില്ല വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അവിഷിത്ത് എത്താതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'സംഭവം എന്താണ് എന്ന് അന്വേഷിക്കട്ടെ. അന്വേഷിച്ച് നടപടി സ്വീകരിക്കും എന്നാണ് രാവിലെ പറഞ്ഞത്. അതിന് ശേഷം കാര്യങ്ങൾ അന്വേഷിച്ചപ്പോൾ സ്റ്റാഫ് ആയിരുന്ന അവിഷിത്ത് വ്യക്തിപരമായ കാരണങ്ങളാൽ ജൂൺ ആദ്യം മുതൽ തന്നെ ഓഫീസിൽ വന്നിരുന്നില്ല. ഇടക്ക് കുറച്ചു ദിവസം വന്നിരുന്നു. അതുകൊണ്ട് 15-ാം തീയതി തന്നെ അവിഷിത്തിനെ പിരിച്ചു വിടണമെന്ന് പറഞ്ഞ് ഓഫീസിൽ നിന്ന് പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്', മന്ത്രി പറഞ്ഞു.

ജനാധിപത്യത്തില്‍ ആര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അടൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധമുണ്ടായ പശ്ചാത്തലത്തില്‍ മന്ത്രി പറഞ്ഞു. അവര്‍ പ്രതിഷേധിക്കട്ടെ. വഴി തടയലില്‍ ഭയക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഏറെ നാളായി ഓഫീസിൽ ഹാജരാകുന്നില്ലെന്നും അതിനാൽ ഒഴിവാക്കണമെന്നുമാണ് കത്തിൽ കാരണമായി പറയുന്നത്. നേരത്തെ അവിഷത്ത് തന്റെ സ്റ്റാഫംഗമല്ലെന്ന വിശദീകരണമാണ് ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയത്. ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് അവിഷിത്ത് ഒഴിവായിരുന്നുവെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.

എസ്.എഫ്.ഐ വയനാട് ജില്ല മുന്‍ വൈസ് പ്രസിഡന്‍റാണ് അവിഷിത്ത്. ഇതിനിടെ, പൊലീസിനെതിരെ ഭീഷണിയുമായി അവിഷിത്ത് രംഗത്തുവന്നു. കേരളത്തിലെ പൊലീസ് കോണ്‍ഗ്രസിന്‍റെ പണിയാണ് എടുക്കുന്നതെങ്കില്‍ പ്രതിരോധം തീര്‍ക്കേണ്ടി വരുമെന്ന് അവിഷിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എസ്എഫ്ഐ പ്രതിഷേധത്തെയും അവിഷിത്ത് ന്യായീകരിച്ചു. എംപിക്ക് സന്ദര്‍ശിക്കാന്‍ വരാനുള്ള സ്ഥലമല്ല വയനാട് പാര്‍ലമെന്‍റ് മണ്ഡലമെന്നും അവിഷിത്ത് വിമര്‍ശിച്ചു.

അതേസമയം, പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണനടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News