വിലക്ക് പിന്‍വലിക്കല്‍; ടോക്യോ ഒളിമ്പിക്സിലെ പങ്കാളിത്തം കുവൈത്ത് ഉറപ്പിച്ചു

Update: 2019-07-07 17:33 GMT
Advertising

അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി കുവൈത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതോടെ 2020 ലെ ടോക്യോ ഒളിമ്പിക്സിൽ കുവൈത്തിന്റെ പങ്കാളിത്തം ഉറപ്പായി. കുവൈത്ത് നാഷനൽ ഒളിമ്പിക് കമ്മിറ്റിയിലേക്ക് സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളുടെ പട്ടിക അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കൈമാറിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വിലക്ക് നീക്കി കൊണ്ടുള്ള ഐ.ഒ.സി യുടെ പ്രഖ്യാപനം വന്നത്.

നാലു വർഷത്തിലേറെയായി തുടരുന്ന വിലക്ക് നീങ്ങിയതിന്റെ ആഹ്ലാദത്തിലാണ് കുവൈത്തിന്റെ ഭരണ നേതൃത്വവും ഒപ്പം കായിക താരങ്ങളും. വിലക്ക് പിൻവലിച്ചു കൊണ്ടുള്ള ഒളിമ്പിക് കമ്മിറ്റിയുടെ ഔദ്യോഗിക അറിയിപ്പ് വന്നതോടെ കായിക താരങ്ങളും പൊതുജനങ്ങളും പലയിടങ്ങളിലും ആഹ്ലാദ പ്രകടനങ്ങൾ നടത്തി. കായിക മേഖലയിൽ സർക്കാറിന്റെ അമിത ഇടപെടലുണ്ടാവുന്നുവെന്നാരോപിച്ചായിരുന്നു അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഫിഫയും കുവൈത്തിനെ സസ്പെൻഡ് ചെയ്തത്. വിലക്ക് മൂലം അന്താരാഷ്ട്ര മത്സര വേദികളിൽനിന്ന് കുവൈത്ത് മാറ്റി നിർത്തപ്പെട്ടിരുന്നു. കായിക സമിതികളുടെ ഭരണ കാര്യങ്ങളിൽ ഇടപെടില്ല എന്ന് സർക്കാർ ഉറപ്പു നല്‍കിയതിന്റെയും കുവൈത്ത് നാഷനൽ ഒളിമ്പിക് കമ്മിറ്റിയിലേക്ക് സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളുടെ പട്ടിക അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കൈമാറിയതിന്റെയും തുടർച്ചയായാണ് സസ്‌പെൻഷൻ പിൻവലിച്ചു കൊണ്ട് ഐ.ഒ.സിയുടെ തീരുമാനം ഉണ്ടായത്. വിലക്ക് നീക്കാനുള്ള പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകിയ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് പാർലിമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിം പ്രത്യേകം നന്ദി അറിയിച്ചു. കിരീടാവകാശി ഷെയ്ഖ് നവാഫ് എ അഹമ്മദ് അൽ സബാഹ്. പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ മുബാറക് അൽ സബാഹ് എന്നിവരും അമീറിനെ അഭിനന്ദിച്ചു. ഫിഫ ഏർപ്പെടുത്തിയ വിലക്ക് 2017 ഡിസംബറിൽ പിൻവലിച്ചിരുന്നു.

Tags:    

Similar News