കുവൈത്തില്‍ ആരോഗ്യമേഖലയിലും സ്വദേശിവത്കരണം

തൽക്കാലം ഇന്ത്യക്കാർ ഉൾപ്പെടെ നഴ്സുമാർക്ക് തൊഴിൽനഷ്ട ഭീഷണിയില്ല

Update: 2019-12-08 19:57 GMT
Advertising

കുവൈത്തിൽ കൂടുതൽ സ്വദേശികളെ നഴ്‌സിംഗ് മേഖലയിലേക്ക് ആകർഷിക്കാൻ പദ്ധതി. ആരോഗ്യമേഖലയിലെ വിദേശി സാന്നിധ്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. അഞ്ചുവർഷം കൊണ്ട് നടപ്പിലാക്കാനാണ് ധനമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ആരോഗ്യമന്ത്രാലയം പദ്ധതി തയ്യാറാക്കുന്നത്.

സിവിൽ സർവീസ് കമീഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയ്നിങ് , കുവൈത്ത് സർവകലാശാല എന്നിവയുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കുന്നത്. നഴ്സിങ് മേഖലയിൽ മെച്ചപ്പെട്ട പരിശീലനം നൽകി സാങ്കേതിക തികവുള്ള തലമുറയെ വാർത്തെടുക്കുന്നതിന് അപ്ലൈഡ് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് രൂപരേഖ തയാറാക്കിയിട്ടുണ്ട്. കോഴ്സിൻറെ നിലവാരം വർധിപ്പിക്കാനും പഠനം കഴിഞ്ഞ് ഇറങ്ങുന്നവർക്കു തൊഴിൽ സാധ്യത ഉറപ്പാക്കാനും ഉള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. മേഖലയിലെ ആദ്യത്തെ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഖ്യാതിയോടെ 1962 ഒക്ടോബറിൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയ്നിങ് സെൻററിൽ 300ലേറെ സ്വദേശികളാണ് പഠിക്കുന്നത് .‌ കൂടുതൽ പേരെ ആകർഷിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.

Full View

നഴ്സിങ് തസ്തികയിലേക്ക് നിലവിൽ സ്വദേശികൾ അപേക്ഷ നൽകി കാത്തിരിക്കുന്നില്ല. അതുകൊണ്ട് തന്നെ തൽക്കാലം ഇന്ത്യക്കാർ ഉൾപ്പെടെ നഴ്സുമാർക്ക് തൊഴിൽനഷ്ട ഭീഷണിയില്ല. ഹോസ്പിറ്റൽ പ്രോട്ടോകോൾ പാലിക്കേണ്ടതിനാലും ആരോഗ്യവുമായി ബന്ധപ്പെട്ട നിർണായക ജോലി ആയതിനാലും സ്വദേശി എന്ന പരിഗണന മാത്രം വെച്ച് ഇപ്പോൾ നിയമനം നൽകാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, ഈ നിലയിലേക്ക് കുവൈത്തികളെ വളർത്തിക്കൊണ്ടുവരാനാണു അധികൃതരുടെ നീക്കം .

Tags:    

Similar News