ഗതാഗത നിയമ ലംഘനം പിടികൂടാൻ ഡ്രോണുകളുമായി കുവൈത്ത് പൊലീസ്

വ്യക്തമായ ചിത്രങ്ങളും വിഡിയോയും പകർത്താൻ കഴിയുന്ന ഹൈ ഡെഫിനിഷൻ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളാണ് ആകാശ നിരീക്ഷണത്തിന് ഉപയോഗിച്ചത്.

Update: 2020-10-31 02:04 GMT
Advertising

കുവൈത്തിൽ ഗതാഗത നിയമ ലംഘനം പിടികൂടാൻ ആളില്ലാ വിമാനങ്ങൾ ഉപയോഗപ്പെടുത്തി കുവൈത്ത് പോലീസ്. റോഡിൽ അഭ്യാസ പ്രകടനം നടത്തുന്നവരെ പിടികൂടാനാണ് പ്രധാനമായും ഡ്രോണുകൾ ഉപയോഗിക്കുന്നത്.

കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പൊലീസ് ഡ്രോൺ നിരീക്ഷണം നടത്തിയിരുന്നു. വഫ്ര ഭാഗത്ത് റോഡിൽ അഭ്യാസ പ്രകടനം നടത്തുന്നതായി നിരീക്ഷണത്തിൽ കണ്ടെത്തി. ഗതാഗത വകുപ്പ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ്, ലൈസൻസിങ് കാര്യ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ യൂസുഫ് അൽ ഖദ്ദ എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രോൺ നിരീക്ഷണം നടത്തിയത്. വ്യക്തമായ ചിത്രങ്ങളും വിഡിയോയും പകർത്താൻ കഴിയുന്ന ഹൈ ഡെഫിനിഷൻ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളാണ് ആകാശ നിരീക്ഷണത്തിന് ഉപയോഗിച്ചത്.

ഇത്തരം ദൃശ്യങ്ങൾ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ കോടതിയിൽ തെളിവായി സമർപ്പിക്കാനും സാധിക്കുമെന്നതിനാൽ ഡ്രോണുകൾ വ്യാപകമായി ഉപയോഗപ്പെടുത്താനാണ് പൊലീസ് നീക്കം. രാജ്യത്ത് കർഫ്യൂ നടപ്പാക്കിയപ്പോൾ നിരീക്ഷണത്തിനും ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ആഭ്യന്തര മന്ത്രാലയം ഡ്രോണുകൾ ഉപയോഗപ്പെടുത്തിയിരുന്നു.

Full View
Tags:    

Similar News