18-ാം നൂറ്റാണ്ടിൽ ആംസ്റ്റർഡാമിലും പാരീസിലും വ്യാപാരം നടത്തിയ ചൊവ്വക്കാരൻ മൂസയെ അറിയുമോ?

16-ാം നൂറ്റാണ്ടിലെ മഹാവ്യാപാരിയായ വലിയ ഹസനും, 18-ാം നൂറ്റാണ്ടിൽ ലണ്ടനിലും ആംസ്റ്റർഡാമിലും പാരീസിലുമൊക്കെ നൂറുകണക്കിന് ചെറുതും വലുതുമായ കപ്പലുകളുമായി വ്യാപാരബന്ധങ്ങൾ സ്ഥാപിച്ച ചൊവ്വക്കാരൻ മൂസയുമെല്ലാം കോഴിക്കോടിന്‍റെ ചരിത്രവും പൈതൃകവുമാണ്

Update: 2024-05-27 08:07 GMT
Advertising

കോഴിക്കോട്ടെ വ്യാപാരികൾ ലോകത്തെ വ്യാപാരങ്ങളെയും കച്ചവടതന്ത്രങ്ങളെയും നിർണയിച്ച ഒരു കാലമുണ്ടായിരുന്നു. 16-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ അത് തുടർന്നുകൊണ്ടേയിരുന്നു. രാജ്യതിർത്തികൾ കടന്ന് ആ കച്ചവടസംഘങ്ങൾ സഞ്ചരിച്ചത് ഒരു ബിസിനസ് മോട്ടിവേഷൻ ക്ലാസിന്റെയും ബലത്തിലായിരുന്നില്ല. കോഴിക്കോടിന്റെ ആ വ്യാപാര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഡൽഹി യൂണിവേഴ്സിറ്റി അധ്യാപകനായ ഡോ. പി.കെ യാസർ അറഫാത്തിന്റെ ഈ ഫേസ്ബുക്ക് കുറിപ്പ്.

പതിനാലാം നൂറ്റാണ്ടിൽ ആഫ്രിക്കയിൽനിന്ന് കടൽവഴി കോഴിക്കോട്ടെത്തിയ ഇബ്ൻ ബത്തൂത്തയാണ് ഇവിടത്തെ കച്ചവടക്കാർ ഇന്ത്യൻ മഹാസമുദ്രത്തിലുടനീളം ബഹുമാനിക്കപ്പെട്ടവരായി കരുതപ്പെട്ടതിന്റെ കഥ ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കച്ചവടക്കാർ മലബാറിലെ പല തുറമുഖങ്ങളിലും, പ്രത്യേകിച്ച് കോഴിക്കോട്ട്, വന്നു കച്ചവടം നടത്തുന്നതിന്റെ നല്ല ഒരു ചിത്രം തരുന്നുണ്ട് അദ്ദേഹം.

യമനിൽ നിന്നും പേർഷ്യയിൽ നിന്നും ചൈനയിൽ നിന്നും വരുന്ന കച്ചവടക്കാരെ കോഴിക്കോട് എങ്ങനെയാണ് സ്വീകരിച്ചതെന്ന് ബത്തൂത്തയുടെ വിവരണത്തിൽ കാണാൻ കഴിയും. വിദേശത്തു നിന്നു വരുന്ന പല കപ്പലുകളിലെയും ചരക്കുകൾ മുഴുവനായും വാങ്ങാൻ ശേഷിയുള്ള അതിസമ്പന്നരായ കച്ചവടക്കാർ കോഴിക്കോട് തെരുവിൽ 14-ാം നൂറ്റാണ്ടിൽ തന്നെയുണ്ടായിരുന്നത്രെ. ആയിരത്തിലധികം പേരെ വഹിച്ചുവരുന്ന ചൈനീസ് കപ്പലുകളും ബത്തൂത്ത പറയുന്ന കപ്പലുകളിൽപെടുന്നതാണ്.

ബത്തൂത്തക്കു ശേഷം കോഴിക്കോടിനെപ്പറ്റി വിശാലമായി എഴുതുന്നത് അബ്ദുറസാക്ക് എന്ന നയതന്ത്ര യാത്രികനാണ്. തിമൂറിഡ് രാജാവായ ഷാരൂഖിന്റെ അംബാസഡറായിട്ടാണ് അദ്ദേഹം 15-ാം നൂറ്റാണ്ടിൽ കോഴിക്കോട്ടെത്തുന്നത്. അബ്‌സീനിയയിൽ നിന്നും സാൻസിബാറിൽ നിന്നും ഹിജാസിൽ നിന്നും കോഴിക്കോട്ട് കച്ചവടത്തിന് വരുന്ന വ്യാപാരികളെപ്പറ്റി അദ്ദേഹം പറയുന്നു.

എന്താണ് കോഴിക്കോട് നഗരത്തിന്റെ പ്രത്യേകത?

അവിടെയുള്ള തുറമുഖത്തിൽ 'നീതിയും സംരക്ഷണയും' പുലരുന്നുവെന്നാണ് അദ്ദേഹം കണ്ടെത്തുന്നത്. ആരെയും പേടിക്കാതെ എത്ര ചരക്കുകളും അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ലോകമെമ്പാടുമുള്ള വ്യാപാരികൾക്ക് നല്ല ധാരണയുണ്ടായിരുന്നുവെന്ന് പറയുന്നത് ഒരു വിദേശസഞ്ചാരിയാണെന്ന് ഓർക്കണം.

കച്ചവടം ചെയ്യപ്പെട്ട മുതലുകൾക്ക് മാത്രം കരം കൊടുക്കേണ്ടുന്ന, കച്ചവടമാവാത്തവയ്ക്ക് നികുതി കൊടുക്കേണ്ടതില്ലാത്ത, ലോകത്തെ വേറെയൊരു തുറമുഖത്തും കാണാത്ത ഒരു നൈതികത കോഴിക്കോട്ടെ രാജാവ് സാമൂതിരി രാജാവ് കാണിച്ചുവെന്ന് അദ്ദേഹം പറയുന്നു. വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കച്ചവടത്തിന് വരുന്ന വിദേശ വ്യാപാരികളെപ്പറ്റിയും അബ്ദുറസാഖ് പറയുന്നു. വ്യാപാരികളെയും ചരക്കുകളെയും നിറച്ചു കോഴിക്കോട്ടുനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്ന വ്യാപാരികളെ കുറിച് അദ്ദേഹം വാചാലനാകുന്നുണ്ട്.

അദ്ദേഹത്തിന്റെ പരിചയപ്പെടുത്തലിൽ 'വിശ്വാസം', 'സുരക്ഷിതത്വം,' 'നീതി' എന്നീ ഗുണങ്ങളുടെ പേരിൽ ലോകത്തു മുഴുവൻ അറിയപ്പെട്ട ഒരു കച്ചവടനഗരിയെയാണ് നമുക്ക് കാണാൻ കഴിയുന്നത്. പിന്നെ, അവരെപ്പറ്റി അദ്ദേഹം വളരെ പ്രത്യേകമായി പറയുന്ന കാര്യമാണ് അവർ 'സാഹസികരായ നാവികാരാണ്' എന്ന കാര്യം. വ്യാപാരികളെപ്പറ്റി തന്നെയാണ് അതും പറയുന്നത്. എത്ര റിസ്‌ക്കെടുത്തും കച്ചവടയാത്രകൾ നടത്താൻ തയാറായവർ. കോഴിക്കോടിന്റെ വ്യാപാരത്തിലെ നന്മയെപ്പറ്റിയും നഗരത്തിലെ ചരക്കുകളിലെ വൈവിധ്യത്തെപ്പറ്റിയും അദ്ദേഹം പറയുന്നു.

കുരുമുളകും ഇഞ്ചിയും, നിറക്കൂട്ടുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന ചെടികളും ഏലക്കായും തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിയയക്കാൻ, വളരെ വിലക്കുറവിൽ ലഭ്യമായ സുഗന്ധദ്രവ്യങ്ങളെക്കുറിച്ച് റഷ്യൻ യാത്രികനായ നികിതിനും വിശദീകരിക്കുന്നുണ്ട്, 15-ാം നൂറ്റാണ്ടിൽ തന്നെ. ബത്തൂത്തയുടെയും റസാക്കിന്റെയും നികിതിന്റെയും കൂടെ, ഇറ്റലിയിൽ നിന്ന് ഇതേ നൂറ്റാണ്ടിൽ കോഴിക്കോട്ടെത്തിയ സാന്റോ സ്റ്റെഫാനോയുടെ യാത്രാവിവരണവുമെടുത്തു നോക്കിയാൽ, നീതിപരമായും ന്യായം പുലർത്തിയും കച്ചവടം ചെയ്യുന്ന എല്ലാ മതവിഭാഗങ്ങളിലുമുള്ള നൂറുകണക്കിനു വ്യാപാരികളെ കോഴിക്കോടിന്റെ തുറമുഖത്തുടനീളം കാണുമായിരിക്കാമെന്നു മനസിലാക്കാം.

ഇനി 16-ാം നൂറ്റാണ്ട് നോക്കുകയാണെങ്കിൽ, കോഴിക്കോട്ടെ അതിസമ്പന്നരായ വ്യാപാരികളെക്കുറിച്ച് പോർച്ചുഗീസ് യാത്രികനായ ബാർബോസ വളരെ വിശാലമായി വിശദീകരിക്കുന്നുണ്ട്. ഇവിടെ കച്ചവടം നടത്താൻ എത്തിയ ഗുജറാത്തികളെക്കുറിച്ചും ചെട്ടിമാരെക്കുറിച്ചും ബംഗാളികളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട് ബാർബോസ. നീതിയുക്തമായി വ്യാപാരം ചെയ്യാൻ കോഴിക്കോട്ടുകാർക്കുണ്ടായിരുന്ന മനസ്സ് ഈ തുറമുഖത്തേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കച്ചവടക്കാരെ ആകർഷിക്കുന്നുവെന്ന് ബാർബോസയിൽ നിന്ന് മനസിലാകുന്നു.

നീതി, ന്യായം, വിശ്വാസം: അതാണ് മുഖമുദ്ര

ബാർബോസയ്ക്കു ശേഷവും കോഴിക്കോട്ട് നിരവധി യാത്രികർ വന്നിട്ടുണ്ട്. വർത്തെമയും ഹാമിൽട്ടണുമൊക്കെ അതിൽപെടും. നമ്മുടെ മുന്നിലുള്ള യാത്രാവിവരണങ്ങളിൽ ഏറ്റവുമധികം ഊന്നിപ്പറയപ്പെടുന്ന കാര്യം, മേൽസൂചിപ്പിച്ച 'നീതി', 'ന്യായം,' 'സുരക്ഷിതത്വം' എന്നീ ഗുണങ്ങളുള്ള കച്ചവടക്കാരായിരുന്നു കോഴിക്കോട്ടുണ്ടായിരുന്നതെന്നുള്ള വസ്തുതയാണ്. ഈ ഗുണങ്ങളെ അവിടെയുള്ളവരും പുറത്തുനിന്നു വന്നവരും വളരെ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോയി എന്നും കാണാൻ പറ്റും.

അതുകൊണ്ടുതന്നെയാണ് കോഴിക്കോട് ഉൾപ്പെടെയുള്ള വ്യാപാരകേന്ദ്രങ്ങളുള്ള മലബാറിനെ 'സമാധാനത്തിന്റെ നാട്' എന്നും 'വിശ്വസ്തതയുടെ നാട്' എന്നും സൈനുദ്ദീൻ മഖ്ദൂം, ഖാദി മുഹിയുദ്ദീൻ തുടങ്ങിയ പണ്ഡിതർ രേഖപ്പെടുത്തിയത്. കച്ചവടത്തിൽ വ്യാപാരികൾ കാണിക്കേണ്ട മര്യാദകളെപ്പറ്റി, പാലിക്കേണ്ട സൂക്ഷമതകളെപ്പറ്റി, ഉപഭോക്താവിനോട് കാണിക്കേണ്ട സത്യസന്ധതയെപ്പറ്റി, അവനെ ബഹുമാനിക്കുന്നതിനെക്കുറിച്ച്, മര്യാദകളെപ്പറ്റി, അളവിലും തൂക്കത്തിലും പാലിക്കേണ്ട കൃത്യതയെപ്പറ്റി, വ്യാജമായ കച്ചവടത്തെപ്പറ്റി, സാധനങ്ങളുടെ ഗുണനിലവാരങ്ങളെക്കുറിച്ച്, ഉപഭോക്താവിന്റെ സംതൃപ്തിയെപ്പറ്റി, അവരുടെ വിശ്വാസമാർജ്ജിക്കേണ്ടതിനെക്കുറിച്ച് 16-ാം നൂറ്റാണ്ടിൽ ഇവർ എഴുതിയതും നമ്മുടെ മുന്നിലുണ്ട്.

മുസ്‌ലിമും ക്രിസ്ത്യാനിയും ജൂതനും വ്യാപാരാവശ്യങ്ങൾക്കായി ഒന്നിച്ചു യാത്ര ചെയ്യുന്ന കപ്പലുകളെക്കുറിച്ച് നമ്മുടെ മുന്നിൽ രേഖകളുണ്ട്. അതായത് ലോകവ്യാപാര രംഗത്ത് സാമ്രാജ്യത്വം ശക്തമാവുന്നതിനു മുൻപ് ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തിയവർ മാത്രമായിരുന്നില്ല കോഴിക്കോട്ടെ വ്യാപാരികൾ, മറിച്ച് 'വിശ്വാസം'(Trust) എന്നത് കച്ചവടത്തിന്റെ ഏറ്റവും മൗലികമായ കാര്യമാണെന്ന് മറ്റുള്ളവർക്ക് കാണിച്ചുകൊടുത്തവരും കൂടിയാണ്. അത് കച്ചവടക്കാർ പരസ്പരമുള്ള വിശ്വാസവും കച്ചവടക്കാരും ഉപഭോക്താക്കളും തമ്മിലുള്ള വിശ്വാസവും മുൻനിർത്തിയുള്ളതായിരുന്നു. ഇന്ത്യ സമുദ്രത്തിൽ ഒരു 'മലബാർ വേ ഓഫ് കൊമേഴ്സ്' തന്നെയുണ്ടായിരുന്നുവെന്ന് പറയുന്നതിൽ ചരിത്രപരമായി ഒരു തെറ്റുമില്ലെന്ന് വേണമെങ്കിൽ പറയാം.

അങ്ങനെയാണ് ആരുടെയും പ്രത്യേകിച്ചുള്ള മോട്ടിവേഷൻ ക്ലാസുകളൊന്നുമില്ലാതെ 16-ാം നൂറ്റാണ്ടിലെ മഹാവ്യാപാരിയായ വലിയ ഹസനൊക്കെ ഈ പ്രദേശത്തുണ്ടാവുന്നത്. അങ്ങനെയാണ് 18-ാം നൂറ്റാണ്ടിൽ ലണ്ടനിലും ആംസ്റ്റർഡാമിലും പാരീസിലുമൊക്കെ തന്റെ നൂറുകണക്കിന് ചെറുതും വലുതുമായ കപ്പലുകളുമായി വ്യാപാരബന്ധങ്ങൾ സ്ഥാപിച്ച ചൊവ്വക്കാരൻ മൂസ കച്ചവടം നടത്തി മഹാസമ്പന്നനാവുന്നത്. അതിന് കോഴിക്കോട് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കാണാൻ കഴിയും. അന്ന് ഫോർബ്‌സ് മാസികയുണ്ടായിരുന്നെങ്കിൽ, ഏഷ്യയിൽനിന്നുള്ള പേരുകളിൽ ഒന്ന് ഉറപ്പായും ചൊവ്വക്കാരൻ മൂസയുടേതായിരിക്കുമെന്ന് അറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ആസ്തിയെപ്പറ്റിയുള്ള ഏകദേശം രൂപം നമുക്ക് കിട്ടുക.

അവരുടെ ചരക്കുകൾ മേന്മയുള്ളതായിരുന്നു. ഉപഭോക്താക്കളോട് തങ്ങൾക്ക് ബാധ്യതയുണ്ട് എന്ന് അവർക്ക് അറിയാമായിരുന്നു. മാത്രമല്ല അവർ നിരന്തരം സ്വയം മോട്ടിവേറ്റഡും ആയിരുന്നു.

ഈ ലെഗസിയൊക്കെ സൂക്ഷിക്കുന്ന, കച്ചവടത്തിലും മറ്റും ഇപ്പോഴും വലിയൊരളവിൽ നീതിബോധവും ന്യായവിചാരങ്ങളും സൂക്ഷിക്കുന്ന, ഇന്ത്യയിലെ വൻകിട വ്യാപാരികൾ ഇപ്പോഴും ജീവിക്കുന്ന നഗരമാണ് കോഴിക്കോട്. അവിടെയുള്ള വ്യാപാരികൾക്ക് മോട്ടിവേഷൻ ക്ലാസ് വേണമെന്നു തോന്നിയവർ ആരാണാവോ, അതും തെറിക്ക് മിനുട്ട് വെച്ച് ചാർജ് ചെയ്യുന്ന ഒരാളെവച്ച്? നീതിയും ന്യായവും കുറ്റബോധവും വ്യാപാരത്തിൽ വേണ്ടെന്നു വിശ്വസിക്കുന്ന ഒരാളെവച്ച്?

Summary: Traders of Calicut(Kozhikode) who motivated the whole world: What the history tells us

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - ഡോ. പി.കെ യാസര്‍ അറഫാത്ത്

contributor

Similar News