മരുഭൂമിയിലെ ഗുണ്ടകൾ

''ഞങ്ങൾ ന്യൂസ് ചാനലാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. അനീഷും ധർമേന്ദ്രയും പേര് പറഞ്ഞു. ഞാൻ പേര് പറയാതിരിക്കാൻ ശ്രദ്ധിച്ചു. ബി.ജെ.പി ഓഫീസല്ലെങ്കിൽ പിന്നെ ഇതെന്താണെന്ന ചോദ്യത്തോട് അവർ ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. ക്യാമറയിലെ ദൃശ്യങ്ങൾ അവർ ഡിലീറ്റ് ചെയ്യിച്ചു.''

Update: 2024-04-16 06:17 GMT
Advertising

രാജസ്ഥാനിലെ ജൈസാൽമീർ മരുഭൂമിയിലെ ചൂടും തെരഞ്ഞെടുപ്പ് ചൂരും വേണ്ടപോലെ ആസ്വദിച്ചാണ് മടക്കം. സമയം വൈകീട്ട് അഞ്ചു മണിയോടടുത്തു. ഡൽഹിയിലേക്ക് 13 മണിക്കൂറാണ് ദൂരം. വഴിയിൽ ഇന്ത്യയുടെ ആണവ പരീക്ഷണം നടന്ന പൊഖ്രാനിൽ ഇറങ്ങി ന്യൂസ് സ്റ്റോറിക്ക് സാധ്യതയുണ്ടോ എന്ന് നോക്കണം. രാത്രി വഴിയിലെവിടെയെങ്കിലും തങ്ങണം. രാവിലെ എഴുന്നേറ്റ് യാത്ര തുടരണം. ഇതാണ് പ്ലാൻ.

പൊഖ്രാനിലെത്തിയപ്പോഴേക്കും സമയം ഏഴായി. വെറുതെ അവിടെയൊന്നിറങ്ങി. 'ഇലക്ഷൻ അവറി'ലേക്ക് ലൈവ് നൽകാനുണ്ടായിരുന്നു. അതുകഴിഞ്ഞ് ആദ്യം കണ്ടയാളോട് ചോദിച്ചു. 'എവിടെയാണ് ആ സ്ഥലം. ഇന്ത്യ ആണവ പരീക്ഷണം നടത്തിയ'. 'ഇവിടന്ന് ഒരു മുപ്പത് കിലോമീറ്റർ സഞ്ചരിക്കാനുണ്ട്. അങ്ങോട്ടേക്ക് ആരേയും പ്രവേശിപ്പിക്കില്ല. അതിനടുത്തേക്ക് പോയാൽ ആണവ കിരണങ്ങളേൽക്കും. ക്യാൻസർ വരും. അങ്ങോട്ട് പോവരുത്.'-അദ്ദേഹം പേടിയോടെ വിലക്കി.

നാട്ടുകാർ ചിലരെങ്കിലും അങ്ങനെയാണ് ധരിച്ചിരിക്കുന്നതെന്ന് മനസ്സിലായി. (ബുദ്ധൻ ആദ്യം ചിരിച്ചപ്പോൾ ഇന്ദിരാഗാന്ധിയും രണ്ടാമത് ചിരിച്ചപ്പോൾ വാജ്‌പേയിയും അവിടെ സന്ദർശിച്ചത് ഓർത്തു). യാഥാർഥ്യമെന്തായാലും ഞങ്ങളുടെ ഷൂട്ട് നടക്കില്ലെന്ന് മനസ്സിലായി.

യാത്ര തുടർന്നു. കുറേദൂരം യാത്ര ചെയ്തു. വളവും തിരിവും തീരെയില്ലാത്ത വിജനമായ വഴി. എപ്പോഴെങ്കിലും ഒരു വാഹനം എതിരെ വരുന്നു. ഹെഡ് ലൈറ്റ് ഡിം ചെയ്യാതെ ചീറിപ്പാഞ്ഞ് കടന്നുപോകുന്നു. ഷൂട്ട് ചെയ്ത മറ്റ് സ്റ്റോറികളുടെ വിഷ്വൽ അയക്കാനുണ്ട്. സ്റ്റോറി ഫയൽ ചെയ്യാനുണ്ട്. ജോധ്പൂർ മണ്ഡലത്തിലെ ഫത്തൗഡിക്കടുത്ത് ബാപ് എന്ന സ്ഥലത്ത് മുറിയെടുത്തു.

രാവിലെ യാത്ര തുടർന്നു. ഗോതമ്പു നിറമുള്ള ഭൂമിക്കു നടുവിലെ കറുത്ത വരയിലൂടെ ഞങ്ങളുടെ വെളുത്ത ശകടം രാജ്യതലസ്ഥാനം ലക്ഷ്യമാക്കി നീങ്ങി. റോഡിനിരുവശവും അങ്ങിങ്ങായി ചില കുടിലുകൾ. ചെമ്മരിയാടുകളുമായി പോകുന്ന ആട്ടിടയന്മാർ. ഇടയ്ക്ക് ഒന്നോ രണ്ടോ ഒട്ടകങ്ങൾ. റോഡിന് കുറുകെ നടക്കുന്ന പശുക്കളും കാളകളും. പത്തുമുപ്പത് കിലോമീറ്ററുകൾക്കിടയിൽ ലോറിക്കാരെ ലക്ഷ്യംവച്ചുള്ള ഭക്ഷണശാലകൾ. ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു. കാറിന്റെ ചില്ലു തുറന്ന് മരുഭൂമിയിലെ മഴയുടെ ഗന്ധമാസ്വദിച്ചു.

പെട്ടെന്നാണ് ആ കാഴ്ച ശ്രദ്ധയിൽപെട്ടത്. ഒറ്റയ്ക്ക് നിൽക്കുന്ന ഒരു കെട്ടിടം. അതിന് മുകളിൽ പ്രധാനമന്ത്രിയുടേതടക്കം ബി.ജെ.പി നേതാക്കളുടെ ഫ്‌ളക്‌സ് ബോർഡുകൾ. മതിൽകെട്ടിൽ ബി.ജെ.പിയുടെ കൊടികൾ. ഉത്തരേന്ത്യയിൽ നമ്മുടെ നാട്ടിൽ കാണുന്ന പോലെയുള്ള പ്രചാരണ കോലാഹലങ്ങൾ ഉണ്ടാവാറില്ല. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ പോകുന്ന ദൃശ്യമാധ്യമങ്ങൾക്കുള്ള പ്രധാന വെല്ലുവിളിയാണിത്.

ഈ ദൃശ്യം കണ്ടപ്പോൾ അത് പകർത്തണമെന്ന് തോന്നി. സ്റ്റോറി ചെയ്യുമ്പോൾ ഉപയോഗിക്കാമല്ലോ. ക്യാമറാമാൻ അനീഷ് കാഞ്ഞങ്ങാട് കാറിൽ നിന്നിറങ്ങി. ഷൂട്ട് ചെയ്യാൻ തുടങ്ങി. ഒരു അഞ്ചു മിനിറ്റ് ആയപ്പോഴേക്കും കെട്ടിടത്തിനകത്തുനിന്ന് പത്തുപതിനഞ്ചു പേർ കുതിച്ചെത്തി. അനീഷിനെ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി. ഞാനും ഡ്രൈവർ ധർമേന്ദ്രയും പിന്നാലെ ചെന്നു. സിനിമയിലൊക്കെ കാണുന്ന ഗുണ്ടകളെ പോലുള്ളവർ. എന്തിനാണ് ഷൂട്ട് ചെയ്തതെന്ന് ചോദിച്ചു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണെന്ന് കരുതിയെന്ന് പറഞ്ഞു. എന്നാലത് ബി.ജെ.പി ഓഫീസല്ലെന്നും ഷൂട്ട് ചെയ്യാൻ ആരാണ് അനുമതി തന്നതെന്നും ചോദിച്ചു. ഞങ്ങൾ ന്യൂസ് ചാനലാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. അനീഷും ധർമേന്ദ്രയും പേര് പറഞ്ഞു. ഞാൻ പേര് പറയാതിരിക്കാൻ ശ്രദ്ധിച്ചു. ബി.ജെ.പി ഓഫീസല്ലെങ്കിൽ പിന്നെ ഇതെന്താണെന്ന ചോദ്യത്തോട് അവർ ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. ക്യാമറയിലെ ദൃശ്യങ്ങൾ അവർ ഡിലീറ്റ് ചെയ്യിച്ചു.

ഇനി പോകാമെന്ന് കരുതിയിരിക്കുമ്പോഴാണ് കൂട്ടത്തിൽ തലവനെന്ന് തോന്നിക്കുന്നയാൾ ക്യാമറ വാങ്ങിവച്ച് ഞങ്ങളോട് പൊയ്‌ക്കോളാൻ പറഞ്ഞത്. അനീഷിന്റെ ഐഡി കാർഡും അയാൾ കരസ്ഥമാക്കിയിരുന്നു. ഞങ്ങൾ പലതവണ ക്യാമറ തിരിച്ചുതരാൻ അപേക്ഷിച്ചു. പക്ഷെ അവർ ഞങ്ങളെ ബലം പ്രയോഗിച്ച് പുറത്തെത്തിച്ച് ഗെയിറ്റ് അകത്തുനിന്ന് പൂട്ടി. പിന്നെ നായയെ അഴിച്ചുവിടുകയും ചെയ്തു.

എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടുനിറഞ്ഞു. ഞങ്ങൾ പരസ്പരം നോക്കി. കമ്പനി മാസങ്ങൾക്ക് മുമ്പ് വാങ്ങിയ വിലകൂടിയ ക്യാമറായാണ് അക്രമികൾ കൈവശപ്പെടുത്തിയത്. അതില്ലാതെ എങ്ങനെ തിരിച്ചുപോകും. ഡൽഹി ബ്യൂറോ ചീഫ് ധനസുമോദിനെ വിളിച്ച് കാര്യം പറഞ്ഞു. ബി.ജെ.പി ഓഫീസിലൊന്ന് ബന്ധപ്പെട്ടു നോക്കാൻ പറഞ്ഞു.

അതിനിടെ അവിടേക്ക് ബൈക്കിൽ ഒരാൾ വന്നു. അയാൾ അകത്തേക്കാണ്. ഞങ്ങളുടെ ഡ്രൈവർ ധർമേന്ദ്ര യു.പിക്കാരനായതുകൊണ്ട് അയാളോട് കാര്യങ്ങൾ ധരിപ്പിക്കാൻ പറ്റി. 'നിങ്ങൾ ആരോടാണ് കളിക്കുന്നതെന്നറിയുമോ. ഇത് ഇവിടത്തെ കുപ്രസിദ്ധ ഗ്യാങ്ങാണ്. എന്തും ചെയ്യാൻ മടിയില്ലാത്തവരാണ്. അവർ നിങ്ങളെ അടിക്കുകയോ മറ്റോ ചെയ്‌തോ'.

ഇല്ലെന്നും അവരോട് താങ്കൾ ഒന്ന് സംസാരിക്കണമെന്നും അഭ്യർത്ഥിച്ചു. കുറച്ചുസമയത്തിനുശേഷം അയാൾ മടങ്ങിവന്നു. ക്യാമറ തിരിച്ചുകിട്ടില്ല, പെട്ടെന്ന് സ്ഥലം കാലിയാക്കാൻ പറഞ്ഞു. ഞങ്ങളുടെ പ്രതീക്ഷകൾ നഷ്ടപ്പെടുകയാണ്. ഞങ്ങൾ കുറച്ചകലേക്ക് മാറി.

പൊലീസിൽ പറഞ്ഞാലോ? ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് അത് കൂടുതൽ അപകടത്തിലെത്തിക്കുമോ എന്ന ചിന്ത ആ ശ്രമം തടഞ്ഞു. പെട്ടെന്നാണ് ആ മതിലിനിപ്പുറം ഒരു ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. ജഗദംബ പ്രൈവറ്റ് സെക്യൂരിറ്റി. ഒരു മൊബൈൽ നമ്പറുമുണ്ട്. അതിലേക്ക് വിളിച്ചുനോക്കി. അയാളോട് കാര്യം പറഞ്ഞു. വലിയ താൽപര്യം കാണിച്ചില്ലെങ്കിലും അയാൾ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു. പത്തു മിനിറ്റ് കാത്തുനിന്നിട്ടും വിളി വന്നില്ല. വീണ്ടും വിളിച്ചു. 'അവർ ക്യാമറ തരില്ല. നിങ്ങൾ വേണമെങ്കിൽ പൊലീസിനെ ബന്ധപ്പെട്ടോളൂ' എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

അതിനിടയിലാണ് അനീഷ് പറഞ്ഞത്. 'നമുക്ക് സണ്ണി സാറെ ഒന്ന് വിളിച്ചുനോക്കിയാലോ.' സണ്ണി സാർ എന്നാൽ സണ്ണി സെബാസ്റ്റ്യൻ സാർ. രാജസ്ഥാനിൽ 'ദ ഹിന്ദു'വിൽ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. പിന്നീട് ഹരിദേവ് ജോഷി സർവകലാശാലയുടെ വി.സിയായി റിട്ടയർ ചെയ്തു. രാജസ്ഥാനിലെ ആദ്യദിവസം തന്നെ ജയ്പൂരിൽ വച്ച് ഞങ്ങൾ അദ്ദേഹത്തെ കണ്ടിരുന്നു. സണ്ണി സാറെ വിളിച്ചു. അദ്ദേഹം ഞങ്ങളുടെ ലൊക്കേഷൻ ചോദിച്ചു. ഗൂഗിൾ മാപ്പ് നോക്കി കണ്ടുപിടിച്ചു. ബാപ് ജില്ലയിലെ ബീഡ് സേഡ്. രാജസ്ഥാനിലെ മലയാളിയായ എഡി.ജി.പി ബിജു ജോർജ് സാറിന്റെ നമ്പർ തന്നു. അതിനിടെ ധനസുമോദിന്റെ കോൾ വന്നു. അവിടെ തങ്ങൾക്ക് ഓഫീസില്ലെന്നും ഈ ടീമുമായി ബന്ധമില്ലെന്നും ബി.ജെ.പി ഓഫീസിൽനിന്ന് അറിയിച്ചിരിക്കുന്നു.

ബിജു ജോർജ് സാറിനെ സുമോദ് വിളിച്ചു. കാര്യം പറഞ്ഞു. അദ്ദേഹം ഉടൻ എസ്.പിയെ വിളിച്ചു. ഞങ്ങളോട് ഉടൻ ബാപ് പൊലീസ് സ്റ്റേഷനിലേക്ക് പൊയ്‌ക്കോളാനും പറഞ്ഞു.

ഞങ്ങൾ 15 കിലോമീറ്റർ അകലെയുള്ള ബാപ് പൊലീസ് സ്റ്റേഷനിലെത്തി. വിശാലമായ, എന്നാൽ തീരെ തിരക്കില്ലാത്ത പുതിയൊരു പൊലീസ് സ്റ്റേഷൻ. കാർ പുറത്തു നിർത്തി ഞങ്ങൾ അകത്തു കയറി. വലിയ നടുമുറ്റമൊക്കെയുള്ള നല്ല വെളിച്ചമുള്ള കെട്ടിടം. റിസപ്ഷനിലെ പൊലീസുകാരനോട് ധർമേന്ദ്ര കാര്യം പറഞ്ഞുതുടങ്ങി. കിലുക്കത്തിലെ ഇന്നസെന്റിന്റെ മുഖഭാവത്തോടെ അയാൾ കേട്ടിരുന്നു. തൊട്ടിപ്പുറത്ത് കുറച്ചു പ്രായമുള്ള അഡീഷണൽ എസ്.ഐ വനിതാ പൊലീസിനോട് ഉച്ചയ്ക്ക് കഴിക്കേണ്ട ദാൽ ഫ്രൈയുടേയും റോട്ടിയുടേയും കാര്യം പറയുകയാണ്. ധർമേന്ദ്ര പറഞ്ഞുതീർന്നിട്ടും പ്രത്യേകിച്ചൊരു ഭാവവും മൂന്നു പൊലീസുകാർക്കും കണ്ടില്ല.

പെട്ടെന്ന് ഒരു പൊലീസുകാരൻ മൊബൈൽ ഫോണും പിടിച്ച് ഓടിവന്നു.

'ആപ് കഹാംസെ?'

'ഹം കേരളാ സേ'

സ്റ്റേഷനിലേക്ക് എസ്.പിയുടെ കോൾ വന്നെന്ന് മനസ്സിലായി. പിന്നെ സീനാകെ മാറി. റിസപ്ഷനിലെ പൊലീസുകാരൻ കിലുക്കത്തിലെ ഇന്നസെന്റിനെ വിട്ട് ഇൻസ്‌പെക്ടർ ബൽറാമിലെ മമ്മൂട്ടിയായി. അഡീഷണൽ എസ്.ഐക്ക് ദാൽ ഫ്രൈയും വേണ്ട, റോട്ടിയും വേണ്ട.

മുറിയിൽ നിന്ന് എസ്.ഐ പുറത്തിറങ്ങി ഞങ്ങളെ അവിടേക്ക് ആനയിച്ചു. കസേരയിലിരുത്തി. കാര്യങ്ങളന്വേഷിച്ചു. അഞ്ചു മിനിറ്റിനകം തോക്കെടുത്തു, ജീപ്പെടുത്തു, കൂടുതൽ പൊലീസുകാരെ വിളിച്ചു. ഞങ്ങൾ മുന്നിലും പൊലീസ് ജീപ്പ് പിറകിലുമായി സ്ഥലത്തേക്ക് കുതിച്ചു. സൈറൺ മുഴക്കി ഗേറ്റ് തള്ളിത്തുറന്ന് പൊലീസ് അകത്തുകയറി. അൽപം പേടിയോടെ ഞങ്ങളും പിന്നാലെ കയറി. നേരത്തെ കണ്ട സംഘം പുറത്തുവന്നു. ആരെടാ മീഡിയക്കാരെ ആക്രമിച്ചതെന്ന് എസ്.ഐ ആക്രോശിച്ചു. നേരത്തെ ഗൂണ്ടാഭാവത്തിൽ നിന്നവർ പഞ്ച പാവങ്ങളായി നിന്നു. ഇതിലാരാണ് ക്യാമറ വാങ്ങിയതെന്ന ചോദ്യത്തിന് രണ്ടുപേരെ ചൂണ്ടിക്കാണിച്ചുകൊടുത്തു. രണ്ടുപേരേയും തൂക്കി പൊലീസ് ജീപ്പ് സ്റ്റേഷനിലേക്ക് കുതിച്ചു. ക്യാമറയും ഐ.ഡി കാർഡും തിരിച്ചുകിട്ടി. മറ്റു വിഷ്വൽസ് കളഞ്ഞിട്ടില്ല. കേടുപാടുകളും വരുത്തിയിട്ടില്ല, ഭാഗ്യം.

ഇവർ സ്റ്റേഷനിലെത്തിയപ്പോഴേക്കും കോംപ്രമൈസ് പറയാൻ അവിടെ ആളെത്തിയിരുന്നു. അയാൾ വന്നു ഞങ്ങളോട് സോറി പറഞ്ഞു; ചെറിയ കൺഫ്യൂഷൻ ഉണ്ടായതാണ് ക്ഷമിക്കണമെന്ന്.

എസ്.ഐ മഹേന്ദ്ര പറഞ്ഞു, കേസെടുക്കണമെങ്കിൽ എടുക്കാം. എസ്.പി വിളിച്ചുപറഞ്ഞതാണ് എന്ന്. പിന്നാലെ നടക്കാനുള്ള ബുദ്ധിമുട്ട് ആലോചിച്ച് കേസ് വേണ്ടെന്ന് ഞങ്ങൾ പറഞ്ഞു. എസ്.പിയുമായി ഫോണിൽ സംസാരിച്ചു.

അൽപസമയം കഴിഞ്ഞപ്പോൾ ബാപ് പൊലീസിന്റെ വക നല്ല ഇഞ്ചിയിട്ട ചായയും കുടിച്ച ശേഷം ഇറങ്ങി. ഞങ്ങളുടെ വിലപ്പെട്ട രണ്ടര മണിക്കൂർ ഇങ്ങനെ പോയിക്കിട്ടി.

പിന്നീടാണ് അറിഞ്ഞത്, ദിവസങ്ങൾക്ക് മുമ്പ് അവിടെയൊരു കൊലപാതകം നടന്നിരുന്നു. അതിൽപെട്ട പ്രതികളാണ് അവരെന്ന് സംശയമുണ്ട്. അവരെ കുടുക്കാൻ വേണ്ടി ഞങ്ങൾ വിഷ്വൽ ഷൂട്ട് ചെയ്‌തെന്നാണ് അവർ കരുതിയതത്രേ.

അവരെ വെറുതെവിട്ടോ? അതോ പൊലീസിന് കൊലപാതക കേസിൽ തുമ്പ് കിട്ടിയോ? ഒന്നും അന്വേഷിക്കാൻ പോയില്ല. ജീവൻ തിരിച്ചുകിട്ടിയല്ലോ. അടുത്ത ഷൂട്ട് രാജസ്ഥാനിലെ ആട്ടിടയന്മാരെ കുറിച്ചായിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - മുഹമ്മദ് നൗഫൽ

Senior News Editor

Similar News