കള്ള പ്രചാരണങ്ങൾ കൊണ്ട് എങ്ങനെ ഭരിക്കാം? ഇലക്ഷൻ കമിഷൻ പ്രോപഗൻഡ മെഷിനറിയോ?

പരാതി വരുമ്പോൾ തിരുത്തിലേക്ക് പോകാതെ, പ്രോപഗൻഡ കൊണ്ട് പിടിച്ചുനിൽക്കുന്ന സ്ഥാപനങ്ങളുണ്ട്. അവയിലൊന്നാണ് ഇലക്ഷൻ കമിഷൻ. മീറത്തിൽ മോഹിത് ചൗധരി എന്ന ബിഎൽഒ വിഷം കഴിച്ചു. എസ്.ഐ.ആർ പണി കാരണം അഞ്ചുദിവസമായി ഉറങ്ങിയിരുന്നില്ല. എന്നിട്ടും ജോലി പൂർത്തിയാകാത്തതിനാൽ സസ്പെൻഡ് ചെയ്യുമെന്ന് സൂപ്പർവൈസർ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഭാര്യ.ീ

Update: 2025-12-11 12:32 GMT

കള്ള പ്രചാരണങ്ങൾ കൊണ്ട് എങ്ങനെ ഭരിക്കാം?

പ്രോപഗൻഡ ഒരു അധികാര തന്ത്രമായി രൂപപ്പെട്ടിട്ട് കുറെയായി. ഇന്ന് സർക്കാരുകളുടെ സ്ഥിരം രീതിയാണ് പ്രോപഗൻഡ. മാധ്യമങ്ങൾ ഉപകരണവും. കഴിഞ്ഞയാഴ്ച ഒരു ലേഖനം വിവാദമുണ്ടാക്കി—മൂന്ന് രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾ സംയുക്തമായി എഴുതിയ ലേഖനം.

മൂന്ന് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളുടെ ഇന്ത്യയിലെ സ്ഥാനപതിമാർ ഇന്ത്യയിലെ പ്രമുഖ പത്രത്തിൽ കൂട്ടലേഖനം എഴുതി എന്നതു മാത്രമല്ല ശ്രദ്ധിക്കേണ്ടത്. അതവർ എഴുതിയ സന്ദർഭം കൂടിയാണ്. റഷ്യക്കെതിരായ ഈ ആക്ഷേപം വരുന്നത്, റഷ്യൻ പ്രസിഡന്‍റ് പുട്ടിൻ ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്നതിന്‍റെ രണ്ടുദിവസം മുമ്പാണ്.

Advertising
Advertising

പാശ്ചാത്യ പ്രോപഗൻഡക്കെതിരായ കൗണ്ടർ പ്രോപഗൻഡ കൂടിയാണ് റഷ്യയുടെ ആർ.ടി. ചാനൽ. ഇപ്പോൾ, പുട്ടിൻ ഇന്ത്യ സന്ദർശിക്കുന്നു; ആർ. ടി ചാനൽ ഇന്ത്യയിൽ തുടങ്ങുന്നു; ഈ സന്ദർഭത്തിൽ ഇന്ത്യ-റഷ്യ സഹകരണത്തിന്‍റെ ചരിത്രം പറഞ്ഞ് ആർ.ടി. ഇന്ത്യ വിഡിയോ ഇറക്കി. ആർ.ടി. ഇന്ത്യ, പ്രചാരണ വിഡിയോ ഇന്ത്യയിലിറക്കിയ ഇതേ സമയം തന്നെ അങ്ങ് റഷ്യയിൽ ഇന്ത്യ ടുഡേ ചാനൽ ചടങ്ങ് സംഘടിപ്പിച്ചു. മോദി-പുട്ടിൻ ചിത്രങ്ങൾ വെച്ച് വിഡിയോ പരസ്യവും. റഷ്യക്ക് ഇന്ത്യയിൽ സഹകരണത്തിന്‍റെയും പ്രോപഗൻഡയുടെയും വാതിൽ തുറന്നു കിട്ടുമ്പോൾ യൂറോപ്യൻ സ്ഥാനപതിമാർ ഇടങ്കോലിടുന്നതും പ്രോപഗൻഡയുടെ ഭാഗം തന്നെ. സത്യം പോലും പ്രോപഗൻഡ രൂപത്തിൽ വന്നാൽ, ഏശാതെ പോകാം. മറിച്ച്, സത്യമല്ല വ്യാജമാണ് പരത്തുന്നതെന്നാലും മാധ്യമങ്ങളെ ഉപയോഗിച്ച് അത് ഫലിപ്പിക്കാനാകും. നോട്ടുനിരോധിച്ചത് കള്ളപ്പണം ഇല്ലാതാക്കാനാണെന്ന് രാജ്യം വിശ്വസിച്ചില്ലേ? അങ്ങനെ എത്ര മാധ്യമ പ്രചാരണങ്ങൾ!

നോട്ടുനിരോധനമെന്ന മഹാപാതകത്തിനു പറഞ്ഞിരുന്ന ഒരു കാരണം, കള്ളപ്പണം പിടികൂടലായിരുന്നു എന്നോർക്കുക. ഇപ്പോൾ സർക്കാർ പറയുന്നു, അതിന്‍റെ കണക്ക് കൈയിലില്ലെന്ന്. ഈ അറിവില്ലായ്മയും നിഷ്കളങ്കമല്ല. സ്വിസ് നാഷണൽ ബാങ്കിന്‍റെ പക്കൽ, അവിടെ ഇന്ത്യക്കാർ നിക്ഷേപിച്ച പണത്തിന്‍റെ കണക്കുണ്ട്. കള്ളപ്പണത്തിന്‍റെ കണക്കില്ലെന്ന് പറയുന്ന സർക്കാറിന് രൂപയെ പിടിച്ചുനിർത്താനുമാകുന്നില്ല. മുൻതൂക്കം വ്യാജ പ്രചാരണത്തിന് കിട്ടുന്നത് വെറുതെയല്ല. വാട്ട്സാപ്പ് വാർത്തഭുജിച്ച്, വാട്ട്സാപ്പ് യൂനിവേഴ്സിറ്റിയിൽ പഠിച്ച്, വാട്ട്സാപ്പിന്‍റേതായ സങ്കല്പ ലോകത്തിലെ പ്രജകളായിരിക്കുന്നു നാം.

Full View

ഇലക്ഷൻ കമിഷൻ പ്രോപഗൻഡ മെഷിനറിയോ?

പരാതി വരുമ്പോൾ തിരുത്തിലേക്ക് പോകാതെ, പ്രോപഗൻഡ കൊണ്ട് പിടിച്ചുനിൽക്കുന്ന സ്ഥാപനങ്ങളുണ്ട്. അവയിലൊന്നാണ് ഇലക്ഷൻ കമിഷൻ. മീറത്തിൽ മോഹിത് ചൗധരി എന്ന ബിഎൽഒ വിഷം കഴിച്ചു. എസ്.ഐ.ആർ പണി കാരണം അഞ്ചുദിവസമായി ഉറങ്ങിയിരുന്നില്ല. എന്നിട്ടും ജോലി പൂർത്തിയാകാത്തതിനാൽ സസ്പെൻഡ് ചെയ്യുമെന്ന് സൂപ്പർവൈസർ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഭാര്യ.

52 വയസ്സുള്ള റിങ്കു തരഫ് ദാറും ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നു. ആത്മഹത്യാ കുറിപ്പിൽ അവർ എഴുതി: “കുടുംബത്തിലോ മറ്റോ ഒരു പ്രശ്നവും എനിക്കില്ല. പക്ഷേ ഈ ജോലി താങ്ങാവുന്നതിനപ്പുറമാണ്”. പാർട്ടികൾ ചോദിച്ച ചില രേഖകൾ മുമ്പ് കമ്മിഷൻ നിഷേധിച്ചത് ജോലിഭാരം പറഞ്ഞാണ്. ആ കമിഷനാണ് ഓഫീസോ സ്റ്റാഫോ ഇല്ലാത്ത മനുഷ്യരെ ഇങ്ങനെ പീഡിപ്പിക്കുന്നത്. കമിഷന്‍റെ നോട്ടം പ്രതിച്ഛായയിലാണ്; പ്രചാരണത്തിലാണ്. യഥാർഥ പ്രശ്നം പറയുമ്പോൾ എന്തെങ്കിലും പ്രോപഗൻഡ വിഡിയോ പ്രചരിപ്പിക്കുക.

തെരഞ്ഞെടുപ്പ് മുഖ്യ കമിഷണർ ഗ്യാനേഷ് കുമാർ പറയുന്നു: “സ്വതന്ത്രമായും നീതിപൂർവകമായും സുതാര്യമായും തെരഞ്ഞെടുപ്പ് നടത്തുന്നു നാം. അത് ഇപ്പോൾ ലോകത്തിന്‍റെ അംഗീകാരം നേടി.” ഇപ്പറഞ്ഞതിലും, വസ്തുതയെക്കാൾ കൂടുതലുള്ളത് പ്രോപഗൻഡയാണ്. ആൾട്ട് ന്യൂസ് ഈയിടെ പുറത്തുവിട്ട കൗതുകകരമായ ഒരു പ്രോപഗൻഡ മോഡൽ കൂടി കാണാം. മോദിയുടെ പൊതുയോഗങ്ങളിൽ വർഷങ്ങളായി അരങ്ങേറുന്ന ഒരു പ്രോപഗൻഡ നാടകം. സദസ്സിൽ നിന്ന് ഒരാൾ ചിത്രമോ ശില്പമോ ഉയർത്തിക്കാട്ടും; പ്രധാനമന്ത്രി അത് കാണും. ആ ആളുടെ പേരന്വേഷിക്കും, കത്തയക്കാമെന്ന് പറയും. കൂട്ടക്കൈയടി ഉറപ്പ്.

ആൾട്ട് ന്യൂസ് ഇത്തരം 14ലേറെ വിഡിയോകൾ എടുത്തു കാട്ടുന്നു. സ്ക്രിപ്‌റ്റ് ഒന്നുതന്നെ. എപ്പോഴാണ് അധികാരികൾ ഇങ്ങനെയുള്ള പ്രോപഗൻഡ സ്റ്റണ്ടുകളെ ആശ്രയിക്കേണ്ടി വരുന്നത്? മികവിനെപ്പറ്റി സ്വയം തന്നെ സംശയമുണ്ടാകുമ്പോൾ. വസ്തുത വിട്ട് പ്രോപഗൻഡക്കു പിന്നാലെ പോകുന്നത് അതുകൊണ്ടാണ്. കോവിഡ് കാലത്തെ അന്തർ സംസ്ഥാനത്തൊഴിലാളി മരണങ്ങളുടെ കണക്ക് യൂനിയൻ സർക്കാറിന്‍റെ പക്കലില്ല. ഇലക്ഷൻ കമിഷൻ, ബിഎൽഒ മരണങ്ങൾ കാണുന്നില്ല. കാരണം ഇവ വസ്തുതകളാണ്. മറച്ചു വെക്കേണ്ടവയാണ്.

Full View

വംശഹത്യക്കൊരു പുതിയ പേര്—വെടിനിർത്തൽ.

യുദ്ധത്തിലും ഭരണത്തിലും നേരു പറയണമെന്നില്ല എന്നാണ് ഇന്നത്തെ തത്ത്വം. രണ്ടിലും വസ്തുതക്കു മീതെയാണ് പ്രചാരണം. എന്തിനേറെ, വെടിനിർത്തൽ പോലും വലിയൊരു പ്രോപഗൻഡ മാത്രമാണ്. ലോകത്തെ മുഴുവൻ കബളിപ്പിക്കുന്ന പ്രോപഗൻഡ. വെടിനിർത്തൽ കാരണം എന്താണ് മാറിയത്? ജനസൈഡിനെ സീസ് ഫയർ എന്ന് റീബ്രാൻഡ് ചെയ്തു. ലോകത്തിന്‍റെ,, മാധ്യമങ്ങളുടെ, ശ്രദ്ധ ഫലസ്തീനിൽ നിന്ന് മാറി—അത്ര മാത്രം. രണ്ടുമാസത്തോളമായി ലോകമാധ്യമങ്ങൾ പറയുന്ന ഈ വെടി നിർത്തൽ യാഥാർഥ്യമല്ല. അതൊരു ക്രൂരമായ തമാശയാണ്. പോപഗൻഡയാണ്

Full View


Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News