അമിതാധികാരവുമായി വരുന്നു എഐ ഭാവി, എപ്‌സ്റ്റീൻ: കടന്നൽകൂട് ഇളകിത്തുടങ്ങി
ടെക്നോളജിക്ക് സ്വന്തം നിലക്ക് രാഷ്ട്രീയമോ വർഗീയതയോ ഇല്ലായിരിക്കാം. പക്ഷേ നടപ്പാക്കുന്നവരുടെ ഉള്ളിലെ വംശീയതയും ജാതീയതയും അത് കൂടുതൽ കാര്യക്ഷമതയോടെ നടപ്പാക്കും. നിർമ്മിത ബുദ്ധി മനുഷ്യന്‍റെ ഗുണങ്ങളും ദോഷങ്ങളും കൂടുതൽ കാര്യക്ഷമമായി ആവിഷ്കരിക്കുകയാണ് ചെയ്യുക. ഇന്ത്യയിലെ ഭരണസംവിധാനം ഗുണങ്ങളെക്കാൾ ദോഷങ്ങളാണ് ലക്ഷ്യമിടുന്നത് എന്ന് പഠന റിപ്പോർട്ടുകൾ മുന്നറിയിപ്പ് തരുന്നു.
കൃത്രിമ ബുദ്ധി അഥവാ കൃത്രിമം ചെയ്യാനുള്ള ബുദ്ധി
പുറംമോടിയിൽ വലിയ ശ്രദ്ധ; പക്ഷേ അകക്കാമ്പ് നഷ്ടപ്പെടുക: നരേന്ദ്രമോദിക്ക് കീഴിൽ ഇന്ത്യയിലെ സ്ഥാപനങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥയാണിത്. അതിന്‍റെ ലക്ഷണമൊത്ത രൂപകമായി വാർത്തയിലെത്തി, നിർമ്മിത ബുദ്ധി ഉച്ചകോടിയിലെ ഒരു വലിയ അമളി. സംഘാടനത്തിൽ വലിയ വീഴ്ചകളുണ്ടായി. ഇവിടെയും നമ്മുടെ വിവിഐപി ഭ്രമം എല്ലാവർക്കും പ്രയാസമുണ്ടാക്കി. അപ്പോൾ ദൂർദർശനിൽ വരുന്നു, ഇന്ത്യൻ ടെക്‌നോളജി മികവിനെപ്പറ്റി വലിയ, ആവേശകരമായ വാർത്ത. പ്രദർശനത്തിന് ഗൽഗോട്ട്യാസ് യൂനിവേഴ്സിറ്റിയുടെ എ.ഐ നിർമിതികൾ ഉണ്ടായിരുന്നു. കൂട്ടത്തിൽ ഒരു യന്ത്രനായയും. യൂനിവേഴ്സിറ്റിയിലെ പ്രൊഫസർ നേഹ സിങ് ഈ “ഒറയൺ” യന്ത്രനായയെപ്പറ്റി റിപ്പോർട്ടറോട് ഊറ്റത്തോടെ പറയുന്നുണ്ട്, ഈ യൂനിവേഴ്സിറ്റിയിലെ സെൻറർ ഓഫ് എക്സലൻസ് ആണ് അതിനെ വികസിപ്പിച്ചത് എന്ന്. റോബോട്ടിനെ കാട്ടി ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹ മാധ്യമങ്ങളിൽ റീൽ ഇട്ടു. പിറകെ മറ്റു പലരും.
പക്ഷേ പിന്നീട് അവരതെല്ലാം പിൻവലിച്ചു. കാരണം ഒരു ചൈനീസ് മാധ്യമം ആ കുമിള പൊട്ടിച്ചു. ആ റോബോട്ടിനെ നിർമിച്ചത് ഗൽഗോട്ട്യാസ് യൂനിവേഴ്സിറ്റി അല്ല, ഒരു ചൈനീസ് കമ്പനിയാണ്. അവരുണ്ടാക്കിയത് യൂനിവേഴ്സിറ്റി വാങ്ങി. എന്നിട്ട് പ്രദർശനത്തിൽ സ്വന്തം എന്ന മട്ടിൽ അവതരിപ്പിച്ചു. ലോകമാധ്യമങ്ങളിൽ ഇന്ത്യയിലെ എഐ ഉച്ചകോടി അങ്ങനെയും വലിയ വാർത്തയായി.
ഗൽഗോട്ട്യാസ് യൂനിവേഴ്സിറ്റിയുടെ മറ്റൊരു പ്രദർശന വസ്തു റിപ്പോർട്ടുകളിൽ പെടാതെ പോയി. ഒരു ഫുട്ബോൾ ഡ്രോൺ ആണത്. അതിനെപ്പറ്റിയും യൂനിവേഴ്സിറ്റിയുടെ അവകാശവാദം, അത് തങ്ങൾ നിർമിച്ചതാണെന്നായിരുന്നു. വാസ്തവത്തിൽ ഈ ഡ്രോൺ ദക്ഷിണകൊറിയയിൽ ഉണ്ടാക്കിയതാണ്. ഉച്ചകോടിയെപ്പറ്റി വിദേശ മാധ്യമങ്ങൾ വെളിപ്പെടുത്തിയ മറ്റൊരു പ്രശ്നം കൂടി ഉണ്ട്. വ്യക്തിപൂജയുടെ സംസ്കാരം ഉണ്ടാക്കിയ പ്രശ്നം. വിദ്യാഭ്യാസം വ്യക്തിപൂജക്ക് വഴിമാറി കൊടുക്കുന്നു. ഇന്ത്യയിൽ അനേകം സ്കൂളുകൾ അടച്ചുപൂട്ടി കൊണ്ടിരിക്കുമ്പോളാണല്ലോ വൻ ചെലവിൽ പ്രതിമകൾ നിർമ്മിക്കപ്പെടുന്നത്. ഒരു സർവ്വകലാശാല നടത്തിയ മോഷണം രാജ്യത്തിന്‍റെ അവസ്ഥയുടെ രൂപകമാണെന്ന് പറയുന്നത് അതുകൊണ്ടാണ്.
അമിതാധികാരവുമായി വരുന്നു എഐ ഭാവി
വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം—അറിവല്ല പ്രധാനം അറിവുണ്ടെന്ന് ഭാവിക്കലാണ് പ്രധാനം, യഥാർത്ഥ കഴിവല്ല പുറമേക്ക് തോന്നിക്കലാണ് പ്രധാനം എന്ന സന്ദേശം—ഒരു യൂണിവേഴ്സിറ്റി നൽകരുതായിരുന്നു. അതേസമയം ഈ സംഭവം ധാരാളം ചിരിക്കു വക നൽകി. കാർട്ടൂണിസ്റ്റുകൾക്ക് നല്ല തിരക്കായിരുന്നു.
ഗൗരവപ്പെട്ട ഒരു മറുവശവും എ.ഐ ഉച്ചകോടിക്കുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (കൃത്രിമ ബുദ്ധി) കൃത്രിമം കാട്ടാനുള്ള ബുദ്ധി മാത്രമല്ല. അത് അമിതാധികാരത്തിലേക്കുള്ള താക്കോൽ കൂടിയാകും. ഇന്ത്യയിൽ എ.ഐ വ്യാപനം സൃഷ്ടിക്കാവുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെപ്പറ്റി, സംഘടിത വിദ്വേഷക്കുറ്റങ്ങളെപ്പറ്റി പഠിക്കുന്ന സി.എസ്.ഒ.എച്ച് (CSOH – Centre for the Study of Organized Hate) എന്ന യു.എസ് സ്ഥാപനം മുന്നറിയിപ്പ് നൽകുന്നുണ്ട്. ജനങ്ങൾക്കെതിരെ ഭരണകൂടങ്ങൾ കൂടുതൽ അധികാരബലം നേടാനുള്ള സാധ്യത ഇന്‍റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനും എടുത്തു പറയുന്നു.
ഇന്ത്യയിൽ ജനാധിപത്യ ശോഷണത്തിന് പുറമേ മറ്റൊരു പ്രശ്നം കൂടിയുണ്ട്. വർഗീയ വിഷം ചുരത്തുന്ന സർക്കാറുകൾ എ.ഐയെയും വംശീയ വിദ്വേഷം പരത്താൻ ഉപയോഗിക്കും. ഭരണഘടനക്കും മതനിരപേക്ഷതക്കും എതിരായ ഒരു വർഗീയ പരിപാടിക്ക് മോദി സർക്കാർ ധനസഹായം നൽകിയ വിവരം ‘ദി ക്വി ന്‍റ്’ വെബ്സൈറ്റ് ഈയിടെ പുറത്തു കൊണ്ടുവന്നു. മുസ്ലിംകളെ രാജ്യത്ത് നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് നടന്ന സനാതൻ സൻസ്ഥ പരിപാടിക്ക് പൊതു ഖജനാവിലെ 63 ലക്ഷം രൂപ മോദി സർക്കാർ നൽകി എന്നാണ് കണ്ടെത്തിയത്. നിർമിത ബുദ്ധി വഴി പൗരന്മാരെ (അവരിൽ തിരഞ്ഞെടുക്കുന്ന വിഭാഗങ്ങളെ) രഹസ്യ നിരീക്ഷണം നടത്താനാകുമെന്നും സി.എസ്.ഒ.എച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
ടെക്നോളജിക്ക് സ്വന്തം നിലക്ക് രാഷ്ട്രീയമോ വർഗീയതയോ ഇല്ലായിരിക്കാം. പക്ഷേ നടപ്പാക്കുന്നവരുടെ ഉള്ളിലെ വംശീയതയും ജാതീയതയും അത് കൂടുതൽ കാര്യക്ഷമതയോടെ നടപ്പാക്കും. നിർമ്മിത ബുദ്ധി മനുഷ്യന്‍റെ ഗുണങ്ങളും ദോഷങ്ങളും കൂടുതൽ കാര്യക്ഷമമായി ആവിഷ്കരിക്കുകയാണ് ചെയ്യുക. ഇന്ത്യയിലെ ഭരണസംവിധാനം ഗുണങ്ങളെക്കാൾ ദോഷങ്ങളാണ് ലക്ഷ്യമിടുന്നത് എന്ന് പഠന റിപ്പോർട്ടുകൾ മുന്നറിയിപ്പ് തരുന്നു.
എപ്‌സ്റ്റീൻ: കടന്നൽകൂട് ഇളകിത്തുടങ്ങി
യു.എസ് തടങ്കലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജെഫ്‌റി എപ്‌സ്റ്റീനും കൂട്ടാളികളുമടങ്ങുന്ന കുറ്റവാളി സംഘം ചെയ്തു കൂട്ടിയ കൃത്യങ്ങൾ ഒരല്പം പുറത്തുവന്നപ്പോഴേക്കും ഭൂമികുലുക്കമാണെങ്ങും.
ബ്രിട്ടനിലെ ആൻഡ്രൂ മൗണ്ട്ബാറ്റൻ മുൻ രാജകുടുംബാംഗമാണ്; ഇപ്പോഴത്തെ രാജാവിന്‍റെ സഹോദരനും. അടുത്ത് അയാൾ രാജകുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇപ്പോൾ അറസ്റ്റിലുമായി. ജെഫ്‌റി എപ്‌സ്റ്റീനുമായുള്ള ബന്ധമാണ് കാരണം. നോർവേയിലെ മുൻ പ്രധാനമന്ത്രി തോർബിയോൻ ജാഗ്ലൻഡ് ആ നാട്ടിലും അറസ്റ്റിലായി. യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ആശങ്കയിലാണത്രേ. എപ്‌സ്റ്റീൻ ഫയലുകൾ മുഴുവൻ പുറത്തു വരാതിരിക്കാൻ അദ്ദേഹമടക്കം പലരും കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.
അകമേ ഭയപ്പാടിലാണ് പലരും. അത്രയേറെ പ്രഹര ശേഷിയുണ്ട് കുറ്റകൃത്യങ്ങളുടെ രേഖകൾക്ക്. പ്രമുഖർക്കുണ്ടാകുന്ന പ്രഹരം മാത്രമല്ല പ്രശ്നം. ചില ആഗോള ആധിപത്യ ശക്തികളും തുറന്നു കാട്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എപ്‌സ്റ്റീൻ ഇസ്രായേലി സേനക്കു വേണ്ടി പ്രവർത്തിച്ചിരുന്ന ചാരനായിരുന്നു എന്ന വിവരം വെളിപ്പെട്ട് കഴിഞ്ഞു. ഇസ്രായേലി ചാരസംഘടനയായ മൊസാദുമായി അടുത്ത ബന്ധം അയാൾക്കുണ്ടായിരുന്നു. അൽ ഖാഇദ, ഐസിസ് എന്നിവ അമേരിക്കൻ-ഇസ്രായേലി സൃഷ്ടികളാണ് എന്ന പരാമർശങ്ങളും എപ്‌സ്റ്റീൻ ഫയലുകളിൽനിന്ന് വെളിച്ചത്തു വന്നു. ഇനിയും വെളിപാടുകൾ വരാനിരിക്കുന്നു എന്ന ഭീതിയിലാണ്, മാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിൽ ശ്രദ്ധതെറ്റിക്കൽ തന്ത്രങ്ങൾ ഇറങ്ങുന്നത്.
ഒരു ഉദാഹരണം നോക്കുക. റഷ്യൻ തടവിലായിരുന്ന പ്രതിപക്ഷനേതാവ് നവൽനി പെട്ടെന്ന് വാർത്തയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ കൊന്നതാകാമെന്നും മരണകാരണം വിഷമാകാമെന്നും നേരത്തെ വാർത്ത വന്നു കഴിഞ്ഞതാണ്. ഇപ്പോൾ രണ്ടുവർഷത്തിനുശേഷം അതേ വാർത്ത കൂടുതൽ നാടകീയമായി പത്രങ്ങളിൽ വരുന്നു. തെളിവോ ആധികാരിക വിദഗ്ധരോ വാർത്തയിൽ ഇല്ല. വെറുതേ ഒരു വാർത്ത എന്ന് തോന്നും. പക്ഷേ വെറുതെയല്ല. ശ്രദ്ധ തിരിക്കലാണ് ഉദ്ദേശ്യം.
ഇനിയും മറ്റൊരു തന്ത്രം, ഇറാന് എതിരായ നീക്കമാണ്. ആണവ പദ്ധതി ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇറാനെതിരെ നീങ്ങുന്നത്. മറ്റു പല കാരണങ്ങളും മാറിമാറി പറയുന്നുമുണ്ട്. പക്ഷെ ഒന്നും തന്നെ ന്യായമോ ശരിയോ അല്ല. ഇറാന്‍റെ ആണവപദ്ധതി ഇപ്പോൾ തീരെയില്ല, അത് പാടേ തകർന്നു കഴിഞ്ഞു എന്ന് വൈറ്റ് ഹൗസിന്‍റെ വെബ്സൈറ്റിൽ ഇന്നും നിലനിൽക്കുന്ന പ്രഖ്യാപനമാണ്. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ് എന്നും അതിലുണ്ട്. എന്നിട്ടും ട്രംപ് പറയുന്നു, ആണവ കേന്ദ്രങ്ങൾ നശിപ്പിക്കാൻ യുദ്ധം ചെയ്യുമെന്ന്. ഇത്രമേൽ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നത് എപ്‌സ്റ്റീൻ തന്നെയാവണം. ഒപ്പം, അൽപ്പാൽപ്പമായി തുറന്നുകാട്ടപ്പെടുമ്പോൾ ഇസ്രായേൽ ചെലുത്തുന്ന സമ്മർദവും. യുദ്ധലക്ഷ്യങ്ങൾ വേറെയുമുണ്ടാകാം. പക്ഷേ എപ്‌സ്റ്റീനും ആ രണ്ടു രാജ്യങ്ങളെ കുറ്റകൃത്യത്തിൽ ഒരുമിപ്പിച്ച ഘടകമാണ്.
ഇത്രയേറെ കോളിളക്കമുണ്ടാക്കികൊണ്ടിരിക്കുന്ന എപ്‌സ്റ്റീൻ ഫയൽസ് പുറത്തുവരാൻ കാരണം ഒരു പത്രപ്രവർത്തകയാണ് എന്നുകൂടി അറിയണം. മയാമി ഹെറൾഡിന്‍റെ റിപ്പോർട്ടർ ജൂലി കെ. ബ്രൗൺ ആണത്. എപ്‌സ്റ്റീനെതിരെ എഫ്ബിഐ ശേഖരിച്ച തെളിവുകൾ മറച്ചുവെക്കാൻ അധികൃതർ എപ്‌സ്റ്റീനുമായി ധാരണ ഉണ്ടാക്കിയപ്പോൾ, ഇരകൾക്ക് നീതി വേണമെന്ന ശാഠ്യത്തോടെ ദീർഘമായ അന്വേഷണം നടത്തിയ ജൂലി 2018ൽ മയാമി ഹെറൾഡിൽ അന്വേഷണ റിപ്പോർട്ടുകൾ പരമ്പരയാക്കി. അതോടെ കടന്നൽക്കൂട് ഇളകി. വിവരം മറച്ചുപിടിക്കാനും ജനശ്രദ്ധ മാറ്റാനും ഇനിയും ശ്രമങ്ങൾ നടക്കുമെന്ന് വേണം കരുതാൻ.