പാകിസ്താന്റെ ബഹിഷ്‍കരണവും യുടേണും; ക്രിക്കറ്റ് നാടകത്തിലെ വിജയിയാര്?
എന്നാൽ വളരെ രസകരമായ കുറച്ച് ഡിമാൻഡുകൾ ഇതിനിടയിൽ പാകിസ്താൻ വെച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള പരമ്പരകൾ പുനരാരംഭിക്കുക എന്നതായിരുന്നു അതിലൊന്ന്
നടക്കുന്നത് ക്രിക്കറ്റ്, പുറമേക്ക് തിളച്ചുമറിയുന്നത് രാഷ്ട്രീയം, പക്ഷേ യഥാർത്ഥ കാരണം ഇതൊന്നുമല്ല. സാമ്പത്തികമാണെന്ന് പറഞ്ഞാലോ?. പണം കായ്ക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം നടത്താൻ ഐസിസി ഏതുവിധേനയും ശ്രമിക്കുമെന്ന് എല്ലാവർക്കുമറിയാം. ബംഗ്ലാദേശ് കളിക്കാത്തതുപോലെയല്ല തങ്ങൾ കളിക്കാതിരുന്നാലെന്ന് പാകിസ്താനുമറിയാം. ഐസിസിയുമായി ഒരു യുദ്ധത്തിനൊരുങ്ങാനുള്ള സാമ്പത്തിക ആരോഗ്യവും പാകിസ്താനില്ല. അവരുടെ ലക്ഷ്യം വേറെയായിരുന്നു. പാകിസ്താൻ ബഹിഷ്കരണ നാടകം പിൻവലിച്ചതിന് പിന്നിലെന്താണ്? ഈ ബഹിഷ്കരണ പരമ്പരയിലെ വിജയി ആരാണ്?. പരിശോധിക്കാം.
പണം തന്നെയാണ് പ്രധാനം
ഐസിസിയോട് ഏറ്റുമുട്ടാനോ തങ്ങളുടെ ചേരിയിലേക്ക് കൂടുതൽ രാജ്യങ്ങളെ ചേർക്കാനോ ഉള്ള ആരോഗ്യം പാകിസ്താനില്ല. പക്ഷേ തങ്ങളെ വിശ്വസിച്ച് കടുത്ത തീരുമാനമെടുത്ത ബംഗ്ലാദേശിനെ പിണക്കാനും വയ്യ. ഒടുവിൽ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം അവർ കണ്ടെത്തി. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുക. പണം കായ്ക്കുന്ന ഈ മരത്തിൽ തൊട്ടാൽ ഐസിസി ഇളകുമെന്ന് അവർക്കറിയാം. ഇനി എങ്ങാനും ബഹിഷ്കരണം സംഭവിച്ചാൽ അത് തങ്ങളുടെ ക്രിക്കറ്റിനേയും ക്രിക്കറ്റ് ബോർഡിനേയും എന്നെന്നേക്കുമായി ഇല്ലാതാക്കാൻ പോന്നതുമാണ്. അഥവാ ഐസിസിയുമായി ഒരു ബാർഗെയ്നിങ്ങും കൂടെ ബംഗ്ലാദേശിന് കൂടെയുണ്ടെന്ന സന്ദേശം നൽകലുമായിരുന്നു അവരുടെ ലക്ഷ്യം.
ഇനി ഐസിസിയുടെ കാര്യം എടുത്താലോ? ഐസിസി ടൂർണമെന്റുകളുടെ ഇന്ത്യയിലെ സംപ്രേഷണാവകാശം നിലവിലുള്ളത് ജിയോ സ്റ്റാറിനാണ്. 2024 മുതൽ 2027 വരെയുള്ള കാലയളവിൽ 3.04 ബില്യൺ ഡോളർ അഥവാ 25,232 കോടി രൂപയാണ് അവർ ഇതിനായി എറിഞ്ഞിരിക്കുന്നത്. 2022 ഓഗസ്റ്റിലാണ് ഡിസ്നി ഇന്ത്യ ഈ അവകാശം വാങ്ങുന്നത്. അഥവാ ഓരോ മത്സരത്തിനും 138.7 കോടി രൂപ നൽകണം. 2024ൽ ടി20 ലോകകപ്പ്, 2025ൽ ചാമ്പ്യൻസ് ട്രോഫി, 2026ൽ ടി20 ലോകകപ്പ്, 2027ൽ ഏകദിന ലോകകപ്പ് എന്നിങ്ങനെ ഓരോ വർഷവും ഓരോ ടൂർണമെന്റ് ഐസിസി ഒരുക്കുന്നതും അതുകൊണ്ടുതന്നെ. പക്ഷേ വിചാരിച്ച ലാഭം ഇവർക്ക് കിട്ടുന്നില്ല. കാരണം ഈ കാലയളവിൽ ഐസിസി ടൂർണമെന്റുകളിലായി ആകെ നടക്കുന്ന 179 മത്സരങ്ങളിൽ ഇന്ത്യ കളിക്കുന്നത് 26മുതൽ 30 വരെ മത്സരങ്ങളാണ്.
രണ്ട് മാസങ്ങൾക്ക് മുമ്പ് സാമ്പത്തിക പ്രതിസന്ധി കാരണം കരാറിലെ ബാക്കി രണ്ട് വർഷം തുടരാനാവില്ലെന്ന് ജിയോസ്റ്റാർ ഐസിസിയെ അറിയിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐസിസിയും ജിയോസ്റ്റാറും ഇത് നിഷേധിച്ചിരുന്നുവെങ്കിലും സാമ്പത്തിക ഞെരുക്കമുണ്ട് എന്ന് എല്ലാവർക്കുമറിയാം. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇന്ത്യ-പാകിസ്താൻ മത്സരം കൂടി നടന്നില്ലെങ്കിൽ അത് വലിയ തിരിച്ചടിയുണ്ടാക്കും. മത്സരം റദ്ദാക്കിയിരുന്നെങ്കിൽ ടി20 ലോകകപ്പിന്റെ പരസ്യവരുമാനത്തിൽ തന്നെ 15-20% ഇടിവുണ്ടാകുമായിരുന്നു. ഇത് മാത്രമല്ല, ടിക്കറ്റ് വിൽപ്പന, കോർപ്പറേറ്റ് ബോക്സുകൾ, സ്റ്റേഡിയത്തിലെ പരസ്യം എന്നിവയിലെ വരുമാനം വേറെയും. കൂടാതെ ലങ്കൻ എക്കോണമിക്കും ഈ മത്സരം വലിയ ആശ്വാസമാണ്. വാലൈന്റൻസ് ഡേയും ഇന്ത്യ-പാക് മത്സരവും ഒന്നിച്ച് വന്നതോടെ ഹോട്ടലുകളുടെ വിലയും ൈഫ്ലറ്റ് ടിക്കറ്റും കുതിച്ചുയർന്നിരുന്നു. ബഹിഷ്കരണത്തോടെ ഇതെല്ലാം താറുമാറായി. അതോടെ വിഷയം ലങ്കയെയും ബാധിച്ചു.
നേട്ടം ആർക്ക്?
ഈ കളിയിൽ വിജയി ആരാണ്? നിശ്ചയമായും വലിയ ലാഭം ഉണ്ടാക്കിയത് ഐസിസി തന്നെയാണ്. കാരണം ഐസിസിക്ക് നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരുന്നു. വലിയ നിയമ പ്രശ്നങ്ങളും കടങ്ങളും നേരിടാമായിരുന്ന ഒരു സാഹചര്യത്തെ അവർ മറികടന്നു. കൂടാതെ ഹൈബ്രിഡ് വേദി എന്ന ബംഗ്ലാദേശിന്റെ ആവശ്യം അംഗീകരിച്ചില്ല . ടൂർണമെന്റിന് തൊട്ടുമുമ്പായി വേദി മാറ്റണമെന്ന് ആര് പറഞ്ഞാലും അതിനി നടക്കില്ല എന്ന സന്ദേശം നൽകാനും സാധിച്ചു. ബംഗ്ലാദേശും പാകിസ്താനും അല്ലാതെയുള്ള എല്ലാ അംഗങ്ങളും വിഷയത്തിൽ പൂർണമായും കൂടെ നിന്നതും അവരുടെ കാര്യം എളുപ്പമാക്കി. കൂടെ മത്സരം ബഹിഷ്കരിക്കുകയാണെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് പാകിസ്താനെ ബോധ്യപ്പെടുത്താനുമായി. റവന്യൂ കട്ടിങ്, ഒരു അന്താരാഷ്ട്ര പരമ്പരക്ക് പോലും സാധ്യമല്ലാത്ത വിധമുള്ള ഐസൊലേഷൻ അടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. എങ്കിലും ഇന്ത്യ-പാക് മത്സരം നടത്തുക എന്നത് തന്നെയായിരുന്നു ഐസിസിയുടെ പ്രഥമ ലക്ഷ്യം. ബഹിഷ്കകരണത്തെ തുടർന്ന് ബംഗ്ലാദേശിനെതിരെ നടപടികൾ ഉണ്ടാകില്ല എന്നതും ഹൈബ്രിഡ് മോഡലിൽ ഭാവിയിലും ലോകകപ്പ് നടത്തും എന്ന ഉറപ്പ് വാങ്ങിങ്ങാക്കാനായതും വേണമെങ്കിൽ പാകിസ്താന്റെ നേട്ടമായി പറയാം.
എന്നാൽ വളരെ രസകരമായ കുറച്ച് ഡിമാൻഡുകൾ ഇതിനിടയിൽ പാകിസ്താൻ വെച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള പരമ്പരകൾ പുനരാരംഭിക്കുക എന്നതായിരുന്നു അതിലൊന്ന്. ഇന്ത്യയുമായി ട്വന്റി 20 ലോകകപ്പിൽ കളിക്കില്ലെന്ന് പറയുന്ന അതേ പാകിസ്താൻ ആണിതെന്നോർക്കണം. കൂടാതെ ഇന്ത്യ-പാകിസ്താൻ-ബംഗ്ലാദേശ് എന്നിവരെ വെച്ച് ഒരു ത്രിരാഷ്ട്ര പരമ്പരക്കും അവർ ആവശ്യമുന്നയിച്ചു. പക്ഷേ പരമ്പരകളും ത്രിരാഷ്ട്ര പരമ്പരകളും ഐസിസിയുടെ കയ്യിൽ അല്ലെന്നും തീരുമാനം എടുക്കേണ്ടത് ബോർഡുകളും സർക്കാറുകളുമാണെന്നും ഐസിസി വിശദീകരിച്ചു. ഇന്ത്യയുമായി കളിച്ച് എല്ലാ രാജ്യങ്ങളും കാശുണ്ടാക്കുമ്പോൾ തങ്ങൾക്ക് മാത്രം അതിന് സാധിക്കാത്തതിൽ പാകിസ്താന് നിരാശയുണ്ടെന്ന് വ്യക്തം. കൂടാതെ പ്രശ്നങ്ങൾ പരിഹരിക്കാനും പാകിസ്താനെ അനുനയിപ്പിക്കാനും ലങ്കയും മുന്നിട്ടിറങ്ങിയിട്ടുണ്ട്. അവരെ പ്രേരിപ്പിക്കുന്ന പ്രധാനകാരണവും സാമ്പത്തികം തന്നെയാണ്.
പക്ഷേ ഈ വിവാദത്തിൽ നിശബ്ദ നേട്ടമുണ്ടാക്കിയത് ബംഗ്ലാദേശാണ്. കാരണം പൊടുന്നനെ ഒരു ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടും ഐസിസിയിൽ നിന്നും പെനൽറ്റിയോ വാർഷിക വരുമാനത്തിൽ കുറവോ അവർക്ക് നേരിടേണ്ടി വന്നില്ല. കൂടാതെ ബംഗ്ലാദേശിൽ പ്രഖ്യാപിച്ച ഐസിസി ഇവന്റുകൾ നടത്താനും ഇന്ത്യ ആതിഥേയരാകുന്ന ടൂർണമെന്റുകളിൽ നിക്ഷ്പക്ഷ വേദികളിൽ കളിക്കണമെന്ന ആവശ്യത്തിനും ഐസിസി സമ്മതമറിയിച്ചു. സുരക്ഷാഭീഷണിയെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തിൽ കാര്യമുണ്ടെന്ന് ഐസിസി അംഗീകരിച്ചതായും ചില റിപ്പോർട്ടുകൾ പറയുന്നു.
ഏതായാലും കളത്തിന് പുറത്തെ കളികൾ അവസാനിച്ചു. ഇനി കളത്തിലെ കളികൾക്കായി കാത്തിരിക്കാം.