അടുത്തിടെ ഒരു അച്ഛൻ പങ്കുവെച്ച അനുഭവമാണ്, “എന്റെ മകൾ ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ്. സ്കൂളിൽ നിന്ന് പിടിഎ സംബന്ധിച്ച് വിളിച്ചപ്പോൾ, പഠനത്തിൽ പിന്നാക്കമാണെന്നും പരീക്ഷയ്ക്ക് സ്‌ക്രൈബ് ഉപയോഗിച്ച് എഴുതിക്കൊടുക്കുന്നതാണ് നല്ലതെന്നും പറഞ്ഞു.
പഠനത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും, മറ്റെല്ലാ രംഗത്തും അവൾ നല്ല മിടുക്കിയാണ്. ചിത്രരചനയിൽ നല്ല മികവുണ്ട്. ഐക്യൂ കുറവുള്ള കുട്ടികളിൽ കാണുന്ന ലക്ഷണങ്ങളൊന്നും അവൾക്കില്ല. എന്നിരുന്നാലും സ്കൂളിൽ നിന്ന് നല്ല സമ്മർദം അനുഭവപ്പെടുന്നു.
ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും പ്രധാനം കുട്ടിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ കഴിവുകൾ തിരിച്ചറിഞ്ഞ് ശരിയായ മാർഗനിർദേശവും പിന്തുണയും നൽകുന്നതാണ്. അതിന് ആദ്യം വേണ്ടത് നമ്മുടെ കുട്ടിക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുകയാണ്. പഠനത്തിൽ മാത്രം പിന്നിലാകുന്ന കുട്ടികളെ “മടിയൻ”, “ശ്രദ്ധയില്ല” എന്നൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തുന്ന മാതാപിതാക്കളുടെ എണ്ണം കുറവല്ല.
ഇതിനൊപ്പം അമിതമായ മൊബൈൽ ഉപയോഗവും ഗെയിംസും പ്രശ്നങ്ങളെ കൂടുതൽ ഗുരുതരമാക്കാറുണ്ട്. പഠനപ്രശ്നങ്ങൾക്ക് പല കാരണങ്ങളുണ്ടാകാം. അമിതമായ സമ്മർദം, പഠനരംഗത്ത് മാത്രം അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ, മാനസിക വിഷമങ്ങൾ, അധിക സ്ക്രീൻ ഉപയോഗം, സ്വഭാവസംബന്ധമായ പ്രശ്നങ്ങൾ എന്നിവ മുതൽ ബുദ്ധിവികസനക്കുറവ് വരെ ഇതിന് കാരണമാകാം. എന്നാൽ സാധാരണയോ അതിലധികമോ ബുദ്ധിശേഷിയുണ്ടായിരിക്കെ പഠനത്തിൽ മാത്രം പിന്നിലാകുന്ന അവസ്ഥയെ പഠന വൈഷമ്യം (Learning Difficulty) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. പഠന വൈഷമ്യങ്ങളെ സാധാരണയായി നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
ഡിസ്ലെക്സിയ (Dyslexia) – വായനയിലെ ബുദ്ധിമുട്ട്
ഡിസ്ഗ്രാഫിയ (Dysgraphia) – എഴുതുന്നതിലെ ബുദ്ധിമുട്ട്
ഡിസ്കാൽക്കുലിയ (Dyscalculia) – ഗണിതത്തിലെ ബുദ്ധിമുട്ട്
ഡിസ്പ്രാക്സിയ (Dyspraxia) – ഏകോപനവും പ്രവർത്തനക്രമവും സംബന്ധിച്ച ബുദ്ധിമുട്ടുകൾ
സമയോചിതമായ തിരിച്ചറിവും ശരിയായ പിന്തുണയും ലഭിച്ചാൽ, ഇത്തരം കുട്ടികൾ അവരുടെ കഴിവുകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഓരോ കുട്ടിയും പ്രത്യേക കഴിവുകളുള്ളവരാണ്, അത് കണ്ടെത്തി വളർത്തുകയാണ് നമ്മുടെ ഉത്തരവാദിത്തം.
രചനാവൈകല്യം (Dysgraphia) – എഴുതുന്നതിലെ മറഞ്ഞിരിക്കുന്ന ബുദ്ധിമുട്ടുകൾ
കുട്ടി എഴുതുമ്പോൾ ഒരേ വാക്കുകൾ തുടര്‍ച്ചയായി തെറ്റിക്കുക, അക്ഷരങ്ങളുടെ ക്രമം തെറ്റിക്കുക, ചിലപ്പോൾ കണ്ണാടിയിൽ കാണുന്ന പോലെ അക്ഷരങ്ങൾ മറിച്ചെഴുതുക (Mirror writing) – ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പല മാതാപിതാക്കളും ശ്രദ്ധിച്ചിട്ടുണ്ടാകാം. ചില കുട്ടികൾക്ക് അക്ഷരങ്ങൾ വളരെ ചെറുതായോ(micrographia) അതീവ വലുതായോ(macrographia) എഴുതാനുള്ള പ്രവണതയും കാണാം.
വരിയ്ക്കുള്ളിൽ നന്നായി എഴുതാൻ കഴിയാത്തത്, അക്ഷരങ്ങൾക്കിടയിൽ ഒരേ അകലം പാലിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്, ചിന്തകൾ വാക്കുകളാക്കി എഴുതാൻ പ്രയാസം തോന്നുന്നത് എന്നിവയും ഇതിന്റെ ഭാഗമായിരിക്കും. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ രചനാവൈകല്യം (Dysgraphia) എന്ന എഴുത്തുമായി ബന്ധപ്പെട്ട പഠനവൈകല്യത്തിന്റെ സൂചനകളായിരിക്കാം.
രചനാവൈകല്യമുള്ള കുട്ടികൾ ബുദ്ധിമുട്ടുന്നത് എഴുത്തിന്റെ മെക്കാനിക്കൽ ഭാഗങ്ങളിലാണ് – അക്ഷരങ്ങൾ രൂപപ്പെടുത്തൽ, വാക്കുകൾ ക്രമത്തിൽ എഴുതൽ, വേഗത്തിൽ എഴുതൽ തുടങ്ങിയ കാര്യങ്ങളിൽ. എന്നാൽ ഇത് അവരുടെ ബുദ്ധിശേഷിയുടേയോ അറിവിന്റേയോ കുറവല്ല. പലപ്പോഴും അവർക്ക് പറയാനുള്ളത് മനസ്സിൽ വ്യക്തമായിരിക്കും, പക്ഷേ അത് എഴുതി പ്രകടിപ്പിക്കാൻ പ്രയാസം നേരിടുന്നു.
ഡിസ്കാൽക്കുലിയ എന്നത് ഗണിതവുമായി ബന്ധപ്പെട്ട പഠന വൈഷമ്യമാണ്. ഇത് കുട്ടികളിലും മുതിർന്നവരിലും വ്യത്യസ്ത രൂപത്തിൽ പ്രകടമാകുന്നു. കുട്ടിക്കാലത്ത് “ഗണിതം പിടിക്കില്ല” എന്ന പേരിൽ അവഗണിക്കപ്പെടുന്ന പ്രശ്നം, പിന്നീട് ആത്മവിശ്വാസക്കുറവായും തൊഴിൽ–സാമ്പത്തിക ബുദ്ധിമുട്ടുകളായും മാറാം. ഡിസ്കാൽക്കുലിയ ഉള്ള കുട്ടികൾ സാധാരണയായി എണ്ണൽ പഠിക്കാൻ വൈകും. അക്കവും അളവും തമ്മിലുള്ള ബന്ധം (number sense) മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും.
കൂട്ടൽ–കുറവ് പോലുള്ള ലളിത ഗണിതം പഠിക്കാൻ കൂടുതൽ സമയം എടുക്കും. ഒരു ദിവസം പഠിച്ച ഗുണനപ്പട്ടിക അടുത്ത ദിവസം പൂർണ്ണമായി മറക്കുന്നതും സാധാരണമാണ്. വാക്കുപ്രശ്നങ്ങളിൽ ഏത് കണക്കാണ് ഉപയോഗിക്കേണ്ടത് എന്ന് തിരിച്ചറിയാൻ കഴിയാതെ പോവുക. ഘടികാരത്തിൽ സമയം വായിക്കാനും ബുദ്ധിമുട്ടനുഭവപ്പെടും.
പിന്നീട് ഫോൺ നമ്പറുകൾ, പാസ്‌വേഡുകൾ, തീയതികൾ എന്നിവ ഓർക്കുന്നതിൽ പിഴവുകൾ സംഭവിക്കും. ഷോപ്പിംഗ് ചെയ്യുമ്പോൾ മൊത്തം തുക കണക്കാക്കാൻ, , റെസ്റ്റോറന്റിൽ ബിൽ പങ്കിടാൻ, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ, എന്നിവ മനസ്സിലാക്കുന്നതും വെല്ലുവിളിയായേക്കാം. വഴികൾ മനസ്സിലാക്കൽ, മാപ്പുകൾ വായിക്കൽ, ദൂരം–വേഗം കണക്കാക്കൽ, സമയം കൃത്യമായി പാലിക്കൽ എന്നിവയിലും പ്രശ്നങ്ങൾ ഉണ്ടാകും.
പഠന വൈകല്യത്തോടൊപ്പം കാണുന്ന പ്രശ്നങ്ങൾ:
പഠന വൈകല്യം (Learning Disability - LD) ഉള്ള കുട്ടികളിൽ പഠനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മാത്രമല്ല, പലപ്പോഴും മറ്റ് ചില മാനസിക-പ്രവർത്തന പ്രശ്നങ്ങളും കൂടെ കാണാം. പഠന വൈകല്യമുള്ള കുട്ടികളിൽ ഏകദേശം 50% പേർക്ക് ഒന്നോ അതിലധികമോ അനുബന്ധ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇവയെ കോ-മോർബിഡ് പ്രശ്നങ്ങൾ എന്ന് വിളിക്കുന്നു. ഇവയെക്കുറിച്ച് അറിയുന്നത് മാതാപിതാക്കൾക്കും അധ്യാപകർക്കും വളരെ പ്രധാനമാണ്.
1. ശ്രദ്ധാ വൈകല്യം (ADHD)
പഠന വൈകല്യമുള്ള കുട്ടികളിൽ പലർക്കും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അവർ എളുപ്പത്തിൽ ശ്രദ്ധ തിരിയാം, ഒരു കാര്യത്തിൽ നീണ്ട സമയം ഇരിക്കാൻ പ്രയാസപ്പെടാം, ആവേശപരമായ പെരുമാറ്റവും കാണിക്കാം (impulsiveness) ഇത്തരം കുട്ടികൾക്ക് കാര്യങ്ങൾ ക്രമമായി ചെയ്യാനും(organising) പദ്ധതിയിടാനും(planning) ബുദ്ധിമുട്ടുണ്ടാകാം.
2. മാനസിക പ്രശ്നങ്ങൾ:
പഠനത്തിൽ നിരന്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നത് കുട്ടിയിൽ നിരാശയും ആത്മവിശ്വാസക്കുറവും ഉണ്ടാക്കാം. ഇതിന്റെ ഫലമായി ആശങ്ക (Anxiety) വിഷാദം (Depression) കോപം നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ട്, അസഹിഷ്ണുത, പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
3.അമിതമായ ഭയവും ആകുലതയും( Anxiety Disorders)
ചില കുട്ടികൾക്ക് സമൂഹത്തിൽ ഇടപഴകാനുള്ള ഭയം, പരീക്ഷാഭയം തുടങ്ങിയവ ഉണ്ടാകാം. ചിലപ്പോൾ ഹൃദയമിടിപ്പ് കൂടുക, ശ്വാസം വേഗത്തിലാകുക, വിയർപ്പ് എന്നിവയോടെ പാനിക് അറ്റാക്ക് പോലുള്ള അവസ്ഥയും ഉണ്ടാകാം.
4. വിഷാദം (Depression)
തുടർച്ചയായ പരാജയാനുഭവങ്ങൾ കുട്ടിയെ മാനസികമായി ബാധിക്കാം. അതിന്റെ ലക്ഷണങ്ങൾ: അകാരണമായി അമിത സങ്കടം, ഇഷ്ടമുള്ള കാര്യങ്ങളിൽ താൽപ്പര്യമില്ലായ്മ, ഉറക്കപ്രശ്നങ്ങൾ, ശ്രദ്ധക്കുറവ്, ക്ഷീണം, സ്വയം വിലകുറച്ച് കാണൽ എന്നിങ്ങനെ പ്രശ്നങ്ങൾ അനുഭവപ്പെടുന്നു.
5. അമിത കോപം (Anger Problems)
ചില കുട്ടികൾക്ക് ചെറിയ കാര്യങ്ങൾക്കുപോലും അതീവ ദേഷ്യം വരാം. അവർ പെട്ടെന്ന് നിലവിളിക്കാനും വസ്തുക്കൾ എറിയാനും അടിക്കാനും ഇടയാക്കാം. ഇത്തരം കോപപ്രകടനങ്ങൾ മിനിറ്റുകൾ മുതൽ ഒരുമണിക്കൂർ വരെ നീണ്ടുനിൽക്കാം. ശേഷം അവർക്ക് ഖേദം തോന്നാറുണ്ട്.
6. ഓബ്സസീവ്-കമ്പൾസീവ് പ്രശ്നങ്ങൾ (OCD)
ചില കുട്ടികൾക്ക് ചില കാര്യങ്ങൾ വീണ്ടും വീണ്ടും ചെയ്യേണ്ട ആവശ്യം തോന്നാം. ഉദാഹരണങ്ങൾ: കാര്യങ്ങൾ പലതവണ പരിശോധിക്കുക. എണ്ണൽ അല്ലെങ്കിൽ ആവർത്തിച്ച് ചെയ്യൽ വൃത്തിയാക്കൽ/കൈ കഴുകൽ ആവർത്തിക്കുക, വസ്തുക്കൾ പ്രത്യേക രീതിയിൽ ക്രമീകരിക്കൽ, നഖം കടിക്കൽ( Nail biting), മുടി വലിക്കൽ(trichotillomania) തുടങ്ങിയ ശീലങ്ങൾ
ഇത്തരം പ്രശ്നങ്ങൾ “അലസത” അല്ലെങ്കിൽ “ശ്രദ്ധക്കുറവ്” ആയി തെറ്റിദ്ധരിക്കാതെ, കുട്ടിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കുകയാണ് പ്രധാനമാണ്. നേരത്തെ തിരിച്ചറിഞ്ഞാൽ പരിശീലനം, പ്രത്യേക പഠനരീതികൾ, എന്നിവയിലൂടെ കുട്ടിക്ക് എഴുത്തിൽ വലിയ പുരോഗതി നേടാൻ സാധിക്കും.
പെരുമാറ്റപരവുമായ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുകയും ആവശ്യമായ സഹായം നൽകുകയും ചെയ്താൽ കുട്ടിയുടെ ആത്മവിശ്വാസവും ജീവിതഗുണവും മെച്ചപ്പെടുത്താൻ കഴിയും. മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്നേഹവും ശരിയായ മാർഗ്ഗനിർദ്ദേശവും ഇവർക്കുള്ള ഏറ്റവും വലിയ പിന്തുണയാണ്