തെയ്യം എന്ന റിച്ച്വൽ ആർട്ട് നാല് രീതികളിലാണ് മലബാറിൽ ഉള്ള ഒരാൾ ആയ എന്നെ സ്വാധീനിച്ചത്. ആദ്യത്തേത് തീർച്ചയായും ആചാരപരമായി തന്നെയായിരുന്നു. പൊട്ടൻ തെയ്യം എന്ന പുലയ രൂപത്തിലുള്ള തെയ്യം അതിന്റെ ആചാരപരമായ പല തരത്തിലുള്ള സവിശേഷതകൾ കൊണ്ടും ഞങ്ങൾക്ക് വളരെ ഇന്ററാക്ടീവ് ആയ ഒരു റിച്ച്വൽ ആയി മാറിയിരുന്നു.
രണ്ടാമത് തെയ്യത്തെ കുറിച്ച് ഒരു ഡോക്യുമെന്ററി ഷൂട്ട് ചെയ്യുക എന്ന തലത്തിലാണ് അതിനെ പ്രോസസ് ചെയ്തത്. അത്തരം അന്വേഷണങ്ങൾക്കിടയിലാണ് ദലിത് സമൂഹങ്ങളിലും പുലയ സമൂഹങ്ങളിലും പോലും തെയ്യത്തിൽ കടന്നുകൂടുന്ന ബ്രാഹ്മണിക് ആശയങ്ങളെ കുറിച്ച് തിരിച്ചറിയുന്നത്.
മൂന്നാമത് തെയ്യം കലാകാരനായ അനിൽ എന്ന മനുഷ്യനെ അഭിമുഖം ചെയ്യുമ്പോൾ ലഭിച്ച പല തരത്തിലുള്ള പുതിയ വിഷനുകളായിരുന്നു. നാലാമത് ഏറ്റവും പുതിയ കാലത്തെ തെയ്യം ഷോർട്ട് വീഡിയോകളിലൂടെയും റീലുകളിലൂടെയും കാണുന്ന മറ്റൊരു തരത്തിലുള്ള കാഴ്ചകളിലെ സൗന്ദര്യങ്ങളിലൂടെയാണ്. ഇതിൽ വളരെ വ്യത്യസ്തമായി തോന്നിയ രണ്ട് കാര്യങ്ങൾ, തെയ്യം ഷൂട്ട് ചെയ്യുമ്പോൾ ക്യാമറയിലൂടെ കാണുന്ന കാഴ്ചകളും അതുപോലെ തെയ്യം എന്ന വിഷ്വൽ റീലുകളിലൂടെ കാണുന്ന രീതികളും നേരിട്ട് കാണുന്നതിൽ നിന്ന് വ്യത്യസ്തമായ അഭൗമീയ സൗന്ദര്യം ഉള്ളതാണ് എന്നതാണ്. അല്ലെങ്കിൽ എന്റെ കാഴ്ച അത്തരം ഒരു സൗന്ദര്യം രൂപപ്പെടുത്തുന്നുണ്ട്. പൊതുവെ ഉത്സവങ്ങൾക്ക് പോകാത്ത, ആൾക്കൂട്ടങ്ങളിൽ കംഫർട്ട് ഇല്ലാത്ത ഞാൻ, ഇത്തരം വിഷ്വലുകളിലൂടെയും ഹെഡ്‌ഫോണിലൂടെ അതിന്റെ ശബ്ദങ്ങളിലൂടെയും ആണ് അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നത്.
തെയ്യവും അത്തരത്തിൽ ഒരു ടൂൾ ഉപയോഗിച്ച് ലഭിക്കുന്ന വിഷ്വൽ-ടെക്നിക്കൽ കാഴ്ചയായി വേറൊരു തരത്തിലുള്ള സൗന്ദര്യം ഉൽപ്പാദിപ്പിക്കുന്നു. ശരീരങ്ങൾ കൂടി ചേർന്ന് ഉത്സവപ്പറമ്പുകളിൽ ഇന്നും വ്യത്യസ്തമായി രൂപപ്പെടുന്ന കാഴ്ചകളും അതിലുണ്ട്. ഇത്തരം കാഴ്ചകളിൽ, നേരിട്ട് കാണുന്നതിൽ നിന്ന് വ്യത്യസ്തമായി ക്യാമറയുടെ ആംഗിളുകൾ, കളർ ഗ്രേഡിംഗ്, എഡിറ്റിംഗ് പാറ്റേണുകൾ തുടങ്ങിയവ ഇത്തരം ദൃശ്യതകളുടെ അതിമനോഹരവും കളർഫുളുമായ, ഞെട്ടിപ്പിക്കുന്ന വേറൊരു തലത്തിലുള്ള വിഷ്വലുകൾ രൂപപ്പെടുത്തുന്നു. ഇത് ഷൂട്ട് ചെയ്യുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും, അതുപോലെ പുതിയ റീലുകൾ കാണുമ്പോഴും അത്തരം ഒരു സൗന്ദര്യാത്മകത രൂപപ്പെടുന്നു.
വളരെ സിനിമാറ്റിക് ആയ ഒരു കലാരൂപവുമാണ് തെയ്യം. അതിന്റെ ദൃശ്യസാധ്യത വളരെ അപാരമാണ്. അടുത്തകാലത്തെ കൊടുങ്ങല്ലൂർ ഭരണിയിലെ ചില ദൃശ്യങ്ങൾ കണ്ടപ്പോഴാണ് ഇത് എഴുതാൻ തോന്നിയത്. എങ്ങനെ ആയിരിക്കാം പുതിയ മനുഷ്യർ കൊടുങ്ങല്ലൂർ ഭരണിയെ കാണുന്നത്. അത് പല തരത്തിലായിരിക്കാം; അതിന് പല വേരിയേഷനുകളും ഉണ്ടായിരിക്കാം. പക്ഷേ അതിന്റെ വീഡിയോകൾ കാണുന്നവരുടെ കാഴ്ച വ്യത്യസ്തമായിരിക്കും.
ക്യാമറ, എഡിറ്റിംഗ്, ഗ്രേഡിംഗ്, സൗണ്ടിംഗ് എന്നീ പല ടൂളുകളുടെ ടെക്നിക്കൽ പാറ്റേണുകളിലൂടെ രൂപപ്പെടുന്ന കൊടുങ്ങല്ലൂർ ഭരണിയുടെ ഡിജിറ്റൽ വീഡിയോ ദൃശ്യതകൾ വേറിട്ടതായിരിക്കും. അത് കാണുന്നവരുടെ, പ്രത്യേകിച്ച് റീലുകൾ പോലുള്ള കാഴ്ചകളുടെ രീതികളും വ്യത്യസ്തമായിരിക്കും.
ഇന്ന് ഭരണിയെ കാണുന്ന രീതിയിൽ മാറ്റം സംഭവിക്കുന്നുണ്ട് എന്നു തോന്നുന്നു. മുമ്പ് നേരിട്ടുള്ള ഭരണി ഒരു ശരീരാനുഭവമായിരുന്നു. അത് നേരിട്ടുള്ള അനുഭവം ആയിരുന്നു—ചൂട്, തിരക്ക്, ശബ്ദം, ക്ഷീണം, ആവർത്തനം—ഇവയുടെ ഇടയിലൂടെ ഒരാൾ അതിനെ അനുഭവിച്ചിരുന്നു. ഇന്ന് അത് ഒരു മൊബൈൽ സ്ക്രീനിലാണ്. ചെറിയ വീഡിയോകളിലാണ്. റീലുകളിലാണ്. എഡിറ്റ് ചെയ്ത ക്ലിപ്പുകളിലാണ്. ലൈവുകളിലാണ്. കാണികളുടെ ശരീരം അതിൽ വിയർത്ത് കൊണ്ട് പങ്കാളികൾ ആകുന്നില്ല.
ആചാരം ഇപ്പോൾ ഒരു നീണ്ട അനുഭവമായി വരുന്നതല്ല; അത് ചില സെക്കൻഡുകളുടെ തീവ്ര ദൃശ്യ തുണ്ടുകളായി ആണ് വരുന്നത്. ആചാരം/കാഴ്ച/ഇടപെടൽ എന്നത് ഡിജിറ്റൽ ടൂളുകളുടെ മതിൽ/ടണൽ എന്നിവയിലൂടെ പ്രോസസ് ചെയ്യുന്നു. ക്യാമറ എന്ത് കാണിക്കണം എന്ന് തിരഞ്ഞെടുക്കുന്നു. എഡിറ്റർ അത് ചുരുക്കുന്നു. ആൽഗോരിതം അത് പ്രചരിപ്പിക്കുന്നു. അതേ സമയം നേരിട്ടുള്ള കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ പല കാഴ്ചകളും ഭരണിയിൽ രൂപപ്പെടുന്നു.
ഇത്തരം കാഴ്ചകളിൽ നിന്നാണ് ഒരു വലിയ മാറ്റം ആരംഭിക്കുന്നത്. ഭരണിയിലെ തെറികൾ ഇനി ഒരു ആചാരപരമായ ഞെട്ടൽ ആയി പ്രവർത്തിക്കുന്നില്ല. കാരണം പോൺ വീഡിയോകൾ, ഒബ്സീൻ വീഡിയോകൾ, ഒബ്സീൻ ഭാഷകൾ എന്നിവയോട് എക്സ്പോസ് ചെയ്ത ഡിജിറ്റൽ വിഷ്വൽ കൾച്ചറിലേക്കാണ് കൊടുങ്ങല്ലൂർ ഭരണിയുടെ വീഡിയോ വിഷ്വലുകൾ അവതരിപ്പിക്കപ്പെടുന്നത്. ഭരണി അനേകം കണ്ടന്റുകളിൽ ഒരു “കണ്ടന്റ്” ആയി മാറുന്നു. കാരണം ഈ പുതിയ കാഴ്ചക്കാർ ഇതിനകം തന്നെ മറ്റൊരു ലോകത്തിലൂടെ കടന്നുപോയ ആളുകളാണ്. പോൺ വീഡിയോകൾ, explicit visuals, മീം സംസ്കാരം, നിരന്തരമായ ഡിജിറ്റൽ എക്സ്പോഷർ—ഇവയിലൂടെ രൂപപ്പെട്ട ഒരു ദൃശ്യബോധമാണ് അവർക്കുള്ളത്.
അത്തരം ഒരു കാഴ്ചക്കാരന് ഭരണിയിലെ തെറി വലിയ ഷോക്കിംഗ് ആയിരിക്കില്ല. അതിലെ ലൈംഗികത ഒരു വലിയ സംഭവമാകില്ല. കാരണം അതിലും ശക്തമായ ദൃശ്യങ്ങളും ഭാഷകളും അവൻ ഇതിനകം തന്നെ കണ്ടിട്ടുണ്ടാകും. ഇത് ഭരണിയുടെ തീവ്രത കുറഞ്ഞതല്ല. ഇത് കാഴ്ചക്കാരന്റെ ഗ്രഹണശേഷി മാറിയതാണ്. ആവർത്തിച്ചുള്ള ദൃശ്യ എക്സ്പോഷർ മനുഷ്യനെ ഡീസെൻസിറ്റൈസ് ചെയ്യുന്നു. ഒരിക്കൽ നിരോധിതമായിരുന്നത് സാധാരണമാകുന്നു. ഞെട്ടൽ പരിചിതമാകുന്നു. അതിനാൽ ഭരണിയിലെ തെറി ഇനി ഒരു ഏകമായ വിച്ഛേദമല്ല; അത് പല തീവ്രതകളിൽ ഒന്നായി മാത്രം അനുഭവപ്പെടുന്നു.
അതോടൊപ്പം ഭരണിയിലെ തെറി ഇനി “ഫോക്ക് ഫൺ”, “ക്യൂരിയോസിറ്റി”, “റീലിൽ കാണാൻ പറ്റുന്ന ഒരു സാംസ്കാരികത” എന്നിങ്ങനെ വായിക്കപ്പെടുന്നു. അത് കൊണ്ട് ഡിജിറ്റൽ വിഷ്വൽ കാഴ്ചകളുടെ ലോകത്ത് കൊടുങ്ങല്ലൂർ ഭരണി, തെയ്യം, തിരയാട്ടം അങ്ങനെ പല തരം മാക്രോ കൾച്ചറൽ വിഷ്വലുകൾ അതിന്റെ കേളവികൾ പുതിയ പല ട്രാൻസ്ഫോർമേഷനുകളിലേക്കും മാറി അട്ടിമറിക്കപ്പെടുന്നുണ്ട്. കൊടുങ്ങല്ലൂർ ഭരണിയിലെ ആചാരങ്ങൾ/വൈബ്/ട്രാൻസ് എക്സ്പീരിയൻസ്/തെറികൾ എന്നിവ പരമ്പരാഗത സാംസ്കാരികത, ശൂന്യത, മോറൽ ഐഡിയാസ് എന്നിവയിലൂടെ വായിക്കുന്നതിനപ്പുറം ഡിജിറ്റൽ ടൂളുകൾ പുതിയ പലതരം മെറ്റാ നറേറ്റീവുകൾ സൃഷ്ടിക്കുന്നുണ്ട്.