വിയറ്റ്നാം മുതൽ ഇറാൻ വരെ: മൂർച്ചയുള്ള ചിത്രങ്ങൾ
ഏത് യുദ്ധവും സാധാരണ ജനങ്ങൾക്ക് ദുരിതമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും അത് നൽകുന്നത് കൊടും വേദനയാണ്; താങ്ങാനാവാത്ത പ്രയാസങ്ങളും. സിവിലിയന്മാരെ ലക്ഷ്യമിടുന്നത് യുദ്ധ നിയമങ്ങൾക്കെതിരാണെങ്കിലും മിക്ക യുദ്ധങ്ങളിലും സിവിലിയന്മാരാണ് കഷ്ടനഷ്ടങ്ങൾക്കിരയാവുക—കുട്ടികൾ പ്രത്യേകിച്ചും. യുദ്ധ ദുരന്തത്തിന്‍റെ പ്രതീകങ്ങളായി ധാരാളം കുട്ടികൾ വിവിധ കാലങ്ങളിൽ വാർത്തയിലെത്തിയിട്ടുണ്ട്. ഇത്തരം വാർത്താ ചിത്രങ്ങളുടെ ചില ഉദാഹരണങ്ങൾ നോക്കാം
വിയറ്റ്നാം മുതൽ ഇറാൻ വരെ: മൂർച്ചയുള്ള ചിത്രങ്ങൾ
ഏത് യുദ്ധവും സാധാരണ ജനങ്ങൾക്ക് ദുരിതമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും അത് നൽകുന്നത് കൊടും വേദനയാണ്; താങ്ങാനാവാത്ത പ്രയാസങ്ങളും. സിവിലിയന്മാരെ ലക്ഷ്യമിടുന്നത് യുദ്ധ നിയമങ്ങൾക്കെതിരാണെങ്കിലും മിക്ക യുദ്ധങ്ങളിലും സിവിലിയന്മാരാണ് കഷ്ടനഷ്ടങ്ങൾക്കിരയാവുക—കുട്ടികൾ പ്രത്യേകിച്ചും. യുദ്ധ ദുരന്തത്തിന്‍റെ പ്രതീകങ്ങളായി ധാരാളം കുട്ടികൾ വിവിധ കാലങ്ങളിൽ വാർത്തയിലെത്തിയിട്ടുണ്ട്. ഇത്തരം വാർത്താ ചിത്രങ്ങളുടെ ചില ഉദാഹരണങ്ങൾ നോക്കാം.
1972ൽ വിയറ്റ്നാം യുദ്ധരംഗത്ത് നിന്നെടുത്ത ലോകപ്രശസ്തമായ ചിത്രം. നാപാം ബോംബ് സൃഷ്ടിച്ച കൊടും ചൂടിൽ, ചർമത്തോട് ഒട്ടിപ്പിടിക്കുന്ന വസ്ത്രമുരിഞ്ഞ്, മറ്റു കുട്ടികളോടൊപ്പം പരിഭ്രാന്തിയോടെ ഓടുന്ന കിം ഫുക് എന്ന പെൺകുട്ടി.
ദക്ഷിണവിയറ്റ്നാം സേന ഉത്തരവിയറ്റ്നാമിലിട്ടതാണ് നാപാം ബോംബ്. അസോസിയേറ്റഡ് പ്രസിനു വേണ്ടി ഈ ഫോട്ടോ എടുത്തത് നിക് ഉട്ട് ആണെന്ന് കരുതപ്പെടുന്നു. നിരവധി പുരസ്കാരങ്ങൾ ഇത് നേടി. അതിലേറെ, അത് യുദ്ധവിരുദ്ധ വികാരം ജ്വലിപ്പിച്ചു. വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാൻ ഒരു കാരണം,, ഇതുണ്ടാക്കിയ ജനരോഷമായിരുന്നു.
കെവിൻ കാർട്ടർ എന്ന ഫോട്ടോജേണലിസ്റ്റ് എടുത്ത മറ്റൊരു പ്രശസ്ത ചിത്രമുണ്ട്. ഇത് ന്യൂയോർക് ടൈംസിന് പുലിറ്റ്സർ സമ്മാനം നേടിക്കൊടുത്തു. 1993ലെ ഈ ചിത്രം, സുഡാനിൽ വർഷങ്ങളായി തുടരുന്ന യുദ്ധമുണ്ടാക്കിയ പട്ടിണിയുടെ ദൃശ്യമാണ്. ഒരു കുട്ടി; ഇഴഞ്ഞ് നീങ്ങുന്ന പട്ടിണിക്കോലം. അവൻ മരിക്കുന്നതും കാത്ത് പിന്നിലൊരു കഴുകൻ ഇരിക്കുന്നു. ലോകമനസ്സാക്ഷിയെ ഈ ചിത്രം പിടിച്ചുലച്ചു.
ഇനിയൊരു ഫോട്ടോ 2015ലേതാണ്. യുദ്ധം അഭയാർഥികളാക്കിയ സിറിയൻ കുടുംബങ്ങൾ. രക്ഷിതാക്കളും കുഞ്ഞുങ്ങളും എന്നെന്നേക്കുമായി വേർപിരിഞ്ഞ് പല പല ബോട്ടുകളിലായി യൂറോപ്പ് ലക്ഷ്യമിട്ട് കടലിലലഞ്ഞു. കടലിൽ മറിഞ്ഞ ഒരു ബോട്ടിലെ ആലാൻ കുർദി എന്ന രണ്ടു വയസ്സുകാരന്‍റെ മൃതദേഹം തുർക്കിയ തീരത്തടിഞ്ഞു. ഫോട്ടോജേണലിസ്റ്റ് നിലൂഫർ ദമിർ എടുത്ത ഈ ചിത്രവും ലോകത്തെ നടുക്കി.
ഉള്ളു നോവിക്കുന്ന മറ്റൊരു ചിത്രം കൂടി സിറിയൻ അഭയാർത്ഥികളിൽ നിന്ന്. ഉമ്രാൻ ദഖ്‌നീശ് എന്ന അഞ്ചു വയസ്സുകാരൻ അഭയാർത്ഥി ജീവിതത്തിന്‍റെ ഒറ്റപ്പെടലും കഷ്ടപ്പാടും ധാരാളം അനുഭവിച്ചു. ബോംബ് തകർത്ത കെട്ടിടത്തിൽ നിന്ന് ആരൊക്കെയോ അവനെ ആംബുലൻസിലാക്കി. ഒന്ന് കരയുക പോലും ചെയ്യാതെ അഴുക്കുപുരണ്ട ദേഹവും ജട പിടിച്ച മുടിയുമായി ഒറ്റയ്ക്ക് അവൻ ആംബുലൻസിൽ ഇരിക്കുന്നു. മുതിർന്നവരുണ്ടാക്കുന്ന യുദ്ധം കുട്ടികളോട് ചെയ്യുന്നത് ഇതൊക്കെയാണ്.
ഗസ്സയിലെ വംശഹത്യ ലോകമാധ്യമങ്ങൾക്ക് ധാരാളം നോവിക്കുന്ന വാർത്ത ദൃശ്യങ്ങൾ നൽകിയിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത മൂർച്ചയുള്ള ചിത്രങ്ങൾ. കൂട്ടത്തിൽ ഒന്ന്, കഴിഞ്ഞ വർഷത്തെ വാർത്താചിത്ര പുരസ്കാരം നേടിയ ഫോട്ടോ ആണ്. രണ്ടുകൈയും നഷ്ടപ്പെട്ട ഒമ്പത് വയസ്സുകാരൻ മഹ്മൂദ് അജ്ജൂറിന്‍റെ പടം. 2023ൽ വീടുകൾക്ക് ഇസ്രായേൽ ബോംബിട്ടപ്പോൾ, വീട്ടുകാരെ രക്ഷപ്പെടുത്താൻ നടത്തിയ ശ്രമത്തിനിടയിലാണ് മഹ്മൂദിന് രണ്ട് കൈയും നഷ്ടപ്പെട്ടത്. പരിക്കു കാരണം കൈകൾ പൂർണമായി അറുത്തു മാറ്റേണ്ടിവന്നു. ഗസ്സയിലെ ഫോട്ടോജേണലിസ്റ്റ് സമർ അലൂഫ് പകർത്തിയ ഈ ചിത്രത്തിന് 2025ലെ പ്രസ് ഫോട്ടോ അവാർഡ് ലഭിച്ചു. ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ടതും ഏറ്റവും കൂടുതൽ കുട്ടികൾക്ക് അംഗഭംഗം വന്നതും ഗസ്സയിലെ ഇസ്രായേലി ആക്രമണങ്ങളിലാണ്. ഇപ്പോളിതാ ഇറാനിലും കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നു. സ്കൂളിൽ ബോംബിട്ട് ഭീകരതയുടെ പുതിയ രൂപങ്ങൾ പരീക്ഷിക്കുന്നു. തെക്കൻ ഇറാനിലെ മിനാബിൽ, ശജാറാ ത്വയ്യിബ ഗേൾസ് എലിമെന്‍ററി സ്കൂളിൽ അമേരിക്ക ബോംബിട്ടു. അവിടെ പഠിക്കുന്ന 175 കുട്ടികളും കുറെ അധ്യാപകരും കൊല്ലപ്പെട്ടു. ഗേൾസ് സ്കൂളിൽ ചെറു ക്ലാസുകളിൽ ഏതാനും ആൺകുട്ടികൾ ഉണ്ട്. അക്കൂട്ടത്തിലുള്ള മീകാഈൽ മിർദോറാഗിയുടെ ഫോട്ടോ ആണ് ഏറ്റവും പുതിയ ദുരന്ത ചിത്രം. മൂന്നാം ക്ലാസിലുള്ള അവൻ അന്ന് രാവിലെ ഉടുത്തൊരുങ്ങി ബാഗും വാട്ടർ ബോട്ടിലും എടുത്ത് ഇറങ്ങുമ്പോൾ ഉമ്മയോട് വിട ചോദിക്കുന്നതാണ് ചിത്രം. ഈ വാർത്താ ചിത്രങ്ങൾ ചരിത്രം കൂടിയാണ്. മനുഷ്യാധമന്മാർ കുട്ടികളോടുവരെ ചെയ്യുന്ന നിഷ്ഠൂരതയുടെ സാക്ഷ്യപത്രങ്ങൾ.
മിനാബ് സ്കൂളും അമേരിക്കൻ നുണകളും
മിനാബിലെ ഗേൾസ് സ്കൂളിൽ വീണ മിസൈലുകൾ ആര് തൊടുത്തതാണ്? ഇറാനെന്ന് ട്രംപ്.
എന്നുവെച്ചാൽ, ഇറാൻ സ്കൂളിലേക്ക് മിസൈലയച്ചത് ഇറാൻ തന്നെയാകാമെന്ന്. വാസ്തവമെന്താണ്? ടോമഹോക് നിർമ്മിക്കുന്നത് അമേരിക്കയിലാണ്. നാല് രാജ്യങ്ങൾ മാത്രമേ അത് വാങ്ങിയിട്ടുള്ളൂ. യു.കെ, നെതർലൻസ്, ജപ്പാൻ, ആസ്ട്രേലിയ. ഈ രാജ്യങ്ങളൊന്നും ഇറാനെതിരായ യുദ്ധത്തിലില്ല. ഇസ്രായേലിന്‍റെയോ ഇറാന്‍റെയോ പക്കലും ടോമഹോക് ഇല്ല.
ട്രംപ് വെറുതേ പറയുന്നു, മിസൈൽ വിട്ടത് ഇറാൻ തന്നെയാകുമെന്ന്. അപ്പോൾ റിപ്പോർട്ടർ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോട് അതേ ചോദ്യം ചോദിച്ചു. അദ്ദേഹം പറഞ്ഞു, “ഞങ്ങൾ അന്വേഷിക്കുന്നേ ഉള്ളൂ”. ട്രംപിന് ഈ മറുപടി രസിച്ചില്ലെങ്കിലോ എന്ന ഭയത്തിൽ ഇത്ര കൂടി: “സിവിലിയൻമാരെ കൊല്ലുന്ന ഏക രാജ്യം ഇറാനാണ്.”
ട്രംപ് ഇങ്ങനെ ശഠിച്ച് പറയുമ്പോൾ അതൊന്ന് പരിശോധിക്കണമെന്ന് കുറെ മാധ്യമങ്ങൾക്ക് തോന്നി. ബെലിങ് ക്യാറ്റ് എന്ന ഓൺലൈൻ ജേണലിസം ഗ്രൂപ്പ് ആദ്യമേ രംഗത്തിറങ്ങി. നെതർലൻസിലെ ഈ സ്ഥാപനം വസ്തുതാപരിശോധനയും അന്വേഷണ പഠനങ്ങളും ശാസ്ത്രീയമായി നടത്തുന്നവരാണ്. മിസൈൽ വിട്ടത് അമേരിക്ക തന്നെയാണ് എന്നായിരുന്നു അവരുടെ കണ്ടെത്തൽ.
അമേരിക്കൻ വലതുപക്ഷ ചാനലാണ് സി.എൻ.എൻ. അവരും വസ്തുതാപരിശോധന ചെയ്തു. അവരും തീർത്ത് പറഞ്ഞു, കുറ്റവാളി അമേരിക്ക തന്നെ. ഇറാനനുകൂലികളെന്ന് ഒട്ടും പറയാനാവാത്ത ബി.ബി.സിയുടെ ഫാക്ട് ചെക്ക് വിഭാഗമായ “ബി.ബി.സി വെരിഫൈ”യും അമേരിക്ക തന്നെ കുറ്റവാളിയെന്ന് സ്ഥിരീകരിച്ചു.
ഇറാഖിലും ഫലസ്തീനിലുമടക്കം അമേരിക്ക ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങളെ ന്യായീകരിച്ചു വന്ന ന്യൂയോർക് ടൈംസിന് പോലും ഇക്കുറി നേര് പറയാതിരിക്കാനാകുന്നില്ല. റോയിട്ടേഴ്സും ഹ്യൂമൻ റൈറ്റ്സ് വാച്ചുമെല്ലാം ഇതേ നിഗമനത്തിലാണ് എത്തിയത്: അമേരിക്ക തന്നെ കുറ്റവാളി.
അതേസമയം വൈറ്റ് ഹൗസ് വക്താവ് കാരലൈൻ ലെവിറ്റ് തീർത്ത് പറയുന്നു, “ഞങ്ങളല്ല ഇറാനാണ് സിവിലിയന്മാരെ കൊല്ലുന്ന”തെന്ന്. യുഎസ്-ഇസ്രായേലി പക്ഷക്കാരായ മാധ്യമങ്ങളടക്കം അമേരിക്കയ്ക്ക് നേരെ വിരൽചൂണ്ടുമ്പോഴാണിത്. ഒരുപക്ഷേ ആദ്യമായിട്ടാണ് സി.എൻ.എന്നും ബി.ബി.സിയും അമേരിക്കയെ യുദ്ധക്കുറ്റത്തിന്‍റെ പേരിൽ പഴിക്കുന്നത്. ഇത്രയും കാലം അവ യുദ്ധക്കുറ്റങ്ങളെയും വംശഹത്യയെയും ന്യായീകരിക്കുകയായിരുന്നു.
ഒടുവിൽ അമേരിക്കൻ സേനതന്നെ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് വന്നു. റിപ്പോർട്ട് ഒരു കുറ്റസമ്മതം തന്നെയാണ്. തങ്ങളുടെ സൈന്യമാണ് മിസൈൽ വിക്ഷേപിച്ചത് എന്ന് അവർ പറയുന്നു. ഇതിനൊരു കാരണമായി നിരീക്ഷകർ പറയുന്നത്, സ്കൂളിന്‍റെ കുറച്ച് ദൂരെയുള്ള ഇറാൻ നാവികസേനയുടെ താവളത്തിൽ സേവനമനുഷ്ഠിക്കുന്ന സൈനികരുടെ മക്കളാണ് സ്കൂളിൽ പഠിക്കുന്നത് എന്നതത്രേ. അപ്പോൾ തീർത്തും യുദ്ധക്കുറ്റം എന്ന് പറയാവുന്ന ഒന്നാണ് അമേരിക്ക ചെയ്തത് എന്ന് വ്യക്തം.
ഗസ്സയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ അമേരിക്കൻ മാധ്യമങ്ങൾ പോലും ശരിയായി അന്വേഷണം നടത്തുകയും സർക്കാറിന് വിരുദ്ധമായ കണ്ടെത്തൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇത് ഒരു നയം മാറ്റമായി കരുതാമോ?
യുദ്ധം എന്തിന് തുടങ്ങിയെന്നോ എങ്ങനെ തീർക്കണമെന്നോ അറിയാത്ത ട്രംപ്. പതുക്കെയാണെങ്കിലും വലതുമാധ്യമങ്ങളും കള്ളങ്ങൾ വിളിച്ചുപറയുകയാണ്. യുഎസ് മാധ്യമങ്ങളുടെ പോലും പിന്തുണ ട്രംപിന് നഷ്ടപ്പെടുകയാണ്.