‘ന്യൂയോർക്ക് ടൈംസ്’ ഇസ്രായേലി ലോബിയോ?

ട്രംപിനും നെതന്യാഹുവിനും “എപ്‌സ്റ്റീൻ ഫയൽസി”നെച്ചൊല്ലിയുള്ള ഉത്ക്കണ്ഠ ന്യൂയോർക്ക് ടൈംസിനെക്കൂടി ബാധിച്ചിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന പത്രത്തിന്‍റെ നിലപാട് വ്യക്തമാണല്ലോ: “ബാലപീഡകനും കൂട്ടരും ശിക്ഷ അർഹിക്കുന്നില്ല, ശിക്ഷിക്കപ്പെടേണ്ടത് സാമ്രാജ്യത്വത്തിന് വഴങ്ങാതിരിക്കുകയെന്ന കുറ്റം ചെയ്ത ഇറാൻ മാത്രം” എന്നതാണത്.

Update: 2026-03-04 11:19 GMT

യുദ്ധം വേണമെന്ന് ആരൊക്കെയോ തീരുമാനിക്കുന്നു. അതിന് എന്തെങ്കിലും കാരണങ്ങൾ കണ്ടുപിടിക്കുന്നു. മാധ്യമങ്ങൾ അനുസരണത്തോടെ എല്ലാം വാർത്തയാക്കി ലോകത്തെ വിശ്വസിപ്പിക്കുന്നു. അതോടെ യുദ്ധം തുടങ്ങാൻ സൗകര്യമായി. ഈ ദാസ്യവേല നന്നായി ചെയ്തിട്ടുള്ള ഒരു പത്രം ന്യൂയോർക്ക് ടൈംസ് ആണ്.

പതിറ്റാണ്ടുകളായി ആ പത്രത്തിന്‍റെ കോളമിസ്റ്റായ ബ്രെറ്റ് സ്റ്റീവൻസ് നിരന്തരം എഴുതിവരുന്നത് അത്തരം ലേഖനങ്ങളാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം അദ്ദേഹം എഴുതിയ കോളത്തിൽ, അമേരിക്ക ഇറാനെ ആക്രമിക്കാൻ വേണ്ട ന്യായവാദങ്ങൾ നിരത്തുകയായിരുന്നു. വെറുമൊരു വിശകലന ലേഖനം എന്നതിലുപരി, അതിനു വേണ്ടിയുള്ള സമ്മർദം തന്നെയാണ് അത്. യുദ്ധം വേണമെന്നത് ഇസ്രായേലിന്‍റെ മാത്രം താൽപര്യമാണ്. തങ്ങളുടെ യുദ്ധത്തിൽ അമേരിക്ക പങ്കാളിയാകണം എന്ന് ഇസ്രായേൽ താല്പര്യപ്പെടുമ്പോൾ അതിനു വേണ്ട ന്യായവാദങ്ങൾ നിരത്തുന്നു ഇസ്രായേലി പക്ഷപാതിയായ ഒരു യുദ്ധഭ്രാന്തൻ.

Advertising
Advertising

യുദ്ധത്തിനായി സമ്മർദ്ദം ചെലുത്താൻ ഇസ്രായേൽ കാര്യമായി ആശ്രയിക്കുന്നത് മാധ്യമങ്ങളെയാണ്. പാശ്ചാത്യ മാധ്യമങ്ങൾ ഫലത്തിൽ സയണിസ്റ്റ് ലോബിയായിട്ടാണ് പ്രവർത്തിക്കുന്നത്. യുദ്ധത്തിലേക്ക് സ്വന്തം രാജ്യത്തെ തള്ളി വിടാനാണ് അമേരിക്കയിലെ മാധ്യമങ്ങൾ അധ്വാനിക്കുന്നത്!

വാസ്തവത്തിൽ ആരാണ് സമാധാനത്തിന് ഭീഷണി? ഇറാനോ അതോ അമേരിക്കയും ഇസ്രായേലുമോ? ഇറാന് ആണവായുധങ്ങളില്ല. ആ രാജ്യം ഇതര രാജ്യങ്ങളെ കടന്നാക്രമിച്ചിട്ടില്ല. ഇസ്രായേലിനും അമേരിക്കക്കും ആണവായുധങ്ങളുണ്ട്. ആണവായുധം കൊണ്ട് ലക്ഷങ്ങളെ കൊല്ലുകയെന്ന ഭീകരകൃത്യം ലോക ചരിത്രത്തിൽ ചെയ്ത ഏക രാഷ്ട്രം അമേരിക്കയാണ്.

പക്ഷേ മാധ്യമങ്ങൾക്ക് ഇറാനാണ് ഭീകര രാഷ്ട്രം; അമേരിക്കയോ ഇസ്രായേലോ അല്ല. മുൻപ് ഇറാഖിനെതിരെ അമേരിക്ക കള്ള വാർത്തകൾ ഉണ്ടാക്കി. ഇന്ന് ഇറാനെതിരെ ഉണ്ടാക്കുന്നു.

“ഇറാൻബോംബി”നെപ്പറ്റിയുള്ള വ്യാജ വാർത്തകളുടെ ഉറവിടം ഇസ്രായേലാണ്. നെതന്യാഹു വർഷങ്ങളായി പറഞ്ഞു വരുന്നതാണ് മാധ്യമങ്ങൾ ഏറ്റുപാടിയത്.

അൽ ജസീറയും മറ്റും നെതന്യാഹുവിന്‍റെ വ്യാജന്യായവാദങ്ങൾ വിശദമായി പഠിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം മാധ്യമങ്ങളോടും, ഇസ്രായേലി പാർലമെന്‍റ് ആയ കനസെറ്റിനോടും, യുഎസ് പാർലമെന്‍റ് ആയ കോൺഗ്രസിനോടും, പുസ്തകത്തിലും, യോഗങ്ങളിലും, എല്ലാം മൂന്നു പതിറ്റാണ്ടായി ഒരേ കള്ളം ആവർത്തിക്കുകയാണ്.

ഇറാഖിനെ ഓർക്കുക. “കൂട്ട നശീകരണായുധം” അവർക്കുണ്ടെന്ന് ബുഷിനൊപ്പം നെതന്യാഹുവും പറഞ്ഞിരുന്നു; എല്ലാം തനി കള്ളമെന്ന് പിന്നീട് തെളിഞ്ഞു. ലക്ഷങ്ങളെ കൊന്നതിന് ആരും ശിക്ഷിക്കപ്പെട്ടില്ല. നുണ പറഞ്ഞ നേതാക്കളും മാധ്യമങ്ങളും ഇവിടെത്തന്നെയുണ്ട്, ആ കളി തുടരാൻ.

ന്യൂയോർക്ക് ടൈംസ് മാത്രമല്ല, പാശ്ചാത്യ മാധ്യമങ്ങൾ മിക്കതും കള്ളം എന്നറിഞ്ഞു തന്നെ കള്ളം പരത്തി. അവ ചെയ്യുന്നത് വാർത്തകളല്ല, പ്രോപഗാൻഡയാണ്.

ട്രംപിനും നെതന്യാഹുവിനും “എപ്‌സ്റ്റീൻ ഫയൽസി”നെച്ചൊല്ലിയുള്ള ഉത്ക്കണ്ഠ ന്യൂ യോർക്ക് ടൈംസിനെക്കൂടി ബാധിച്ചിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന പത്രത്തിന്‍റെ നിലപാട് വ്യക്തമാണല്ലോ: “ബാലപീഡകനും കൂട്ടരും ശിക്ഷ അർഹിക്കുന്നില്ല, ശിക്ഷിക്കപ്പെടേണ്ടത് സാമ്രാജ്യത്വത്തിന് വഴങ്ങാതിരിക്കുകയെന്ന കുറ്റം ചെയ്ത ഇറാൻ മാത്രം” എന്നതാണത്.

ഇന്ത്യയെ മോദി നാണംകെടുത്തി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനം മുൻകൂട്ടി തന്നെ ചില പത്രങ്ങൾ ആഘോഷിച്ചു തുടങ്ങിയിരുന്നു.

ഈ സന്ദർശനം ഇസ്രായേലിന് ലാഭം തന്നെ: ആയുധക്കച്ചവടമാണ് ഒന്ന്. ഇന്ത്യ എന്ന രാജ്യത്തെകൊണ്ട് സയണിസ്റ്റ് രാഷ്ട്രത്തെ പരസ്യമായി ആലിംഗനം ചെയ്യിക്കാൻ സാധിച്ചതും വലിയ ലാഭം തന്നെ. മറ്റൊന്ന്, സ്വന്തം ദുഷ്ചെയ്തികൾ കാരണം ലോകത്ത് ഒറ്റപ്പെട്ട ഇസ്രായേലിനും അറസ്റ്റ് വാറണ്ടുള്ള നെതന്യാഹുവിനും ഇന്ത്യയെപ്പോലൊരു രാജ്യത്തിന്‍റെ പരസ്യമായ ചങ്ങാത്തം കിട്ടുന്നു എന്നതാണ്.

ഇന്ത്യക്കിത് വലിയ പേരുദോഷവും പീഡിത സമൂഹങ്ങളുടെ ശാപവുമാണ് നേടിത്തരുന്നത്. അതേ സമയം മോദി വ്യക്തിപരമായ "ഫോട്ടോ ഓപ്" ആഘോഷങ്ങൾക്ക് സന്ദർശനം ഉപയോഗിച്ചു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഇന്ത്യയുടെ താൽപ്പര്യത്തിന് വിരുദ്ധമായി അതിന്‍റെ പ്രധാനമന്ത്രിയുടെ സ്വകാര്യ താല്പര്യങ്ങൾ മേൽക്കൈ നേടിയതാണ് ഈ സന്ദർശനത്തിൽ നടന്നത്.

ഇസ്രായേലി പാർലമെണ്ടായ കനസറ്റിൽ മോദി പ്രസംഗിച്ചു. അതിലദ്ദേഹം തന്‍റെ വേദന തുറന്നു പറഞ്ഞു. ഇസ്രായേൽ കൊന്ന ഒരു ലക്ഷത്തിലധികം ഗസ്സക്കാരെപ്പറ്റിയല്ല വേദന. ഹമാസാക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടായിരത്തിൽ താഴെ ഇസ്രായേലികളെപ്പറ്റി.

രാജ്യത്തിനും ജനങ്ങൾക്കും ഇങ്ങനെ മാനഹാനി ഉണ്ടാക്കിയ പ്രധാനമന്ത്രിക്ക്, പക്ഷേ, പതിവുപോലെ പുരസ്കാരം കിട്ടി. സ്പീക്കറുമായി ഇടഞ്ഞു നിൽക്കുന്ന പ്രതിപക്ഷം പ്രതിഷേധത്തിന്‍റെ ഭാഗമായി മോദിയുടെ പ്രസംഗം ബഹിഷ്കരിച്ചു. ഒഴിഞ്ഞ സീറ്റുകളിൽ മുൻ സഭാംഗങ്ങളെ നിറച്ചാണ് മോദിയുടെ പ്രസംഗം നടന്നത്.

മോദിക്ക് വ്യക്തിപരമായി വൻസ്വീകരണം ലഭിച്ചു. എന്നാൽ ഇന്ത്യക്കോ? ഇത് ലോകത്തിന് നൽകുന്ന സന്ദേശം എന്താണ്? ഇന്ത്യ ഫലസ്തീനെ കയ്യൊഴിയുന്നു എന്നുതന്നെ. ഇസ്രായേലുമായുള്ള ബന്ധം നമ്മുടെ വിദേശ നയത്തെ മാറ്റിപ്പണിയുന്നു.

വംശഹത്യ നടത്തുന്ന നെതന്യാഹുവിനെ, ലോക കോടതിയുടെ അറസ്റ്റ് വാറണ്ടുള്ള നെതന്യാഹുവിനെ പ്രീണിപ്പിക്കുന്നതിനോട് ഇന്ത്യയുടെ മനസ്സാക്ഷി യോജിക്കുമോ?

നഷ്ടമല്ലാതെ നേട്ടം ഒന്നും തന്നെ രാജ്യത്തിന് ഈ സന്ദർശനം ഉണ്ടാക്കിയില്ല. അന്തസ്സ് കെട്ടു; വംശഹത്യയോട് ചേർന്നുനിന്നു; ചരിത്രത്തിൽ ഈ നാണക്കേട് നമ്മെ പിന്തുണരും. ഇതിന്‍റെ നേട്ടം മോദിക്കുപുറമെ ആർക്കൊക്കെ എന്ന് പിന്നീട് അറിയുമായിരിക്കും.

അഴിമതി നീക്കം ചെയ്യാൻ എന്തെളുപ്പം!

അങ്ങനെ ജുഡീഷ്യറിയിൽ അഴിമതി ഇല്ലാതായി. കോടതിയുടെ ഇടപെടൽ ഫലം ചെയ്തു.

ജുഡീഷ്യറിയിലെ അഴിമതിയെപ്പറ്റിയുള്ള പാഠപുസ്തകത്തിലെ ഭാഗം സുപ്രീം കോടതിയെ അരിശം കൊള്ളിച്ചു. പുസ്തകം നിരോധിക്കാൻ കല്പിച്ചിരിക്കുന്നു കോടതി. സന്തോഷിക്കാം. അഴിമതി നീക്കം ചെയ്തിരിക്കുന്നു. ജുഡീഷ്യറിയിൽനിന്നല്ല, ടെക്സ്റ്റ് ബുക്കിൽ നിന്ന്.

അത്രയുമായല്ലോ. കുട്ടികളിൽ ജുഡീഷ്യറിയെപ്പറ്റി ചീത്ത ധാരണ ഉണ്ടായിക്കൂടാ. അതേസമയം സതീഷ് ആചാര്യയുടെ കാർട്ടൂൺ ഒരു കാര്യം ഓർമ്മിപ്പിക്കുന്നു: അഴിമതി ഇല്ലാതാക്കാനുള്ള ബാധ്യത ജുഡീഷ്യറിക്ക് ഉണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News