പ്രഭാതമഞ്ഞ് പടരുന്ന കൂർഗിന്റെ മലഞ്ചെരിവിൽ സൂര്യൻ പതുക്കെ ഉയരുന്നു. കാപ്പിത്തോട്ടങ്ങളുടെയും മണ്ണിന്റെയും മഴയുടെയും മണം കാറ്റിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. ഇവിടത്തെ പച്ചപ്പിനുള്ളിലെ ആഴങ്ങളിലേക്കുള്ള യാത്ര, ആ നാടിന്റെ അധികമാരും കേൾക്കാത്ത കഥയിലേക്ക് കൂടിയുള്ള യാത്രയായി. ഒരു ജനതയുടെ, ഒരു സമൂഹത്തിന്റെ, ഒരു പോരാട്ടത്തിന്റെ... കേരളത്തിൽ പോലും ഇനിയും പൂർണമായും നടപ്പിലാക്കാത്ത വനാവകാശ നിയമം ജേനു കുറുബർ എന്ന ആദിവാസി സമൂഹം പോരാടി നേടിയ ചരിത്രം, അതിൻ്റെ കൂടെ നിന്ന റോയ് ഡേവിഡ് എന്ന സാമൂഹ്യ പ്രവർത്തകൻ്റെ ജീവിതയാത്രയുടെ കഥ കൂടിയാവുന്നു.
കൂർഗ് പലർക്കും ഒരു വിനോദസഞ്ചാര സ്വപ്നമാണ്. പക്ഷേ ആ പച്ചപ്പിനടിയിൽ, ഒരുകാലത്ത് മനുഷ്യരായി പോലും കണക്കാക്കപ്പെടാതെ ജീവിച്ച കാടിൻ്റെ മക്കളുടെ ദീർഘകാലത്തെ അതിജീവനത്തിന്റെ കഥയുണ്ട്. അവകാശങ്ങളില്ലാത്ത ജീവിതത്തിൽ നിന്ന് സമരത്തിന്റെ പാതയിലേക്ക് അവർ നടന്നുകയറിയ കഥ. ജേനു കുറുബൻ ശിവപ്പയുടെ വാക്കുകളിലൂടെയാണ് ആ മനുഷ്യനെ കുറിച് കേട്ടറിഞ്ഞത്.
'ഞങ്ങൾ ജേനു കുറുബർ, കാടിന്റെ മക്കൾ. കാടിന്റെ ശബ്ദം കേട്ട് ജീവിക്കുന്നവർ. ഒരു കാലത്ത്, ഈ കാട് ഞങ്ങളെ സംരക്ഷിച്ചിരുന്നില്ല. ആളുകൾ ഞങ്ങളുടെ ഭൂമിയിൽ കയ്യേറ്റം ചെയ്യുകയും, സർക്കാർ കണ്ണടച്ച് നിൽക്കുകയും, ഞങ്ങളുടെ ജീവിതം അടിമകളെപ്പോലെ ദുരിതം നിറഞ്ഞതായിരുന്നു അപ്പോഴാണ് ഞങ്ങളിലേക്ക് ആ മനുഷ്യൻ വന്നത് - റോയ് ഡേവിഡ്'
പോരാട്ടത്തിന്റെ ആദ്യ പടി
1960-കളിൽ “ഭൂമി കർഷകന്” എന്ന മുദ്രാവാക്യം കർണാടകയുടെ ഗ്രാമങ്ങളിൽ ഉണർന്നപ്പോൾ, ദേവരാജ് ഉർസ് സർക്കാർ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി(ഭൂമി കർഷകന് നൽകാൻ ). അത് തലമുറകളായി കുടിയന്മാർക്ക് നിഷേധിക്കപ്പെട്ട അവകാശത്തിനുള്ള പ്രതീക്ഷയുടെ മുഴക്കം ആയിരുന്നു. ആ പോരാട്ടത്തിന് നേതൃത്വം നൽകിയ യുവാവായിരുന്നു റോയ് ഡേവിഡ്. അദ്ദേഹത്തിന്റെ കണ്ണുകളിൽ, ഭൂമിയില്ലാതെ ജീവിക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നൊരു നിശ്ചയം വളർന്നു.
കുടിയാന്മാർ പോരാടി അവകാശങ്ങൾ നേടിയെടുത്തു. ഈ പോരാട്ടത്തിന് കുടിയന്മാരെ സജ്ജമാക്കിയതിനെ തുടർന്ന് റോയ് ഡേവിഡിന് നേരിടേണ്ടി വന്ന കൊടിയ പീഡനത്തിൻ്റെ ചരിത്രം പറയുമ്പോൾ ശിവപ്പയുടെ കണ്ണുകളിൽ പോലും തീജ്വാലയായിരുന്നു. തങ്ങൾ അനുഭവിച്ചതിന്റെ വേദനകൾ വാക്കുകളിൽ നിറഞ്ഞ് നിന്നിരുന്നെങ്കിലും ഒരു ജനതയുടെ നീതിക്കായി പോരാടിയ, തങ്ങളെ സജ്ജരാക്കിയ റോയ് എന്ന ആ വലിയ മനുഷ്യനോടുള്ള സ്നേഹവും ആദരവും അതിന്റെ പാരമ്യതയിൽ തന്നെ പ്രകടമായിരുന്നു.
വെട്ടേറ്റ പാടുകളും, അക്രമകാരികളുടെ ക്രൂരതയുടെ ശേഷിപ്പുപോലെ വിരലുകൾ മുറിഞ്ഞ കൈ പത്തിയും റോയ് ഡേവിഡിൽ ഇന്നും അതുപോലെ മാറാതിരിപ്പുണ്ട്., മരിച്ചെന്ന് കരുതി ഒരു കാടിനരികിൽ ഉപേക്ഷിച്ച റോയ് ഡേവിഡ് പക്ഷേ തിരിച്ചെത്തിയത് ആദിവാസികളുടെ വനാവകാശ നിയമത്തിനായുള്ള പോരാട്ടത്തിലേക്കായിരുന്നു.
ധാരാവി: മനുഷ്യരുടെ ശബ്ദം കേൾക്കാനറിയുന്ന പാഠങ്ങൾ
ആ അനുഭവങ്ങൾക്കുശേഷം, കമ്യൂണിറ്റി ഓർഗനൈസേഷനിൽ ആറ് മാസത്തെ പരിശീലനത്തിനായി റോയ് ഡേവിഡ് മുംബൈയിലെ ധാരാവിയിലേക്ക് പോയി. ഇന്ത്യയിലെ ഏറ്റവും വലിയ ചേരിപ്രദേശങ്ങളിൽ ഒന്നിലേക്ക്. അവിടെ ജീവിതം മറ്റൊരു ഭാഷയിൽ സംസാരിച്ചു. അവകാശങ്ങൾ നഷ്ടപ്പെട്ട, മറച്ചുവെയ്ക്കപ്പെട്ട ജനതയുടെ വേദനയും ആഗ്രഹങ്ങളും.
അവിടെയുള്ള കാലയളവിൽ, ചേരി നിവാസികളുടെ പൊതു അവകാശങ്ങൾക്കായി അദ്ദേഹം വാദിക്കുകയും, പീപ്പിൾസ് റെസ്പോൺസിബിൾ ഓർഗനൈസേഷൻ ഓഫ് യുണൈറ്റഡ് ധാരാവിയുടെ (PROUD) ബാനറിന് കീഴിൽ അവരെ സംഘടിപ്പിക്കുകയും ചെയ്തു. PROUD എന്ന സംഘടനയുടെ ഭാഗമായുള്ള പ്രവർത്തനത്തിലൂടെ അദ്ദേഹം പഠിച്ചതാണ്, സമരം ഒരു പ്രദേശപരിധിയില്ലാത്തതാണെന്ന്, അടിച്ചമർത്തലിൻറെ രൂപങ്ങൾ മാറാമെങ്കിലും, വേദനയുടെ സ്വരം ഒന്ന് തന്നെയാണെന്ന്.
കുടകിലേക്ക് മടങ്ങിയത് ഒരു തിരിച്ചു വരവ് മാത്രമല്ല
റോയ് ഡേവിഡ് തിരിച്ചെത്തുമ്പോൾ, കൂർഗിൽ മറ്റൊരു കൊടുങ്കാറ്റ് വീശിക്കൊണ്ടികാണുകയായിരുന്നു. അന്നത്തെ സർക്കാർ കുശാൽനഗർ മുതൽ ഹാരംഗി വരെയുള്ള സുന്ദനഗർ ഇൻഡസ്ട്രിയൽ, കോറിഡോറിൻ്റെ പേരിൽ ആളുകളെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അതിനെതിരെയുള്ള പ്രവർത്തനങ്ങളിൽ റോയ് ഡേവിഡ് സജീവമായി മുന്നോട്ടുവന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ, 1981-ൽ കൂർഗ് ഓർഗനൈസേഷൻ ഫോർ റൂറൽ ഡെവലപ്‌മെൻ്റ് (CORD) എന്ന സംഘടന പിറന്നു.
CORD: ഉയർത്തിപ്പിടിച്ച കൈകൾ
1981-ൽ സ്ഥാപിതമായ CORD ജാതി, മതം, ലിംഗം, നിറം എന്നിവയുടെ അതിരുകൾ കടന്ന് സുസ്ഥിരമായ സാമൂഹിക മാറ്റത്തിനും മനുഷ്യശാക്തീകരണത്തിനും വേണ്ടി പ്രവർത്തിച്ച് വരുന്നു. സാമൂഹിക നീതിക്കും മനുഷ്യക്ഷേമത്തിനും വേണ്ടി ഒരുമിച്ചെത്തിയ പ്രതിജ്ഞാബദ്ധരായ വ്യക്തികളും സാമൂഹ്യവികസന മേഖലയിൽ പ്രാവീണ്യമുള്ള പ്രൊഫഷണലുകളും ചേർന്നാണ് ഈ സംഘടനക്ക് രൂപം നൽകിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി, CORD, പരീക്ഷണാത്മകവും അനുഭവപരവുമായ പദ്ധതികളിലൂടെ സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾക്ക് വിശ്വാസം, സാധ്യത, സ്വയംപര്യാപ്തത എന്നീ മൂല്യങ്ങൾ പകർന്നു കൊടുത്തു. വികസനത്തിനായുള്ള മൂല്യാധിഷ്ഠിത സമീപനവും ജനങ്ങളുടെ ക്ഷേമവും അവകാശങ്ങളും മുൻനിർത്തി ആലോചിക്കുന്ന സമീപനം കാരണം, ഇന്ന് CORD ദേശീയമായും അന്തർദേശീയമായും വിശ്വസനീയതയും പ്രശസ്തിയും നേടിയ ഒരു മുൻനിര സംഘടനയായി അറിയപ്പെടുന്നു. ജില്ലയിലെ ആദിവാസികളാണ് CORDന്റെ പ്രധാന ലക്ഷ്യ ഗ്രൂപ്പുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നത്. സാമൂഹികമായും ഭൂമിശാസ്ത്രപരമായും ഒറ്റപ്പെട്ടതും കുടിയിറക്കപ്പെട്ടതുമായ അവസ്ഥയിൽ ജീവിക്കുന്ന ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുകയും അവ നേടിയെടുക്കാൻ നേതൃത്വം നൽകുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
സോളിക സമുദായത്തിന്റെ നേതൃത്വത്തിലേക്ക്
CORD-ൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞ് പ്രദേശത്തെ ആദിവാസികൾ 1984-ൽ സഹായത്തിനായി അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. വിശപ്പടക്കാൻ മണ്ണ് തിന്നേണ്ട നിലയിലായിരുന്നു അവർ. വയറുകൾ വീർത്ത പുരുഷന്മാരും, നൂറു ശതമാനം ഗർഭഛിദ്രം സംഭവിച്ച സ്ത്രീകളും, മാസം തികയാതെയുള്ള ഗർഭധാരണം മൂലം മരിക്കുന്ന കുട്ടികളുമുള്ള, മനുഷ്യത്വരഹിതമായ ഒരു സമൂഹത്തിൻ്റെ ചിത്രമാണ് അവർ നൽകിയത്.,
വനവിഭവങ്ങൾക്ക് മേലുള്ള അവകാശം ആദിവാസികൾക്ക് ലഭ്യമാക്കുന്നതിലൂടെ മാത്രമേ ആദിവാസികളുടെ അവസ്ഥയിൽ മാറ്റമുണ്ടാവുകയുള്ളു എന്ന് തിരിച്ചറിഞ്ഞ CORD പിന്നീട് മണ്ണിലും വെള്ളത്തിലും വനവിഭവങ്ങളിലും ആദിവാസികളുടെ അവകാശങ്ങൾ ഉറപ്പിക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് ശക്തി പകർന്നു.. അതിനുശേഷം CORD, കർണാടകയിലെ എല്ലാ ആദിവാസി സമുദായങ്ങളെയും (ജെനു കുറുബ, ബെട്ട കുറുബ യെരവ, മലേകുടിയ, മറാഠി നായക്സ്, സോളിക, ഹസലാരു, സിദ്ധി, കുടുബി, ഹാലക്കി ഗൗഡരു, എരുളിയാഗ) ശാക്തീകരിക്കുന്നതിനായി ആദിവാസി സംഗമങ്ങൾക്ക് തുടക്കം കുറിച്ചു.2011 ൽ കുശാൽനഗറിൽ നടത്തിയ ആദിവാസി സംഗമം വനാവകാശ നിയമം നടപ്പിലാക്കുന്നതിലെ നിർണായക സമരകാഹളമായിരുന്നു.
ജെനു കുറുബ: സമുദായ അവകാശങ്ങളുടെ പോരാട്ടങ്ങൾ
റോയ് ഡേവിഡിനെ ഏറ്റവും ആഴത്തിൽ സ്പർശിച്ചത് ജെനു കുറുബരുടെ ജീവിതമാണ്. തേൻ ശേഖരിച്ചും വനവിഭവങ്ങൾ ശേഖരിച്ചും ജീവിച്ച, സ്വന്തമായ സാംസ്കാരിക സവിശേഷതകൾ പ്രകടമാവുന്ന നൃത്തങ്ങളിലൂടെ കാടിന്റെ സ്വരങ്ങൾ പങ്കിട്ട ജനത. അവരുടെ സാമുദായിക/സാംസ്കാരിക അവകാശങ്ങൾ തകർന്നുപോയിരുന്നെങ്കിലും അവകാശങ്ങൾക്കായി പോരാടാനുള്ള തീവ്രത അവരിലുണ്ടായിരുന്നു. വനാവകാശങ്ങൾ തിരിച്ചുപിടിക്കാൻ CORD നൽകിയ കരുത്ത് ആദിവാസി രാഷ്ട്രീയത്തിൽ കുടകിൽ പുതിയ അധ്യായം എഴുതി ചേർത്തു. ജേനു കുറുബ സമുദായത്തിൻ്റെ ഭൂ അവകാശത്തിലും തൊഴിൽ ഉറപ്പാക്കുന്നതിലും ഈ സമരങ്ങൾ നിർണായകമായി.
ദേശീയതലത്തിലേക്ക് ഉയർന്ന യാത്ര
കാലം കടന്നുപോയപ്പോൾ, റോയ് ഡേവിഡിന്റെയും CORD ന്റെയും പ്രവൃത്തികൾ കൂർഗിന്റെയും കർണാടകയുടെയും അതിർത്തികൾ കടന്നു. പന്ത്രണ്ടോളം സംസ്ഥാനങ്ങളിലെ സംഘടനകളെ ഒന്നിപ്പിച്ച നെറ്റ്‌വർക്ക് NAA— National Adivasi Alliance— പിന്നീട് വനാവകാശ നിയമം (Forest Rights Act, 2006) പാസാക്കാൻ നിർണായക പങ്കുവഹിച്ചു.
കർണ്ണാടകയുടെ തെക്കൻ ഭാഗങ്ങളിൽ തലമുറകളായി വനവിഭവങ്ങൾ ശേഖരിച്ച് ജീവിത മാർഗം കണ്ടെത്തിയിരുന്ന ജേനു കുറുബരുടെ ജീവിതത്തെ മാറ്റിമറിച്ചത് 1999 ൽ നാഗർ ഹോള നാഷണൽ പാർക്ക് ടൈഗർ റിസർവ്വ് ആയി പ്രഖ്യാപിച്ചതായിരുന്നു. നൂറു കണക്കിനാളുകൾ തങ്ങളുടെ ആവാസവ്യവസ്ഥയിൽ നിന്ന് കുടിയിറക്കപ്പെട്ടു. തലമുറകളുടെ സ്മൃതി ഇരമ്പുന്ന മണ്ണിൽ നിന്ന് കാട് സംരക്ഷിക്കാനെന്ന പേരിൽ വനത്തിൻ്റെ സ്വാഭാവിക സംരക്ഷകരായ ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ റോയ് ഡേവിഡിൻ്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ഉയർന്നു. വന്യമൃഗങ്ങളുമായി സ്വാഭാവികമായ അടുപ്പവും അകലവും പാലിക്കാൻ ശീലിച്ചിരുന്ന ജേനു കുറുബരെ കോളോണിയൽ സംരക്ഷണ മനോഭാവത്തിൽ വനമേഖലയിൽ നിന്ന് അകറ്റി നിർത്തുന്നത് ആദിവാസികളുടെ സ്വയംനിർണയാവകാശങ്ങൾക്കും ആവാസവ്യസ്ഥക്കും മേലുള്ള കൈയ്യേറ്റമാണെന്നായിരുന്നു റോയ് ഡേവിഡ് വാദിച്ചത്. ജേനു കുറുബരുടെ പ്രതിഷേധങ്ങളോട് ഐക്യദാർഢ്യപ്പെട്ട് നടത്തിയ പോരാട്ടങ്ങൾക്കൊടുവിൽ ഭാഗികമായെങ്കിലും വനാവകാശ നിയമം നടപ്പിലാക്കുന്നതിനും കുടിയൊഴിപ്പിക്കപെട്ടവർക്ക് അവകാശങ്ങൾ ഉറപ്പിക്കാനും സാധിച്ചു.
വനാവകാശ നിയമം പൂർണ്ണമായും നടപ്പാക്കാനുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ CORD ഉം NAAയും ഇന്നും നിലകൊള്ളുന്നു.
ഒരു ജീവിതത്തിന്റെ അർഥം,
റോയ് ഡേവിഡിന്റെ കഥയിൽ ധീരതയുണ്ട്. പക്ഷേ, അതിനപ്പുറം ' ഒരു ലാളിത്യവുമുണ്ട്. മണ്ണിന്റെ ഗന്ധം കേൾക്കുന്ന, കാടിൻ്റെ ശബ്ദം മനസ്സിലാക്കുന്ന, അവകാശ പോരാട്ടങ്ങൾക്കൊപ്പം നടന്ന ഒരു മനുഷ്യന്റെ കഥ.
'റോയ് ഡേവിഡിന്റെ, കഥ നിങ്ങൾക്ക് ചരിത്രമാണെങ്കിൽ, ഞങ്ങൾക്ക് അത് ജീവിതമാണ്. ഒരു മനുഷ്യന്റെ വരവ് ഞങ്ങളുടെ കുട്ടികളുടെ ഭാവി മാറ്റിയ കഥയാണ്.' ഞങ്ങൾ ജെനു കുറുബരുടെ അവകാശസമരങ്ങളുടെ ഓരോ പാതയിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിശ്ചയ ദാർഢ്യവുമുണ്. കുടകിലെ ദൊ ബാര എലിഫെൻറ് ക്യാമ്പിലെ ഗാർഡായി ഈ സമരങ്ങൾക്ക് ശേഷം നിയമിതനായ ശിവപ്പയുടെ വാക്കുകളിൽ സമരത്തിൻ്റെ ചരിത്രവും റോയ് ഡേവിഡ് എന്ന സാമൂഹിക പ്രവർത്തകൻ്റെ ജീവിതയാത്രയും ഇടകലർന്ന് ഒന്നായി ഒഴുകുന്നു.