ഇറാൻ: പ്രചാരണങ്ങൾ ഫലിക്കുന്നില്ല

രഹസ്യാന്വേഷണ മികവും ആസൂത്രണ കൃത്യതയൊന്നും ഖാംനഈ വധത്തിൽ അവകാശപ്പെടാനില്ല

Update: 2026-03-11 03:22 GMT

പൊതുസമ്മതി നിർമ്മിക്കാൻ ആറ് വഴികൾ

ന്യൂയോർക്ക് ടൈംസ് പത്രം ഇസ്രായേലിന് വേണ്ടി പ്രചാരണം നടത്തുന്നതിനെപ്പറ്റി മുമ്പ് പറഞ്ഞു. ടൈംസ് മാത്രമല്ല ഇങ്ങനെ സജീവ പ്രചാരണ രംഗത്തുള്ളത്. ഇപ്പോൾ ഇറാൻ യുദ്ധത്തിൽ ഈ മാധ്യമ ലോബികൾ വീറോടെ രംഗത്തുണ്ട്.

ജനസമ്മതി നിർമ്മിച്ചെടുക്കൽ ഇന്ന് യുദ്ധത്തിന്‍റെ ഭാഗമാണ്. ഭരണകൂടങ്ങൾക്കും വരേണ്യർക്കും വേണ്ടി ജനസമ്മതി നിർമ്മിക്കുന്ന മാധ്യമ രീതിയെപ്പറ്റി ഹെർമനും ചോംസ്കിയും എഴുതിയ പൊതുസമ്മതി നിർമാണം (Manufacturing Consent) എന്ന ഗ്രന്ഥത്തിൽ (1988) വിവരിച്ചതാണല്ലോ. 36 വർഷങ്ങൾക്കിപ്പുറം ജനസമ്മതി നിർമ്മിക്കുന്നതിന്‍റെ രീതികൾ കൂടുതൽ സൂക്ഷ്മവും കൃത്യവും ആയിട്ടുണ്ട്.

Advertising
Advertising

അമേരിക്കൻ "പെരുമാറ്റശാസ്ത്ര വിദഗ്ധ"നായ behavioural scientist) തോമസ് കരാട്ട്, ഇസ്രായേൽ-യുഎസ് പക്ഷത്തിനു വേണ്ടി മാധ്യമങ്ങൾ പിന്തുടരുന്ന ആറ് പ്രചാരണ തന്ത്രങ്ങളെപ്പറ്റി പറയുന്നുണ്ട്. തീർത്തും അന്യായമായ യുദ്ധത്തെ നമ്മളറിയാതെ നമ്മുടെ മനസ്സുകളിൽ സ്വീകാര്യമാക്കാൻ സഹായിക്കുന്ന ആറ് രീതികൾ.

ഇവയിൽ ആദ്യത്തേതിനെ അദ്ദേഹം “ടെമ്പറൽ അർജൻസി” (temporal urgency) എന്ന് വിളിക്കുന്നു. കൃത്രിമമായ സമയപരിധി വെച്ച് തിടുക്കമുണ്ടാക്കൽ. ചിന്തിക്കാൻ നമുക്ക് അവസരം കിട്ടാത്ത തരത്തിൽ, ഉടനെയുള്ള ഒരു സമയപരിധി നിശ്ചയിക്കുക. ആലോചിക്കാൻ സാവകാശമില്ലാതാക്കി, ചിന്തയെ മരവിപ്പിക്കുക. ഇറാന് “രണ്ടാഴ്ച സമയ”മുണ്ടെന്ന് ട്രംപ് തിടുക്കം കൂട്ടും. ന്യായം നോക്കാൻ നമുക്കപ്പോൾ സമയം കിട്ടില്ല. ഒത്തുതീർപ്പ് ചർച്ചകൾ നടന്നു കൊണ്ടിരിക്കെ, പെട്ടെന്ന് അമേരിക്ക ബോംബ് ഇടുന്നു. എന്തിനിപ്പോൾ യുദ്ധം എന്ന ചോദ്യം ഒഴിവാക്കാനാണ് സമയപരിധി വെച്ച് തിടുക്കം കൂട്ടിയത്. പരിഭ്രമത്തിലായിരിക്കെ ആരും ചോദ്യം ചോദിക്കാൻ നിൽക്കില്ല.

രണ്ടാമത്തെ തന്ത്രം: "ഹിസ്റ്റോറിക്കൽ ലോഡിങ്" (historical loading). ചരിത്രത്തിന്‍റെ വിഴുപ്പ്. പണ്ട് നിർമ്മിച്ചു വെച്ച മുൻവിധികൾ എടുത്ത് ഉപയോഗിക്കൽ. വംശീയമുദ്ര പേറുന്ന കുറെ പദങ്ങളും ശൈലികളും വാർത്തയുടെ ഭാഗമാക്കുന്നതോടെ വായനക്കാരുടെ/ പ്രേക്ഷകന്‍റെ മനസ്സിൽ മുൻവിധികൾ പ്രവർത്തിക്കും. പതിവായി ഇറാനെപ്പറ്റി ഉപയോഗിക്കുന്ന “തീവ്രവാദി”, “ഭീകരം” തുടങ്ങിയ വാക്കുകൾ അനുഭവവുമായല്ല മുൻവിധിയുമായാണ് ബന്ധപ്പെട്ടുനിൽക്കുന്നത്.

ഇറാൻ സർക്കാറിനെ "റെജീം" (regime) എന്ന് വിശേഷിപ്പിക്കുന്നത് ഉദാഹരണം. ജനാധിപത്യമില്ലാത്ത ഭരണവ്യവസ്ഥയെയാണ് അത് സൂചിപ്പിക്കുന്നത്. "റെജീമു"മായി ചർച്ച വേണ്ട. അതിനെ മറിച്ചിടുകയാണ് വേണ്ടത് എന്ന് പറയാതെതന്നെ ധ്വനിപ്പിക്കാൻ ആ ഒരു വാക്ക് പ്രയോഗിച്ചാൽ മതി.

മൂന്നാമത്തെ തന്ത്രത്തിന് തോമസ് കരാട്ട് നൽകുന്ന പേര്, “ഏജൻസി ഫ്രെയിമിംഗ്” (agency framing) എന്നാണ്. ആര് ചെയ്തു, ആരോട് ചെയ്തു എന്ന്, യാഥാർഥ്യത്തിൽ നിന്ന് ഭിന്നമായി, സ്വന്തമായി പറഞ്ഞുണ്ടാക്കുക. അക്രമിയെ ആക്രമിക്കപ്പെടുന്നവനായും, ഇരയെ അക്രമിയായും, നേർ വിപരീതമാക്കി തിരിച്ചിടുന്ന ഭാഷാ സൂത്രം.

സത്യത്തിൽ യുഎസ്-ഇസ്രായേൽ പക്ഷമാണ് അക്രമികൾ. ഇറാൻ ഇരയും. പക്ഷേ പദപ്രയോഗം വഴി ഇറാനെ അക്രമിയാക്കുന്നു. ഇറാൻ മിസൈൽ "വിടുന്നു" (launches) ഇസ്രായേൽ തിരിച്ചു "പ്രതിരോധി"ക്കുന്നു. അക്രമവുമായി ബന്ധപ്പെട്ട ക്രിയാപദങ്ങൾ ഇറാന് സംവരണം ചെയ്യും. പ്രതിരോധവുമായി ബന്ധപ്പെട്ടവ യുഎസ്-ഇസ്രായേലിനും

വാർത്താ അവതരണ തന്ത്രങ്ങളിൽ നാലാമത്തേത്, “ജസ്റ്റിഫിക്കേഷന്‍ മൾട്ടിപ്ലിക്കേഷൻ” (justification multiplication) ആണ്. ന്യായപ്പെരുക്കം. പലപല ന്യായീകരണങ്ങൾ അവതരിപ്പിക്കേണ്ടി വരുന്നത്, ഒരൊറ്റ ന്യായവും സത്യമല്ലാത്തതുകൊണ്ടാണ്. ആദ്യം പറഞ്ഞു ഇറാന്‍റെ ആണവ പദ്ധതിയാണ് കുഴപ്പമെന്ന്. പിന്നെ ബാലിസ്റ്റിക് മിസൈലാണ് പ്രശ്നം എന്നായി. പിന്നെ ഇറാനിൽ പ്രതിഷേധകരെ അടിച്ചമർത്തുന്നതായി വിഷയം. അമേരിക്കക്ക് ഭീഷണി, യൂറോപ്പിന് ഭീഷണി എന്നിങ്ങനെ പോയി മറ്റു ന്യായങ്ങൾ. ആക്രമിക്കാനുള്ള തീരുമാനം ആദ്യമേ എടുത്തു, പിന്നീടാണ് ന്യായങ്ങൾ കണ്ടുപിടിക്കുന്നത് എന്നർത്ഥം.

അഞ്ചാമത്തെ തന്ത്രം, വാർത്താ അവതരണത്തിലെ ഏകോപനമാണ് (synchronised coordination). ആക്രമണം തുടങ്ങിക്കഴിഞ്ഞതോടെ ഒരുപാട് പേർ—ട്രമ്പ്, സ്പീക്കർ, പെന്‍റഗൺ വക്താവ്, പാർലമെന്‍റ് അംഗങ്ങൾ തുടങ്ങി എല്ലാവരും—ഒരേ ഭാഷയിലാണ് സംസാരിച്ചത്. ഇത്രയും ആളുകൾ ആവർത്തിക്കുമ്പോൾ അതിൽ എന്തോ സത്യമുണ്ടെന്ന് കേൾക്കുന്നവർക്ക് തോന്നും. സത്യത്തിൽ അത് മുൻ‌കൂർ തയാറിപ്പാണ്.

ഇനി, ആറാമത്തെ തന്ത്രം: ചില കാര്യങ്ങൾ വാർത്തയിൽ നിന്ന് ഒഴിവാക്കുക എന്ന തന്ത്രം. “സ്‌ട്രറ്റീജിക് ഒമിഷൻ” (strategic omission). പറഞ്ഞതിലേറെ പ്രധാനമാവും പറയാതെ ഒഴിവാക്കിയത്. ഇറാന് ആണവ പദ്ധതി ഇല്ലെന്ന് യുഎസ് രഹസ്യാന്വേഷകരും അന്താരാഷ്ട്ര ആണവ ഏജൻസിയും ആവർത്തിച്ചു പറഞ്ഞ കാര്യം ഒഴിവാക്കുന്നു; ഒത്തുതീർപ്പ് ചർച്ചകൾക്കിടയിലാണ് ആക്രമണമെന്ന വിവരം ഒഴിവാക്കുന്നു.

വാർത്ത കാണുകയും വായിക്കുകയും ചെയ്യുന്ന മഹാഭൂരിപക്ഷം, വാർത്തകൾക്ക് പിന്നിലെ ആസൂത്രണം തിരിച്ചറിയാതെ എല്ലാം വിശ്വസിക്കുന്നു. നമ്മുടെ തലച്ചോറിനെ കീഴ്പെടുത്തി, അതിൽ അവരുടെ ചിന്ത നട്ടു പിടിപ്പിക്കാനുള്ള തന്ത്രങ്ങളാണ് മാധ്യമ ഭാഷയിലൂടെ പയറ്റി കൊണ്ടിരിക്കുന്നത്.

യുദ്ധം ഉണ്ടാക്കിയ വിഡ്ഡികളും അതിന് ന്യായം ചമക്കുന്ന വിധേയമാധ്യമങ്ങളും നമ്മുടെ ജീവിതത്തെ, നമ്മുടെ ജീവനെ, തൊട്ടാണ് കളിക്കുന്നത്. ചതിയും തെമ്മാടിത്തവും അലങ്കാരമാക്കിയവർ. രണ്ട് കൂട്ടരേയും തിരിച്ചറിയാൻ ഇനി വൈകരുത്.

Watch Video

Full View


ഇറാൻ: പ്രചാരണങ്ങൾ ഫലിക്കുന്നില്ല

തോന്നിയത് തോന്നിയപോലെ ചെയ്യുക, അതിന് വ്യാജ ന്യായീകരണം പിന്നാലെ ഇറക്കുക—മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇസ്രായേൽ-യുഎസ് സാമ്രാജ്യത്വം ചെയ്യുന്ന നെറികേടിനെപറ്റിയാണ് പറഞ്ഞു വന്നത്. രണ്ട് സംഭവങ്ങൾ കൂടി പറയേണ്ടതുണ്ട്: ഖാംനഈ വധവും സ്കൂൾ കൂട്ടക്കൊലയും.

അലി ഖാംനഈയെ ഇസ്രായേൽ വധിച്ചത് ഇറാനെ കൂടുതൽ കരുതരാക്കി എന്നാണ് പൊതു വിലയിരുത്തൽ. അതേസമയം അതിനെ തങ്ങളുടെ കഴിവിന്‍റെയും സാമർഥ്യത്തിന്‍റെയും തെളി വായാണ് ഇസ്രായേൽ-യു.എസ് പക്ഷം അവതരിപ്പിക്കുന്നത്. വധത്തിനു പിന്നിലെ ആസൂത്രണത്തിന്‍റെ കൃത്യത വാർത്തകളിൽ വരുന്നത് അങ്ങനെയാണ്. പ്രോപ്പഗാൻഡ യുദ്ധത്തിൽ, മനശാസ്ത്ര യുദ്ധത്തിൽ, ഇത് മുതലെടുക്കാനായി വന്നു, ഇസ്രായേലിനു സ്തുതി പാടുന്ന ആഖ്യാനം. “വിസ്മയകരമായ കൃത്യത”യോടെയാണത്രേ ഇസ്രായേൽ ഈ കൃത്യം ചെയ്തത്.

ടെക്നോളജിയുടെ മികവിലും ചാരപ്പണിയിലും ഇസ്രായേലിന് മുൻനിരയിൽ തന്നെയാണ് സ്ഥാനം. പക്ഷേ ഖാംനഈയെ വധിച്ചതിലെ കൃത്യതയുടെ ക്രെഡിറ്റ് മാധ്യമങ്ങൾ ഇസ്രായേലിന്‍റെ പ്ലാനിങ്ങിന് കൊടുത്തത് ശരിയോ?

വാസ്തവം അതല്ലെന്ന് ഇറാനിൽ നിന്നുള്ള വാർത്തകൾ പറയുന്നു. ഏത് സമയവും യുഎസ്-ഇസ്രായേൽ ആക്രമണം വരാമെന്നും താൻ കൊല്ലപ്പെടാം എന്നും ഖാംനഈ പ്രതീക്ഷിച്ചിരുന്നു. എല്ലാദിവസവും അദ്ദേഹം ഓഫീസിൽ എത്തും. സുരക്ഷാ ഉദ്യോഗസ്ഥർ മാറാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ഇറാനിലെ 9 കോടി ജനങ്ങൾക്കും ഇതേ സുരക്ഷ കിട്ടുമോ? എങ്കിൽ ഞാൻ മാറാം എന്ന്. ഒരു രഹസ്യാന്വേഷണ മികവും ഒരു ആസൂത്രണ കൃത്യതയും ഖാംനഈ വധത്തിൽ അവകാശപ്പെടാനില്ല എന്നർത്ഥം.

ഇതേപോലെ, ഗേൾസ് എലമെന്‍ററി സ്കൂളിൽ ബോംബിട്ട് 190 ഓളം കുട്ടികളെയും അധ്യാപകരെയും കൂട്ടക്കൊല ചെയ്ത സംഭവത്തിൽ മുഖം രക്ഷിക്കാൻ മാധ്യമങ്ങളിലൂടെ നടത്തിയ ശ്രമവും പാളി. സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം തുടങ്ങി: സ്കൂളിന് ബോംബിട്ടത് പുറത്തുനിന്നല്ലെന്ന്. ഇറാന്‍റെ തന്നെ മിസൈൽ ലക്ഷ്യം തെറ്റി വീണതാണെന്ന്. എന്നാൽ വൈകാതെ ആ കള്ളം പൊളിഞ്ഞു.

ഉപഗ്രഹ ചിത്രങ്ങളും മറ്റു രേഖകളും വിശകലനം ചെയ്തു അൽ ജസീറ നടത്തിയ ശാസ്ത്രീയ പഠനം കുറെക്കൂടി ഗൗരവമുള്ള കണ്ടെത്തലിലാണ് അവസാനിച്ചത്.

പത്തു വർഷത്തെ ഉപഗ്രഹ ചിത്രങ്ങളും ഇപ്പോഴത്തെ വീഡിയോ ദൃശ്യങ്ങളും വാർത്തകളും ഔദ്യോഗിക പ്രസ്താവനകളും എല്ലാം ചേർത്തായിരുന്നു അന്വേഷണം. യു.എസ് സൈന്യം മനപ്പൂർവം സ്‌കൂളിനുനേരെ മിസൈൽ വിട്ടു എന്നാണ് ഇതിൽ നിന്ന് അൽ ജസീറ എത്തിച്ചേർന്ന നിഗമനം.

പ്രചാരണം ആയുധമാകുമ്പോൾ വസ്തുതാന്വേഷണം ചെറുത്തുനിൽപ്പാകും. ഖാംനഈ വധത്തിലും സ്കൂൾ ബോംബിങ്ങിലും യുഎസ്-ഇസ്രായേലി പ്രചാരണങ്ങൾ പൊളിഞ്ഞിരിക്കുന്നു.

Watch Video

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News