'ഒരിടത്ത്' സിനിമയും കേരള വികസനങ്ങളുടെ അധികാരങ്ങളും

ഒരിടത്ത് എന്ന സിനിമയിലെ ഗ്രാമം,ദേശം,അധികാരം,വികസനം തുടങ്ങിയ പല കാര്യങ്ങളും കേരളീയ സമൂഹവുമായി ബന്ധപ്പെടുത്തി പല വിധ സാധ്യതകളുള്ള വായനയ്ക്ക് വിധേയമാക്കാവുന്നതാണ്

Update: 2026-03-08 11:07 GMT

എന്റെ ഓർമ്മയിൽ 1998ലോ മറ്റോ ആണ് ലാൻഡ് ഫോൺ ഞങ്ങളുടെ വീട്ടിൽ വരുന്നത്. കൃത്യമായ ഓർമ ഇല്ല. പക്ഷെ ഒരു കാര്യം ഓർമ്മ ഉണ്ട്. ഞങ്ങൾ ടെലിഫോണിന് അപേക്ഷ കൊടുത്ത് കുറെ കാലം അതിനു വേണ്ടി കാത്തിരിക്കേണ്ടി വന്നു. അതിന്റെ ഒരു കാരണം ഭൂമി ശാസ്ത്രപരമായ ഒരു വ്യത്യാസം ആയിരുന്നു.

മെയിൻ റോഡിൽ ഒക്കെ ഫോൺ വന്നതിനു ശേഷം ആണ് ഉൾനാട്ടിലെ ഒരു കോളനിയിലേക്ക് ഒരു ടെലിഫോൺ ലൈൻ വലിക്കപ്പെടുന്നത്. ആ സമയത്ത് ഞങ്ങളുടെ ജീവിത നിലവാരം ഉയർന്നുവെങ്കിലും കോളനി എന്നത് വേറെ ഒരു ജ്യോഗ്രഫി ആയതു കൊണ്ട് ഞങ്ങൾക്ക് ടെലിഫോൺ കിട്ടിയില്ല. അതേ സമയം റോഡ് സൈഡിൽ ജീവിച്ച ഉയർന്ന ജാതിയിൽ പെട്ടവർക്ക് ടെലിഫോൺ ലഭിക്കുകയും ചെയ്തു. ഇതാണ് വികസനവും ജ്യോഗ്രഫിയും ജാതിയും തമ്മിലുള്ള കേരളം മോഡലിലെ ഒരു കോ റിലേഷൻ.

Advertising
Advertising

ഈ ടെലിഫോൺ ലൈൻ കോളനികളിലേക്ക് വൈകി എത്തുന്നതിന്റെ സാമൂഹിക ശാസ്ത്രം ഒരിക്കലും കേരളം പരിശോധിക്കില്ല. “നിങ്ങൾക്ക് ഞങ്ങൾ കാരണം റോഡ് കിട്ടിയില്ലേ?” എന്നതിന് പകരം “എപ്പോൾ കിട്ടി?” എന്ന് കോളനിയിൽ ജീവിക്കുന്നവർ ചോദിച്ചാൽ അവിടെ വെളിവാകും ഇവരുടെ വികസന സങ്കല്പങ്ങളിലെ ജനാധിപത്യ വിരുദ്ധത. അതേസമയം ഒരു ഷോ റൂമിൽ പോയി ഒരു ബൈക്ക് വാങ്ങാനുള്ള സാമൂഹികതയിലേക്ക് ഞങ്ങൾ വളർന്നത് കൊണ്ട് തന്നെ ആ ഗ്രാമത്തിലെ നായന്മാരുടെ വീടുകളിൽ ബൈക്ക് വാങ്ങുന്നതിനു മുമ്പേ ഞങ്ങളുടെ പതിനെട്ടാമത്തെ വയസ്സിൽ ഞങ്ങൾ യമഹ ആർ എക്സ് 100 ബൈക്ക് ഒക്കെ ഓടിച്ച് ഷൈൻ ചെയ്തു ജീവിതം ആഘോഷിച്ചിരുന്നു.

ഒരിടത്ത് എന്ന ജി അരവിന്ദന്റെ സിനിമ പ്രദിപാദിക്കുന്നതും ഒരു വൈദ്യുതി എന്ന മോഡേണിറ്റി വികസനത്തിന്റെ ഒരു ഒരു കടന്നുവരവാണ്. 1950കളില്‍ കേരളീയ ഇടങ്ങളിൽ വൈദ്യുതിയുടെ കടന്നു വരവിന്റെ വികസനം ഇവിടത്തെ ജാതി സ്ട്രക്ച്ചറുമായി എങ്ങനെ ധാരണയിൽ പോകുന്നു എന്ന് ഈ സിനിമ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും. ആ ഗ്രാമത്തിൽ വൈദ്യുതി ‘കൊണ്ടുവരുന്നത്’ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു എഞ്ചിനീയർ ആണ്. അയാളെ പക്ഷെ സ്വീകരിക്കപ്പെടുന്നതാകട്ടെ ഒരു നമ്പൂതിരിയുടെ വീട്ടിലേക്കും. നമ്പൂതിരിയുടെ വീട്ടിലേക്ക് പോകുമ്പോൾ അവിടെ താമസിക്കുന്ന ഒരു സ്പാനിഷ് റിസേർച്ചറുടെ ഡെഡിക്കേഷൻ ഒക്കെ കണ്ടു അയാൾ അത്ഭുതപ്പെടുന്നുമുണ്ട്. നമ്പൂതിരി പറയുന്നത്, ‘അയാൾ റിസേർച് ചെയ്തോട്ടെ, പക്ഷേ കോണകം ഉടുക്കണം എന്ന ഒരൊറ്റ നിര്‍ബന്ധമെ തനിക്ക് ഉള്ളൂ’ എന്നതാണ്. എത്ര അപരിഷ്‌കൃതമാണ് നമ്പൂരിത്തം എന്നത് ഈ പ്രസ്താവനയിലൂടെ തെളിയും.

ഒരു മീറ്റിങ്ങിലാണ് അവിടെ വൈദ്യുതി വരുന്നത് എന്ന രീതിയിലാണ് ആ സിനിമയിൽ ചിത്രീകരിക്കപ്പെടുന്നത്. നമ്പൂതിരിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അവിടെ വൈദ്യുതി വികസനം വരുന്നത് എന്ന ഒരു സ്റ്റേറ്റ്മെന്റും ആ യോഗത്തിൽ വരുന്നു. ആ നാട്ടിലെ പ്രമാണിമാർ, കമ്മ്യൂണിസ്റ്റ് നേതാവ്, ഒരു അദ്ധ്യാപകൻ, നമ്പൂതിരി തുടങ്ങിയവർ ഒക്കെ ആണ് അവിടത്തെ നേതാക്കൾ. അവിടെ നിന്ന് തന്നെ നാട്ടിലെ വികസന രീതികളുടെ അധികാരങ്ങളുടെ ജാതി സമവാക്യം കൃത്യമായി നമുക്ക് മനസ്സിലാകും. ആ എഞ്ചിനീയർ ആദ്യമായി വരുന്നതും വൈദ്യുതി ആദ്യമായി ഇൻസ്റ്റാൾ ചെയ്യുന്നതും ആ ഭൂ പ്രഭു ആയ ജാതി ജന്മിയുടെ വീട്ടിലും ആണ്. അവിടെ ഏറ്റവും നല്ല രീതിയിൽ അതിന്റെ ഇസ്റ്റലേഷൻ നടത്താൻ അതിന്റെ സബ് എഞ്ചിനീയർ പ്രത്യേക താല്പര്യവും എടുക്കുന്നുണ്ട്.

ഈ സിനിമയിൽ ഒരു സീൻ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ കേരളത്തിലെ നാട്ടിൻ പുറങ്ങളിലെ അധികാര ഘടനകളെ കുറിച്ച് കൃത്യമായി മനസ്സിലാക്കുവാൻ കഴിയുമെന്ന് തോന്നുന്നു. ഈ വൈദ്യുതിയും ആയി എഞ്ചിനീയർ വരുമ്പോൾ അവിടെ അവർ ആ ഗ്രാമത്തിൽ ഒരു യോഗം വിളിക്കുന്നുണ്ട്. അതിൽ പ്രധാനമായും നേതൃസ്ഥാനത്ത് നില കൊള്ളുന്നത് നാല് പേരാണ്. ഒരു നമ്പൂതിരി, അദ്ധ്യാപകൻ, കമ്മ്യൂണിസ്റ്റ് നേതാവ്, പിന്നെ എഞ്ചിനീയർ. അവർ ആ ഗ്രാമത്തിനെ കേൾക്കുകയാണ്. 

പോസ്റ്റ് ഡിജിറ്റൽ കാലത്ത് ഇതിന് മാറ്റം ഉണ്ടെങ്കിൽ പോലും കേരളത്തട്ടിലെ ഗ്രാമങ്ങളുടെ പൊതു പരിപാടികളുടെ ഒരു അധികാര വ്യവസ്ഥകൾ പതിറ്റാണ്ടുകളോളം തുടർന്ന് പോയത് ഇങ്ങനെ ആണ്. ഒരു രാഷ്ട്രീയ നേതാവ്, സവർണ്ണരുടെ ജ്യോഗ്രഫി എന്ന പൊതു ഇടത്തിലെ സ്റ്റേജ്, ഒരു സവർണ്ണൻ, ഒരു അദ്ധ്യാപകൻ, പിന്നെ വികസന ചർച്ച അങ്ങനെ ആണ് അത് രൂപപ്പെടുക. ഈ അധികാര വ്യവസ്ഥയെ ഇൻഫ്ര സ്ട്രക്ച്ചറൽ ഡെവലപ്മെന്റ് ഉണ്ടാകുമ്പോഴും മറ്റു പല തരത്തിലുള്ള സാമൂഹിക വികസനങ്ങൾ ഉണ്ടാകുമ്പോഴും അവിടത്തെ അധികാരത്തിലെ ജാതി സ്ട്രക്ചർ മാറുന്നില്ല എന്നതാണ്. അത് കൊണ്ട് തന്നെ ആണ് കേരളത്തിലെ ഇടതു പക്ഷ സർക്കാറിൽ ഇപ്പോഴും പേരിനു പോലും ദളിത് സമുദായത്തിൽ പെട്ട ഒരു മന്ത്രി പോലും ഇല്ലാതാകുന്നത്. ജാതീയമായ അധികാര ഘടന എന്ത് വികസനം വന്നാലും മാറുന്നില്ല.

ഈ സിനിമയിലെ കമ്മ്യൂണിസ്റ്റ് നേതാവിന്റെ സംഘർഷം നമ്മളിൽ ചിരി വിരിയിക്കും. അയാൾ ആ നാട്ടിലെ അനാചാരങ്ങളെ ഒക്കെ ശക്തി യുക്തം എതിർക്കുന്നുണ്ട്. അതേസമയം നമ്പൂതിരിയുടെ ജാതി അധികാരത്തെ ചോദ്യം ചെയ്യാനുള്ള ഒരു ടൂളും അയാളുടേതായി ഇല്ല. നമ്പൂരിയും അധ്യാപകനും എഞ്ചിനീയറും കഴിഞ്ഞാണ് അയാളുടെ സ്ഥാനം. അതേസമയം അയാൾ ഹരിജനങ്ങൾക്ക് ഒരു പോസ്റ്റ് കൊടുക്കണം എന്ന് 'വിപ്ലവിക്കുന്നുമുണ്ട്". നാട്ടിൽ നമ്പൂരിയുടെയും നായരുടെയും പൊതു ഇടത്തിലെ വികസനങ്ങൾ ഒക്കെ കഴിഞ്ഞതിനു ശേഷം 'ഹരിജനങ്ങൾക്കു ഒരു പോസ്റ്റ് കൊടുക്കണം’ എന്ന ഔദാര്യമാണ് അയാളുടേത്. അതേസമയം അയാൾ അയാളുടെ പരിമിതമായ അറിവ് വെച്ച് കൊണ്ട് അയാൾ റഷ്യയിലെ വികസനത്തെ കുറിച്ചും വൈദ്യതി വികസനത്തെ കുറിച്ചും ഒക്കെ സംസാരിക്കുന്നുമുണ്ട്. ഒരേസമയം ജാതി അനുഭവത്തിനെതിരെ പ്രതികരിക്കാനുള്ള ടൂൾ ഇല്ലാതെ അതേസമയം ഹരിജനങ്ങളോട് അനുകമ്പ കാണിക്കേണ്ടി വരുന്ന ഒരു "വല്ലാത്ത ജീവിതം" ആണ് അയാളുടേത്.

ഇത് പോലെ തന്നെ ആണ് അധ്യാപകൻ എന്ന ഐഡന്റിറ്റി. ഏതു നാട്ടിലും കേരളത്തിൽ കാണും ഒരു അദ്ധ്യാപകൻ എന്ന ഒരു മൊറാലിറ്റി ഫിഗർ. പഴയ ഗുരു എന്ന സങ്കല്പത്തിൽ വെള്ളയും വെള്ളയും ഒക്കെ ഇട്ടു നടക്കുന്ന അയാളെ ഒരു ഗ്രാമം ഒരു മാതൃക പുരുഷൻ ആക്കി മാറ്റും. ഏറ്റവും വലിയ രസം മിക്കവാറും ഇവർ കുറെ അധികം കാര്യങ്ങളിൽ മണ്ടന്മാർ ആയിരിക്കും എന്നതാണ്. അണ്ണാ ഹസാരെ ഭയങ്കര സംഭവമാണ് എന്ന് പ്രസംഗിച്ച പൊതു സ്വീകാര്യനായ ഒരു ഇടതു പക്ഷ അധ്യാപകന്റെ പ്രസംഗം കേട്ട് ഞങ്ങളൊക്കെ ചിരിച്ചത് ഇപ്പോഴും ഓര്മ ഉണ്ട്. ഈ അധ്യാപകരും മിക്കവാറും ഗ്രാമത്തിലെ സവർണ്ണ സമൂഹങ്ങളിൽ പെട്ടതായിരിക്കും എന്നതാണ് മറ്റൊരു കോമഡി.

ഇവരാണ് പുതിയ തലമുറക്ക് മാതൃകകൾ. പക്ഷേ ഈ മാഷന്മാർ എത്രത്തോളം വംശീയ വാദികൾ ആണ് എന്ന് ‘ആ നെല്ലിമരം പുല്ലാണ്’ പോലുള്ള ആത്മകഥകളിലൂടെ ദളിത് സ്ത്രീ എഴുത്തു കാറി ആയ രഞ്ജനി പാലാംപറമ്പിൽ ഒക്കെ വിളിച്ച് പറയുന്നുണ്ട്. ഈയിടെ പുറത്ത് ഇറങ്ങിയ പെണ്ണു പൊറാട്ടും എന്ന സിനിമയിൽ ഗ്രാമത്തിലെ മുഖ്യ നങ്കൂരം ആയ അദ്ധ്യാപകൻ എന്ന സ്ട്രക്ച്ചറിനെ വലിച്ച് കീറി ചുമരിൽ ഒട്ടിക്കുന്നുമുണ്ട്. പുതിയ സിനിമകൾ അങ്ങനെ പല തരത്തിലും പലതരം സ്റ്റിഗ്മാറ്റിക് സെമിയോട്ടിക് ഐഡന്റിറ്റികളെ വലിച്ച് കീറി ഒട്ടിക്കുന്നുണ്ട്.

അതേസമയം ഒരിടത്ത് എന്ന സിനിമ തന്നെ വൈദ്യുതി എന്ന വികാസത്തിലൂടെ കടന്നുവരുന്ന പല മനുഷ്യരും ഗ്രാമത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് ചിത്രീകരിക്കുന്നു. ഗ്രാമത്തിലെ ദളിത് സ്ത്രീകൾ ലൈംഗീകമായി ഉപയോഗിക്കപ്പെടുന്ന അശുദ്ധിയിലേക്ക് വൈദ്യുതിയുടെ വരുന്ന എഞ്ചിനീയർ കടക്കുന്നു എന്ന രീതിയിലേക്ക് സിനിമ ദൃശ്യതപ്പെടുത്തുന്നു. പക്ഷെ കേരളത്തിലെ റേപ്പിന്റെ ചരിത്രം ഇവിടത്തെ ജാതി ജന്മിത്ത വ്യവസ്ഥയുമായി ബന്ധപ്പെട്ടു നടക്കുന്ന ജാതി അതിക്രമങ്ങളുടെ ഭാഗം കൂടെ ആണെന്ന് ചരിത്രം ആ രീതിയിൽ വായിച്ചെടുക്കുന്നവർക്ക് മനസ്സിലാവുകയും ചെയ്യും.

ഇവിടെ മോഡേണിറ്റിയുടെ കൂടെ വൈദ്യുതിയുടെ വികാസത്തിലൂടെ അതിലൂടെ വരുന്ന ഉദ്യോഗസ്ഥർ ഗ്രാമത്തിൽ അശുദ്ധിയുടെ വിത്ത് പാകുന്നു എന്ന രീതിയിൽ രൂപപ്പെടുത്തുന്നു. ഗ്രാമത്തിനു പുറത്ത് നിന്ന് വരുന്നവർ കള്ളന്മാർ ആണ് എന്ന രീതിയിൽ ഇന്നസെന്റിന്റെ വ്യാജ ഡോക്ടർ എന്ന ഒരു ചിത്രീകരണത്തിലൂടെ സ്ഥിരീകരിക്കുന്നു. ഒരു പക്ഷെ വൈദ്യുതി എന്ന ഒരു വികാസത്തിലൂടെ ദളിത് സമൂഹങ്ങൾക്ക് അതിന്റെതായ പല തരത്തിലുള്ള വികാസങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ സിനിമയിൽ അങ്ങനെ വൈദ്യുതി വികാസവുമായി വന്ന ഒരു എഞ്ചിനീയറെ ഒരു കാളി വേഷം കെട്ടി ശ്രീനിവാസന്റെ ദളിത് കഥാപാത്രം അടിച്ചു കൊല്ലുകയാണ്. അതേസമയം ഗ്രാമത്തിലെ വളർന്നുവരുന്ന ഒരു യുവാവ് (നിഷ്കളങ്കൻ) ആയ വിനീത് വൈദ്യുത ഷോക്ക് അടിച്ചാണ് മരിക്കുന്നതും. മോഡേണിറ്റിയിലൂടെ അതിന്റെ വികാസങ്ങളിലൂടെ കേരളത്തിലെ നാട്ടിൻ പുറങ്ങളിലെ ഇടങ്ങൾ അശുദ്ധമാകുന്നു എന്ന തരത്തിലുള്ള കമ്മ്യൂണിക്കേഷനിലേക്കും ഈ വായനകൾ പോകാം.

ഒരിടത്ത് എന്ന സിനിമയിലെ ഗ്രാമം,ദേശം,അധികാരം,വികസനം തുടങ്ങിയ പല കാര്യങ്ങളും കേരളീയ സമൂഹവുമായി ബന്ധപ്പെടുത്തി പല വിധ സാധ്യതകളുള്ള വായനയ്ക്ക് വിധേയമാക്കാവുന്നതാണ്. കേരള സമൂഹത്തിൽ ഇൻഫ്ര സ്ട്രക്ച്ചറൽ വികാസങ്ങൾ ഉണ്ടായെങ്കിലും, സാമൂഹിക വികാസങ്ങൾ ഉണ്ടായെങ്കിലും, അധികാരത്തിൽ വികാസങ്ങങ്ങളുടെ അധികാരങ്ങളിലെ, സാമൂഹിക രൂപീകരങ്ങളിലെ അധികാരങ്ങളിലെ അടിത്തട്ടിലെ ജാതീയത ഇപ്പോഴും നില നിൽക്കുന്നു എന്ന യാഥാർഥ്യത്തിലേക്കുള്ള ചിന്ത ആണ് ഈ സിനിമ ഉത്പാദിപ്പിക്കുന്നത്. അതേസമയം മോഡേണിറ്റി, കേരളീയ നാട്ടിൻ പുറ പരിസരങ്ങൾ എന്നിവയും ആയി ചേർത്ത് വെച്ച് കൊണ്ട് സിനിമ തന്നെ സബാൾട്ടൻ വായനയിൽ വിമര്‍ശനപരവുമായും അല്ലാതെയും ഒരിടത്ത് എന്ന സിനിമയെ നോക്കി കാണാവുന്നതാണ്. കേരളം സമൂഹത്തിന്റെ സോഷ്യൽ ഡെവലപ്മെന്റുകളുട ട്രാജക്ടറിയിൽ അനേകം വായന സാധ്യതകൾ ഉള്ള ഒരു സിനിമ ആണ് ഒരിടത്ത്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - രൂപേഷ് കുമാര്‍

contributor

Similar News