'പ്രത്യാശയുടെ തുടിപ്പുകൾ' അഥവാ സാമൂഹിക നീതിയുടെ മാനിഫെസ്റ്റോ

അനിതരസാധാരണമായ സാമൂഹിക വിശകലനത്തിന്റെ ഉൾക്കാഴ്ചകൾ ലഭ്യമാക്കുന്നു എന്നതിനൊപ്പം, നിരാശയുടെ ആഴങ്ങളിൽനിന്ന് പ്രതീക്ഷയുടെ ആകാശങ്ങളിലേക്ക് സഞ്ചരിക്കാനുള്ള തുറവി കൂടി ഈ പുസ്തകം സമ്മാനിക്കുന്നുണ്ട്.

Update: 2026-03-10 09:13 GMT

എന്താണ് സമകാലികത എന്ന ആശയത്തെക്കുറിച്ച് ജോർജിയോ അഗമ്പനെ പോലുള്ള ചിന്തകർ ചർച്ച ചെയ്യുന്നുണ്ട്. സമകാലികത എന്നത് ഒരേസമയം ജീവിക്കുന്ന കാലത്തോടുള്ള അടുപ്പത്തെയും അകലത്തെയും കുറിക്കുന്നു. ഒരു പ്രത്യേക കാലഘട്ടത്തിൽ ജീവിക്കുന്നു എന്നത് തീർച്ചയായും ആ കാലഘട്ടത്തോടുള്ള അടുപ്പത്തെ കുറിക്കുന്നുണ്ട്. എന്നാൽ അകലം എങ്ങനെയാണ് സാധ്യമാകുന്നത്? അത് ആ കാലത്തോടുള്ള വിമർശനാത്മക നിലപാടിനെ മുൻനിർത്തിക്കൊണ്ടുള്ള ചോദ്യമാണ്.

സമകാലികൻ എന്നത് സ്വന്തം കാലഘട്ടത്തിന്റെ വെളിച്ചത്തെയല്ല, മറിച്ച് അതിന്റെ ഇരുട്ടിനെ (darkness) തിരിച്ചറിയാൻ സ്വന്തം നോട്ടം ആ കാലത്ത് ഉറപ്പിച്ചു നിർത്തുന്നവനാണ്. സമകാലികത അനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം എല്ലാ കാലഘട്ടങ്ങളും അവ്യക്തമാണ് (obscure). ഈ അവ്യക്തതയെ എങ്ങനെ കാണണമെന്ന് അറിയുന്നവനും, വർത്തമാനകാലത്തിന്റെ ഇരുട്ടിൽ തൂലിക മുക്കി എഴുതാൻ കഴിയുന്നവനുമാണ് സമകാലികൻ. അഥവാ, ഇത് സ്വീകരണത്തിന്റെയും നിരാകരണത്തിന്റെയും യുക്തികൾക്കപ്പുറത്തുള്ള ഒരു ബന്ധത്തെ കൂടി സാധ്യമാക്കുന്നുണ്ട്. കെ.കെ. ബാബുരാജിന്റെ 'പ്രത്യാശയുടെ തുടിപ്പുകൾ' എന്ന ഈ പുസ്തകം സമകാലികമാകുന്നത് അത്തരത്തിലാണ്.

Advertising
Advertising

അനിതരസാധാരണമായ സാമൂഹിക വിശകലനത്തിന്റെ ഉൾക്കാഴ്ചകൾ ലഭ്യമാക്കുന്നു എന്നതിനൊപ്പം, നിരാശയുടെ ആഴങ്ങളിൽനിന്ന് പ്രതീക്ഷയുടെ ആകാശങ്ങളിലേക്ക് സഞ്ചരിക്കാനുള്ള തുറവി കൂടി ഈ പുസ്തകം സമ്മാനിക്കുന്നുണ്ട്. പ്രത്യാശയെ കേവലം കാല്പനികമായ വാചോടോപമായിട്ടല്ല, വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലുമുള്ള നീതി ബോധമുള്ളവരുടെ നിർവാഹകത്വത്തിലൂടെയും പരിശ്രമത്തിലൂടെയും സാധ്യമാകുന്ന പുതയൊരു ലോകത്തെക്കുറിച്ചുള്ള വിഭാവനയിലാണത് നിലകൊള്ളുന്നത്.

പുസ്തകത്തിൻ്റെ തുടക്കത്തിൽ താൻ മുന്നോട്ട് വെക്കുന്ന ദർശനത്തെ പരിചയപ്പെടുത്തുകയെന്നോണം അദ്ദേഹം റ്റോണി മോറിസണിൻ്റെ ഒരു വാചകം ഉദ്ധരിക്കുന്നുണ്ട്. അ ഇപ്രകാരമാണ്. "യൂറോകേന്ദ്രിതമായ ഒന്നിനുപകരം ആഫ്രോകേന്ദ്രി തമായ ഒന്നല്ല എൻ്റെ ലക്ഷ്യം. ഇത്തരം സമഗ്രവത്കരണ പ്രവണതകളെ പ്രോത്സാഹിപ്പിക്കാൻ താൽപര്യമില്ല. വിജ്ഞാനം എങ്ങനെയാണ് അധിനിവേശത്തിൽനിന്നും വിമോചനത്തിലേക്കും തെരഞ്ഞെടുക്കാനുള്ള അവസരത്തിലേക്കും പരിവർത്തനപ്പെടുന്നത്, വിമർശനത്തിന്റെ തോതുകളെ ആവിഷ്കരിക്കുന്ന ശക്തി കളേത്- ഇവയൊക്കെയാണ് എൻ്റെ താൽപര്യം."

അഥവാ ആധിപത്യത്തിൻ്റെ കേവല കൈമാറ്റമോ അത് രൂപപ്പെടുത്തുന്ന പുതിയ ശ്രേണീ ക്രമങ്ങളിലോ അല്ല മറിച്ച് വിജ്ഞാനത്തെയും വിമോചനത്തെയും വിമർശനത്തെയുമെല്ലാം കുറിച്ചുള്ള സങ്കീർണമായ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്ന ഇടപെടലുകളാണ് ഗ്രന്ഥകാരൻ്റെയും താൽപര്യമെന്ന് ഇത് സൂചിപ്പിക്കുന്നുണ്ട്. ഫലസ്തീനിൽ നിരന്തരമായും ഇറാനിൽ നിലവിലും അമേരിക്കയുടെ പിന്തുണയിൽ ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ (ഇറാൻ അമേരിക്കയുടെ മിലിട്ടറി ബേസുകളെ ലക്ഷ്യം വെക്കുമ്പോൾ അമേരിക്കയും ഇസ്രയേലും പിഞ്ചുകുഞ്ഞുങ്ങളെ ലക്ഷ്യം വെക്കുന്നു) ഗൗരവത്തിലുള്ള വായന അർഹിക്കുന്ന ഒന്നാണ് ഇതിലെ 'ട്രംപിൻ്റെ മൃഗശാല' എന്ന ലേഖനം.

വ്യത്യസ്ത അവകാശ പ്രമേയങ്ങളെ മുൻനിർത്തി സവിശേഷ ആഖ്യാനങ്ങളെ നിർമ്മിക്കുകയും തുടർന്ന് അധിനിവേശത്തെയും അനീതികളെയുമെല്ലാം ഒരു വ്യവസ്ഥയായി നിലനിർത്തുകയും ചെയ്യുന്ന വലതുപക്ഷ ഭരണകൂടങ്ങളുടെ ഭീകരതയെ ഇത് തുറന്ന് കാണിക്കുന്നുണ്ട്. ഇസ്രായേല്‍ നടത്തിപ്പോരുന്ന ക്രൂരതകളെ വ്യാജ ആഖ്യാനങ്ങൾ കൊണ്ടോ വിവരങ്ങൾ കൊണ്ടോ മറയ്ക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ജോലി ഏറ്റെടുത്ത കരാർ കമ്പനികൾ പ്രതിഫലം ലഭിക്കാത്തതിന് കോടതി കയറിയ കാഴ്ചയാണ് നമ്മളിപ്പോൾ കാണുന്നത് എന്ന് ഇതിനോട് ചേർത്ത് വായിക്കണം. വ്യാജങ്ങളാലാണ് ഈ വലതുപക്ഷ ഭരണകൂടങ്ങൾ കെട്ടിപ്പൊക്കപ്പെട്ടിരിക്കുന്നത് എന്ന് സാരം.

'അനന്തരം മഹാബലിക്ക് എന്തു സംഭവിച്ചു' എന്ന ലേഖനം, മഹാബലിയെന്ന രാഷ്ട്രീയ പാഠത്തെ വേറിട്ട വായനക്ക് വിധേയമാക്കുന്ന ഒരു സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. മഹാത്മാ ഫൂലെയിൽ നിന്നാണത് വികസിക്കുന്നത്. സമത്വമെന്ന ആശയത്തെ പ്രതിസ്ഥാനത്ത് നിർത്തി ബ്രാഹ്മണർ നടത്തിയ ചതിയാണ് മഹാബലിയുടെ തിരോധാനത്തിൽ കലാശിക്കുന്നത്. ബ്രാഹ്മണാധികാരത്തിന് ഇടിവും ചോർച്ചയും സംഭവിക്കുന്നതിനെ അധ:പതനമായി കാണുന്ന മഹാഭാരതമടക്കമുള്ള പുരാണപാഠങ്ങളെയും ഇവിടെ വിമർശന വിധേയമാക്കുന്നുണ്ട്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ "ബ്രാഹ്മണരുടെ വംശീയാധിപത്യത്തിനും വർണ്ണ-ജാതി വ്യവസ്ഥയ്ക്കും എതിരായ വലിയൊരു സിംബോളിക് പ്രതിനിധാനമായിട്ടാണ് ഇന്ത്യൻ പുരാണങ്ങൾ മഹാബലിയെ സ്ഥാനപ്പെടുത്തിയിട്ടുള്ളത്.

" എന്നാണ് ബാബുരാജ് എഴുതുന്നത്. ഇതുപോലെ പുസ്തകം ഉന്നയിക്കുന്ന മറ്റൊരു ചോദ്യമാണ് ' ഭ്രമയുഗം : അധികാര വിമർശനമോ ഹൈന്ദവ പുനത്ഥാനമോ? ' എന്നത്. ഹൈന്ദവ കാലഗണന പ്രകാരമുള്ള സമയമാനങ്ങളെ പരിചയപ്പെടുത്തി ആരംഭിക്കുന്ന ' ഭ്രമയുഗം ' എന്ന സിനിമയെക്കുറിച്ച ഈ വിശകലനം; കീഴാളർക്ക് അവസര സമത്വവും തുല്യതയും ഉണ്ടായാൽ വരാൻ പോകുന്ന ഭവിഷ്യത്തുകളെ പ്രതിയാണ് ഭ്രമയുഗം പരിതപിക്കുന്നതെന്ന് വിമർശിക്കുന്നു. അഥവാ അധികാരത്തിൻ്റെ ദുഷിപ്പെന്നോ അപകടമെന്നോ എന്നെക്കെയുള്ള ഒരു പ്രമേയത്തെ പ്രതിഭയും സാങ്കേതിക വിദ്യയും ക്രയാത്മകമായി സമന്വയിച്ച് ആവിഷ്കരിച്ച ഒരു കലാസൃഷ്ടി എന്ന വാചോടോപത്തിനപ്പുറം കീഴാളന് അധികാരം ലഭിച്ചാലുള്ള 'അപകടത്തെ' ക്കുറിച്ച മുന്നറിയിപ്പാണ് നൽകുന്നതെന്ന് ഭ്രമയുഗം എന്ന പാഠത്തെ വായിച്ചാൽ തിരിച്ചറിയാൻ കഴിയും.

'ഇടതു ഭരണത്തിലെ നായർ സ്വരാജ്' എന്ന ലേഖനം കേരളത്തിൽ ബിജെപിയെ തടഞ്ഞു നിർത്തുന്ന സാമുദായിക ശക്തികൾ ദലിതരും പിന്നാക്കക്കാരും മുസ്‌ലിംകളുമാണെന്ന് കാണിച്ച് തരുന്നുണ്ട്. എന്നാൽ ബഹുജൻ - ന്യൂനപക്ഷ വോട്ടുകളുടെ പിൻബലത്തിൽ 2021 ലും 2016 അധികാരത്തിലേറിയ പിണറായി സർക്കാർ തിരിച്ച് ഈ സമുദായങ്ങൾക് എന്താണ് നൽകിയതെന്ന് ചോദ്യം വളരെ പ്രസക്തമാണ്. സവർണ സംവരണത്തിൻ്റെയും കീഴാള വിരുദ്ധവും ഉദ്യോഗസ്ഥ മേധാവിത്വപരമായ ഭരണ സംവിധാനത്തിൻ്റെയും ലോക്കപ്പ് കൊലപാതകങ്ങളുടെയും അനുഭവങ്ങൾ ഈ സമുദായങ്ങൾക്ക് അസഹ്യമായ ഭരണ നിർവ്വഹണത്തിൻ്റേതായിരുന്നു.

മൊത്തം മന്ത്രിമാരിൽ ഒമ്പത് പേർ നായർ സമുദായത്തിൽ നിന്നുള്ളവരായിരുന്നു എന്നതിനും നാം സാക്ഷ്യം വഹിച്ചു. പു:നസംഘടിപ്പിക്കപ്പെട്ട മന്ത്രിസഭയിൽ ഇത് പത്തായി. പന്ത്രണ്ടിൽ താഴെ മാത്രം ജനസംഖ്യയിൽ ഉള്ള ഒരു സമുദായത്തിൻ്റെ അധിക പ്രാതിനിധ്യത്തെ നായർ സ്വരാജ് എന്നല്ലാതെ എന്ത് വിളിക്കാൻ കഴിയും? മുമ്പ് മുസ്‌ലിം ലീഗിൻ്റെ അഞ്ചാം മന്ത്രി എന്നത് വലിയ വിവാദമായ 'സമത്വ, സുന്ദര, പ്രബുദ്ധ' കേരളത്തിലാണ് ഇതെന്നോർക്കണം.

'വർഗീയത: നമ്മളിൽ ഇല്ലാത്തതും അപരരിൽ ഉള്ളതും' എന്ന ലേഖനത്തിൽ ബാബുരാജ് ഇങ്ങനെ എഴുതുന്നുണ്ട്. "കേരളത്തിൽ ജാതിയെപ്പറ്റി പറയുന്ന, അതിൻ്റെ സമ്മർദ ത്തിൽപ്പെട്ട് അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ദലിത്ബഹു ജനങ്ങളും ആദിവാസികളും സ്വരമുയർത്തുന്നതിനെ ജാതിവാദം അഥവാ സ്വത്വവാദമെന്നാണ് കുറ്റപ്പെടുത്താറുള്ളത്. അതേ പോലെ ന്യൂനപക്ഷ-അപര മതസ്ഥാനത്തുള്ള മുസ്ലിങ്ങളും പിന്നാക്കക്രൈസ്തവരും പൊതുമണ്ഡലത്തിൽ പ്രത്യക്ഷപ്പെടു ന്നതിനെ മതമൗലികവാദം അല്ലെങ്കിൽ മതതീവ്രവാദം എന്നാണ് വിളിക്കുക. ഇതിനർഥം പുരോഗമന കേരളം എന്ന സവിശേഷമായ അധികാര ഇടം വർഗീയമുക്തമായി നിലനിൽക്കാൻ മേൽപറഞ്ഞ പോലുള്ള സാമുദായിക ഘടകങ്ങളെ ശത്രുതാ പക്ഷത്ത് നിർത്തുകയെന്നത് മുൻനിശ്ചയമാണെന്നാണ്. ഈ മുൻനിശ്ചയത്തിന് വിപുലമായ ആന്തരിക തലങ്ങളു ണ്ടെന്ന കാര്യമാണ് എല്ലാവരും ബോധപൂർവമായി മറച്ചുപിടിക്കുന്നത്.

വലിയ തോതിൽ ഭരണസ്വാധീനമുള്ളവരും തങ്ങളുടെ മേധാവിത്വത്തെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നതിൽ ഏതറ്റം വരെ പോകുന്നവരുമായ സവർണ്ണ ഹിന്ദുക്കളുടെ ബ്രാഹ്മണ സഭകൾ മുതൽ നായർ സർവീസ് സൊസൈറ്റി വരെയുള്ളവ സ്വത്വവാദികളും ജാതിവാദികളുമായി ചിത്രീകരിക്കപ്പെടാറില്ല. അവർക്ക് തുല്യമായ പദവിയുള്ള സവർണ്ണ ക്രൈസ്‌തവ മേധാവി കളും ഇത്തരം ആരോപണങ്ങൾക്ക് വിധേയരാവുകയില്ല.

കേരളീയ മതേതര ആധുനികതയിൽ ഇപ്പോഴും സർവശക്തമായി തുടരുന്ന സവർണ്ണമത ജാതിമേധാവിത്വത്തെ സ്‌പർശിക്കാൻ പോലും ഉദ്ദേശിക്കാത്തവരുടെ പുരോഗമന വായ്ത്താരി മാത്രമാണ് വർഗീയവിരുദ്ധതയെന്നത്. ഇക്കൂട്ടർ ദലിത് ബഹുജനങ്ങളുടെ സമത്വാഭിലാഷ പ്രശ്നങ്ങളെ ജാതിയിലേക്കുള്ള പിൻ നടത്തമായും ദേശീയതയിൽ അപരരായ ന്യൂനപക്ഷങ്ങളുടെ ജനാധിപത്യപരമായ ഉൾക്കൊള്ളലിനുവേണ്ടിയുള്ള സമരങ്ങളെ തീവ്രവാദവും വർഗീയതയുമായും ദുർവ്യാഖ്യാനിക്കുന്നുവെന്നു സാരം."

സാമൂഹിക നീതിയുടെ ചോദ്യങ്ങളുന്നയിക്കുന്നവരെ സംബന്ധിച്ച് ഭീതി പരത്തിയും 'ശുദ്ധ'മായ സാമൂഹികാന്തരീക്ഷത്തെ മലിനമാക്കുന്നവരായി ചിത്രീകരിച്ചുമൊക്കെയാണ് പ്രബുദ്ധകേരളം സാധ്യമാകുന്നതെന്ന തിരിച്ചറിവാണിത് സമ്മാനിക്കുന്നത്. ഈ പുസ്തകത്തിലെ ഒരു അധ്യായത്തിന്റെ പേര് പോലെ, ഇത് 'പൊതുകാഴ്ചയിൽ നിന്ന് വിട്ടകന്ന അരികുനോട്ട'മാണ്. തീവ്രവലതുപക്ഷവും ഹിന്ദുത്വവും അഭൂതപൂർവമായ വളർച്ച കൈവരിച്ച ഈ സന്ദർഭത്തിൽ സത്യസന്ധമായ സാമൂഹിക വിമർശനം എന്നത് അപൂർവ്വമായിരിക്കുന്നു. അവിടെ കൂടിയാണ് ഈ പുസ്തകം പ്രസക്തമായിരിക്കുന്നത്.

കക്ഷി രാഷ്ട്രീയത്തിനകത്തെ ആഴമില്ലാത്ത തർക്കങ്ങളും വോട്ട്ബാങ്ക് മാത്രംലക്ഷ്യം വെച്ചുള്ള അപരവൽക്കരണ ശ്രമങ്ങളും വംശീയതയുടെയും ഇസ്‌ലാമോഫോബിയയുടെയും പ്രകടനവേദിയുമെല്ലായി 'പൊതുമണ്ഡലം' എന്നത് ഒരശ്ലീലമായി മാറിയിരിക്കുന്നിടത്ത് കൂടിയാണ് 'പ്രത്യാശയുടെ തുടിപ്പുകൾ' സംഭവിക്കുന്നത്. 2021 മുതൽ 2025 വരെയുള്ള കാലയളവിൽ കെ.കെ ബാബുരാജ് എഴുതിയവയിൽ നിന്നും തിരെഞ്ഞെടുത്ത 35 ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഗവേഷകനും സാമൂഹിക ചിന്തകനുമായ ഡോ. കെ. അഷ്റഫിനാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. ഗൂസ്ബെറി ബുക്സാണ് പ്രസാധകർ.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - ഹാമിദ് മഞ്ചേരി

Writer

Similar News