നോ കൺട്രി ഫോർ ഓൾഡ് മെൻ, റൗഫ് (തുർക്കി), ഫാർ ഫ്രം മെൻ (ഫ്രഞ്ച്), താഴ്‌വാരം(മലയാളം) തുടങ്ങിയ സിനിമകൾ അടുത്തകാലത്ത് കണ്ടപ്പോൾ അവ വല്ലാതെ ഉള്ളിലേക്ക് ഇരച്ചു കയറിയിട്ടുണ്ട്. ഈ സിനിമകളിലെ വയലൻസ്, മനുഷ്യരുടെ സംഘർഷം, കോളനിയൽ യുദ്ധങ്ങൾ, ചതി, കൊല തുടങ്ങിയ മാനസിക അവസ്ഥകൾക്കപ്പുറം, ഈ സിനിമകളിലെ ലോങ് ഷോട്ടുകളിലെ ഭൂമികളാണ് എന്നെ ഇവയിലേക്ക് അടുപ്പിച്ചത്. മനുഷ്യ സംഘർഷങ്ങളെക്കാൾ അവയിലെ ഭൂമികയിലെ വിഷ്വലുകൾ ഈ സിനിമകളിലേക്ക് ഒരു ലഹരി കലർത്തി വലിച്ചു അടുപ്പിക്കുന്നു. ഈ സിനിമകളിലെ ഭൂമികൾ കാണുന്നത് തന്നെ മാരകമായ ഒരു വിഷ്വൽ ട്രീറ്റായി തോന്നിയിട്ടുണ്ട്. സിനിമകളിലെ മാനുഷികമായ അവസ്ഥകളിൽ നിന്ന് വ്യത്യസ്തമായി, ഭൂമി അതിന്റെ ഏകാന്തതയിലൂടെ നമ്മളെ അനുഭവിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്നു.
എനിക്കറിയില്ല, എന്തുകൊണ്ടാണ് എനിക്ക് മനുഷ്യർ ഇല്ലാത്ത വിശാലമായ ഭൂമിയുടെ ലോങ് ഷോട്ടുകൾ ഉൾപ്പെട്ട ഈ സിനിമകൾ അത്രയും പ്രിയപ്പെട്ടതായി തോന്നുന്നത് എന്ന്. പലർക്കും അങ്ങനെ ആകാം. പണ്ട് ഞങ്ങൾ ഞങ്ങളുടെ കണ്ണൂരിലെ വീടിന്റെ അടുത്തുള്ള മാടായിപ്പാറ എന്ന ഭൂമികയിലേക്ക് പോകുമായിരുന്നു—ഞാനും എന്റെ ഒരു സുഹൃത്തും. അന്ന് മാടായിപ്പാറയിൽ ടൂറിസം വളർന്നിട്ടില്ല. എല്ലാ വൈകുന്നേരവും ഏക്കർ കണക്കിന് വിശാലമായി കിടക്കുന്ന, ഒരു ഹോളിവുഡ് ലാൻഡ്സ്കേപ്പ് പോലെയുള്ള ആ ഭൂമിയിലെ ഏകാന്തത ഞാൻ അനുഭവിച്ചിരുന്നു. ഭൂമി എന്ന വിഷ്വലുകളെ കുറിച്ച് ആലോചിക്കുമ്പോൾ, കണ്ണെത്താ ദൂരത്തോളം മരങ്ങൾ ഇല്ലാത്ത, മരുഭൂമിയോട് സാമ്യമുള്ള ആ ഭൂമിയുടെ കാഴ്ചകളാണ് ഉള്ളിലേക്ക് വരുന്നത്. പിന്നീട് അവിടെ അടിമക്കച്ചവടം നടന്നതിന്റെ ചരിത്രം കേട്ടപ്പോഴാണ് അങ്ങോട്ട് പോകാതായത്. പക്ഷേ, ഈ സിനിമകളിൽ വിശാലമായ ഭൂമികൾ കാണുമ്പോൾ ആ മാടായിപ്പാറയാണ് ഓർമ്മ വരുന്നത്
നോ കൺട്രി ഫോർ ഓൾഡ് മെൻ എന്ന സിനിമയിലെ അണ്ടർവേൾഡുകൾ തമ്മിലുള്ള സംഘർഷങ്ങളും കൊലപാതകങ്ങളും, ഹാവിയർ ബർദേമിന്റെ ആന്റൺ ചിഗൂർ എന്ന കഥാപാത്രവും ജോഷ് ബ്രോളിന്റെ ലെവെലിൻ മോസ് എന്ന കഥാപാത്രവും തമ്മിലുള്ള യുദ്ധങ്ങളും—ഇവയിലെ വയലൻസിനൊപ്പം വെസ്റ്റ് ടെക്സസിലെ അതിർത്തി ഭൂമിയുടെ കാഴ്ചകൾ ഒരു വലിയ ലഹരിയാണ് സൃഷ്ടിക്കുന്നത്. നമ്മൾ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു, വേറിട്ട് നിർത്തപ്പെടുമ്പോൾ, സ്വയം അലിനിയേറ്റ് ചെയ്യപ്പെടുമ്പോൾ ചിലപ്പോൾ ഇത്തരം ദൂരങ്ങളിലേക്ക് നീളുന്ന, കൊലപാതകങ്ങൾ നടക്കുന്ന വിശാലമായ നരച്ച ഭൂമികൾ കാഴ്ചയുടെ ലഹരിയായി മാറാം. വിശാലമായ ഭൂമിയിലെ വെടിവെപ്പുകൾ, മോട്ടലുകൾ, ഹോട്ടലുകൾ, അനന്തമായ റോഡുകൾ, റോഡുകളിലെ കാർ ചേസുകൾ—ഇവ എല്ലാം ലഹരി പിടിപ്പിക്കുന്നതാകാം. ഏറ്റവും വലിയ രസം, അവിടെ വളരെ കുറച്ച് മനുഷ്യർ മാത്രമേ ഉള്ളൂ എന്നതാണ്.
തുർക്കിയിലെ ഈസ്റ്റേൺ അനതോലിയയിലെ ഒരു മലയോര ഗ്രാമത്തിലെ മഞ്ഞ് മൂടിയ വിശാലമായ ഭൂമികയിലാണ് 2016-ൽ പുറത്തിറങ്ങിയ റൗഫ് എന്ന സിനിമ രൂപപ്പെടുന്നത്. അവിടെ, ഒരു ശവപ്പെട്ടിക്കച്ചവടക്കാരന്റെ സഹായിയായി സ്കൂളിൽ നിന്ന് പുറത്തേക്ക് പോകുന്ന റൗഫ് എന്ന കൊച്ചു കുട്ടിയുടെ ജീവിതമാണ് ചിത്രം പിന്തുടരുന്നത്. അവിടെയുള്ള ഗറില്ലാ വിപ്ലവകാരിയായ ഒരു യുവതിയോട് ആ കുട്ടിക്ക് തോന്നുന്ന പ്രണയം ചിത്രീകരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന ആളൊഴിഞ്ഞ ഭൂമികയാണ് ആ സിനിമയുടെ ലഹരി വിടർത്തുന്ന സൗന്ദര്യം. ലോക സിനിമകളിലെ തന്നെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നാണ് റൗഫും സന എന്ന യുവതിയും കുതിരവണ്ടിയിൽ മഞ്ഞിലൂടെ സഞ്ചരിക്കുന്ന രംഗം—ഒന്നും മിണ്ടാതെ റൗഫ് അനുഭവിക്കുന്ന പ്രണയം. പക്ഷേ, റൗഫിന്റെയും സനയുടെയും കഥയെക്കാൾ കൂടുതലായി, ആ സിനിമയിലെ മഞ്ഞ് വിതറിയ വിശാലമായ മനുഷ്യരില്ലാത്ത ഭൂമികയാണ് ലഹരി സൃഷ്ടിക്കുന്നത്. അതൊരു മാരകമായ അനുഭവമാണ്.
വടക്കൻ അൾജീരിയയിൽ, 1950കളിൽ, അറ്റ്ലസ് മലനിരകളിലെ ലോങ് ഷോട്ടുകളിലെ മരുഭൂമിപോലുള്ള ഭൂമികയിലാണ് ഫാർ ഫ്രം മെൻ എന്ന സിനിമ സംഭവിക്കുന്നത്. ഒരു രക്ഷകനും കുറ്റവാളിയായ അഭയാർഥിയും ആ വിശാലമായ ഭൂമികയിൽ നടത്തുന്ന യാത്രയും, ഫ്രഞ്ച് കോളനിയലിസത്തിനെതിരായ യുദ്ധവും പോരാട്ടവും എല്ലാം ഭൂമികയിൽ തന്നെയാണ് സംഭവിക്കുന്നത്. ഇവിടെ അതിഥി-ആതിഥേയൻ ബന്ധം, കുറ്റം, ദാരിദ്ര്യം, മനുഷ്യത്ത്വം, ഓട്ടം എന്നിവ പോലുള്ള നിരവധി മനുഷ്യാവസ്ഥകൾ നിലനിൽക്കുമ്പോഴും, മനുഷ്യർ ഭീകരമായി ഒറ്റപ്പെടുന്ന വിശാലമായ നരച്ച ഭൂമികയിലെ വെടിവെപ്പുകളുടെ കാഴ്ചകളാണ് സിനിമയ്ക്ക് ജീവൻ നൽകുന്നത്. മനുഷ്യർ കുറച്ച് മാത്രമുള്ള വിശാലമായ ഭൂമികയിൽ വയലൻസ് അപാരമായ ഒരു സൗന്ദര്യം നേടുന്നു. ഒരുപക്ഷേ ഇത്തരം വിഷ്വലുകൾ സൃഷ്ടിക്കുക എന്നത് സിനിമയ്ക്ക് മാത്രമേ സാധ്യമാകൂ.
ഇത് തന്നെയാണ് മലയാളത്തിൽ താഴ്‌വാരം എന്ന സിനിമയിലെ പാലക്കാടൻ ജിയോഗ്രഫിയിൽ കാണുന്നത്. വിശാലമായ ഭൂമിയിലെ വയലൻസുകളാണ് ആ സിനിമയുടെ കേന്ദ്രം. വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രം നിലനിൽക്കുന്ന ലോകം. വിശാലമായ ഭൂമികയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന മനുഷ്യർ. ജീവിതത്തിൽ ഒറ്റയ്ക്ക് സർവൈവ് ചെയ്യാൻ ശ്രമിക്കുന്ന വില്ലനും നായകനും. വേട്ടയാടുന്നവനും വേട്ടയാടപ്പെടുന്നവനും. ഒറ്റയ്ക്ക് ജീവിക്കുന്ന അച്ഛനും മകളും. അവിടെ ജീവിക്കുന്ന ആദിവാസി സമൂഹങ്ങൾ പോലും ഒറ്റപ്പെട്ടവരാണ്. ലോങ് ഷോട്ടുകളിലെ വിശാലമായ ഭൂമികയിൽ ഇരപിടിക്കാൻ തയ്യാറാകുന്ന കഴുകന്മാരെ പോലെ, വേട്ടക്കാരും ഇരകളും ആകുന്ന മനുഷ്യർ—ഈ ഒറ്റപ്പെട്ട മനുഷ്യരെ ഒരു ഫ്രെയിമിൽ പൊട്ടുകളാക്കി മാറ്റുന്ന ഭൂമികയാണ് താഴ്‌വാരത്തെ അതിഭീകരമായ അനുഭവമാക്കുന്നത്.
റൗഫ്, ഫാർ ഫ്രം മെൻ, നോ കൺട്രി ഫോർ ഓൾഡ് മെൻ, താഴ്‌വാരം എന്നീ സിനിമകളിൽ ഭൂമിശാസ്ത്രങ്ങൾ പ്ലോട്ടും വികാരങ്ങളും അർത്ഥവും നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ്. ഓരോ സിനിമയും കഥാപാത്രങ്ങളെ വിരളവും ആളുകൾ കുറവായ ഭൂപ്രദേശങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്—മഞ്ഞ് മൂടിയ അനതോലിയൻ ഗ്രാമം, അൾജീരിയയിലെ അറ്റ്ലസ് മലനിരകളുടെ പ്രദേശം, വെസ്റ്റ് ടെക്സസിലെ അതിർത്തി മരുഭൂമി, പാലക്കാട് താഴ്വരകൾ. ഇവ ചേർന്ന് “ഒറ്റപ്പെട്ട ഭൂമിശാസ്ത്രം” എന്നൊരു അനുഭവം സൃഷ്ടിക്കുന്നു.
ഇവിടെ ആളുകൾ കുറയുമ്പോൾ ഭൂമിയുടെ സാന്നിധ്യം കൂടുതൽ ശക്തമാകുന്നു; അതിലൂടെ ഏകാന്തതയും നിശ്ശബ്ദതയും ഉള്ളിലെ സംഘർഷവും പ്രകടമാകുന്നു. ഈ സ്ഥലങ്ങൾ മനോഹരമാണ്, പക്ഷേ അതിന് ഒരു തണുത്ത അകലം ഉണ്ട്: റൗഫിലെ മഞ്ഞ് നിർമലവും കഠിനവുമാണ്; ഫാർ ഫ്രം മെനിലെ മലകൾ കഠിനവും നിശ്ശബ്ദവുമാണ്; നോ കൺട്രി ഫോർ ഓൾഡ് മെനിലെ മരുഭൂമി ശൂന്യവും ഭീഷണികരവുമാണ്; താഴ്‌വാരത്തിലെ താഴ്‌വര മനോഹരമായിരിക്കുമ്പോഴും വയലൻസ് നിറഞ്ഞതും പേടിപ്പിക്കുന്ന ലഹരി നിറയ്ക്കുന്ന ഏകാന്തതയുടേയുംതാണ്.'
ഫാർ ഫ്രം മെനിൽ കോളനിയൽ സ്ഥലം അധികാരവും പ്രതിരോധവും ആകുന്നു; നോ കൺട്രി ഫോർ ഓൾഡ് മെനിൽ അതിർത്തി പ്രദേശം ഹിംസയുടെ നിർവ്യാജ സ്ഥലം ആകുന്നു; റൗഫിൽ ഗ്രാമജീവിതം യുദ്ധത്തിന്റെ നിശ്ശബ്ദ സ്വാധീനവും പ്രണയത്തിന്റെ സൂക്ഷ്മതയും വഹിക്കുന്നു; താഴ്‌വാരത്തിൽ താഴ്വര ഒരു പ്രാദേശിക “ഫ്രണ്ടിയർ” ആയി മാറി വെസ്റ്റേൺ സിനിമയുടെ സ്വഭാവം ഉൾക്കൊണ്ട് കൊണ്ട് പല തരത്തിൽ രൂപപ്പെടുന്നു.
ഈ നാലിലും ഭൂമിശാസ്ത്രം ഒരു കഥാപാത്രമായി പ്രവർത്തിക്കുന്നു: ദാരുവിന്റെ യാത്ര മലകളിലൂടെ രൂപപ്പെടുന്നു; മോസും ചിഗൂറും ഒരേ സ്ഥലത്ത് വ്യത്യസ്ത ജീവിതങ്ങൾ നയിക്കുന്നു; റൗഫിന്റെ ബാല്യം കഠിന സാഹചര്യത്തിൽ നിലനിൽക്കാൻ ശ്രമിക്കുന്നു; താഴ്‌വാരത്തിൽ പ്രതികാരം സ്ഥലത്തെയും ദൂരത്തെയും ആശ്രയിച്ച് മുന്നേറുന്നു. ഇതിലൂടെ വയലൻസുമായി ചേർന്ന ഒരു ദൃശ്യശൈലി രൂപപ്പെടുന്നു—കുറഞ്ഞ സംഭാഷണം, വിശാലമായ കാഴ്ചകൾ, തുറന്ന ഇടങ്ങൾ—ഇവയിൽ ഭൂമിശാസ്ത്രം ഒരു കഥാപാത്രം പോലെ പ്രവർത്തിക്കുന്നു. ഒടുവിൽ, ഈ സിനിമകൾ നമ്മോട് പറയുന്നത്, സിനിമ ഭൂമി വഴിയാണ് ചിന്തിക്കുന്നത് എന്നതാണ്: ഒറ്റപ്പെട്ടതും മനോഹരവും കടുപ്പമുള്ളതുമായ ഭൂപ്രദേശങ്ങൾ മനുഷ്യജീവിതത്തിലെ ചരിത്രവും രാഷ്ട്രീയവും ബാല്യവും ഹിംസയും അനിശ്ചിതത്വവും പ്രകടിപ്പിക്കുന്ന പ്രധാന മാർഗമായി മാറുന്നു.