ലോകം ആപത്തിന് തൊട്ടരികെ

ലോകമെങ്ങും ഗൗരവപ്പെട്ട വാർത്തയാകേണ്ടതായിരുന്നു ഡൂംസ്‌ഡേ ക്ലോക്ക്. ലോകാവസാനം കാണിക്കുന്ന ക്ലോക്ക്. മനുഷ്യ ചെയ്തികൾ മൂലം ലോകം പിടിവിട്ട് നശിക്കുന്ന സമയമാണ് അർധരാത്രിയായി ഈ സാങ്കൽപ്പിക ഘടികാരത്തിൽ കാണിക്കുന്നത്. അങ്ങോട്ട് ഇനി എത്ര സമയമെന്ന്, ഐൻസ്റ്റൈനും മറ്റും സ്ഥാപിച്ച ശാസ്ത്രജ്ഞ സംഘം ഓരോ ജനുവരിയിലും കണക്കുകൂട്ടി പറയാറുണ്ട്. ഇത്തവണ അവർ ക്ലോക്കിന്‍റെ സൂചി സർവ്വനാശത്തിന്‍റെ തൊട്ടരികെ വെച്ചിരിക്കുന്നു

Update: 2026-02-02 08:05 GMT

ലോകാവസാന ക്ലോക്ക് പറയുന്നത്

ലോകമെങ്ങും ഗൗരവപ്പെട്ട വാർത്തയാകേണ്ടതായിരുന്നു ഡൂംസ്‌ഡേ ക്ലോക്ക്. ലോകാവസാനം കാണിക്കുന്ന ക്ലോക്ക്. മനുഷ്യ ചെയ്തികൾ മൂലം ലോകം പിടിവിട്ട് നശിക്കുന്ന സമയമാണ് അർധരാത്രിയായി ഈ സാങ്കൽപ്പിക ഘടികാരത്തിൽ കാണിക്കുന്നത്. അങ്ങോട്ട് ഇനി എത്ര സമയമെന്ന്, ഐൻസ്റ്റൈനും മറ്റും സ്ഥാപിച്ച ശാസ്ത്രജ്ഞ സംഘം ഓരോ ജനുവരിയിലും കണക്കുകൂട്ടി പറയാറുണ്ട്. ഇത്തവണ അവർ ക്ലോക്കിന്‍റെ സൂചി സർവ്വനാശത്തിന്‍റെ തൊട്ടരികെ വെച്ചിരിക്കുന്നു. രാജ്യങ്ങൾ തമ്മിൽ സഹകരിച്ചാൽ, അവ ഒത്തുപിടിച്ചാൽ, ആപത്ത് കുറക്കാനാവും. പക്ഷേ ഇന്ന് ദേശീയഭ്രാന്തും ചീത്ത നേതാക്കളും ആപത്ത് വർധിപ്പിക്കുകയാണെന്ന്, ബുള്ളറ്റിൻ ഓഫ് അറ്റോമിക് സയന്റിസ്റ്റ്സ് (Bulletin of Atomic Scientists) എന്ന ശാസ്ത്രജ്ഞ സംഘം പറയുന്നു.

Advertising
Advertising

ആണവായുധ ഭീഷണി, കാലാവസ്ഥാപ്രതിസന്ധി, നിർമിതബുദ്ധിയും ജൈവ സാങ്കേതിക വിദ്യയും ഉയർത്തുന്ന വെല്ലുവിളി എന്നിവയാണ് മുഖ്യ പ്രശ്നങ്ങൾ. ആണവായുധത്തിന്‍റെ കാര്യമെടുക്കുക. വിവേകമില്ലാത്ത നേതാക്കളുടെ വരുതിയിലാണ് അത്. യുഎസ് ആണവരാഷ്ട്രമാണ്. റഷ്യയും ചൈനയും ഫ്രാൻസും യുകെയും ഇന്ത്യയും പാകിസ്താനും ആണവായുധമുള്ള രാഷ്ട്രങ്ങളാണ്. ഇറാൻ അതിൽ പെടില്ല. ആണവായുധം പ്രയോഗിച്ച് ലക്ഷങ്ങളെ കൊന്ന ഏകരാജ്യം അമേരിക്കയാണ്. ഈ അമേരിക്കയാണ് ആണവായുധ ഭീഷണി പറഞ്ഞ് ഇറാനെ ആക്രമിക്കാൻ മുതിരുന്നത്. അമേരിക്കയുടെ മറ്റൊരു സമാധാന നാട്യമാണ് ഗസ്സയിലെ സമാധാന ബോർഡ്. പേര് അതാണെങ്കിലും യഥാർഥത്തിൽ യുദ്ധഭ്രാന്തന്മാരുടെ ക്ലബ്ബാണത്.

സർവ്വനാശത്തിന്‍റെ മറ്റൊരു ഹേതു കാലാവസ്ഥാ പ്രതിസന്ധിയാണ്. അത് ഗുരുതരമായിക്കഴിഞ്ഞു. ആഗോള താപനത്തിന്‍റെ പ്രത്യാഘാതങ്ങളിൽ, അതിതീവ്ര കാലാവസ്ഥാ ഭേദങ്ങൾ ഉൾപ്പെടും. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ തീരുമാനിച്ചിരുന്ന കുറെ പരിധികൾ കഴിഞ്ഞ വർഷത്തോടെ ഭൂമി ലംഘിച്ചതായി ശാസ്ത്രം പറയുന്നു. കഴിഞ്ഞ വർഷം 157 കൊടും കാലാവസ്ഥാ സംഭവങ്ങൾ ഉണ്ടായി.

മൂന്നാമത്തെ വിപത്ത് എഐ അടക്കമുള്ള ജൈവസാങ്കേതിക വിദ്യയാണ്. കോവിഡിനെക്കാൾ ഭീകരമായ വൈറസുകൾ ഇറക്കാൻ കഴിയുന്ന, ലോകമാകെ അപകടങ്ങൾ സൃഷ്ടിച്ച് മനുഷ്യരെ നശിപ്പിക്കാൻ കഴിയുന്ന എഐ; ഇതൊക്കെ സാധ്യതകളാണ്. അവക്കെതിരെ പ്രതിരോധ സംവിധാനങ്ങളില്ല.

ഡാനിയൽ കൊക്കോടാജ്‌ലോ എന്ന ശാസ്ത്രജ്ഞൻ ഒരു സാധ്യത കാണുന്നതിങ്ങനെ: 2027 വരെ എഐ വമ്പിച്ച വികസനവും സാമ്പത്തിക വളർച്ചയു കൊണ്ടുവരും. പിന്നെ സ്വയം തീരുമാനിക്കാനുള്ള കഴിവ് ആർജിക്കുന്നതോടെ അവ എല്ലാം നിയന്ത്രിക്കാൻ തുടങ്ങും. മനുഷ്യരെ ഇല്ലാതാക്കും. അവരുടെ മസ്തിഷ്കങ്ങൾ സ്വന്തമാക്കും. കെട്ടുകഥ എന്ന് തോന്നാം. പക്ഷേ എഐ മുന്നേറ്റം പഠിക്കുന്ന ശാസ്ത്രജ്ഞർ പറയുന്നത്, ഇത് അത്ര അസംഭവ്യമല്ല എന്നാണ്. നാശത്തിന്‍റെ വക്കിലെത്തിയ ലോകത്തിന് വേണ്ടി മാധ്യമങ്ങൾക്ക് എന്താണ് ചെയ്യാനാവുക? രാജ്യാന്തര സഹകരണം ആവശ്യമുള്ള വിപത്തുകളെപ്പറ്റി ലോകത്തിന് ശരിയായ അറിവ് നൽകുക, അധികാര രാഷ്ട്രീയത്തിനപ്പുറത്ത് ശാസ്ത്രലോകത്തിന് മതിയായ ശ്രദ്ധ നൽകുക എന്നതുതന്നെ.

Full View

ബിബിസിയെ വോയ്‌സ് ഓഫ് ഇന്ത്യയാക്കിയ ടളി

ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചപ്പോൾ മകൻ രാജീവ് പശ്ചിമ ബംഗാളിലായിരുന്നു. വിവരം കേട്ട അദ്ദേഹം അത് സ്ഥിരീകരിക്കാൻ വിളിച്ചത് ബിബിസി ബ്യുറോ ചീഫ് മാർക് ടളിയെയാണത്രെ. ഇന്ദിര സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ആശുപത്രിയിലായത് ബിബിസിയിലെ സതീഷ് ജേക്കബാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചത് രാവിലെ 10:50ന്. ആകാശവാണി വാർത്ത പുറത്തുവിടുന്നത് വൈകുന്നേരം ആറുമണിക്ക്. അതിനും മണിക്കൂറുകൾക്കുമുമ്പ് ലോകം ആ വാർത്ത ബിബിസിയിൽ നിന്ന് കേട്ടുകഴിഞ്ഞിരുന്നു.

ബിബിസി ഡൽഹി ബ്യുറോ ചീഫായിരുന്ന ടളിയിൽ നിന്ന് ലോകമറിഞ്ഞ സംഭവങ്ങൾ ഏറെ. ഇന്ത്യ-പാക് യുദ്ധം, ബംഗ്ലാദേശിന്‍റെ പിറവി, അടിയന്തരാവസ്ഥ, ഭോപ്പാൽ ദുരന്തം, സുവർണ ക്ഷേത്രത്തിലെ ബ്ലൂസ്റ്റാർ സൈനിക നടപടി, ബാബരി പള്ളി പൊളിക്കൽ എന്നിവ ഉൾപ്പെടെ. ബാബരി ധ്വംസനം റിപ്പോർട്ട് ചെയ്യാൻ പോയ അദ്ദേഹത്തെ ഹിന്ദുത്വ തീവ്രവാദികൾ ഭീഷണിപ്പെടുത്തി. മുറിയിൽ പൂട്ടിയിട്ടു.

ടളി പിൽക്കാലത്ത് ബിബിസിയിൽ നിന്ന് രാജി വെച്ചു. ബിബിസി അതിന്‍റെ ആദർശത്തിൽ കോർപ്പറേറ്റ് താല്പര്യം കലർത്തി എന്ന് പറഞ്ഞായിരുന്നു രാജി. പിന്നീടദ്ദേഹം ഫ്രീലാൻസറായി; മികച്ച ഡോക്യൂമെന്‍ററികൾ നിർമിച്ചു. പക്ഷേ റേഡിയോ ജേണലിസ്റ്റ് എന്ന നിലക്കാണ് അദ്ദേഹം ഏറ്റവുമധികം തിളങ്ങിയത്. പല ഇന്ത്യക്കാരേക്കാളും ഇന്ത്യയുടെ ആത്മാവറിഞ്ഞയാളായിരുന്നു ടളി. സ്ഫുടമായ ഹിന്ദിയിലും ഇംഗ്ലീഷിലും ഇന്ത്യയിലിരുന്ന് വാർത്ത പറഞ്ഞ പതിറ്റാണ്ടുകൾ. ഇന്ത്യ പത്മശ്രീയും പത്മഭൂഷണും നൽകി. ഒടുവിൽ തൊണ്ണൂറാം വയസ്സിൽ ഡൽഹിയിൽ മരിച്ചു.

ആധികാരികതയും പക്ഷപാതിത്വമില്ലായ്മയും ടളിയുടെ ജേണലിസത്തിന് ഈട് നൽകി. ഒരു ജേണലിസ്റ്റിന് വേണ്ട ഗുണങ്ങളെന്തെന്ന് കാണിച്ചുതന്നയാളാണ് ടളി. സഹാനുഭൂതി, കേൾക്കാനുള്ള സന്നദ്ധത, ആർക്കും മനസ്സിലാകുന്ന ഭാഷ, സത്യത്തോടുള്ള പ്രതിബദ്ധത, വിനയം, നർമ്മബോധം, എല്ലാ ചേരുവകളും അദ്ദേഹത്തിലുണ്ടായിരുന്നു.

Full View

പത്മഭൂഷൺ എന്ന 'തരികിട'

പത്മ പുരസ്കാരങ്ങൾ രാജ്യം നൽകുന്ന ആദരമാണ്. പക്ഷേ അവയും ചിലപ്പോൾ കാർട്ടൂണിന് പറ്റിയ ചേരുവയാകാം. ഇത്തവണത്തെ പുരസ്കാരങ്ങളിൽ കേരളീയരുടെ എണ്ണം കണ്ട് പലരും അമ്പരന്നു. ഇത് സംസ്ഥാനത്തിനുള്ള തെരഞ്ഞെടുപ്പ് കോഴയാണ് എന്ന നിഗമനത്തിലാണ് കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യ. പുരസ്കാരങ്ങളെ മതിമറന്ന് ആഘോഷിച്ച മാധ്യമങ്ങൾ അതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞില്ല എന്ന സൂചന അദ്ദേഹത്തിന്‍റെ കാർട്ടൂണിലുണ്ട്. വേറെയുമുണ്ട് പത്മ വിശേഷം. ബജറ്റ് വന്നു. അതിന്‍റെ വാർത്തകളെ പത്രങ്ങൾ രസകരമാക്കുന്നത് ചിത്രീകരണങ്ങളും കാർട്ടൂണുകളും വഴിയാണ്. ബജറ്റുകൾക്ക് യാഥാർഥ്യബോധമോ ഫലപ്രാപ്തിയോ ഇല്ലെങ്കിലെന്ത്? മാധ്യമങ്ങളുടെ അവതരണത്തിലൂടെ അവ മഹാ സംഭവമാകും.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Byline - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News