ക്രിക്കറ്റ് മൈതാനങ്ങൾ ദൈവമെന്ന് വിളിച്ച ഒരു മനുഷ്യനുണ്ട് - സച്ചിൻ രമേശ് ടെണ്ടുൽക്കർ. ബാറ്റിംഗിലെ തികവും അചഞ്ചലമായ ഏകാഗ്രതയും കൊണ്ട് ലോകക്രിക്കറ്റിനെ തന്റെ കാൽക്കീഴിലാക്കിയ ഇതിഹാസം. എന്നാൽ സച്ചിൻ എന്ന സൂര്യൻ ഉദിച്ചുയരുന്നതിനും മുൻപേ, മുംബൈയുടെ മണ്ണിൽ അതേ മികവോടെ, അതേ കരുത്തോടെ ബാറ്റ് വീശിയിരുന്ന മറ്റൊരു കൗമാരക്കാരനുണ്ടായിരുന്നു, അനിൽ ഗുരവ്.
രമാകാന്ത് അചരേക്കറുടെ ശിക്ഷണത്തിൽ സച്ചിൻ ടെണ്ടുൽക്കറിനും വിനോദ് കാംബ്ലിക്കുമൊപ്പം പരിശീലിക്കപ്പെടുകയും അവരേക്കാൾ മികച്ച സാങ്കേതികത്തികവോടെ ബാറ്റ് വീശുകയും ചെയ്ത അനിലായിരുന്നു പരിശീലകന്റെ പ്രിയ ശിഷ്യൻ.
'അനിലിനെ കണ്ട് പഠിക്കൂ, അത് പോലെ ബാറ്റ് ചെയ്യൂ'വെന്ന പരിശീലകന്റെ ഉപദേശങ്ങൾ നിരന്തരമായി കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് തന്റെ ആത്മകഥയായ 'പ്ലെയിങ് ഇറ്റ് മൈ വേ'യിലൂടെ സച്ചിനും അന്നത്തെ ഓർമ്മകളെ സാക്ഷ്യപ്പെടുത്തുന്നു.
സച്ചിന്റെ തന്നെ ബാറ്റിംഗിലെ പിഴവുകൾ തിരുത്തിയിരുന്ന, തന്റെ പ്രിയപ്പെട്ട ബാറ്റ് പോലും സച്ചിന് നൽകി ആ വളർച്ചയിൽ കൂട്ടുനിന്ന അനിൽ, പ്രതിഭയുടെ കാര്യത്തിൽ സച്ചിനോളം തന്നെയോ അല്ലെങ്കിൽ ഒരുപടി മുകളിലോ ആയിരുന്നു. പക്ഷേ, സച്ചിൻ വിജയങ്ങളുടെ കൊടുമുടി കയറി ചരിത്രത്തിന്റെ ഭാഗമായപ്പോൾ, വിധി ക്ലീൻ ബൗൾഡ് ചെയ്ത അനിൽ ഗുരവിന്റെ ജീവിതം വിസ്മൃതിയുടെ ഇരുളിലേക്ക് തള്ളപ്പെട്ടു. പ്രതിഭ മാത്രം പോരാ, ഭാഗ്യവും സാഹചര്യങ്ങളും കൂടി തുണച്ചാൽ മാത്രമേ ഒരാൾക്ക് 'സച്ചിൻ' ആയി മാറാൻ കഴിയൂ എന്ന യാഥാർത്ഥ്യത്തിന്റെ വലിയൊരു നിഴൽരൂപമാണ് അനിൽ ഗുരവ്..
അനിൽ ഗുരവിന്റെ ജീവിതനാളുകളിലൂടെ...
1965-ൽ മുംബൈയിലെ ഒരു സാധാരണ കുടുംബത്തിലാണ് അനിൽ ഗുരവിന്റെ ജനനം. എൺപതുകളുടെ തുടക്കത്തിൽ ശാരദാശ്രമം വിദ്യാലയത്തിലെ നെറ്റ്‌സുകളിൽ കോച്ച് രമാകാന്ത് അചരേക്കറുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്ന അനിൽ ,സച്ചിൻ ടെണ്ടുൽക്കറും വിനോദ് കാംബ്ലിയും ജൂനിയർമാരായി അവിടെയെത്തുമ്പോഴേക്കും, 'സൂപ്പർസ്റ്റാർ' പട്ടം കരസ്ഥമാക്കികഴിഞ്ഞിരുന്നു.
സാങ്കേതിക മികവിനൊപ്പം ആക്രമണോത്സുകത ബാറ്റിങ് കാഴ്ച്ചവെച്ചിരുന്ന അനിൽ ഗുരവിന് അന്ന് കിട്ടിയിരുന്ന ഏറ്റവും വലിയ അവാർഡുകളിലൊന്ന് സാക്ഷാൽ വിവ് റിച്ചാർഡ്സിനൊപ്പമുള്ള താരതമ്യപ്പെടുത്തലായിരുന്നു. സഹതാരങ്ങൾക്കിടയിൽ 'വിവ്' എന്ന് വിളിപ്പേരുണ്ടായിരുന്ന അനിൽ ഗുരവിന്റെ ബാറ്റിങ് ശൈലിയിൽ അന്നത്തെ വെസ്റ്റിൻഡീസ് അതികായനായിരുന്ന വിവിയൻ റിച്ചാർഡ്‌സുമായി സമാനതകളുണ്ടെന്നും സമീപഭാവിയിൽ തന്നെ അനിൽ ഇന്ത്യക്കായി അരങ്ങേറുമെന്നതുമൊക്കെ സംശയാതീതമായിരുന്നു.
തുടക്കക്കാരനായിരുന്ന സച്ചിൻ ടെണ്ടുൽക്കറെ ബാറ്റിങ്ങിൽ വേണ്ട ഉപദേശങ്ങൾ നൽകി 'മെന്റർ' റോൾ വഹിച്ചും തന്റെ പ്രിയ ബാറ്റ് സമ്മാനമായി നൽകിയും , 1988-ൽ സച്ചിനും കാംബ്ലിയും ചേർന്ന് 664 റൺസിന്റെ ചരിത്രപ്രസിദ്ധമായ ലോക റെക്കോർഡ് പാർട്ണർഷിപ്പ് പടുത്തുയർത്തുമ്പോൾ ആ ടീമിന്റെ ക്യാപ്റ്റനായുമെല്ലാം അനിൽ ഗുരവ് സച്ചിൻ ടെണ്ടുൽക്കറുടെ ജീവിതത്തിൽ നിറം പകർത്തി.
സച്ചിൻ ഇന്നും ഭക്ത്യാദരങ്ങളോടെ സ്മരിക്കുന്ന ഒരു കാര്യമുണ്ട്, തനിക്ക് സ്വന്തമായി ഒരു ബാറ്റ് ഇല്ലാതിരുന്ന കാലത്ത് അനിൽ തന്റെ പ്രിയപ്പെട്ട ബാറ്റ് സമ്മാനമായി നൽകി. ആ ബാറ്റ് കൊണ്ടാണ് സച്ചിൻ തന്റെ കരിയറിലെ ആദ്യകാല സെഞ്ച്വറികൾ പടുത്തുയർത്തിയത്.!
ഇന്ത്യയുടെ ഭാവി താരമെന്ന് ക്രിക്കറ്റ് നിരീക്ഷകർ ഉറച്ചു വിശ്വസിച്ചിരുന്ന അനിൽ ഗുരവിന്റെ ജീവിതം പക്ഷെ പതിയെ താളംതെറ്റി തുടങ്ങുകയായിരുന്നു. സച്ചിൻ വിജയങ്ങളുടെ കൊടുമുടി കയറിതുടങ്ങുമ്പോൾ, അനിൽ ഗുരവ് എന്ന പ്രതിഭ വിസ്മൃതിയുടെ ഇരുളിലേക്ക് തള്ളപ്പെട്ടുക്കൊണ്ടിരിക്കുകയായിരുന്നു.
പ്രതിഭയുണ്ടായിട്ടും എന്തുകൊണ്ട് അനിൽ ഗുരവ് സച്ചിനെപ്പോലെ വളർന്നില്ല എന്ന ചോദ്യത്തിന് പിന്നിൽ വിധി കാത്തുവെച്ച ചില ക്രൂരതകളുണ്ട്. അനിലിന്റെ സഹോദരൻ മുംബൈയിലെ അധോലോക സംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്ന് പറയപ്പെടുന്നു. ഈ ഒരു കാരണം കൊണ്ട് മാത്രം അനിൽ പലപ്പോഴും സംശയത്തിന്റെ നിഴലിലായി. സഹോദരന്റെ പ്രവൃത്തികൾക്ക് അനിൽ പോലീസിന്റെ ചോദ്യം ചെയ്യലുകൾക്കും പീഡനങ്ങൾക്കും ഇരയായി. കരിയറിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിൽ ജയിലഴികൾക്കുള്ളിൽ കഴിയേണ്ടി വന്നത് ആ അനിൽ ഗുരവിന്റെ ആത്മവീര്യം തകർത്തു.
മറുവശത്ത് കടുത്ത ദാരിദ്ര്യമായിരുന്നു. സച്ചിനെപ്പോലെ കുടുംബത്തിന്റെ പിന്തുണ അനിലിന് ലഭിച്ചില്ല. ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെട്ടിരുന്ന സാഹചര്യത്തിൽ ക്രിക്കറ്റിനേക്കാൾ വലുത് വിശപ്പാവുകയും ഏറ്റവും ദുർഘടമായ സാഹചര്യത്തിൽ സെലക്ടർമാരുടെ പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്തതോടെ അനിൽ ഗുരവ് എന്ന അതുല്യപ്രതിഭയ്ക്ക് മുന്നിൽ ദേശീയ ടീമിനായി കളിക്കുകയെന്ന സ്വപ്നം സ്വപ്നമായിത്തന്നെയവശേഷിച്ചു.
ക്രിക്കറ്റ് മൈതാനങ്ങൾ കൈവിട്ടതോടെ അനിൽ ജീവിതത്തിന്റെ ഇരുളിലേക്ക് വഴുതിവീണു. മദ്യപാനം ജീവിതത്തിന്റെ ഭാഗമായി. ഒരു കാലത്ത് താൻ ബാറ്റിംഗ് പഠിപ്പിച്ചവർ ലോകം കീഴടക്കുന്നത് കാണുമ്പോൾ ഉണ്ടായ നിരാശ അദ്ദേഹത്തെ തളർത്തിയിട്ടുണ്ടാകാം. മുംബൈയിലെ നളസോപാരയിലുള്ള ഒരു കൊച്ചു കൂരയിൽ ദാരിദ്ര്യത്തോടും രോഗത്തോടും പൊരുതിയാണ് അദ്ദേഹം പിന്നീട് ജീവിച്ചത്.
മുംബൈയിലെ ഒരു ഇടുങ്ങിയ മുറിയിൽ, പഴയ പ്രതാപത്തിന്റെ ഓർമ്മകൾ മാത്രമായി അദ്ദേഹത്തിന്റെ ജീവിതം ഒതുങ്ങി. സച്ചിൻ ഭാരതരത്ന നേടി രാജ്യത്തിന്റെ അഭിമാനമായി മാറുമ്പോൾ, അനിൽ ഗുരവ് എന്ന പഴയ 'ബാറ്റിംഗ് ഗുരു' റെയിൽവേ സ്റ്റേഷനുകളിലും തെരുവുകളിലും അലയുന്ന അവസ്ഥയിലെത്തി.
സച്ചിൻ ടെണ്ടുൽക്കർ തന്റെ വിരമിക്കൽ പ്രസംഗത്തിൽ തന്റെ കരിയറിൽ സഹായിച്ച എല്ലാവരെയും ഓർത്തെടുത്തിരുന്നെങ്കിലും അനിലിന്റെ പേര് പരാമർശിച്ചില്ല എന്നത് ഒരു നൊമ്പരമായി ഇന്നും അവശേഷിക്കുന്നു. എന്നാൽ സച്ചിൻ പിന്നീട് അനിലിനെ നേരിട്ട് കാണുകയും സാമ്പത്തികമായി സഹായിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെങ്കിലും അദ്ദേഹമത് സ്നേഹപുരസ്സരം നിഷേധിക്കുകയായിരുന്നു.
ക്രിക്കറ്റ് മൈതാനങ്ങൾ കേവലം പ്രതിഭയുടെ മാത്രം അളവുകോലെന്നതിനപ്പുറം വിധിയുടെയും ഭാഗ്യത്തിന്റെയും പരീക്ഷണശാല കൂടിയാണ്. അസാമാന്യമായ ബാറ്റിംഗ് മികവുണ്ടായിട്ടും അനിൽ ഗുരവ് വിസ്മൃതിയിലായപ്പോൾ, പ്രതിഭയ്‌ക്കൊപ്പം കാലവും സാഹചര്യങ്ങളും തുണച്ചവർ ചരിത്രത്തിന്റെ ഭാഗമായി മാറി. കഠിനാധ്വാനം വിജയത്തിലേക്കുള്ള വഴിയാണെങ്കിലും, ശരിയായ സമയത്ത് ശരിയായ വാതിലുകൾ തുറക്കപ്പെടാൻ ഭാഗ്യം എന്ന ഘടകം കൂടി അനിവാര്യമാണെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
മുംബൈയുടെ മൈതാനങ്ങളിൽ നിന്ന് തുടങ്ങിയ ആ രണ്ട് യാത്രകൾ രണ്ട് ദിശകളിലേക്കായിരുന്നു. സച്ചിൻ രമേശ് ടെണ്ടുൽക്കർ തന്റെ ബാറ്റ് കൊണ്ട് ചരിത്രം തിരുത്തിക്കുറിച്ചു. ഭാരതരത്നയും പദ്മവിഭൂഷണും അർജുന അവാർഡും ഖേൽരത്നയുമെല്ലാം ആ മഹാപ്രതിഭയുടെ നെറുകയിൽ ചാർത്തപ്പെട്ടു. രാജ്യം സച്ചിനെ ആരാധനയോടെ നെഞ്ചിലേറ്റി. എന്നാൽ, സച്ചിൻ തന്റെ കരിയറിൽ ഓരോന്നായി വെട്ടിപ്പിടിക്കുമ്പോഴും അനിൽ ഗുരവ് എന്ന പഴയ 'ഗുരു' ജീവിതത്തിന്റെ കഠിനമായ പരീക്ഷണങ്ങളിലായിരുന്നു. വിജയത്തിന്റെ വെള്ളിവെളിച്ചത്തിന് പകരം ദാരിദ്ര്യത്തിന്റെയും അലച്ചിലിന്റെയും ഇരുളിലേക്കാണ് അനിൽ കൂപ്പുകുത്തിയത്. റെക്കോർഡുകളുടെയും പുരസ്കാരങ്ങളുടെയും കൊടുമുടിയിൽ സച്ചിൻ നിൽക്കുമ്പോൾ, ഒരു നേരത്തെ വിശപ്പടക്കാൻ പാടുപെടുന്ന, തെരുവുകളിൽ ആരുമറിയാതെ നടന്നുപോകുന്ന വെറുമൊരു അപരിചിതനായി അനിൽ ഗുരവ് മാറി. ഒരേ നെറ്റ്‌സിൽ ഒരേ സ്വപ്നം കണ്ടു വളർന്ന രണ്ടുപേർ.
ഒരാൾ ചരിത്രമായി, മറ്റൊരാൾ വിധി ബാക്കിവെച്ച നൊമ്പരമായി..!