ഒരു അറേബ്യൻ അശ്വാഭ്യാസിനി പണിത പാലം
മർയം ശിനാസിയെ ശ്രദ്ധേയയാക്കുന്ന മറ്റൊരു ഘടകം അവരുടെ സാഹിത്യ-സാംസ്കാരിക മേഖലകളിലെ സംഭാവനകളാണ്. ശാസ്ത്രജ്ഞ എന്നതിലുപരി, അവർ ഒരു എഴുത്തുകാരി, ചിത്രകാരി, ഫോട്ടോഗ്രാഫർ കൂടിയാണ്. അവരുടെ കൃതികളിൽ ഏറ്റവും ശ്രദ്ധേയം 'മുദക്കിറാത് ഫാരിസ അറബിയ്യ' അഥവാ 'അറേബ്യന്‍ അശ്വാഭ്യാസിനിയുടെ ഓർമ്മക്കുറിപ്പുകൾ' ആണ്
യുണൈറ്റഡ് അറബ് എമിറേറ്റ്സ് ലോകത്തിന് സംഭാവന ചെയ്ത ബഹുമുഖ പ്രതിഭകളിൽ തിളക്കമുള്ള ഒരധ്യായമാണ് ഡോ. മർയം അൽ-ശിനാസി. ശാസ്ത്രജ്ഞ, ഭരണകർത്താവ്, എഴുത്തുകാരി, കലാകാരി എന്നിങ്ങനെ വിവിധ മേഖലകളിൽ അവർ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ശാസ്ത്രീയ ഗവേഷണത്തിലെ അഗാധമായ അറിവും സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള അഭിനിവേശവും സമന്വയിപ്പിച്ചുകൊണ്ട്, ആധുനിക അറബ് വനിതയുടെ കരുത്തിന്റെയും പ്രതിഭയുടെയും പ്രതീകമായി അവർ നിലകൊള്ളുന്നു. പരിസ്ഥിതി മൈക്രോബയോളജിസ്റ്റ് എന്ന നിലയിൽ തൻ്റെ രാജ്യത്തിന്റെ ഭരണമേഖലകളിൽ നൽകിയ സംഭാവനകളും സ്മരണീയമാണ്.
അക്കാദമിക മികവിന്റെയും ഭരണനിർവഹണ പാടവത്തിന്റെയും പാത
ശിനാസിയുടെ ജീവിതം ആരംഭിക്കുന്നത് ശക്തമായ അക്കാദമിക അടിത്തറയിലാണ്. ബ്രിട്ടനിലെ പ്രശസ്തമായ ഗ്ലാസ്‌ഗോ സർവ്വകലാശാലയിൽ (University of Glasgow) നിന്നാണ് അവർ പരിസ്ഥിതി മൈക്രോബയോളജിയിൽ (Environmental Microbiology) ഡോക്ടറേറ്റ് നേടിയത്. ഈ ശാസ്ത്രീയമായ പരിസരവും ഗവേഷണ പരിചയവുമാണ് അവരുടെ ഔദ്യോഗിക ജീവിതത്തിന് ഊർജ്ജം പകർന്നത്. അക്കാദമിക മികവിനുള്ള അംഗീകാരങ്ങൾ പലപ്പോഴും അവരെ തേടിയെത്തി. ബ്രിട്ടീഷ് അപ്ലൈഡ് മൈക്രോബയോളജി സൊസൈറ്റി കോൺഫറൻസിൽ അവർക്ക് രണ്ടാമത്തെ മികച്ച ഡോക്ടറേറ്റ് പ്രബന്ധത്തിനുള്ള പുരസ്കാരം ലഭിച്ചത് അവരുടെ ഗവേഷണ നിലവാരത്തിന് തെളിവാണ്. കൂടാതെ, 2006-ൽ ഷാർജ സർവ്വകലാശാലയുടെ മികച്ച ഫാക്കൽറ്റി അംഗമായും അവർ തിരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്രീയ അറിവുകൾ ഭരണരംഗത്ത് പ്രയോഗിക്കുന്നതിൽ അവർ മാതൃക കാണിച്ചു. യുഎഇയിലെ പരിസ്ഥിതി, ജല മന്ത്രാലയത്തിൽ (Ministry of Environment and Water) അവർ സുപ്രധാനമായ നേതൃത്വ സ്ഥാനങ്ങൾ വഹിച്ചു. രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണ നയങ്ങൾ രൂപീകരിക്കുന്നതിൽ അവരുടെ പങ്ക് നിർണ്ണായകമായിരുന്നു. ഭരണപരമായ കാര്യക്ഷമതയുടെ ഉദാഹരണമായി, 2011-ൽ അവർക്ക് മികച്ച കോർപ്പറേറ്റ് പെർഫോമൻസ് എക്സിക്യൂട്ടീവിനുള്ള (Best Executive in Corporate Performance) പുരസ്കാരം ലഭിച്ചു.
സാഹിത്യരംഗത്തെ ബഹുമുഖത: ഓർമ്മക്കുറിപ്പുകൾ മുതൽ 'ബബ്ബഗായിയ്യ' വരെ
മർയം ശിനാസിയെ ശ്രദ്ധേയയാക്കുന്ന മറ്റൊരു ഘടകം അവരുടെ സാഹിത്യ-സാംസ്കാരിക മേഖലകളിലെ സംഭാവനകളാണ്. ശാസ്ത്രജ്ഞ എന്നതിലുപരി, അവർ ഒരു എഴുത്തുകാരി, ചിത്രകാരി, ഫോട്ടോഗ്രാഫർ കൂടിയാണ്. അവരുടെ കൃതികളിൽ ഏറ്റവും ശ്രദ്ധേയം 'മുദക്കിറാത് ഫാരിസ അറബിയ്യ' അഥവാ 'അറേബ്യന്‍ അശ്വാഭ്യാസിനിയുടെ ഓർമ്മക്കുറിപ്പുകൾ' ആണ്. ഈ നോവൽ മലയാള വായനക്കാർക്ക് ഏറെ പരിചിതമാണ്. അബ്ദു ശിവപുരം വിവർത്തനം ചെയ്ത് കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചതിലൂടെ ഇത് വർഷങ്ങൾക്ക് മുമ്പ്തന്നെ കേരളത്തിലെത്തി. ഈ കൃതി, ആത്മവിശ്വാസത്തിന്റെയും സ്വയം മാറ്റത്തിന്റെയും ശക്തിയാണ് വായനക്കാർക്ക് പകർന്നുനൽകുന്നത്. 40 വയസ്സ് തികയും മുമ്പ് കുതിരയോട്ടത്തിൽ പ്രാവീണ്യം നേടുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന സാറ എന്ന ഇമാറാത്തി വനിതയുടെ കഥ, ഭയം, സ്ത്രീ സഹജമായ ശാരീരിക ബുദ്ധിമുട്ടുകൾ, പരിശീലനത്തിലെ വെല്ലുവിളികൾ എന്നിവയെ ഇച്ഛാശക്തികൊണ്ട് എങ്ങനെ മറികടക്കുന്നു എന്ന് വിശദീകരിക്കുന്നു. പുതിയ സ്വപ്നങ്ങൾ ആരംഭിക്കാൻ പ്രായം ഒരു പ്രശ്നമല്ലെന്നും, ആത്മവിശ്വാസത്തിലൂടെ ഏതൊരു ലക്ഷ്യവും നേടാമെന്നും സാറയുടെ ഡയറിക്കുറിപ്പുകളിലൂടെ ശിനാസി തെളിയിക്കുന്നു. ഒരാത്മകഥയുടെ സ്പർശം ആ നോവലിന് ഏതായാലുമുണ്ട്.
കൂടാതെ, നാഗരികതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭക്ഷ്യസംബന്ധിയായ അവരുടെ ഗവേഷണ താൽപര്യം വ്യക്തമാക്കുന്ന മറ്റൊരു നോവലാണ് 'അൽ-മഖ്സഫ് അൽ-ഗിദായി' (ഭക്ഷണശാല). ഈ നവംബറിൽ നടന്ന ഷാർജ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്ത പുതിയ നോവൽ 'അൽ-ബബ്ബഗായിയ്യ' മറ്റൊരു പ്രധാന കൃതിയാണ് 'അൽ-ബബ്ബഗായിയ്യ' ( The Parroting). 'തത്ത പറയുന്നതുപോലെ പറയുന്നതിനെ' സൂചിപ്പിക്കുന്ന ഈ നോവലിന്റെ ശീർഷകം, സമൂഹത്തിലെ അന്ധമായ അനുകരണത്തെയും സ്വന്തമായി ചിന്തിക്കാനുള്ള കഴിവില്ലായ്മയെയും വിമർശിക്കുന്നു.
ആധുനിക സാമൂഹിക പ്രശ്നങ്ങളെ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയുടെയും വിവരങ്ങളുടെയും പെരുമഴക്കാലത്ത്, സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്നതിനെയും സ്വത്വബോധമില്ലാത്ത ജീവിതശൈലികളെയും ഈ നോവൽ ചോദ്യം ചെയ്യുന്നു. മറ്റുള്ളവർ പറയുന്നത് കേട്ട് അതേപടി ഏറ്റുപറയുകയും അനുകരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെയാണ് 'ബബ്ബഗായിയ്യ' വരച്ചുകാട്ടുന്നത്. ചിന്താപരമായ ആഴവും സാമൂഹിക വിമർശനവും സമ്മേളിക്കുന്ന ഈ കൃതി, ഒരു ശാസ്ത്രജ്ഞയുടെ സൂക്ഷ്മമായ നിരീക്ഷണപാടവം സാഹിത്യത്തിൽ പ്രയോഗിക്കുന്നതിന് ഉത്തമ ഉദാഹരണമാണ്.
സാംസ്കാരിക നേതൃത്വവും ബഹുമുഖ വ്യക്തിത്വവും
ഡോ. മർയം ശിനാസിയുടെ വ്യക്തിത്വം ശാസ്ത്രീയ വിശകലനത്തിലും സാഹിത്യപരമായ ഭാവനയിലും മാത്രം ഒതുങ്ങിനിൽക്കുന്നില്ല. സാഹിത്യം കൂടാതെ, അവർ ഒരു ചിത്രകാരിയും (Visual Artist) ഫോട്ടോഗ്രാഫറും കൂടിയാണ്. കലാരൂപങ്ങളിലൂടെ ആശയവിനിമയം നടത്താനുള്ള അവരുടെ കഴിവ്, ശാസ്ത്രജ്ഞയുടെ യുക്തിയും കലാകാരിയുടെ സർഗ്ഗാത്മകതയും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുന്നത്. ഇമാറാത്തിലെ സാംസ്കാരിക നേതൃത്വത്തിൽ അവരുടെ പങ്ക് വലുതാണ്. 2014-ൽ എമിറാത്തി പ്രസാധകരുടെ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്, യുഎഇയുടെ പ്രസിദ്ധീകരണ മേഖലയിൽ അവരുടെ സ്വാധീനം ഉറപ്പിച്ചു. അറബി സാഹിത്യത്തിന്റെയും വായനയുടെയും വളർച്ചയ്ക്ക് ഈ സ്ഥാനം ഉപയോഗിച്ചു. ഷാർജ ആസ്ഥാനമായുള്ള യാസ്മീൻ പബ്ലിഷേർസ് ഇന്ത്യക്കാരായ എഴുത്തുകാരുടേതടക്കം അനേകം പേരുടെ എഴുത്തുകൾ ലോകത്തിന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്.
മാത്രമല്ല, അനറബികൾക്ക് വേണ്ടി അറബി ഭാഷാ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി സംരംഭങ്ങൾ അവർക്ക് സ്വന്തമായിട്ടുണ്ട്. അതിൻ്റെ ഫലമായി കോഴിക്കോട് , കേരള സർവകലാശാലകളിൽ വ്യത്യസ്ത കോളേജുകൾ കേന്ദ്രീകരിച്ചും ഒരു ഡസനിലേറെ പരിപാടികൾ ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞു. ഇത് അറബി ഭാഷയുടെ സാംസ്കാരിക മൂല്യങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കാനുള്ള അവരുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്.
നിത്യ പ്രചോദനത്തിന്റെ മാതൃക
ഡോ. മർയം അൽ-ശിനാസി വെറും ഗവേഷകയോ എഴുത്തുകാരിയോ അല്ല; അവർ തൻ്റെ രാജ്യത്തിൻ്റെ പുരോഗതിക്കും സാംസ്കാരിക ഉന്നമനത്തിനും അറബി ഭാഷക്കും വേണ്ടി ജീവിതം സമർപ്പിച്ച പ്രതിഭാസമാണ്. പരിസ്ഥിതി മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഒരു സ്ത്രീ, ഒരു കൈയിൽ ഭരണനേതൃത്വത്തിന്റെ ചുക്കാൻ പിടിക്കുകയും മറുകൈകൊണ്ട് കുതിരയോട്ടത്തിന്റെ ഓർമ്മകൾ ക്യാൻവാസിലും കടലാസിലും പകർത്തിവെയ്ക്കുകയും ചെയ്യുന്നു. ഒപ്പം, 'അൽ-ബബ്ബഗായിയ്യ' പോലുള്ള കൃതികളിലൂടെ സാമൂഹിക- രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ വിമർശനാത്മകമായി വിലയിരുത്താനും അവർ മടി കാണിക്കുന്നില്ല. ശാസ്ത്രീയമായ സത്യസന്ധതയും സാംസ്കാരികമായ ആഴവും സമന്വയിപ്പിച്ചുകൊണ്ട്, അറബ് ലോകത്തും ലോകമെമ്പാടുമുള്ള യുവതലമുറയ്ക്കും പ്രചോദനമായ മാതൃകയായി അവർ ഇന്നും നിലകൊള്ളുന്നു. അവരുടെ ജീവിതം, അറിവിന്റെയും കലയുടെയും നേതൃത്വത്തിൻ്റെയും അതിർവരമ്പുകൾ ഭേദിച്ച് മുന്നേറിയ ബഹുമുഖ യാത്രയുടെ കഥയാണ്. 2014 കേരള സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച ഇന്ദോ - അറബിക് സാഹിത്യ സദസ്സ് മുതൽ കുറിപ്പുകാരൻ അവരുടെ എഴുത്തുകളും കുറിപ്പുകളും ലേഖനങ്ങളും വളരെ കൃത്യമായി ഫോളോ ചെയ്ത് പോരുന്നു.