ആധുനിക അറബി സാഹിത്യത്തിലെ അതിശക്തമായ രണ്ട് ധാരകളായ പ്രതിഭാസങ്ങളായ 'അദബുൽ മുഖാവമ' (പ്രതിരോധ സാഹിത്യം), 'അദബുസ്സുജൂൻ' (തടവറ സാഹിത്യം) എന്നിവ വായനക്കാരനെ സംബന്ധിച്ചിടത്തോളം കൗതുകം ഉളവാക്കുന്നതാണ്. പ്രതിരോധമായാലും തടവറയായാലും
അക്ഷരങ്ങളിലെ വിപ്ലവം അറബി ഭാഷയെ സജീവമായി നിലനിർത്തുന്ന സങ്കേതങ്ങളാണ്. പ്രതിരോധ-തടവറ സാഹിത്യങ്ങളിലെ ആവിഷ്‌കാരങ്ങൾ പീഡിത സമൂഹങ്ങളുടെ പ്രതിഫലനമാണ്. അറബ് ലോകത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം രാഷ്ട്രീയ പ്രക്ഷുബ്ധതകളുടെയും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെയും കാലമായിരുന്നു. ഈ സാഹചര്യത്തിൽ നിന്ന് സ്വാഭാവികമായി ഉടലെടുത്തതാണ് പ്രതിരോധ സാഹിത്യവും തടവറ സാഹിത്യവും. ഇവ രണ്ടും കേവലം ഭാവനകളല്ല, മറിച്ച് രക്തം കൊണ്ട് എഴുതപ്പെട്ട ചരിത്രമാണ്.
1. അദബുൽ മുഖാവമ (Resistance Literature)
അധിനിവേശ ശക്തികൾക്കെതിരെയും അനീതിക്കെതിരെയും ജനതയെ ഉണർത്തുന്ന സാഹിത്യരൂപമാണിത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കൃതിയായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത് ഗസ്സാൻ കനഫാനിയുടെ 'രിജാലുൻ ഫി ശംസ്' (Men in the Sun / സൂര്യനു താഴെ മനുഷ്യർ) എന്ന നോവലാണ്.
1963-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൊച്ചു നോവൽ ഫലസ്തീൻ ജനതയുടെ ദുരന്തപൂർണ്ണമായ ജീവിതത്തെയും അവരുടെ പ്രതിരോധത്തിന്റെ അനിവാര്യതയെയും അടയാളപ്പെടുത്തുന്നു. ഫലസ്തീനിൽ നിന്ന് കുവൈറ്റിലേക്ക് മെച്ചപ്പെട്ട ജീവിതം തേടി നിയമവിരുദ്ധമായി കുടിയേറാൻ ശ്രമിക്കുന്ന മൂന്ന് തലമുറയിൽപ്പെട്ട പുരുഷന്മാരുടെ കഥയാണിത്: അബു ഖൈസ് (മുതിർന്ന തലമുറ), അസദ് (യുവാവ്), മർവാൻ (കൗമാരക്കാരൻ). അബുൽ ഖൈസുറാൻ എന്ന ഡ്രൈവർ അവരെ ഒരു ശൂന്യമായ വാട്ടർ ടാങ്കറിനുള്ളിൽ ഒളിപ്പിച്ച് അതിർത്തി കടത്താൻ ശ്രമിക്കുന്നു. കഠിനമായ ചൂടിൽ, ടാങ്കറിനുള്ളിലെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിൽ അവർക്ക് കഴിയേണ്ടി വരുന്നു. ഓരോ ചെക്ക് പോസ്റ്റിലും ഡ്രൈവർ അധികൃതരോട് സംസാരിക്കുമ്പോൾ ഇവർ ഉള്ളിൽ നിശബ്ദരായി ഇരിക്കുന്നതാണ് കഥാ തന്തു.
നോവലിന്റെ അവസാനം അതിഭീകരമാണ്. ഡ്രൈവർ അധികൃതരുമായി സംസാരിച്ച് വൈകി എത്തുമ്പോഴേക്കും ടാങ്കറിനുള്ളിലെ മൂന്ന് പേരും ശ്വാസം മുട്ടി മരിച്ചിരുന്നു. മൃതദേഹങ്ങൾ ഒരു ചവറ്റുകൂനയിൽ ഉപേക്ഷിക്കുമ്പോൾ അബുൽ ഖൈസുറാൻ ചോദിക്കുന്ന ചോദ്യമുണ്ട്: 'എന്തുകൊണ്ട് നിങ്ങൾ ടാങ്കറിന്റെ ചുവരുകളിൽ മുട്ടിയില്ല?' (Why didn't you knock on the walls of the tank?).
ഈ ചോദ്യമാണ് പ്രതിരോധ സാഹിത്യത്തിന്റെ കാതൽ. ശ്വാസം മുട്ടി മരിക്കുമ്പോഴും പുറംലോകത്തെ അറിയിക്കാൻ ശ്രമിക്കാതെ നിശബ്ദരായി ഇരുന്നത് കൊണ്ടാണ് അവർ മരിച്ചത് എന്ന വിളിച്ചു പറയലായിരുന്നു ആ നോവിലെ രാഷ്ട്രീയം. ഫലസ്തീൻ ജനതയോട് ലോകത്തോട് തങ്ങളനുഭവിക്കുന്ന പീഡനങ്ങൾ ലോകത്തോട് വിളിച്ച് പറയാനും പ്രതിരോധിക്കാനും കനഫാനി ഈ നോവലിലൂടെ ആഹ്വാനം ചെയ്യുന്നു. നിശബ്ദത മരണമാണെന്നും ശബ്ദമുയർത്തൽ ജീവിതമാണെന്നും ഈ കൃതി പഠിപ്പിക്കുന്നു.
2. അദബുസ്സുജൂൻ (Prison Literature)
ജയിലറകളിലെ പീഡനങ്ങളും ഏകാന്തതയും വിവരിക്കുന്ന സാഹിത്യമാണിത്. അറബിയിലെ തടവറ സാഹിത്യത്തിൽ ഏറ്റവും വിറപ്പിക്കുന്ന വായനാനുഭവം നൽകുന്ന കൃതിയാണ് മുസ്തഫ ഖലീഫയുടെ 'അൽ ഖൗഖഅ ' (The Shell / ഷെൽ).
സിറിയൻ എഴുത്തുകാരനായ മുസ്തഫ ഖലീഫയുടെ സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഈ കൃതി 2008-ലാണ് പ്രസിദ്ധീകരിച്ചത്. അറബ് ലോകത്തെ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ സാക്ഷ്യപത്രമായി ഇത് കണക്കാക്കപ്പെടുന്നു.
പ്രമേയം:
ഫ്രാൻസിൽ നിന്ന് സിനിമ പഠനം കഴിഞ്ഞ് സിറിയയിൽ തിരിച്ചെത്തിയ നായകൻ എയർപോർട്ടിൽ വെച്ച് യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്നു. ഏകദേശം 12 വർഷത്തോളം അദ്ദേഹം സിറിയയിലെ കുപ്രസിദ്ധമായ 'തദ്മൂർ' ജയിലിൽ കഴിയുന്നു. രാഷ്ട്രീയമായി യാതൊരു ബന്ധവുമില്ലാത്ത അദ്ദേഹം തീവ്രവാദിയായി മുദ്രകുത്തപ്പെടുന്നു.
ജയിലിലെ ഭീകരമായ പീഡനമുറകൾ മുസ്തഫ ഖലീഫ വിവരിക്കുന്നത് വായനക്കാരെ ഭയപ്പെടുത്തുന്ന രീതിയിലാണ്. ശാരീരിക പീഡനത്തേക്കാൾ ഉപരിയായി തടവുകാർക്കിടയിലെ മാനസികാവസ്ഥയെ അദ്ദേഹം വിശകലനം ചെയ്യുന്നു. നായകൻ ഒരു 'ഷെൽ' അല്ലെങ്കിൽ ' ഖൗഖഅ ' ( ആ അറബി പദത്തിന്റെ അർത്ഥം തോട് എന്നാണ്) എന്ന പോലെ തന്റെ ഉള്ളിലേക്ക് തന്നെ ഒതുങ്ങിക്കൂടുന്നു. പുറംലോകത്തെ ഭയാനകമായ കാഴ്ചകളിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം വെറും നിരീക്ഷകനായി മാറുന്നു. ജയിലിലെ ഓരോ സംഭവങ്ങളെയും അദ്ദേഹം മനസ്സിൽ കുറിച്ചിടുന്നു.
ഈ നോവൽ ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയായിരുന്നു. ഒരു ഭരണകൂടം എങ്ങനെയാണ് പൗരന്മാരെ മൃഗങ്ങളേക്കാൾ മോശമായി കൈകാര്യം ചെയ്യുന്നതെന്ന് ഇത് ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നു. തടവറ എന്നത് കേവലം ചുവരുകളല്ല, മറിച്ച് മനുഷ്യത്വത്തെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്ത പൈശാചിക യന്ത്രമാണെന്ന് നോവൽ തെളിയിക്കുന്നു.
മഹ്‌മൂദ് ദർവീഷിനെ പോലുള്ള കവികളാണ് ഈ രണ്ടു പ്രസ്ഥാനങ്ങളേയും കവിതയിൽ സമന്വയിപ്പിച്ചത്. അദ്ദേഹത്തിന്റെ ഇലാ ഉമ്മി (ഉമ്മാക്ക് ) എന്ന കവിത വായനക്കാരിൽ വല്ലാത്ത സ്വാധീനമാണ് ഉണ്ടാക്കിയത്. ശരിക്കുള്ള അറബി വരികളാണ് വായിക്കേണ്ടത്. മലയാളികളായ വായനക്കാർക്ക് വേണ്ടി അതിന്റെ ചെറിയ പരാവർത്തനം താഴെ കൊടുക്കുന്നു.
എന്റെ ഉമ്മ
എന്റെ ഉമ്മയുടെ അപ്പത്തിനു ഞാൻ കൊതിക്കുന്നു
ഉമ്മയുടെ കാപ്പിക്ക്
അവരുടെ സ്പർശത്തിന്
നാൾതോറും ബാല്യകാലസ്മരണകൾ
എന്നിൽ വളർന്നുവരുന്നു
മരിക്കുമ്പോൾ എന്റെ ജീവിതത്തിന്
ഞാൻ അർഹത നേടിയിരിക്കണം
എന്റെ ഉമ്മയുടെ കണ്ണീരിന്നും.
ഒരു നാൾ ഞാൻ തിരിച്ചുവന്നാൽ
എന്റെ ഒരു മൂടുപടം പോലെ
നിന്റെ കണ്ണിമകളിലേക്കുയർത്തുക
നിന്റെ കാലടികളാൽ അനുഗൃഹീതമായ
പുല്ലുകൊണ്ട് എന്റെ അസ്ഥികൾ മൂടുക
നിന്റെ ഹൃദയത്തിന്റെ ഒരു നാരുകൊണ്ട്
നമ്മെ ഒന്നിച്ചു കൂട്ടിക്കെട്ടുക.
നിന്റെ ഉടുപ്പിന് പിറകിൽ തൂങ്ങുന്ന ഒരിഴകൊണ്ട്.
നിന്റെ ഹൃദയത്തിന്റെ ആഴങ്ങൾ സ്പർശിച്ചാൽ
ഞാൻ അനശ്വരനായേക്കും,
ഞാൻ തിരിച്ചുവന്നാൽ എന്നെ
നിനക്ക് തീക്കൂട്ടാനൊരു വിറകുകൊള്ളിയാക്കുക
നിന്റെ മേൽക്കൂരയിലൊരു അയയാക്കുക
നിന്റെ അനുഗ്രഹമില്ലാതെ
എനിക്ക് നിവർന്നു നിൽക്കാനേ ആവില്ല
എനിക്ക് വയസ്സായി
കുട്ടിക്കാലത്തെ നക്ഷത്രഭൂപടങ്ങളെനിക്ക്
തിരിച്ചു തരിക.
കുരുവികൾക്കൊപ്പം ഞാൻ
നിന്റെ കാത്തിരിക്കുന്ന കൂട്ടിലേക്കുള്ള
വഴി കണ്ടെത്തട്ടെ.
(മഹ്‌മൂദ് ദർവീഷ് ജയിലിൽ കിടന്നു എഴുതിയ കവിതയാണിത്. വീട്ടിൽ നിന്നും കൊടുത്തുവിട്ട കാപ്പിയും പലഹാരങ്ങളും വാച്ചർ നിഷ്‌കരുണം കൊട്ടിക്കളഞ്ഞപ്പോൾ ജയിലിന്റെ മൂലയിൽ എന്നോ വലിച്ച് ഒഴിവാക്കിയ സിഗരറ്റ് കൂടിൽ വിറക്കുന്ന കയ്കളും വിതുമ്പുന്ന ഹൃത്തുമായ് ദർവീഷ് കുറിച്ച വരികൾ. ഉമ്മയേയും അവരുടെ കാപ്പിയേയും തലോടലുകളേയും ഗൃഹാതുരത്വത്തോടെ അയവിറക്കുന്ന ഏതാനും വരികൾ. പിന്നീട് ജയിൽ മോചിതനായി ഗസ്സ പട്ടണത്തിലെത്തിയപ്പോഴാണ് ഫലസ്തീനി ജനത അവരുടെ മാതൃഭൂമിയുടെ വീണ്ടെടുപ്പിനുള്ള മുദ്രാവാക്യങ്ങളായ് അതേ വരികൾ ഏറ്റുചൊല്ലുന്നത് കേട്ടത്. ഇതാണ് സാഹിത്യം; രചനയോടെ എഴുത്തുകാരൻ മരിക്കുന്നു (death of author ). അനുവാചകർ ആ വരികളെ നെഞ്ചിലേറ്റുന്നു )
'രിജാലുൻ ഫി ശംസ്', 'അൽ ഖൗഖഅ' എന്നീ നോവലുകളും ഇലാ ഉമ്മീ എന്ന കവിതയും വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുള്ളവയാണെങ്കിലും അവയുടെ ലക്ഷ്യം ഒന്നാണ്: മനുഷ്യന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുക. ഗസ്സാൻ കനഫാനിയുടെ കൃതി പുറത്തെ അധിനിവേശത്തിനെതിരെ ശബ്ദമുയർത്താൻ പ്രേരിപ്പിക്കുമ്പോൾ, മുസ്തഫ ഖലീഫയുടെ കൃതി ആഭ്യന്തരമായ അടിച്ചമർത്തലുകൾക്കെതിരെ സാക്ഷ്യം നിൽക്കുന്നു. ദർവീഷിന്റെത് തനിക്ക് ചുറ്റും 'സംരക്ഷണ ഭിത്തി' സൃഷ്ടിക്കുന്ന ജയിലർമാരുടെ അമിത സംരക്ഷണ ബോധത്തെ കളിയാക്കുന്നു. അറബി ഭാഷയുടെ കരുത്തും സൗന്ദര്യവും ഈ രണ്ട് സങ്കേതങ്ങളിലും അതിന്റെ പൂർണതയിൽ ദർശിക്കാനാകും.