ഇസ്‍ലാമോഫോബിയയിൽ നിന്ന് പുറത്തുകടന്ന മാന്ത്രികസ്ഥലമോ കേരളം?

കേരളത്തിലെ ഇസ്‌ലാമോഫോബിയയുടെ മറ്റൊരു സാങ്കേതികവിദ്യ , ‘നല്ല മുസ്‍ലിമും’ ‘ചീത്ത മുസ്‍ലിമും’ തമ്മിൽ കൃത്രിമമായി ഉണ്ടാക്കുന്ന വിഭജനമാണ്. "‘മതേതര-ലിബറൽ’ വാദങ്ങളിലും തീവ്ര ഹിന്ദുത്വ വാദങ്ങളിലും ഈ ചട്ടക്കൂട് കാണാം. രാഷ്ട്രീയമില്ലാത്തവനും, സാംസ്കാരികമായി അനുസരണയുള്ളവനും, നിശബ്ദനുമായ മുസ്‍ലിമിനെ മാത്രമേ അത് അംഗീകരിക്കുന്നുള്ളൂ. എന്നാൽ, അവകാശങ്ങൾ, അന്തസ്സ്, അല്ലെങ്കിൽ സ്വയംനിർണ്ണയാവകാശം എന്നിവ ഉറപ്പിക്കാൻ ശ്രമിക്കുന്ന ഏതൊരു മുസ്ലിം സംഘടനയെയും ഒറ്റപ്പെട്ട വ്യക്തികളെയും തീവ്രവാദിയെന്നോ, മൗലികവാദിയെന്നോ, വർഗീയവാദിയെന്നോ അത് മുദ്രകുത്തുന്നു.‘നല്ല മുസ്‍ലിം’ അനുസരണയുള്ള മുസ്‍ലിമാണ്, പാർശ്വവൽക്കരണത്തെ ചെറുക്കുന്നവനാണ് ‘ചീത്ത മുസ്‍ലിം.’ അഫ്താബ് ഇല്ലത്ത് എഴുതുന്നു

Update: 2025-11-25 07:30 GMT

ഇസ്‌ലാമോഫോബിയ എന്നത് അടിസ്ഥാനപരമായി ഒരു വംശീയവൽക്കരിക്കുന്ന രാഷ്ട്രീയ രൂപീകരണമാണ് (racializing political formation) എന്ന് അതിനെ കുറിച്ച് ആഴത്തിൽ പഠനം നടത്തിയവർ കാണിച്ചിട്ടുണ്ട്. “മുസ് ലിംകളെ " താഴ്ന്നവരോ, സ്വയം നവീകരിക്കാൻ കഴിയാത്തവരോ, സംശയം ജനിപ്പിക്കുന്നവരോ, ഗൂഢാലോചനക്കാരോ, അപകടകാരികളോ അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് എളുപ്പത്തിൽ പിടി തരാത്ത അന്യരോ ആയ ഒരു സാമൂഹിക വിഭാഗമായി കൂട്ടായി ചിത്രീകരിക്കുന്ന ആശയങ്ങൾ, വിവരണങ്ങൾ, പൊതു പ്രഖ്യാപനങ്ങൾ, “സെക്കുലർ” നിയമങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, ഭരണകൂട/പോലീസ് നടപടികൾ, ദൈനംദിന പെരുമാറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് കേവലം ഒരു മതത്തോടുള്ള വിരോധമല്ല; ഇസ്‌ലാമുമായും മുസ്‍ലിംകളുമായി ബന്ധപ്പെട്ട അടയാളങ്ങളുടെ അടിസ്ഥാനത്തിൽ സാമൂഹിക അർത്ഥവും, കുറ്റവാസനയും, പൗരപരമായ ന്യൂനതയും ആരോപിക്കുകയും ഈ ഒരു മതവിഭാഗത്തെ സൂക്ഷ്മായ തലങ്ങളിൽ വംശീയവൽക്കരിക്കുകയും ചെയ്യുന്നതിനാൽ ഇത് ഒരുതരം വംശീയതയായി പ്രവർത്തിക്കുന്നു. ഇതുവഴി ഘടനാപരമായി അങ്ങനെ അടയാളപ്പെടുത്തുന്ന മനുഷ്യർക്ക് ദോഷം സൃഷ്ടിക്കുകയും അവരുടെ വ്യക്തി/സാമുദായിക തലത്തിലുള്ള സ്വയം നിർണ്ണയ അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നു.

Advertising
Advertising

ഇസ്‌ലാമോഫോബിയ പരസ്പരം ബന്ധിതമായ നിരവധി തലങ്ങളിലൂടെ പ്രവർത്തിക്കുന്നു.

1. ആഖ്യാനപരമായ നിർമ്മാണം (Discursive Construction): മാധ്യമങ്ങളിലെ (അച്ചടി, ടിവി, സോഷ്യൽ മീഡിയ) ചിത്രീകരണങ്ങൾ വഴിയും ഓറിയൻ്റലിസ്റ്റ് സങ്കൽപ്പങ്ങൾ ഉപയോഗിച്ചും മുസ്ലീങ്ങളെ താഴ്ന്നവരോ, സാംസ്കാരികമായി യോജിക്കാത്തവരോ ആയും “സുരക്ഷയുമായി” ബന്ധപ്പെട്ട ഭാഷ ഉപയോഗിച്ച് ഭീഷണിയായും അത് മുദ്രകുത്തുന്നു ("ലൗ ജിഹാദ്", ജനസംഖ്യാ ഭീഷണി, തീവ്രവാദ/വർഗ്ഗീയവാദ ആഖ്യാനങ്ങൾ).

2. വിജ്ഞാനീയ വംശീയത (Epistemic Racism): മുസ്‍ലിം അറിവുകളെയും കാഴ്ചപ്പാടുകളെയും വിലകുറച്ചും ചരിത്രത്തിനും കാലത്തിനും പുറത്ത് നിൽക്കുന്നതായി കാണുകയും മുസ്‍ലിം ജീവിതത്തെക്കുറിച്ചുള്ള അജ്ഞതയെ സാധൂകരിക്കുകയും ചെയ്യുന്ന സ്ഥാപനപരവും അക്കാദമികവുമായ രീതികൾ.

3. ഭരണകൂട നിയമപരമായ ഉപകരണങ്ങൾ (State and Legal Instruments): തീവ്രവാദ വിരുദ്ധ (POTA/UAPA) നിയമങ്ങൾ, പൗരത്വ/കുടിയേറ്റ നിയമങ്ങൾ, മതംമാറ്റ/ഗോഹത്യ നിരോധന നിയമങ്ങൾ, ഭരണകൂട/പാരാമിലിറ്ററി നിരീക്ഷണ പരിപാടികൾ, ബുൾഡോസർ രാജ്,, ആൾക്കൂട്ട കൊലപാതകങ്ങൾ, മുസ്‍ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ള തടവുകേന്ദ്രങ്ങൾ, അവരുടെ പൗരാവകാശങ്ങൾ വെട്ടിച്ചുരുക്കുന്ന പോലീസ് നടപടികൾ എന്നിവ ഉദാഹരണങ്ങൾ.

4. സ്ഥാപനപരവും ഭരണപരവുമായ വിവേചനം: ആശുപത്രി സേവനങ്ങൾ പോലുള്ള പൊതു സേവനങ്ങൾ നിഷേധിക്കൽ, പക്ഷപാതപരമായ ഔദ്യോഗിക നടപടികൾ, തൊഴിൽ, പാർപ്പിട മേഖലകളിലെ വിവേചനം എന്നിവ.

5. ദൈനംദിനവും ലിംഗാധിഷ്ഠിതവുമായ ഇസ്‌ലാമോഫോബിയ: പൊതുസ്ഥലങ്ങളിലും സ്കൂൾ പോലുള്ള സ്ഥാപനങ്ങളിലും മുസ്‍ലിം വേഷങ്ങളെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള കടുത്ത ഉപദ്രവങ്ങൾ, കൂടാതെ വിശാലമായ മുസ്‍ലിം വിരുദ്ധ അന്തരീക്ഷം രൂപപ്പെടുത്തുന്ന മുസ്‍ലിം പുരുഷന്മാരെ ലക്ഷ്യമിടുന്ന ആഖ്യാനപരമായ സമ്മർദ്ദങ്ങൾ.

6. വംശീയതയുടെ സ്വാഭാവികവൽക്കരണവും നിഷേധവും: ഇസ്‌ലാമോഫോബിയ നിലനിൽക്കുന്നതിൻ്റെ ഒരു നിർണ്ണായക സംവിധാനം ആണിത്. "അപൂർവ്വതയുടെ/അപവാദങ്ങളുടെ” നിഷ്കളങ്ക ഭാഷ ഉപയോഗിച്ച് (സുരക്ഷയെയോ സംസ്കാരത്തെയോ പുരോഗമനത്തെയോ സംരക്ഷിക്കുന്നു എന്ന വാദം) അല്ലെങ്കിൽ പരസ്യമായി നിഷേധിക്കുന്നത് (ഉദാഹരണത്തിന്, "കേരളത്തിൽ ഇസ്‌ലാമോഫോബിയ ഇല്ല" എന്ന് വാദിക്കുന്നത്) തന്നെയാണ് ഇത്. ഈ നിഷേധം തന്നെ അതിനാൽ പ്രശ്നത്തിൻ്റെ ഒരു പ്രധാന ഭാഗമാണ്.

എസ്എഫ്ഐ നേതാവ് ശിവപ്രസാദിന്റെ "കേരളത്തിൽ ഇസ്‌ലാമോഫോബിയ ഇല്ല" എന്ന വാദം, അതിനെ പരസ്യമായ തെരുവിലെ അക്രമമായി മാത്രം ചുരുക്കുന്ന ഉപരിപ്ലവമായ ഒരു നിർവചനത്തിൽ നിന്നാണ് ഉടലെടുക്കുന്നത്. എന്നാൽ ഇസ്‌ലാമോഫോബിയ എന്നത് വംശീയവൽക്കരണത്തിൻ്റെ ഒരു സമ്പൂർണ്ണ വ്യവസ്ഥയാണ്—നേരത്തെ പറഞ്ഞത് പോലെ മുസ്‍ലിംകളെ സംശയം ജനിപ്പിക്കുന്നവരോ, ഏതെങ്കിലും ന്യൂനതയുള്ളവരോ, തീവ്ര വിഭാഗീയവാദികളോ, അല്ലെങ്കിൽ അന്തർലീനമായി അപകടകാരികളോ ആയി കണക്കാക്കുന്ന ഒരു ചിട്ടയായ രീതിയാണിത്. ഈ വ്യവസ്ഥയുടെ എല്ലാ ക്ലാസിക് സവിശേഷതകളും കേരളം പ്രകടിപ്പിക്കുന്നു എന്നത് കേരളത്തിലെ ദൈനംദിന “സംഭവങ്ങളുടെ” വൃത്താന്തകാരന് നിഷേധിക്കാൻ പറ്റാത്ത യാഥാർഥ്യമാണ് (അത് നിഷേധിക്കുന്നവരും അല്ലാത്തവരും ബാബുരാജ് ഭഗവതി, കെ അഷ്റഫ് എന്നിവർ ചേർന്ന് എഴുതിയ (ഇപ്പോഴും എഴുതി കൊണ്ടിരിക്കുന്ന) “ഇസ്ലാമോഫോബിയ റിപ്പോർട്ട് നിർബന്ധമായും വായിക്കണം.

മീഡിയ ആഖ്യാനങ്ങൾ, അനിയന്ത്രിതമായ വെറുപ്പുൽപ്പാദിപ്പിക്കുന്ന കൂണുകൾ പോലെ മുളപൊട്ടുന്ന സോഷ്യൽ മീഡിയ ചാനലുകൾ, പൊതു രാഷ്ട്രീയ/സാമൂഹ്യ മണ്ഡലത്തിലെ പ്രഖ്യാപനങ്ങൾ: "ലൗ ജിഹാദ്" തുടങ്ങി തുപ്പൽ ജിഹാദ് വരെയുള്ള ആഴത്തിൽ പതിഞ്ഞ “ഗൂഢാലോചനാ സിദ്ധാന്തങ്ങൾ, ഇമെയിൽ ചോർത്തലിന് മുമ്പും പിമ്പും നടന്ന കേരളത്തിലെ പോലീസ് നിരീക്ഷണ സംവിധാനങ്ങൾ, മുസ്‍ലിം യുവാക്കൾക്കും നേതാക്കൾക്കുമെതിരെ UAPA തീവ്രവാദ വിരുദ്ധ/ഭീകരവിരുദ്ധ നിയമങ്ങൾ ഉപയോഗിച്ചുള്ള അങ്ങേയറ്റം വിവേചനപരവും ക്രൂരവുമായ ഭരണകൂട വേട്ടകൾ, തുടങ്ങി മുസ്ലിം സ്വത്വത്തെ തന്നെ ക്രിമിനൽവരിക്കുന്ന നിയമപരമല്ലാത്തതും അപകടകരവുമായ ഒരു മഹാ വലയം തന്നെ ഇവിടെ നിലനിൽക്കുന്നു. മുസ്‍ലിം പൗരാവകാശ മുന്നേറ്റങ്ങളോട് ഭരണകൂട സ്ഥാപനങ്ങൾ ജനാധിപത്യപരമായ രീതികൾക്ക് പകരം അഗാധമായ സംശയത്തോടെയും ഹിംസാത്മക പ്രതികാരവാഞ്ചയുടെയും ആണ് പ്രതികരിക്കുന്നത് എന്നത് ആർക്കാണ് നിഷേധിക്കാൻ കഴിയുക?

കേരളത്തിലെ ഇസ്‌ലാമോഫോബിയയുടെ മറ്റൊരു സാങ്കേതികവിദ്യ , "നല്ല മുസ്‍ലിമും" "ചീത്ത മുസ്‍ലിമും" തമ്മിൽ കൃത്രിമമായി ഉണ്ടാക്കുന്ന വിഭജനമാണ്. "മതേതര-ലിബറൽ" (secular-liberal) വാദങ്ങളിലും തീവ്ര ഹിന്ദുത്വ വാദങ്ങളിലും ഈ ചട്ടക്കൂട് കാണാം. രാഷ്ട്രീയമില്ലാത്തവനും, സാംസ്കാരികമായി അനുസരണയുള്ളവനും, നിശബ്ദനുമായ മുസ്‍ലിമിനെ മാത്രമേ അത് അംഗീകരിക്കുന്നുള്ളൂ. എന്നാൽ, അവകാശങ്ങൾ, അന്തസ്സ്, അല്ലെങ്കിൽ സ്വയംനിർണ്ണയാവകാശം എന്നിവ ഉറപ്പിക്കാൻ ശ്രമിക്കുന്ന ഏതൊരു മുസ്ലീം സംഘടനയെയും ഒറ്റപ്പെട്ട വ്യക്തികളെയും തീവ്രവാദിയെന്നോ, മൗലികവാദിയെന്നോ, വർഗീയവാദിയെന്നോ അത് മുദ്രകുത്തുന്നു. "നല്ല മുസ്‍ലിം" അനുസരണയുള്ള മുസ്‍ലിമാണ്, പാർശ്വവൽക്കരണത്തെ ചെറുക്കുന്നവനാണ് "ചീത്ത മുസ്‍ലിം."

മഹ്മൂദ് മാംദാനിയും സൽമാൻ സയ്യിദും വിശകലനം ചെയ്ത ആഗോള ഇസ്‌ലാമോഫോബിക് യുക്തിയുടെ പ്രതിഫലനമാണിത്. ആ യുക്തിയിൽ മുസ്‍ലിം ഭൂരിപക്ഷത്തെ "ദുഷ്ട ശക്തികളാൽ" വഴിതെറ്റിക്കപ്പെടുന്ന നിഷ്ക്രിയ ഇരകളായി കണക്കാക്കുന്നു. അതിനാൽ അവരും പൊതുമണ്ഡലത്തിന്റെ സൂക്ഷ്മനിരീക്ഷണങ്ങളിൽ നിന്നും അഭിപ്രായ രൂപീകരണത്തിന്റെ വസ്തുവൽക്കരണത്തിൽ നിന്നും മുക്തർ അല്ല. രാഷ്ട്രീയ വിഷയിയായി(political subjects) അവൻ/അവൾ അംഗീകരിക്കപ്പെടുന്നില്ല. അവൾ എത്രമാത്രം നിലവിളിച്ചാലും അവളുടെ ശബ്ദം ശ്രവിക്കപ്പെടുന്നില്ല. ഹംസയിലൂടെ നിയന്ത്രിക്കപ്പെടേണ്ടതല്ലെങ്കിൽ ബലപ്രയോഗത്തിലൂടെ വിമോചിപ്പിക്കപ്പെടേണ്ട ശരീരങ്ങൾ ആയി അവൻ/അവൾ മാറുന്നു.

നല്ല/ചീത്ത മുസ്ലിം വിഭജനം കേരളത്തിൽ "വിശാലമായ മുസ്ലീം സമൂഹത്തെ സംരക്ഷിക്കുന്നു" എന്ന് അവകാശപ്പെട്ടുകൊണ്ട്, ഭരണകൂടത്തെയും മാധ്യമങ്ങളെയും ചില മുസ്‍ലിം പ്രസ്ഥാനങ്ങളെ നിരീക്ഷണത്തിനും തിരിച്ചടികൾക്കും വിധേയമാക്കാൻ അനുവദിക്കുന്നു. എന്നാൽ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ ഒരു മുസ്ലിം സംഘടനക്കും ഈ ആരോപണസ്ഥലത്ത് നിന്ന് രക്ഷ ലഭിക്കുന്നില്ല. അതിനാൽ എല്ലാവരും സെൽഫ് സെൻസർഷിപ്പിനും “നല്ല നടപ്പിനും” വിധേയമാകുന്നു. ഇതിൻ്റെ ഫലം തന്ത്രപരമായി വ്യക്തമാണ്: ഇത് മുസ്‍ലിം പൗരാവകാശ സംരംഭങ്ങളെ ഒറ്റപ്പെടുത്തുന്നു, മുസ്‍ലിം രാഷ്ട്രീയ ഏജൻസിയെ അസാധുവാക്കുന്നു, മുസ്ലീങ്ങളെ നിയന്ത്രിത പൗരത്വത്തിൻ്റെ അവസ്ഥയിൽ നിലനിർത്തുന്നു—അതായത്, നിശബ്ദരായിരിക്കുമ്പോൾ മാത്രം സ്വീകാര്യമായ അവസ്ഥ.

കേരളത്തിലെ ഒരു മുസ്‍ലിമിന് ഇസ്‌ലാമോഫോബിയ അനുഭവിക്കാൻ അലറി വിളിക്കുന്ന ആൾക്കൂട്ടത്തെ നേരിടേണ്ടതില്ല. അവർ രാഷ്ട്രീയമായി സംസാരിക്കുമ്പോൾ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നു; അവർ സാമൂഹികമായി സംഘടിക്കുമ്പോൾ വിഘടനവാദികളായി കണക്കാക്കപ്പെടുന്നു; അവർ പ്രേമ വിവാഹം ചെയ്യുമ്പോൾ ഗൂഢാലോചനക്കാരായി വീക്ഷിക്കപ്പെടുന്നു; അല്ലെങ്കിൽ അവർ വെറുതെ നിലനിൽക്കുമ്പോൾ പോലും നിരന്തരമായ പരിശോധനയ്ക്ക് വിധേയരാകുന്നു.

ഇസ്‌ലാമോഫോബിയ എപ്പോഴും ഉച്ചത്തിൽ സംസാരിക്കാറില്ല; മിക്കപ്പോഴും അത് മാന്യമായ സംശയം, ഉദ്യോഗസ്ഥ തലത്തിലെ സൂക്ഷ്മ നിരീക്ഷണം, നിയമപരമായ അതിരുവിട്ട ഇടപെടൽ എന്നിവയിലൂടെയാണ് പ്രവർത്തിക്കുന്നത്. അതിൻ്റെ നിലനിൽപ്പ് നിഷേധിക്കുന്നത് അത് ഇല്ലാതാക്കണം എന്ന ആഗ്രഹത്തിന്റെ തെളിവുമല്ല — ഘടനാപരമായ മുൻവിധിയും പ്രയോഗവും നിലനിർത്തുന്നതിൻ്റെ കൃത്യമായ ഒരു രീതിയാണത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - അഫ്താബ് ഇല്ലത്ത്

Writer

Similar News