ബാബരി മസ്ജിദ്: മുറിവുണങ്ങാത്ത 33 വർഷങ്ങൾ

'അയോധ്യയിൽ ചരിത്രം പിറന്നു, സത്യം ആത്യന്തികമായി അസത്യത്തിനുമേൽ വിജയം നേടുന്നതിന്റെ സാക്ഷ്യമാണ് ഇത്' എന്നാണ് രാമക്ഷേത്രത്തിൽ നടന്ന ധ്വജാരോഹണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്

Update: 2025-12-06 03:13 GMT

ബാബരി മസ്ജിദ് ധ്വംസനത്തിന്റെ മരിക്കാത്ത ഓർമകൾക്ക് ഇന്ന് 33 വർഷം തികയുന്നു. ഇന്ത്യയുടെ മതേതര ജനാധിപത്യ പാരമ്പര്യത്തിന്റെ മുഖത്തേറ്റ അടിയായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. ഒപ്പം ഹിന്ദുത്വ രാഷ്ട്രീയത്തിന് രാജ്യത്തിന്റെ അധികാരക്കസേരയിലേക്കുള്ള ചവിട്ടുപടി കൂടിയായി. 'അയോധ്യയിൽ ചരിത്രം പിറന്നു, സത്യം ആത്യന്തികമായി അസത്യത്തിനുമേൽ വിജയം നേടുന്നതിന്റെ സാക്ഷ്യമാണ് ഇത്' എന്നാണ് 2025 നവംബർ 25ന് രാമക്ഷേത്രത്തിൽ നടന്ന ധ്വജാരോഹണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

മുഗൾ സാമ്രാജ്യസ്ഥാപകനായ സഹീറുദ്ദീൻ ബാബർ പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹീം ലോധിയെ തോൽപ്പിച്ച ശേഷം ഉത്തർപ്രദേശിലെ ഫൈസാബാദിൽ തന്റെ ഗവർണറായി നിയമിച്ച ബാബറിന്റെ സേനാ നായകനായിരുന്ന മീർബാഖിയാണ് 1528ൽ ബാബരി മസ്ജിദ് നിർമിച്ചത്. മുഗൾ ഭരണം അവസാനിപ്പിച്ച് ബ്രിട്ടീഷുകാർ അധികാരം പിടിച്ചെടുത്തപ്പോഴും ബാബരി മസ്ജിദ് മുസ്ലിംകളുടെ ഉടമസ്ഥതയിലായിരുന്നു. എന്നാൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ രാഷ്ട്രീയരംഗത്ത് ഏറ്റവും വലിയ ചർച്ചയായി ബാബരി മസ്ജിദ് മാറി.

Advertising
Advertising


മസ്ജിദ് നിലകൊള്ളുന്നത് രാമജൻമഭൂമിയിലെ ക്ഷേത്രത്തിന് മുകളിലാണ് എന്ന ആരോപണമുയർത്തി ബാബരി മസ്ജിദിന് നേരെ ആദ്യ ആക്രമണമുണ്ടായത് 1853 ലാണ്. നിർമോഹി അഖാഡ എന്ന സംഘടനയായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്. 1885 ജനുവരി 19ന് ഹിന്ദു മഹന്തായ രഘുബിർ ദാസ് ഫാസിയാബാദ് സബ് ജഡ്ജ് പണ്ഡിറ്റ് ഹരികിഷൻ മുമ്പാകെ ആദ്യ കേസ് ഫയൽ ചെയ്തു. രാമന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനിൽക്കുന്നതെന്നും അതിനാൽ ക്ഷേത്രം പണിയാൻ ഉത്തരവിടണം എന്നുമായിരുന്നു ഹരജിയിലെ ആവശ്യം. 1934ൽ പള്ളി നിൽക്കുന്ന സ്ഥലത്തെച്ചൊല്ലി വീണ്ടും തർക്കമുണ്ടാവുകയും പള്ളിയുടെ മതിലും താഴികക്കുടവും തകർക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാർ ഇവ പുനർനിർമിച്ചു.

1949ൽ മസ്ജിദിനുള്ളിൽ രാം ലല്ല വിഗ്രഹം വെച്ചതോടെയാണ് സ്വതന്ത്ര ഇന്ത്യയിൽ ബാബരി മസ്ജിദ് വിഷയം വീണ്ടും സജീവമായത്. യുപി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിനോട് വിഗ്രഹം എടുത്തുമാറ്റാൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ഫൈസാബാദ് കലക്ടറായിരുന്ന കെ.കെ നായരാണ് 1949 ഡിസംബർ 22ന് ഹിന്ദുത്വ ശക്തികളുടെ കയ്യേറ്റത്തെ അംഗീകരിച്ച് മസ്ജിദ് അടച്ചുപൂട്ടിയത്. വിഷയം വീണ്ടും കോടതിയിലെത്തിയതോടെ മസ്ജിദ് നിൽക്കുന്ന സ്ഥലം തർക്കഭൂമിയായി പ്രഖ്യാപിച്ച സർക്കാർ ഗേറ്റ് താഴിട്ട് പൂട്ടി. 1984ൽ സംഘ്പരിവാർ സംഘടനയായ വിഎച്ച്പി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്ര നിർമാണം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ബാബരി മസ്ജിദ് വിഷയം ദേശീയരാഷ്ട്രീയത്തിൽ സജീവ ചർച്ചയായി.

1986ൽ ജില്ലാ ജഡ്ജി ഏകപക്ഷീയമായി മസ്ജിദ് ഹിന്ദു ആരാധനയ്ക്കായി തുറക്കാൻ ഉത്തരവിട്ടു. പ്രതിരോധത്തിനായി ബാബരി കർമസിമിതിയും രൂപീകരിക്കപ്പെട്ടു. അതിൽപിന്നെയാണ് അയോധ്യയിലെ രാമക്ഷേത്ര നിർമാണം ദേശീയാവശ്യമായി സംഘപരിവാർ ഉയർത്തിക്കൊണ്ടുവരുന്നതും ബിജെപി നേതാവ് ലാൽകൃഷ്ണ അദ്വാനി രാജ്യവ്യാപകമായി രഥയാത്ര നടത്തുന്നതും വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കി അതിലൂടെ ബിജെപിയെ അധികാരത്തിലേറ്റുന്നതും. 1989ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുമതി നൽകിയതിനെത്തുടർന്ന് മസ്ജിദ് പരിസരത്ത് വിഎച്ച്പി ക്ഷേത്രത്തിന് തറക്കല്ലിട്ടു.


1990ൽ വിഎച്ച്പി പ്രവർത്തകർ പള്ളിയിലേക്ക് അതിക്രമിച്ചുകയറി മിനാരത്തിനുമുകളിൽ കൊടിനാട്ടി. അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവ് ശക്തമായ നിലപാടെടുക്കുകയും പള്ളി സംരക്ഷിക്കപ്പെടുകയും ചെയ്തു. പക്ഷേ, ഉത്തർപ്രദേശ് വർഗീയ സംഘർഷത്താൽ വിറകൊണ്ടു. 1991ൽ ബിജെപി ഉത്തർപ്രദേശിൽ അധികാരത്തിലെത്തി. 1992 ഡിസംബർ ആറിന് അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, വിനയ് കത്യാർ തുടങ്ങിയവരുടെ നേതത്വത്തിൽ സംഘപരിവാർ സംഘടനകളുടേയും ശിവസേനയുടെയും പ്രവർത്തകരടങ്ങുന്ന ലക്ഷക്കണക്കിന് കർസേവകർ ബാബരി മസ്ജിദ് തകർത്തു.

കല്യാൺ സിങ്ങിന്റെ നേതൃത്തിലുള്ള യുപി ബിജെപി സർക്കാർ അക്രമം തടയാൻ ഒന്നും ചെയ്തില്ല. തുടർന്ന് രാജ്യവ്യാപകമായി കലാപങ്ങളും വംശഹത്യകളുമുണ്ടായി. ആയിരങ്ങൾ കൊല്ലപ്പെട്ടു. 1992 ഡിസംബർ ആറിന് പള്ളി തകർക്കുമ്പോൾ യുപി ഭരിച്ചത് ബിജെപിയായിരുന്നെങ്കിലും ഇന്ത്യയുടെ ഭരണം കോൺഗ്രസുകാരനായ പി.വി നരസിംഹറാവുവിന്റെ കരങ്ങളിലായിരുന്നു. 1992 ഡിസംബർ 16ന് നരസിംഹറാവു സർക്കാർ ബാബരി മസ്ജിദ് തകർക്കൽ കേസ് അന്വേഷണത്തിന് ലിബർഹാൻ കമ്മീഷൻ രൂപീകരിച്ചു.

17 വർഷങ്ങൾ കഴിഞ്ഞ് 2009 ൽ ലിബർഹാൻ കമ്മീഷൻ അന്വേഷണ റിപോർട്ട് സമർപ്പിച്ചു. അടൽ ബിഹാരി വാജ്‌പേയി, എൽ.കെ അദ്വാനി, ഉമാഭരതി, കല്യാൺ സിങ് തുടങ്ങി നിരവധി ബിജെപി നേതാക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നാൽ, കോടതി അവരെ കുറ്റവിമുക്തരാക്കി. 2019 നവംബർ ഒമ്പതിന് സുപ്രിംകോടതി ബാബരി മസ്ജിദ് കേസിൽ അന്തിമ വിധി പ്രഖ്യാപിച്ചു.

ബാബരി മസ്ജിദിൽ മുസ്ലിംകൾ പ്രാർഥിച്ചുവന്നതാണ്, പള്ളി നിലനിന്ന സ്ഥലത്ത് ക്ഷേത്രമോ മറ്റു നിർമിതികളോ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെ പരമോന്നത കോടതി ഹിന്ദുക്കളുടെ വികാരം മാനിച്ച് ബാബരി ഭൂമി അവർക്ക് വിട്ടുകൊടുക്കുകയായിരുന്നു. പകരം, മറ്റെവിടെയെങ്കിലും മുസ്‌ലിംകൾക്ക് മതകേന്ദ്രം പണിയാൻ അഞ്ച് ഏക്കർ സ്ഥലമനുവദിക്കണമെന്ന് ഭരണകൂടത്തോട് നിർദേശിക്കുകയും ചെയ്തു.


ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രിംകോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷൺ, എസ്.അബ്ദുൽ നസീർ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റു അംഗങ്ങൾ. വിധിപ്രകാരം 2.7 ഏക്കർ ഭൂമി രാമക്ഷേത്ര നിർമാണത്തിനായി സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറണമെന്നും പള്ളി നിർമിക്കാൻ അയോധ്യയിലെ ബാബരി മസ്ജിദിന് പകരം ധന്നിപ്പൂർ വില്ലേജിൽ അഞ്ചേക്കർ ഭൂമി നൽകുമെന്നുമായിരുന്നു ഉത്തരവ്. നിലവിൽ രാമക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും പള്ളിയുടെ നിർമാണത്തിന് നടപടിയൊന്നും ഉണ്ടായിട്ടില്ല.

ബാബരി മസ്ജിദ് കേസിൽ വിധി പറഞ്ഞ ബെഞ്ചിൽ അംഗവും പിന്നീട് ചീഫ് ജസ്റ്റിസുമായ ഡി.വൈ ചന്ദ്രചൂഢ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് സമീപകാലത്ത് ബാബരി വിഷയം വീണ്ടും ചർച്ചയാക്കിയത്. ബാബരി മസ്ജിദിന്റെ നിർമാണമായിരുന്നു അയോധ്യയിലെ അടിസ്ഥാനപരമായ കളങ്ക പ്രവർത്തനം (fundamental act of desecration is the very erection of the mosque) എന്നായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്് പറഞ്ഞത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല തെളിവുകളുടെ അടിസ്ഥാനത്തിലാണ് അയോധ്യാ വിധി പുറപ്പെടുവിച്ചതെന്നുമാണ് എൻഡിടിവി മുൻ മാനേജിങ് എഡിറ്റർ ശ്രീനിവാസൻ ജെയിനുമായുള്ള അഭിമുഖത്തിൽ ചന്ദ്രചൂഢ് പറഞ്ഞത്.

1949-ൽ ബാബരി മസ്ജിദിന് അകത്ത് രാം ലല്ലയുടെ വിഗ്രഹങ്ങൾ സ്ഥാപിച്ച് ആ ആരാധനാലയത്തെ കളങ്കപ്പെടുത്തിയതിന്റെ പേരിൽ ഹിന്ദു കക്ഷികൾക്കെതിരെ നിയമനടപടി എടുക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് 'മസ്ജിദിന്റെ നിർമാണമാണ് അടിസ്ഥാനപപരമായ കളങ്ക പ്രവർത്തനം' എന്ന് ചന്ദ്രചൂഡ് പറഞ്ഞത്. അത് പുരാവസ്തു ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. ഏതെങ്കിലും കെട്ടിടം പൊളിച്ചാണ് ബാബരി മസ്ജിദ് നിർമിച്ചത് എന്നതിന് തെളിവുകളില്ലെന്ന് സുപ്രിംകോടതി വിധി നിലനിൽക്കെയാണ് മുൻ ചീഫ് ജസ്റ്റിസിന്റെ പരാമർശം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Byline - അഹമ്മദലി ശര്‍ഷാദ്

contributor

Similar News