പിടികിട്ടാതെ ഐഫോൺ എയർ: ഞെട്ടിച്ച് വിവോ; 2025ലെ സ്മാർട്ട്‌ഫോണുകൾ ഇങ്ങനെയൊക്കെ...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ്(എഐ) 2025ലെ എല്ലാ മോഡലുകളെയും സജീവമാക്കിയത്. കൊള്ളാവുന്ന എ.ഐ ഫീച്ചറുകളൊക്കെ എല്ലാ മോഡലിലും എത്തിയതോടെ എഐ യുദ്ധവും മുറുകി.

Update: 2026-01-10 18:08 GMT

'ഐഫോൺ എയറിലായ 2025' പോയ വർഷത്തെ സ്മാർട്ട്‌ഫോണുകളെ വിലയിരുത്തുകയാണെങ്കിൽ വേണമെങ്കിൽ ഇങ്ങനെ പറയാം. ഏറ്റവും ആകാംക്ഷയോടെ നോക്കിനിന്നിരുന്നൊരു മോഡൽ പ്രതീക്ഷിച്ച അത്ര ചലനങ്ങളുണ്ടാക്കാതെ പോയതോടെയാണ് ഐഫോൺ എയറിലായത്. അതോടെ ആപ്പിളിന് ഈ മോഡലിന്റെ തുടർച്ചയിൽ സംശമായി.

2026ൽ രണ്ടാം ഭാഗം വരുമെന്നും ഇല്ലെന്നും പറയുന്നു. ഇങ്ങനെ എയറിലായ ഐഫോൺ എയർ ഉൾപ്പെടെ നിരവധി സ്മാർട്ട്‌ഫോണുകളാണ് 2025നെ കളറാക്കിയത്. ചെറുതും വലുതുമായി നൂറിലധികം മോഡലുകളാണ് 2025ലെ മാർക്കറ്റുകളിലെത്തിയത്. ഇതില്‍ സാധാരണക്കാരുടെ പോക്കറ്റിലൊതുങ്ങുന്നതും അല്ലാത്തതും ഉണ്ട്. ചിലത് ക്ലിക്കായി, അധികവും ശ്രദ്ധ ലഭിക്കാതെ പോകുകയും ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ്(എഐ) 2025ലെ എല്ലാ മോഡലുകളെയും സജീവമാക്കിയത്. കൊള്ളാവുന്ന എ.ഐ ഫീച്ചറുകളൊക്കെ എല്ലാ മോഡലിലും എത്തിയതോടെ എഐ യുദ്ധവും മുറുകി.

Advertising
Advertising

ഇതില്‍ മുന്തിയ ഫീച്ചറുകള്‍ കൊടുത്തവര്‍ക്ക് പണം കൂടുതലാണെങ്കലും വാങ്ങാനാളുണ്ടായി. 15,000 മുതൽ ഒന്നര ലക്ഷത്തിലേറെ രൂപ വരെയുള്ള റേഞ്ചുകളിൽ മോഡലുകൾ വാങ്ങാൻ മികച്ച ഓപ്ഷനുകളാണ് പോയ വർഷം ഉണ്ടായിരുന്നത്. മുൻനിര കമ്പനികൾക്കെല്ലാം ഉപഭോക്താക്കളെ ആകർഷിക്കാനായി. വൺപ്ലസ്, റിയൽമി, സാംസങ്, വിവോ, നത്തിങ് ഫോൺ തുടങ്ങിയവയൊക്കെ പുതിയ മോഡലുകൾ ഇറക്കി 2025നെ സജീവമാക്കി. ക്യാമറ ക്വാളിറ്റിയിലായിരുന്നു പ്രധാന മോഡലുകളൊക്കെ ശ്രദ്ധിച്ചിരുന്നത്. ഇതിലെ ഐഫോണിനെ വെല്ലുംവിധത്തിലുള്ള ക്യാമറയും സൂമിങും അവതരിപ്പിച്ച് വിവോ അടക്കം 2025നെ ഞെട്ടിക്കുകയും ചെയ്തു.  2025ൽ ശ്രദ്ധേയമായ ഏതാനും മോഡലുകള്‍ നോക്കുകയാണ് ഇവിടെ...

വിവോ എക്സ് ത്രീഹണ്‍ഡ്രഡ്(Vivo X300 Series)

മൊബൈൽ ഫോട്ടോഗ്രാഫി രംഗത്ത് വിപ്ലവം സൃഷ്ടിച്ചാണ് വിവോയുടെ 300 സീരീസുമായുള്ള വരവ്. 2025അവസാനിച്ചത് തന്നെ വിവോയുടെ ഞെട്ടിക്കലോടെയാണ്. ഡിഎസ്എൽആർ ക്വാളിറ്റി വാഗ്ദാനവുമായാണ് വിവോ എക്സ് 300 സീരീസ് അവതരിപ്പിച്ചത്. റീലുകളിലും മറ്റും ഈ മോഡൽ തരംഗമാകുകയും ചെയ്തു.എക്‌സ്300, എക്‌സ്300 പ്രോ എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. ഡിസംബർ 2നാണ് ഫോൺ വിപണിയിൽ എത്തിയത്.


പ്രീമിയം ഫോട്ടോഗ്രാഫി, ഫാസ്റ്റ് ചാർജിംഗ്, മികച്ച പെർഫോമൻസ് എന്നിവയെല്ലാം ഫോണിൽ വാഗ്ദാനം ചെയ്യുന്നുണ്ട്, കൂടാതെ മികച്ച ഫോട്ടോഗ്രഫി അനുഭവത്തിനായി സീസ് ഒപ്റ്റിക്‌സും ഓപ്ഷണൽ ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റും ഫോണിനൊപ്പമുണ്ട്. ഇതായിരുന്നു മോഡലിന്റെ പ്രത്യേകതയും.  വിവോ എക്സ് 300 പ്രോയുടെ 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയൻ്റിന് 109,999 രൂപയാണ് വില. സ്റ്റാൻഡേർഡ് വിവോ എക്സ് 300ൻ്റെ വില 12 ജിബി + 256 ജിബി ബേസ് മോഡലിന് 75,999 രൂപ മുതൽ 85,999 രൂപയും വരെ നീളുന്നു.

വിവോ എക്സ് 300 പ്രോയിൽ 1.5 കെ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.78 ഇഞ്ച് എൽടിപിഒ അമോലെഡ് ഡിസ്‌പ്ലേയെങ്കിൽ. വിവോ എക്സ് 300 ന് 6.31 ഇഞ്ച് അമോലെഡ് 1.5 കെ 120 ഹെർട്സ് ഡിസ്‌പ്ലേയാണ്. 3 എൻഎം മീഡിയടെക് ഡൈമെൻസിറ്റി 9500 SoC, 16 ജിബി വരെ എൽപിഡിഡിആർ 5x അൾട്രാ റാമും 512 ജിബി യുഎഫ്എസ് 4.1 സ്റ്റോറേജും ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6 ഉപയോഗിച്ചാണ് ഇവ എത്തുന്നത്.

ഐഫോണ്‍ 17(iphone 17 series)

ഐഫോൺ മോഡലുകളില്ലാതെ ആ വർഷത്തെ പരമ്പര പൂർണമാകില്ല. ഐഫോൺ 17 മോഡലുകളാണ് 2025ൽ പുറത്തിറക്കിയത്. ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് മോഡലുകളും ആപ്പിളിന്റെ പുത്തൻ മോഡലായ ഐഫോൺ 17 എയറും ഉൾപ്പെടെ നാലു പുതിയ തലമുറ ഐഫോണുകളാണ് കമ്പനി നവംബറില്‍ അവതരിപ്പിച്ചത്. 5.5 എംഎം കനമുള്ള ഐഫോൺ 17 എയർ എന്ന കനംകുറഞ്ഞ ഐഫോൺ മോഡലാണ് ഇത്തവണ ടെക് പ്രേമികളുടെ ശ്രദ്ധയാകർഷിച്ചത്. മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി പുത്തൻ ഡിസൈനിലാണ് ഇത്തവണ പ്രോ മോഡലുകൾ എത്തിയത്. A19 ചിപ്പ് ആണ് ഐഫോൺ 17ന് കരുത്ത് പകരുന്നത്. 

ഐഫോണ്‍ എയര്‍ (iphone air)

ഐഫോൺ 17 മോഡലുകളിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് എയറായിരുന്നു. കനം കുറഞ്ഞ മോഡലിന് പിന്നിൽ ഒറ്റ ക്യാമറ മാത്രം. ഐഫോണ്‍ 17നെക്കാള്‍ കാഴ്ചയ്ക്ക് മികവു പുലര്‍ത്തുമെങ്കിലും പിന്നില്‍ ഒറ്റ ക്യമറ മാത്രമേ ഉള്ളു എന്നതും വില കൂടുതലുണ്ട് എന്നതും ചിലര്‍ക്ക് എയര്‍ വേണോ സാദാ 17 മതിയോ എന്ന സംശയം തോന്നും. ആപ്പിളിന്റെ പതിവ് ശൈലികളില്‍ നിന്ന് മാറിയ ഉപകരണം. കേവലം കനം കുറഞ്ഞ അഥവാ മെലിഞ്ഞ ഫോണ്‍ എന്നതിലുമപ്പുറം ആകര്‍ഷകമായ ഫീച്ചറുകളും ഫോണില്‍ ലഭ്യമായിരുന്നു.  സിംഗിള്‍ ക്യാമറ സംവിധാനമാണ് ഐഫോണ്‍ എയറില്‍. 48 എംപി ഫ്യൂഷന്‍ ക്യാമറയാണ് ഇതിലുണ്ടായിരുന്നത്. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും മോഡല്‍ വാങ്ങാനാളില്ല എന്നതും 2025നെശ്രദ്ധയേമാക്കി. ചൈനയ്ക്ക് പുറത്തുള്ള മാർക്കറ്റുകളിൽ ഐഫോൺ 17 എയറിൻ്റെ നില അത്ര നല്ലതല്ലെയിരുന്നു. അതുകൊണ്ട് തന്നെ 2026ല്‍ ഇതിന് തുടര്‍ച്ചയുണ്ടാകുമോ ഇല്ലെയോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല



 


സാംസങ് ഗാലക്‌സി എസ്25 (samsung galaxy s25)

ഐഫോണുകളെപ്പോലെ തന്നെ കാത്തിരിക്കാനും വിശേഷങ്ങളറിയാനും ഫാൻസുള്ള മോഡലാണ് സാംസങിന്റെ ഗ്യാലക്‌സി എസ് സീരീസ്. ഈ വർഷത്തെ മോഡലായിരുന്നു സാംസങ് ഗ്യാലക്‌സി എസ് 25. സ്റ്റാന്‍ഡേര്‍ഡ്, പ്ലസ്, അള്‍ട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് എസ്25 സീരീസില്‍ സാംസങ് പുറത്തിറക്കിയിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റോട് കൂടിയാണ് ഗാലക്സി എസ് 25 സീരീസുകള്‍ എത്തിയിരിക്കുന്നത്. 12ജിബി റാമും ഒരു ടിബി വരെ സ്റ്റോറേജും ഉണ്ട്. നവീകരിച്ച 50 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറയും പുതിയ സീരീസിലെ പ്രധാന സവിശേഷതയായിരുന്നു. മുന്‍വര്‍ഷത്തെ മോഡലിനെ അപേക്ഷിച്ച് പുതിയ അപ്‌ഡേറ്റിൽ സംസങ് നേരിയ വിലവര്‍ധനവും വരുത്തിയിരുന്നു. 

വൺപ്ലസ് 15(OnePlus 15)

ചൈനീസ് മോഡലായ വൺപ്ലസിന്റെ 15നെ വൻ പ്ലസ് എന്നാണ് ടെക്‌ലോകത്ത് വിശേഷിപ്പിച്ചത്.  ക്വാൽകോമിന്‍റെ കരുത്തുറ്റ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‍മാർട്ട്‌ഫോണായിരുന്നു വൺപ്ലസ് 15.വൺപ്ലസ് 15-ൽ ബ്രാന്‍ഡിന്‍റെതായി ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ 7,300 എംഎഎച്ച് ബാറ്ററിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഒന്നുമില്ലെങ്കിലും എല്ലാമുണ്ട്, Nothing Phone 3a Series

വ്യത്യസ്‌തമാർന്ന രൂപകൽപ്പനയിലൂടെ ലോക സ്‌മാർട്ട്‌ഫോൺ വിപണിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കമ്പനിയാണ് ബ്രിട്ടീഷ് കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ നത്തിങ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നത്തിങ് 2എ സീരീസിന്റെ പിൻ​ഗാമികളായാണ് 3എ, 3എ പ്രോ മോഡലുകളെത്തിയത്. 


രണ്ടു ഫോണുകളിലും സ്നാപ്ഡ്രാ​ഗൺ 7S ജെൻ 3 ചിപ്സെറ്റാണുള്ളത്. രണ്ടു ഫോണുകളിലും സ്നാപ്ഡ്രാ​ഗൺ 7S ജെൻ 3 ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 3എയിലും 3എ പ്രോയിലും 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ഇതുവരെ പുറത്തിറങ്ങിയ നത്തിങ് ഫോണുകളിൽ വലിപ്പം കൂടിയതാണിവ. 50 വാട്ട് ഫാസ്റ്റ് ചാർജ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 50 മെ​ഗാപിക്സലിന്റെ പ്രൈമറി സെൻസർ, 2x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെ​ഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ്, 8മെ​ഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയാണ് രണ്ട് മോഡലിനുമുണ്ടായിരുന്നത്. 

റിയിൽമിയും പോക്കോയും ഹോണറുമൊക്കെ 2025ൽ അടയാളപ്പെടുത്തലുണ്ടാക്കിയിട്ടുണ്ട്. ക്യാമറയിലും എ.ഐയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് 2025ലെ സ്മാർട്ട്‌ഫോണുകൾ വിപണി കീഴടക്കാനെത്തിയത്. പരസ്യങ്ങളിലുൾപ്പെടെ കാലം ആവശ്യപ്പെടുന്ന എഐയ്ക്കാണ് മോഡലുകൾ അമിത പ്രാധാന്യം നൽകിയത്. വിലയും അൽപ്പം കൂടി. സാംസങ് അവരുടെ പ്രീമിയം മോഡലുകളുടെ വില വർധിപ്പിക്കാൻ തന്നെ കാരണം ചിപ്പുകളിലെ വില വർധിച്ചതായിരുന്നു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - റിഷാദ് അലി

contributor

Similar News