ബെയ്ജിങ്: ഐഫോൺ 17 പ്രോ മാക്സെന്ന് തോന്നിപ്പിക്കുംവിധം ഹോണറിന്റെ പുതിയ മോഡൽ. ഹോണർ പവർ 2 എന്ന് പേരിട്ട മോഡലിന് 17 പ്രോ മാക്‌സിലേത് പോലെ ക്യാമറ മൊഡ്യൂളും ബാക് കേസുമാണുള്ളത്. ഓറഞ്ച് നിറത്തിലുള്ള മോഡലും മറ്റൊരു സമാനതയാണ്.
അതേസമയം ഹോണറിന്റെ സവിശേഷതയായ ബാറ്ററി ബാക്ക് അപ്പ് പുതിയ മോഡലിനെയും വേറിട്ടതാക്കുന്നു. 10,000എംഎഎച്ച് ബാറ്ററിയാണ് കമ്പനി ഈ മോഡലിന് നൽകുന്നത്. സ്‌നാപ്ഡ്രാഗന്റെ 8 സീരീസ് ചിപ്പാണ് മോഡലിന് ഉപയോഗിക്കുന്നത്. 7.98mm കട്ടിയുള്ള ബോഡിക്കുള്ളിൽ അല്പം വലിയ 10,080mAh ബാറ്ററിയാണ് പവർ 2ലുള്ളത്. അതേസമയം 5,000mAh സെൽ പോലുമില്ലാത്തതാണ് ഐഫോണ്‍ 17 പ്രോക്കുള്ളത്. 80W വയർഡ് ചാർജിംഗിനെ ഹോണര്‍ പിന്തുണയ്ക്കുന്നു, കൂടാതെ 27W റിവേഴ്‌സ് ചാർജിംഗും കമ്പനി വാഗ്ദാനം ചെയ്യുന്നു.
6.79 ഇഞ്ച് വലിയ ഓലെഡ് എല്‍ടിപിഎസ് ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് മോഡലിന്. ഒഐഎസ് ഫീച്ചർ ചെയ്യുന്ന 50എംപി പ്രധാന സെൻസറാണ് മോഡലിനുള്ളത്. അഞ്ച് എംപിയുടെ അള്‍ട്രൈ വൈഡ് ക്യാമറയുമുണ്ട്. ക്യാമറയുടെ ക്രമീകരണമൊക്കെ പ്രോ മാക്സിലേത് പോലെയാണെങ്കിലും വലിപ്പത്തില്‍ ചെറിയ മാറ്റമുണ്ട്. ഓറഞ്ച് കൂടാതെ ഫാന്റം ബ്ലാക്ക്, സ്നോഫീൽഡ് വൈറ്റ്, എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
അതേസമയം വിലയോ എന്ന് വിപണികളിലേക്ക് എത്തുമെന്നതിനെക്കുറിച്ചോ ഹോണർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹോണർ പവർ 2 ന്റെ വില ഏകദേശം വില 34,000ത്തിന് മുകളിലാവും. ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച്, പവർ 2, 2026 ആദ്യം പുറത്തിറങ്ങുമെന്നാണ്. വലിയ ബാറ്ററിയും വിശ്വസനീയമായ പ്രകടനവും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഹോണര്‍ പവർ 2 മുതല്‍ക്കൂട്ടാകുമെന്നാണ് പറയപ്പെടുന്നത്. ഷവോമി, വിവോ, ഒപ്പോ, സാംസങ് എന്നീ മോഡലുകൾക്ക് ഈ ഫോൺ കടുത്ത മത്സരം സൃഷ്ടിക്കുമെന്നും ടെക് ലോകത്ത് വിലയിരുത്തലുണ്ട്.