പോകുന്നിടത്തെല്ലാം ചാർജറും തൂക്കി നടക്കേണ്ട; ചാർജ് പെട്ടന്ന് തീരുന്നത് തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
ചാർജിങ് ശീലങ്ങളിലെയോ അല്ലെങ്കിൽ ബാറ്ററി കേടായതിലെയോ പ്രശ്നത്തേക്കാൾ ഉപരി ഫോണിലെ ചില സെറ്റിങ്‌സുകൾ ആയിരിക്കാം ഇതിന് പ്രധാന കാരണം
ഫോണിൽ ഫുൾചാർജ് ചെയ്തിറങ്ങിയിട്ടും കുറഞ്ഞ നേരം കൊണ്ട് വീണ്ടും ചാർജർ തപ്പി നടക്കേണ്ടി വരാറുണ്ടോ? പോകുന്നിടത്തെല്ലാം ചാർജറും കൈയിൽ കരുതിയാണോ ഇറങ്ങാറ്.. നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ ബാറ്ററി അപ്രതീക്ഷിതമായി വേഗത്തിൽ തീരുന്നുണ്ടോ? ചാർജിങ് ശീലങ്ങളിലെയോ അല്ലെങ്കിൽ ബാറ്ററി കേടായതിലെയോ പ്രശ്നത്തേക്കാൾ ഉപരി, ഫോണിലെ ചില സെറ്റിങ്‌സുകൾ ആയിരിക്കാം ഇതിന് പ്രധാന കാരണം. ഫോണിന്റെ ആയുസ്സ് വർധിപ്പിക്കാനും ഇടയ്ക്കിടയ്ക്കുള്ള ചാർജിങ് ഒഴിവാക്കാനും മാറ്റം വരുത്തേണ്ട ചില പ്രധാന ക്രമീകരണങ്ങൾ ഏതെക്കൊയെന്ന് നോക്കാം.
ബാറ്ററി തീർക്കുന്ന വില്ലന്മാരിൽ ഒന്നാമൻ ഫോൺ സ്‌ക്രീനിന്റെ ബ്രൈറ്റ്‌നസ് ആണ്. എപ്പോഴും ഉയർന്ന ബ്രൈറ്റ്‌നസിൽ ഫോൺ ഉപയോഗിക്കുന്നത് ചാർജ് വേഗത്തിൽ കുറയാൻ കാരണമാകും. ഇതിന് പരിഹാരമായി 'ഓട്ടോ-ബ്രൈറ്റ്‌നസ്' അല്ലെങ്കിൽ 'അഡാപ്റ്റീവ് ബ്രൈറ്റ്‌നസ്' ഫീച്ചർ ഓൺ ചെയ്യുക. ഇത് ചുറ്റുപാടുമുള്ള വെളിച്ചത്തിനനുസരിച്ച് സ്‌ക്രീൻ ബ്രൈറ്റ്‌നസ് ക്രമീകരിക്കും. കൂടാതെ, അമോലെഡ് (AMOLED) ഡിസ്‌പ്ലേ ഉള്ള ഫോണുകളിൽ 'ഡാർക്ക് മോഡ്' ഉപയോഗിക്കുന്നത് വലിയ അളവിൽ ബാറ്ററി ലാഭിക്കാൻ സഹായിക്കും.
പലപ്പോഴും നമ്മൾ ഉപയോഗിക്കാത്ത ആപ്പുകൾ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും. സോഷ്യൽ മീഡിയ ആപ്പുകൾ, ലൊക്കേഷൻ ഉപയോഗിക്കുന്ന മാപ്പുകൾ എന്നിവ നിരന്തരം ഡാറ്റ പുതുക്കുന്നതിനായി ബാറ്ററി ഉപയോഗിക്കുന്നു. സെറ്റിങ്‌സിൽ പോയി ഇത്തരം ആപ്പുകളുടെ 'ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റി' നിയന്ത്രിക്കുന്നത് ഉചിതമായിരിക്കും. കൂടാതെ, ആവശ്യമില്ലാത്ത സമയങ്ങളിൽ ലൊക്കേഷൻ, ബ്ലൂടൂത്ത്, വൈഫൈ എന്നിവ ഓഫ് ചെയ്തു വെക്കുന്നതും ബാറ്ററി ലൈഫ് കൂട്ടാൻ സഹായിക്കും.
ഫോണിലെ നോട്ടിഫിക്കേഷനുകൾ ആണ് മറ്റൊരു ഘടകം. ഓരോ തവണ നോട്ടിഫിക്കേഷൻ വരുമ്പോഴും സ്‌ക്രീൻ തെളിയുന്നതും ഫോൺ വൈബ്രേറ്റ് ചെയ്യുന്നതും ചാർജ് കുറയ്ക്കും. അനാവശ്യമായ ആപ്പുകളുടെ നോട്ടിഫിക്കേഷനുകൾ ഡിസേബിൾ ചെയ്യുന്നത് നല്ലതാണ്. അതുപോലെ തന്നെ 'സ്‌ക്രീൻ ടൈം ഔട്ട്' സമയം കുറച്ചു വെക്കുക (ഉദാഹരണത്തിന് 30 സെക്കൻഡ്). ഫോൺ ഉപയോഗിക്കാത്ത സമയത്ത് സ്‌ക്രീൻ ഉടൻ തന്നെ ഓഫ് ആകുന്നു എന്ന് ഇത് ഉറപ്പുവരുത്തും.
സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ കൃത്യമായി ചെയ്യുന്നത് ബാറ്ററി കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കും. കമ്പനികൾ പുറത്തിറക്കുന്ന പുതിയ അപ്‌ഡേറ്റുകളിൽ പലപ്പോഴും ബാറ്ററിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ഫീച്ചറുകളും ബഗ് പരിഹാരങ്ങളും ഉണ്ടാകാറുണ്ട്. ഈ ലളിതമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ നിങ്ങളുടെ ഫോണിന്റെ ബാറ്ററി പെർഫോമൻസ് ഗണ്യമായി മെച്ചപ്പെടുത്താൻ സാധിക്കും.