മുംബൈ: ഇൻസ്റ്റഗ്രാം ഇപ്പോൾ 10 വര്‍ഷം മുൻപുള്ള ഓര്‍മകൾക്ക് പിന്നാലെയാണ്. സോഷ്യൽ മീഡിയയിൽ ഇതിനോടകം ഇതുമായി ബന്ധപ്പെട്ട ആയിരത്തോളം പോസ്റ്റുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. എല്ലാവരും 2016-ലെ പഴയകാല ചിത്രങ്ങൾ പങ്കിടുന്നു. സാധാരണക്കാർ മാത്രമല്ല, ആലിയ ഭട്ട്, കരീന കപൂർ, പ്രിയങ്ക ചോപ്ര, സോനം കപൂർ, ഖുഷി കപൂർ, അനന്യ പാണ്ഡേ തുടങ്ങിയ സെലിബ്രിറ്റികൾ വരെ ഈ ട്രെൻഡിന് പിന്നാലെയാണ്.
'2026 is the new 2016' എന്ന ഹാഷ് ടാഗോടെയാണ് എല്ലാ ചിത്രങ്ങളും ഷെയര്‍ ചെയ്യുന്നത്. നിങ്ങളുടെ ഫോൺ ഗ്യാലറി തുറന്ന് അതിൽ 2016ൽ എടുത്ത ചിത്രങ്ങൾ ഇതേ ഹാഷ് ടാഗോടെ അപ്‍ലോഡ് ചെയ്യുക...നിങ്ങളും ഈ വൈറൽ ട്രെന്‍ഡിന്‍റെ ഭാഗമാകും.
കുറഞ്ഞ ക്യാമറ ക്വാളിറ്റിയിൽ എടുത്ത ഫിൽട്ടറുകൾ ഇല്ലാത്ത ചിത്രങ്ങൾ ഏറ്റവും മനോഹരമായ കാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ട്രെൻഡ് ഓര്‍മിപ്പിക്കുന്നു. പ്രകടനങ്ങളൊന്നുമില്ലാത്ത സ്വഭാവികത നിറഞ്ഞ കാലത്തെയാണ് 2016 പ്രതിനിധീകരിക്കുന്നത്.
ടിക്‍ടോകിലാണ് ഈ ട്രെന്‍ഡ് ആദ്യം ആരംഭിച്ചത്. പിന്നീട് ഇത് പതിയെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിലേക്ക് ഇത് പടര്‍ന്നുപിടിക്കുകയായിരുന്നു. 2016ൽ ആളുകൾ അത്ര സോഷ്യൽമീഡിയയിൽ സജീവമായിരുന്നില്ല. ഇന്നത്തെപ്പോലെ റീലുകളും ട്രെൻഡുകളും കൊണ്ട് ഇൻസ്റ്റാഗ്രാം നിറഞ്ഞിരുന്നില്ല. 2016-ൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമായതോടെ എല്ലാം മാറി. ആദ്യമായി, സാധാരണക്കാർക്ക് വേഗതയേറിയതും താങ്ങാനാവുന്ന വിലയുള്ളതുമായ ഇന്റർനെറ്റ് ലഭ്യമായി. ഇന്റർനെറ്റ് ആക്‌സസ് പരിമിതമായിരുന്നു.
ഈ കാലഘട്ടത്തിലാണ് ആളുകൾ സോഷ്യൽ മീഡിയ സ്വതന്ത്രമായി ഉപയോഗിക്കാൻ തുടങ്ങിയത്. ഫോട്ടോ നിലവാരം സാധാരണമായിരുന്നു. അതുകൊണ്ടാണ് ഈ കാലത്തെ 'യഥാര്‍ഥ ഇന്‍റര്‍നെറ്റ് യുഗം' എന്ന് വിളിക്കുന്നത്. 2016 ട്രെൻഡിലൂടെ അക്കാലത്തെ ഫാഷൻ ട്രെൻഡുകളും പുനരുജ്ജീവിപ്പിക്കപ്പെട്ടു. ക്ലാസിക് മീമുകൾ വീണ്ടും ഫീഡുകളിൽ നിറഞ്ഞു. തിരിഞ്ഞുനോക്കുമ്പോൾ അവയിൽ പലതും ആകര്‍ഷകവും ലളിതവുമായിരുന്നു. മീമുകളുടെ സുവര്‍ണ കാലഘട്ടമായിരുന്നു 2016.
പുതിയ ട്രെൻഡ് ഭൂരിഭാഗം പേരെയും ഗൃഹാതുരതയുടെ ലോകത്തേക്ക് കൊണ്ടുപോയി. 2016-ൽ ആരും 'ഡൂംസ്ക്രോളിംഗ്' എന്ന പദത്തെക്കുറിച്ച് കേട്ടിരുന്നില്ല, എന്നാൽ ഇന്ന് മോശം വാർത്തകളും സാംസ്കാരിക യുദ്ധവും നിറഞ്ഞതുമായ സോഷ്യൽ മീഡിയ മേഖലയെ വിവരിക്കാൻ ഈ വാക്ക് പലപ്പോഴും ഉപയോഗിക്കപ്പെടുന്നു."ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരാകുമ്പോഴോ ജീവിതത്തിൽ ഏത് ദിശയിലേക്ക് പോകണമെന്ന് ഉറപ്പില്ലാത്തപ്പോഴോ ആളുകൾക്ക് ഗൃഹാതുരത്വം തോന്നാൻ സാധ്യതയുണ്ട്" ആർച്ച്ബ്രിഡ്ജ് ഇൻസ്റ്റിറ്റ്യൂട്ടിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിഒഒയുമായ റൂട്ട്‌ലെഡ്ജ് പറയുന്നു.