ലോകരാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ട്രംപ്; ഹോര്‍മുസിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന്
ഇറാനെ യുഎസ് സൈനികമായും സാമ്പത്തികമായും തകർത്തുവെന്ന് ട്രംപ്
വാഷിങ്ടണ്‍ ഡിസി: പശ്ചിമേഷ്യയില്‍ യുദ്ധം തുടരവേ ലോകരാജ്യങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാന്‍ നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാനെ എല്ലാ വിധത്തിലും തകര്‍ത്തുകഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു.
'ഇറാനെ യുഎസ് സൈനികമായും സാമ്പത്തികമായും എല്ലാ തരത്തിലും പരാജയപ്പെടുത്തുകയും പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണ എത്തിക്കുന്ന രാജ്യങ്ങള്‍ ഈ പാത ശ്രദ്ധിക്കണം. ഇവിടെ ഞങ്ങളുടെ എല്ലാ സഹായവും ഉറപ്പാക്കും. എല്ലാം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യുഎസ് മറ്റ് രാജ്യങ്ങളെ ഏകോപിപ്പിക്കും. ഇതൊരു കൂട്ടായ പ്രവര്‍ത്തനമായിരിക്കണം. അത് ലോകത്തിന് സുരക്ഷയും സമാധാനവും ഉറപ്പാക്കും' -ട്രംപ് പറഞ്ഞു.
'ഹോര്‍മുസ് അടച്ചതുമൂലം പ്രയാസം അനുഭവിക്കുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രങ്ങള്‍ ഈ കപ്പല്‍ പാത തുറന്നതും സുരക്ഷിതവുമാക്കാന്‍ യുഎസിനൊപ്പം ചേര്‍ന്ന് യുദ്ധക്കപ്പലുകള്‍ അയക്കും. ഇറാന്റെ സൈനിക ശേഷി ഞങ്ങള്‍ 100 ശതമാനവും നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഹോര്‍മുസിലൂടെ പോകുന്ന കപ്പലിന് നേരെ അവര്‍ക്ക് ഒന്നോ രണ്ടോ ഡ്രോണോ മിസൈലോ അയക്കുക എളുപ്പമാണ്. ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയവരും മറ്റുള്ള രാജ്യങ്ങളും ഹോര്‍മുസിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹോര്‍മുസ് ഇനിയൊരു ഭീഷണിയായിരിക്കരുത്. യുഎസ് മേഖലയില്‍ കനത്ത ബോംബാക്രമണം നടത്തും. സമുദ്രത്തില്‍ ഇറാന്റെ കപ്പലുകളെയും ബോട്ടുകളെയും ആക്രമിക്കും. ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതവും തുറന്നതുമാക്കും' -ട്രംപ് പറഞ്ഞു.
ഇസ്രായേലും യുഎസും ഇറാനെ ആക്രമിച്ചതിലൂടെ തുടങ്ങിയ യുദ്ധം 16ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് ഹോര്‍മുസിന്റെ പേരില്‍ കൂടുതല്‍ രാഷ്ട്രങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാനുള്ള ട്രംപിന്റെ നീക്കം. കഴിഞ്ഞ ദിവസം എണ്ണ വ്യാപാരത്തില്‍ ഇറാന് ഏറെ നിര്‍ണായകമായ ഖാര്‍ഗ് ദ്വീപില്‍ യുഎസ് ആക്രമണം നടത്തിയിരുന്നു. ഇറാന്റെ 90 ശതമാനം അസംസ്‌കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെര്‍മിനല്‍ ഖാര്‍ഗ് ദ്വീപിലാണ്. അടുത്ത ഘട്ടത്തില്‍ റിഫൈനറികളെ ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഇറാന്‍ ഇന്നലെയും ഇസ്രായേലില്‍ കനത്ത മിസൈലാക്രമണം നടത്തി. മധ്യ ഇസ്രായേലില്‍ ഉള്‍പ്പെടെ മിസൈല്‍ പതിച്ച് ഏറെ നാശനഷ്ടമുണ്ടാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.