ഫോണിൽ സാവധാനം ചാർജ് കയറുന്നതിന് പലരും തങ്ങളുടെ പഴകിയ ഫോണിനെയോ ബ്രാൻഡിനെയോ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനെയോ പഴിചാരുന്നു. എന്നാൽ ചാർജിങ് പതുക്കെയാവുന്നത് പലപ്പോഴും നമ്മൾ ദിവസവും ചെയ്യുന്ന ചെറിയ തെറ്റുകൾ കൊണ്ടായിരിക്കും. ഈ തെറ്റുകൾ കണ്ടെത്തി ഒഴിവാക്കിയാൽ പ്രശ്നങ്ങൾ പരിഹരിക്കാം.
1. ചാർജിങ് പോർട്ടിൽ അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നത്
പോക്കറ്റിലോ ബാഗിലോ നിന്നുള്ള ലിന്റ് (നൂൽപ്പാടുകൾ), പൊടി, തുണി നാരുകൾ എന്നിവ ചാർജിങ് പോർട്ടിൽ അടിഞ്ഞുകൂടുന്നു. ഇത് കേബിൾ ശരിയായി ഇരിക്കാതെ വരികയും ബന്ധം ദുർബലമാവുകയും ചെയ്യുന്നു. അങ്ങനെ വൈദ്യുതി ഒഴുക്ക് കുറയുന്നു. പരിഹാരം: ടോർച്ച് ഉപയോഗിച്ച് നോക്കി, മൃദുവായ ടൂത്ത്പിക്ക് കൊണ്ട് ശ്രദ്ധയോടെ വൃത്തിയാക്കുക. വൃത്തിയാക്കിയ ഉടൻ തന്നെ ചാർജിങ് വേഗത കൂടുന്നത് കാണാം
2. അമിത ചൂട്
ഒരുപാട് സമയം ഗെയിം കളിക്കുകയോ വീഡിയോ കാണുകയോ ചെയ്‌താൽ ഫോൺ ചൂടാവാനുള്ള സാധ്യതയുണ്ട്. ബാറ്ററി കേടാകാതിരിക്കാൻ ഫോൺ ചാർജിങ് സാവധാനമാക്കുകയോ നിർത്തുകയോ ചെയ്യുന്നു. iPhoneൽ 'Charging On Hold' എന്നോ ആൻഡ്രോയ്ഡിൽ 'Charging paused. Temperature too high' എന്നോ മുന്നറിയിപ്പുകളും വരും. പരിഹാരം: ചാർജ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കാതിരിക്കുക, തണുത്ത തുറസായ സ്ഥലത്ത് വെക്കുക. താപനില കുറഞ്ഞാൽ സ്വയം വേഗത്തിൽ ചാർജ് തുടരും.
3. ബാറ്ററി ആരോഗ്യത്തിനായി സോഫ്റ്റ്‌വെയർ വേഗത കുറയ്ക്കുന്നു
പല ഫോണുകളും 80% കഴിഞ്ഞാൽ ചാർജിങ് സാവധാനമാക്കുന്നു. ഇത് ബാറ്ററി ആയുസ് കൂട്ടാൻ വേണ്ടിയുള്ള ഫീച്ചറാണ്. പരിഹാരം: ഇത് തകരാറല്ല, ഫോണിന്റെ സ്മാർട്ട് സംവിധാനമാണ്. ബാറ്ററി നല്ല നിലയിൽ നിലനിർത്താൻ ഇത് സഹായിക്കുന്നു.
4. നിലവാരം കുറഞ്ഞ ചാർജർ, കേബിൾ ഉപയോഗിക്കുന്നത്
സർട്ടിഫൈഡ് അല്ലാത്ത ചാർജറുകളും കേബിളുകളും ഉപയോഗിക്കുന്നത് ചാർജിങ് സാവധാനമാക്കുകയും ഓവർഹീറ്റിങ് ഉണ്ടാക്കുകയും ബാറ്ററി കേടാക്കുകയും ചെയ്യും. പരിഹാരം: ഒറിജിനൽ അല്ലെങ്കിൽ MFi/USB-IF സർട്ടിഫൈഡ് ആക്സസറികൾ മാത്രം ഉപയോഗിക്കുക.
ഈ ചെറിയ തെറ്റുകൾ തിരുത്തിയാൽ മിക്കവാറും ഫോണിന്റെ ചാർജിങ് വേഗത പഴയപടി തിരിച്ചുവരും. പലപ്പോഴും കുറ്റം നമ്മുടെ ശീലങ്ങളായിരിക്കും. അത് കണ്ടെത്തി പരിഹരിച്ചാൽ ബാറ്ററിയുടെ ആരോഗ്യവും ചാർജിങ് വേഗതയും നിലനിർത്താം.