അറബിക്കഥ – ഇന്നലെ , ഇന്ന്, നാളെ

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ആരംഭിച്ച നവോത്ഥാനകാലത്തോടെയാണ് അറബി ചെറുകഥയുടെ ശരിയായ വളർച്ച പ്രാപിച്ചത്. യൂറോപ്യൻ സാഹിത്യത്തിന്റെ സ്വാധീനം, വിവർത്തനപ്രസ്ഥാനം, പത്ര–മാസികകളുടെ വ്യാപനം എന്നിവ അറബ് ലോകത്ത് ചെറുകഥയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചു എന്ന് പറയുന്നത് ശരിയാണ്

Update: 2025-12-18 10:53 GMT

അറബി സാഹിത്യത്തിലെ ഏറ്റവും സജീവവും ജീവസുറ്റതുമായ ആധുനിക സാഹിത്യരൂപങ്ങളിൽ ഒന്നാണ് ചെറുകഥ . മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകളും ആഭ്യന്തര സംഘർഷങ്ങളും സാമൂഹിക–രാഷ്ട്രീയ യാഥാർഥ്യങ്ങളും വളരെ ചുരുങ്ങിയ ഭാഷയിൽ അവതരിപ്പിക്കാനുള്ള അസാധാരണ കഴിവാണ് അറബി ചെറുകഥയെ ഇത്ര ശക്തവും പ്രസക്തവുമായി നിലനിർത്തുന്നത്. ഇന്ന് വരെയുള്ള അറബി ചെറുകഥയുടെ വളർച്ച സാഹിത്യപരിണാമം മാത്രമല്ല, അറബി ലോകത്തിന്റെ സാമൂഹിക–സാംസ്കാരിക മാറ്റങ്ങളുടെ പ്രതിഫലനം കൂടിയാണ്.

അറബി സാഹിത്യപാരമ്പര്യത്തിൽ കഥാവിവരണം പുതുമയല്ല. ‘ഖബർ’ (വൃത്താന്തം), ‘നാദിറ’ (വിരള ഫലിതം), ‘ഹികായത്’ (കഥ) എന്നീ രൂപങ്ങൾ, ഖുർആനിലെ കഥാസങ്കേതങ്ങൾ, ഹമദാനിയുടെയും ഹരീരിയുടെയും ‘മഖാമാതുകൾ’, ‘ആയിരത്തൊന്നു രാവുകൾ, എന്നിവ എല്ലാം തന്നെ കഥയുടെ കാല്പനികശക്തിയും ആഖ്യാനസൗന്ദര്യവും സമ്പുഷ്ടമാക്കിയ ഘടകങ്ങളാണ്. എങ്കിലും, ആധുനിക ചെറുകഥയ്ക്കു വേണ്ടിയിരുന്ന ഘടനാപരമായ ഏകാഗ്രതയും കലാപരമായ ലക്ഷ്യബോധവും അവയിൽ ആദ്യകാലത്ത് പൂർണമായി പ്രകടമായിരുന്നില്ല.

Advertising
Advertising

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ആരംഭിച്ച നവോത്ഥാനകാലത്തോടെയാണ് അറബി ചെറുകഥയുടെ ശരിയായ വളർച്ച പ്രാപിച്ചത്. യൂറോപ്യൻ സാഹിത്യത്തിന്റെ സ്വാധീനം, വിവർത്തനപ്രസ്ഥാനം, പത്ര–മാസികകളുടെ വ്യാപനം എന്നിവ അറബ് ലോകത്ത് ചെറുകഥയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചു എന്ന് പറയുന്നത് ശരിയാണ്.

മുഹമ്മദ് തൈമൂറിനെയാണ് ആധുനിക അറബി ചെറുകഥയുടെ പിതാവായി സാധാരണ പരിഗണിക്കുന്നത്. തുടർന്ന് മഹ്മൂദ് തൈമൂര്‍, ത്വാഹാ ഹുസൈന്‍, മിഖായീല്‍ നുഅയ്മ തുടങ്ങിയവർ ഈ ശാഖയ്ക്ക് ഭാഷാശുദ്ധിയും മാനസിക ആഴവും നൽകി.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ചെറുകഥ യാഥാർഥ്യവാദത്തിന്റെ ശക്തമായ കാലഘട്ടത്തിലേക്ക് കടന്നു. സാമൂഹിക അസമത്വങ്ങൾ, ദാരിദ്ര്യം, അധികാരചൂഷണം, സാധാരണ ജനങ്ങളുടെ ജീവിതസംഘർഷങ്ങൾ എന്നിവ കഥകളുടെ കേന്ദ്രവിഷയങ്ങളായി. നജീബ് മഹ്ഫൂസും യൂസുഫ് ഇദ്‌രീസും ഈ ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചെറുകഥാകൃത്തുകളായി മാറി. അവരുടെ കഥകളിൽ വ്യക്തികളുടെ ആന്തരിക ലോകവും സമൂഹത്തിന്റെ കടുത്ത യാഥാർഥ്യങ്ങളും സ്വാഭാവികമായി ലയിച്ചു.

1960–70 കാലഘട്ടങ്ങളിൽ രാഷ്ട്രീയ പരാജയങ്ങളും യുദ്ധാനുഭവങ്ങളും അറബി ചെറുകഥയെ പുതിയ വഴികളിലേക്ക് നയിച്ചു. പ്രതീകാത്മകതയും സൂചനാഭരിതമായ ഭാഷയും കൂടുതൽ ശക്തമായി. ഗസ്സാൻ കനഫാനി ഫലസ്തീൻ അനുഭവത്തെ പ്രതിബദ്ധ സാഹിത്യമായി ഉയർത്തി. സകറിയാ താമിര്‍ പരിഹാസവും അതിവിശദമായ പ്രതീകങ്ങളും ഉപയോഗിച്ച് അധികാരവ്യവസ്ഥയെ ചോദ്യം ചെയ്തു. മുഹമ്മദ് ഖുദൈറിനെ പോലുള്ളവർ കഥയുടെ ഘടന തന്നെ പരീക്ഷണവിധേയമാക്കി. വിവിധ പരീക്ഷണങ്ങളുടെ ലാബോറട്ടറിയായി ഇക്കാലത്തെ അറബിക്കഥകൾ. എന്നാൽ 1980കൾക്ക് ശേഷം ചെറുകഥ കൂടുതൽ വൈവിധ്യമാർന്നതായി. പ്രവാസജീവിതം, തിരിച്ചറിവ്, സ്ത്രീയനുഭവങ്ങൾ, നഗരവൽക്കരണം, ആഗോളവൽക്കരണം എന്നിവ പ്രധാന വിഷയങ്ങളായി. ‘മിനിക്കഥ’ എന്ന ശാഖ വ്യാപകമായി. ഭാഷ കൂടുതൽ ലളിതവും സൂക്ഷ്മവുമായിത്തീർന്നു.

ആധുനിക അറബ് സാഹിത്യത്തിലെ പ്രശസ്തനായ ഈജിപ്ഷ്യൻ എഴുത്തുകാരനായ യൂസുഫ് ഇദ്‌രീസിന്റെ(1927–1991) ഒരു ഉദാഹരണം ഇതാ. അദ്ദേഹത്തിന്റെ ചുരുക്കെഴുത്ത് വൈദഗ്ദ്ധ്യം പ്രകടമാക്കുന്ന ശക്തവും തീവ്രവുമായ ഒരു മാതൃകയാണിത്.ഈജിപ്ഷ്യൻ സമൂഹത്തിലെ സാമൂഹികവും മാനസികവുമായ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിൽ യൂസുഫ് ഇദ്‌രീസ് പ്രസിദ്ധനാണ്. ഈ കഥ, തീവ്രമായ പ്രതീകങ്ങൾ വളരെ ചെറിയ രൂപത്തിൽ ഉപയോഗിക്കുന്നതിന് ഉദാഹരണമാണ്. 

​ "ജിബർതി" (Jibarti) ​"ജിബർതി തന്റെ ഗ്രാമം ഉപേക്ഷിച്ച് മറ്റൊരു വലിയ നഗരം ലക്ഷ്യമാക്കി യാത്രയായി. അവിടെയെത്തിയപ്പോൾ, താൻ കൊണ്ടുവന്ന ബാഗിലെ , തന്റെ ഗ്രാമത്തിൽ നിന്നുള്ള ഒരുപിടി മണ്ണല്ലാതെ മറ്റൊന്നും ബാക്കി ഉണ്ടായിരുന്നില്ല. അത് ഹോട്ടലിലെ മുറിയുടെ ഒരു മൂലയിൽ വെച്ച് അയാൾ ഉറങ്ങാൻ കിടന്നു. ഒരാഴ്ച തികയും മുമ്പ് ഹോട്ടൽ തകർന്നു, അയാൾ മാത്രമേ രക്ഷപ്പെട്ടുള്ളൂ."

​സംക്ഷിപ്തതയും പ്രതീകാത്മകതയും: കഥ ഏതാനും വരികളിൽ ഒതുങ്ങുന്നുവെങ്കിലും, അറബ് സ്വത്വം, ജന്മവേരുകളെയും (Belonging and Roots) കുറിച്ചുള്ള ആഴത്തിലുള്ള അർത്ഥം പ്രതൃക്ഷീകരിക്കുന്നു ഈ കഥ. ​ "ഹോട്ടൽ തകർന്നു, അയാൾ മാത്രമേ രക്ഷപ്പെട്ടുള്ളൂ" എന്ന ഞെട്ടിക്കുന്നതും പെട്ടെന്നുള്ളതുമായ അന്ത്യം, അറബ് മണ്ണിനെ വെറും ദേശത്തിന്റെ പ്രതീകമെന്നതിലുപരി ശക്തിയുടെയും അതിജീവനത്തിന്റെയും (Strength and Survival) പ്രതീകമാക്കുന്നു.

2020ന് ശേഷമുള്ള അറബി ചെറുകഥ .....

2020ക്ക് ശേഷമുള്ള കാലഘട്ടം അറബി ചെറുകഥയുടെ ചരിത്രത്തിൽ പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. കോവിഡ് മഹാമാരി, സാമൂഹിക ഒറ്റപ്പെടൽ, യുദ്ധങ്ങൾ, അറബ് വസന്താനന്തര രാഷ്ട്രീയ അസ്ഥിരത, ഡിജിറ്റൽ ലോകത്തിന്റെ ആധിക്യം—ഇവയെല്ലാം ചേർന്ന് പുതിയ അനുഭവലോകം അറബ് ലോകത്ത് സൃഷ്ടിച്ചു. ഈ അനുഭവങ്ങൾ ചെറുകഥകളിൽ ശക്തമായി പ്രതിഫലിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും സോഷ്യൽ മീഡിയയും എഴുത്തുകാരെ പുതിയ വായനക്കാരിലേക്ക് നേരിട്ട് എത്തിച്ചു. 

ഇക്കാലത്തെ പുതിയ മിനിക്കഥക്കു ഒരു ഉദാഹരണം:

മാസ്ക് 

​(അഹ്മദ് ഖാലിദ് തൗഫീഖിന്റെ അവസാന കഥ )

​മഹാമാരി അവസാനിച്ചു,

അവൻ തന്റെ മാസ്ക് നീക്കം ചെയ്തു.

കണ്ണാടിയിൽ ഏറെനേരം നോക്കി നിന്നു...

ആദ്യമായിട്ടെന്നപോലെ,

തന്റെ സ്വന്തം മുഖം അവന് തിരിച്ചറിയാനായില്ല.

ഇത്തരം അതിസൂക്ഷ്മ മിനിക്കഥകൾ (ഫ്ലാഷ് ഫിക്ഷൻ / കഥാശകലം) 2020-ന് ശേഷം അറബി സാഹിത്യത്തിൽ, പ്രത്യേകിച്ച് താഴെ പറയുന്ന എഴുത്തുകാരുടെ സ്വാധീനത്താൽ, വ്യാപകമായി പ്രചാരത്തിലായിട്ടുണ്ട്:

​മുഹമ്മദ് ഇബ്രാഹീം,​അഹ്മദ് ഫദൽ ശബ്ലൂൽ, ​ഹൈഥം ഹുസൈൻ എന്നിവർ അക്കൂട്ടത്തിൽ ഓൺലൈൻ ചെറുകഥാകൃത്തുകളിൽ പ്രസിദ്ധരാണ്.

ഈ കാലഘട്ടത്തിലെ ശ്രദ്ധേയരായ മറ്റു കഥ എഴുത്തുകാർ ( ഓഫ്ലൈൻ സാന്നിധ്യം)

1-അഹ്മദ് സഅ്ദാവി (ഇറാഖ്): യുദ്ധാനന്തര ഇറാഖിന്റെ മാനസിക തകർച്ച ചെറുകഥകളിലൂടെ ആഴത്തിൽ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നു.

2- ഹുദാ ബറകാത് (ലെബനാൻ): മാനസിക സംഘർഷങ്ങളും ഓർമ്മകളും കേന്ദ്രമാക്കിയ ചെറുകഥകളുടെ തോഴി .

3-ബാസിമ ശരീഫ് (ഫലസ്തീൻ): തിരിച്ചറിവ്, പ്രവാസം, രാഷ്ട്രീയ വേദനകൾ എന്നിവ കേന്ദ്രീകരിച്ച കഥകളുടെ രാജ്ഞി.

4- മുഹമ്മദ് അശ്അരി (മൊറോക്കോ): ആധുനിക അറബ് മനുഷ്യന്റെ അസ്തിത്വചോദ്യങ്ങൾ അന്വേഷിക്കുന്ന ചെറുകഥകളുടെ പരീക്ഷണങ്ങളുടെ തുടക്കക്കാരൻ.

5- റീമ ബന്ദക് (സിറിയ): സ്ത്രീജീവിതവും യുദ്ധാനന്തര അനുഭവങ്ങളും സൂക്ഷ്മമായി കൈകാര്യം ചെയ്യുന്ന എഴുത്തുകാരി.

മേൽ പറഞ്ഞ പുതിയ എഴുത്തുകാർക്കിടയിൽ ഒരു സാമ്യത കാണാം: അത്യന്തം ചുരുക്കെഴുത്ത്, തുറന്ന അവസാനങ്ങൾ ( open - ended) , വായനക്കാരന്റെ പങ്കാളിത്തം ആവശ്യപ്പെടുന്ന ആഖ്യാന രീതി, വ്യക്തിഗത അനുഭവങ്ങളെ സർവ്വജനീന തലത്തിലേക്ക് ഉയർത്തുന്ന സമീപനം. അറബി ചെറുകഥ (മിനിക്കഥകളും) മറ്റു ഭാഷകളിലേത് പോലെ നിശ്ചലമായ സാഹിത്യരൂപമല്ല, ഓരോ കാലഘട്ടത്തിലും മാറുന്ന മനുഷ്യാനുഭവങ്ങളോട് കൂടെ സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന സജീവ ആവിഷ്‌കാരമാധ്യമമാണ്. 2020ന് ശേഷം വന്ന ന്യൂ ജനറേഷൻ എഴുത്തുകാർ ഈ ശാഖയെ കൂടുതൽ ആഗോളവും വൈവിധ്യമാർന്നതുമായി മാറ്റിയിരിക്കുന്നു. കുറച്ച് വാക്കുകളിൽ വലിയ സത്യങ്ങൾ പറയാനുള്ള കഴിവ് കൊണ്ടുതന്നെ, വരാനിരിക്കുന്ന കാലത്തും അറബിക്കഥ മനുഷ്യന്റെ ആന്തരിക സത്തയുടെ ശക്തമായ ശബ്ദമായി തുടരുമെന്ന് ഉറപ്പാണ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ഡോ. ഹഫീദ് നദ്‌വി

contributor

Similar News