നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കേന്ദ്ര ഏജൻസികളെ നേരിടാൻ മുഖ്യമന്ത്രി മമതാ ബാനർജി തന്നെ നേരിട്ട് ഇറങ്ങിയതോടെ കലങ്ങിമറിഞ്ഞ് ബംഗാൾ രാഷ്ട്രീയം. തൃണമൂൽ കോൺഗ്രസിനായി തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന കൺസൾട്ടൻസിയായ ഐ-പാക് ഓഫീസിലും ഡയറക്ടർ പ്രതിക് ജയിനിന്റെ വീട്ടിലും ഇഡി നടത്തിയ റെയ്ഡാണ് പുതിയ തർക്കങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻസുരാജ് പാർട്ടി നേതാവുമായ പ്രശാന്ത് കിഷോറാണ് ഐ-പാക് സ്ഥാപകൻ. ജനുവരി എട്ടിനായിരുന്നു കൽക്കരി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഐ-പാക് ഓഫീസിൽ റെയ്ഡ് നടന്നത്.
റെയ്ഡ് നടക്കുന്ന വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഐ-പാക് ആസ്ഥാനത്തേക്ക് കുതിച്ചെത്തിയ മമത ലാപ്‌ടോപ്പുകളും ഫയലുകളുമായാണ് മടങ്ങിയത്. കോടിക്കണക്കിന് രൂപയുടെ കൽക്കരി കുംഭകോണക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണവുമായി ഭാഗമായാണ് റെയ്ഡ് എന്നാണ് ഇഡി വിശദീകരണം. സാൾട്ട് ലെയ്കിലെ ഐ-പാക് ഓഫീസിലും ഡയറക്ടർ പ്രതിക് ജെയിനിന്റെ ലൗഡൻ സ്ട്രീറ്റിലെ വീട്ടിലും ഡൽഹിയിലുമടക്കം 10 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.
2020 നവംബറിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ അടിസ്ഥാനമാക്കിയാണ് കേസ്. ബംഗാളിലെ അസൻസോളിനോട് ചേർന്ന കുനുസ്‌ടോറിയ, കജോറ മേഖലകളിലെ ഈസ്‌റ്റേൺ കോൾഫീൽഡ്‌സ് ഖനികളിൽ നിന്നുള്ള കൽക്കരി കടത്താണ് അന്വേഷിക്കുന്നത്. കൽക്കരി വ്യാപാരി അനൂപ് മാജി (ലാല)യാണ് കേസിലെ മുഖ്യപ്രതി. തൃണമൂൽ എംപിയും മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെ ഈ കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ തന്ത്രങ്ങൾ ചോർത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് റെയ്ഡ് എന്നാണ് മമതയുടെ ആരോപണം. പാർട്ടിയുടെ വിവരങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കുകൾ, മൊബൈൽ ഫോണുകൾ, സ്ഥാനാർഥി പട്ടികകൾ, തെരഞ്ഞെടുപ്പ് തന്ത്രവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ ഇഡി പിടിച്ചെടുക്കാൻ ശ്രമിച്ചതായും മമത ആരോപിക്കുന്നു. ഈ രേഖകൾ ബിജെപി കൈമാറാനാണെന്ന ഗുരുതര ആരോപണവും തൃണമൂൽ ഉയർത്തുന്നുണ്ട്.
റെയ്ഡിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് കടന്നാക്രമിക്കുകയാണ് മമതാ ബാനർജി ചെയ്തത്. ഒരു പരിധിക്കപ്പുറം സമ്മർദം ചെലുത്തിയാൽ കൽക്കരി കുംഭകോണത്തിൽ അമിത് ഷായുടെ പങ്കിനെ കുറിച്ചുള്ള തെളിവുകൾ പുറത്തുവിടുമെന്ന മുന്നറിയിപ്പും മമത നൽകി. ''എന്റെ കയ്യിൽ പെൻഡ്രൈവുകളുണ്ട്. ഞാൻ വഹിക്കുന്ന കസേരയോടുള്ള ബഹുമാനംകൊണ്ടാണ് മൗനം പാലിക്കുന്നത്. എന്നെ അധികം സമ്മർദത്തിലാക്കരുത്. ഞാൻ എല്ലാം വെളിപ്പെടുത്തും. രാജ്യം മുഴുവൻ ഞെട്ടിപ്പോകും''- ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ സംഘടിപ്പിച്ച മഹാറാലിയിൽ മമത മുന്നറിയിപ്പ് നൽകി. ബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയിലൂടെയാണ് കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട പണം അമിത് ഷായിലേക്ക് എത്തിയതെന്നും മമത ആരോപിച്ചു.
മമതയും ഇഡിയും തമ്മിലുള്ള പോരാട്ടം നിലവിൽ സുപ്രിംകോടതിയിൽ എത്തിയിരിക്കുകയാണ്. മമത ഭരണഘടനാ പദവി ദുരുപയോഗം ചെയ്തു, ബംഗാൾ ഡിജിപി രാജീവ് കുമാർ, കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് കുമാർ വർമ എന്നിവരെ സസ്‌പെൻഡ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് സുപ്രിംകോടതിയിൽ ഇഡി ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം സുപ്രിംകോടതി ഹരജി പരിഗണിച്ചപ്പോൾ ബംഗാൾ സർക്കാരിനെതിരെ വലിയ വിമർശനമാണ് ഉയർത്തിയത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ സുപ്രിംകോടതി റദ്ദാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സൺ ആൻഡ് ട്രെയിനിങ്, മമതാ ബാനർജി, ബംഗാൾ ഗവൺമെന്റ് എന്നിവർക്ക് കോടതി നോട്ടീസയച്ചിട്ടുണ്ട്. ഹരജി ഫെബ്രുവരി മൂന്നിന് വീണ്ടും പരിഗണിക്കും.
ഹരജി പരിഗണിക്കുന്നതിനിടെ ബംഗാൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരീക്ഷണങ്ങളാണ് സുപ്രിംകോടതി നടത്തിയത്്. കേന്ദ്ര ഏജൻസികൾ ഗൗരവമുള്ള ഒരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നടത്തുന്ന നടപടികൾ പാർട്ടി പ്രവർത്തനം തടസപ്പെടുത്തലാകുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ ഗൗരവമുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം വേണ്ടതുണ്ട്. അല്ലെങ്കിൽ നിയമവാഴ്ചയില്ലാത്ത അവസ്ഥയിലേക്ക് ബംഗാൾ പോകുമെന്നും കോടതി പറഞ്ഞു. നേരത്തെ ഈ വിഷയം കൊൽക്കത്ത ഹൈക്കോടതി പരിഗണിച്ചപ്പോഴുണ്ടായ അനിഷ്ടസംഭവങ്ങളും സുപ്രിംകോടതി ഗൗരവമായാണ് പരിഗണിച്ചത്. കേസുമായി ബന്ധമില്ലാത്ത ഒരു വിഭാഗം അഭിഭാഷകർ മനപ്പൂർവം പ്രശ്‌നങ്ങൾ സൃഷ്ടിച്ചെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ആരോപിച്ചപ്പോൾ ഹൈക്കോടതിയെ ജന്തർ മന്തർ മൈതാനമാക്കി മാറ്റിയിട്ടുണ്ടോ എന്നായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും വേട്ടയാടുന്നുവെന്ന ഏറെക്കാലത്തെ ആരോപണമാണ് മമതയുടെ നിർണായക ഇടപെടലിലൂടെ പുതിയ തലത്തിലെത്തിയിരിക്കുന്നത്. 2024 ഫെബ്രുവരിയിലാണ് കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ അവസാന നടപടിയുണ്ടായത്. രണ്ട് വർഷത്തിന് ശേഷം അടുത്ത മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇഡി വീണ്ടും ബംഗാളിലെത്തുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നാണ് ബംഗാൾ സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉയർത്തിയ വാദം. നിയമപോരാട്ടം കനക്കുന്നതോടെ കേന്ദ്ര സർക്കാരും മമതാ ബാനർജിയും തമ്മിലുള്ള പോരാട്ടം വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമാവുകയാണ്. എസ്‌ഐആർ വിഷയത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനുമെതിരെ ഏറ്റവും ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രി മമതാ ബാനർജിയാണ്. ബംഗാൾ മുഖ്യമന്ത്രി പദവിയിൽ നാലാമൂഴം തേടി അങ്കത്തിനിറങ്ങുന്ന മമത കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ തെരുവിലും കോടതിയിലും നേരിട്ടുള്ള പോരാട്ടത്തിനിറങ്ങുന്നതോടെ ദേശീയ രാഷ്ട്രീയത്തിലും അവർ കരുത്തയായി മാറുകയാണ്.